കേരളത്തിൽ മയക്കുമരുന്നിനെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. മയക്കുമരുന്നുകടത്തിലും വിതരണത്തിലും വിൽപ്പനയിലും ഏർപ്പെട്ടിരുന്ന ആയിരക്കണക്കിനുപേരെ അറസ്റ്റുചെയ്യുകയും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയുംചെയ്തത് ഈ ദൗത്യത്തിന്റെ ഫലപ്രാപ്തി വ്യക്തമാക്കുന്നു. ഈ ദൗത്യത്തിന് രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വം നൽകിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ആഭ്യന്തരവകുപ്പിനെയും അതിന്റെ നിർവഹണത്തിൽ മുൻനിരയിൽ പ്രവർത്തിച്ച കേരള പോലീസിനെയും എക്സൈസ് ഉൾപ്പെടെയുള്ള എല്ലാ നിയമപാലന ഏജൻസികളെയും ഹൃദയപൂർവം അഭിനന്ദിക്കുന്നു.
എന്നാൽ. ഈ വിജയത്തിനിടയിലും ഒരു കാര്യം മറക്കാൻ പാടില്ല. ലഹരിക്കെതിരായ പോരാട്ടം ഒരു നിയമപാലനപ്രശ്നം മാത്രമല്ല; അത് ഒരു പൊതുജനാരോഗ്യപ്രശ്നംകൂടിയാണ്. വിതരണം നിയന്ത്രിക്കുന്നത് പോലീസിന്റെ ഉത്തരവാദിത്വമാണെങ്കിൽ, ആവശ്യകത കുറയ്ക്കുക ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. ഈ രണ്ട് സമീപനങ്ങളും ഒരുമിച്ചുപോകുമ്പോഴേ ദീർഘകാല വിജയം സാധ്യമാകൂ.
യുവാക്കളുടെ മാനസികാരോഗ്യം
കേരളം പല ആരോഗ്യസൂചികകളിലും രാജ്യത്ത് മുന്നിലാണ്. എന്നാൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഒട്ടേറെ സൂചികകളിൽ സ്ഥിതി അത്ര ആശാവഹമല്ലെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. വിഷാദരോഗം, ആത്മഹത്യ, ലഹരി ആശ്രിതത്വം, ഉത്കണ്ഠാരോഗങ്ങൾ എന്നിവയുടെ ഭാരം കേരളത്തിൽ താരതമ്യേന കൂടുതലാണ്. ഈ യാഥാർഥ്യം കുട്ടികളുടെയും യുവജനങ്ങളുടെയും ജീവിതത്തിലും പ്രതിഫലിക്കുന്നു.
ഇന്ന് വർധിച്ചുവരുന്ന ലഹരി ഉപയോഗം, മദ്യാസക്തി, ആക്രമണപ്രവണത, ആത്മഹത്യാശ്രമങ്ങൾ, റാഗിങ്, ലൈംഗികാതിക്രമങ്ങൾ തുടങ്ങി ഒട്ടേറെ സാമൂഹികപ്രശ്നങ്ങൾക്കുപിന്നിൽ മാനസികാരോഗ്യപ്രശ്നങ്ങൾ, കുടുംബബന്ധങ്ങളിലെ തകരാർ, ഏകാന്തത, അമിതമായ ഡിജിറ്റൽ ജീവിതശൈലി, പരീക്ഷാസമ്മർദം തുടങ്ങിയ ഘടകങ്ങളും പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ലഹരിക്കെതിരായ പോരാട്ടം ലഹരിവസ്തുക്കൾ പിടിച്ചെടുക്കുന്നതിൽമാത്രം ഒതുങ്ങരുത്; യുവജനങ്ങളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിലേക്കും വ്യാപിക്കണം.
കേരളം മറ്റൊരു വലിയ ആരോഗ്യപ്രതിസന്ധിയെയും അഭിമുഖീകരിക്കുകയാണ്. പ്രമേഹം, രക്താതിമർദം, ഹൃദ്രോഗങ്ങൾ, അമിതവണ്ണം, വൃക്കരോഗങ്ങൾ തുടങ്ങിയ ജീവിതശൈലീരോഗങ്ങളുടെ അടിത്തറ പാകപ്പെടുന്നത് കുട്ടിക്കാലത്തും കൗമാരത്തിലുംതന്നെയാണ്. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമക്കുറവ്, അമിതമായ സ്ക്രീൻ ഉപയോഗം, ഉറക്കക്കുറവ്, മാനസികസമ്മർദം എന്നിവ ഈ പ്രവണതയെ ശക്തിപ്പെടുത്തുന്നു.
ലഹരി ഉപയോഗവും ജീവിതശൈലീരോഗങ്ങളും രണ്ട് വ്യത്യസ്ത പ്രശ്നങ്ങളാണെന്ന് തോന്നുമെങ്കിലും രണ്ടിന്റെയും വേരുകൾ പലപ്പോഴും ഒരേ സാമൂഹിക-പെരുമാറ്റ ഘടകങ്ങളിലാണ്. അതിനാൽ രണ്ടിനെയും ഒരുമിച്ച് അഭിമുഖീകരിക്കുന്ന സമഗ്ര ആരോഗ്യവിദ്യാഭ്യാസമാണ് ഇന്നത്തെ ആവശ്യം.
സ്കൂൾ-കോളേജ് ആരോഗ്യപദ്ധതി
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ‘ഹെൽത്ത് ബ്രിഗേഡ്’ പദ്ധതി സ്വാഗതാർഹമാണ്. എന്നാൽ, അത് ഏതാനും വിദ്യാർഥികളുടെ ഒരു ക്ലബ്ബായി ഒതുങ്ങരുത്. പകരം, കേരളത്തിൽ ഒരുകാലത്ത് വിജയകരമായി നടപ്പാക്കിയിരുന്ന സ്കൂൾ ആരോഗ്യപദ്ധതി ആധുനിക ആവശ്യങ്ങൾക്കനുസരിച്ച് പുനരുജ്ജീവിപ്പിക്കുകയും അതിനെ കോളേജുകളിലേക്കും വ്യാപിപ്പിക്കുകയും വേണം.
ഇത് ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഒരു സംസ്ഥാനതലപരിപാടിയായിരിക്കണം. ശാരീരികപരിശോധനകൾമാത്രമല്ല, മാനസികാരോഗ്യ സ്ക്രീനിങ്, കൗൺസലിങ്, ജീവിതനൈപുണീപരിശീലനം, ലഹരിവിരുദ്ധവിദ്യാഭ്യാസം, പോഷകാഹാരം, ശാരീരികവ്യായാമം, കായികസംസ്കാരം, ഡിജിറ്റൽ ആരോഗ്യബോധം, ലൈംഗിക-പ്രത്യുത്പാദന ആരോഗ്യവിദ്യാഭ്യാസം, മാതാപിതാക്കൾക്കുള്ള ബോധവത്കരണം എന്നിവയും ഇതിന്റെ അവിഭാജ്യഘടകങ്ങളാകണം.
സ്കൂളുകളിലും കോളേജുകളിലും ഇതിനകം പ്രവർത്തിക്കുന്ന എൻ.സി.സി., സ്റ്റുഡന്റ് പോലീസ് കെഡേറ്റ്, സ്കൗട്ട്-ഗൈഡ്, എൻ.എസ്.എസ്., എൻ.സി.സി., റെഡ് ക്രോസ്, വിവിധ ക്ലബ്ബുകൾ എന്നിവയെ ഈ പരിപാടിയുമായി ബന്ധിപ്പിക്കാനായാൽ അത് ഒരു സർക്കാർ പദ്ധതി എന്നതിലുപരി വിദ്യാർഥികൾതന്നെ നയിക്കുന്ന ഒരു ജനകീയാരോഗ്യപ്രസ്ഥാനമാക്കി വളർത്താൻ കഴിയും. വിദ്യാർഥികളെ പ്രശ്നത്തിന്റെ ഭാഗമല്ല, പരിഹാരത്തിന്റെയും ഭാഗമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
പ്രതിരോധമാണ് നിക്ഷേപം
ഓപ്പറേഷൻ തൂഫാൻ ലഹരിവസ്തുക്കളുടെ ലഭ്യത കുറയ്ക്കാൻ ശ്രമിക്കുകയാണ്. എന്നാൽ. അതോടൊപ്പം യുവജനങ്ങളിൽ ലഹരിയോടുള്ള ആവശ്യം കുറയ്ക്കുന്ന ഒരു സാമൂഹിക-ആരോഗ്യ പ്രസ്ഥാനവും രൂപപ്പെടണം. അതാണ് ഈ ദൗത്യത്തിന്റെ ദീർഘകാലവിജയത്തിന്റെ യഥാർഥ അടിത്തറ.
കേരളം ഇന്ന് ആവശ്യപ്പെടുന്നത് ഒരു ‘പോലീസ് തൂഫാൻ' മാത്രമല്ല; ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും കൈകോർക്കുന്ന ഒരു ‘ആരോഗ്യ തൂഫാനും’ കൂടിയാണ്. അതിനുള്ള ഏറ്റവും ഫലപ്രദമായ തുടക്കം സംസ്ഥാനതലത്തിലുള്ള സമഗ്ര സ്കൂൾ-കോളേജ് ആരോഗ്യപദ്ധതി പുനരാരംഭിക്കുകയെന്നതാണ്. മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ യഥാർഥവിജയം അറസ്റ്റുകളുടെ എണ്ണത്തിലോ പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ അളവിലോ അല്ല; ലഹരിയിലേക്ക് വഴുതിവീഴാതെ സംരക്ഷിക്കപ്പെടുന്ന യുവജനങ്ങളുടെ എണ്ണത്തിലാണ്. ഓപ്പറേഷൻ തൂഫാൻ, നിയമത്തിന്റെ ശക്തി കേരളത്തിന് കാണിച്ചുതന്നു. ഇനി ഒരു ആരോഗ്യ തൂഫാനിലൂടെ പ്രതിരോധത്തിന്റെ ശക്തിയും കാണിച്ചുകൊടുക്കേണ്ട സമയമാണിത്.
ഓപ്പറേഷൻ തൂഫാനിന്റെ രണ്ടാംഘട്ടമായി ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, കുടുംബശ്രീ, യുവജനസംഘടനകൾ, സന്നദ്ധസംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ഒരു സംസ്ഥാനതല ‘ആരോഗ്യ തൂഫാൻ’ പരിപാടി സർക്കാർ പ്രഖ്യാപിച്ചാൽ അത് രാജ്യത്തിനുതന്നെ മാതൃകയാകുന്ന ഒരു ജനകീയാരോഗ്യ ഇടപെടലായി മാറും.
ജനകീയാരോഗ്യവിദഗ്ധനാണ് ലേഖകൻ
Content Highlights: Operation Toofan successfully seized drugs and arrested traffickers in Kerala., Drug abuse is both a law enforcement and a public health issue requiring integrated action., Rising mental health issues among youth need urgent psychological screening and counseling
Published: 19 Aug 2026, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented