കോവിഡ് ബാധിതര്‍ക്ക് ഹോം ഐസൊലേഷനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. അവ വിശദമായി അറിയാം.

To advertise here,

വൈദ്യസഹായം തേടേണ്ടത് എപ്പോള്‍?

  • സ്വയം നിരീക്ഷിക്കുക. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടുക.
  • കുറയാതെ തുടരുന്ന കടുത്ത പനി(മൂന്നു ദിവസമായി 100 ഡിഗ്രിയില്‍ കൂടുതല്‍)
  • ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്
  • ഓക്‌സിജന്‍ സാച്ചുറേഷനിലുള്ള കുറവ്(ഒരു മണിക്കൂറിനുള്ളില്‍ നടത്തിയ ചുരുങ്ങിയത് മൂന്നു റീഡിങ്ങുകളില്‍ എസ്.പി.ഒ.ടു(SpO2)93 ശതമാനത്തില്‍ കുറവോ അല്ലെങ്കില്‍ ശ്വാസോച്ഛ്വാസനിരക്ക് ഒരു മിനിറ്റില്‍ 24 ല്‍ കൂടുതലോ)
  • നെഞ്ചില്‍ നീണ്ടുനില്‍ക്കുന്ന വേദന/മര്‍ദം
  • ആശയക്കുഴപ്പം, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്
  • കടുത്ത ക്ഷീണവും പേശീവേദനയും.

രോഗികള്‍ക്കുള്ള നിര്‍ദേശങ്ങള്‍

  • കുടുംബാംഗങ്ങളില്‍ നിന്ന് അകലം പാലിക്കുക.
  • വായുസഞ്ചാരമുള്ള മുറിയില്‍ താമസിക്കുക.
  • എല്ലായ്‌പ്പോഴും എന്‍ 95 മാസ്‌ക്കോ ഡബിള്‍ മാസ്‌ക്കോ ഉപയോഗിക്കുക.
  • വിശ്രമിക്കുക. ധാരാളം പാനീയങ്ങള്‍ കുടിക്കുക.
  • കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് സാനിറ്റൈസ് ചെയ്യുക.
  • പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ ആരുമായും പങ്കുവയ്ക്കരുത്.
  • ഇടയ്ക്കിടെ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ സോപ്പ്/ ഡിറ്റര്‍ജന്റ്, വെള്ളം എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുക.
  • ഓക്‌സിജന്റെ അളവ്, ശരീര ഊഷ്മാവ് എന്നിവ കൃത്യമായി നിരീക്ഷിക്കുക.

പരിചാരകര്‍ക്കുള്ള നിര്‍ദേശങ്ങള്‍

  • രോഗിയുമായോ, രോഗിയുള്ള സാഹചര്യങ്ങളുമായോ ഇടപെടേണ്ടി വന്നാല്‍ കൈകളുടെ ശുചിത്വം ഉറപ്പുവരുത്തുക.
  • 40 സെക്കന്‍ഡ് എങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുകയോ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം.
  • വെള്ളമുപയോഗിച്ച് കൈ കഴുകിയതിനു ശേഷം ഒറ്റതവണ ഉപയോഗിച്ചു കളയാവുന്ന പേപ്പര്‍ ടവലുകളോ വൃത്തിയുള്ള തുണികൊണ്ടുള്ള ടവലുകളോ ഉപയോഗിച്ച് കൈ തുടയ്ക്കുകയും നനഞ്ഞ ടവലുകള്‍ മാറ്റുകയും ചെയ്യുക.
  • ഗ്ലൗസ് ധരിക്കുന്നതിനു മുന്‍പും ശേഷവും കൈ കഴുകുക.
  • രോഗബാധിതരോടൊപ്പമുള്ള സമയത്ത് എന്‍95 മാസ്‌ക്കോ ഡബിള്‍ മാസ്‌ക്കോ ഉപയോഗിക്കുക.
  • മാസ്‌ക്കിന്‍രെ മുന്‍വശം സ്പര്‍ശിക്കരുത്.
  • മാസ്‌ക് നനയുകയോ മലിനമാവുകയോ ചെയ്താല്‍ ഉടനടി മാറ്റി പുതിയത് ധരിക്കുക.
  • ഉപയോഗിച്ച മാസ്‌ക് കഷ്ണങ്ങളായി മുറിച്ച് 72 മണിക്കൂറെങ്കിലും പേപ്പര്‍ ബാഗില്‍ സൂക്ഷിച്ച ശേഷം നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
  • മാസ്‌ക് കൈകാര്യം ചെയ്തതിനു ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
  • മുഖം, മൂക്ക്, വായ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
  • രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക; ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗ്ലൗസ് ധരിക്കുക.
  • രോഗി ഉപയോഗിച്ച പാത്രങ്ങള്‍, പാനീയങ്ങള്‍, ടവലുകള്‍, ബെഡ്ഷീറ്റ് എന്നിവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
  • രോഗിക്കുള്ള ഭക്ഷണം മുറിയില്‍ എത്തിക്കുക.
  • രോഗി ഉപയോഗിച്ച പാത്രങ്ങള്‍ ഗ്ലൗസ് ധരിച്ചുകൊണ്ട് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
  • രോഗി ഉപയോഗിച്ച വസ്തുക്കള്‍ കൈകാര്യം ചെയ്തതിനു ശേഷവും ഗ്ലൗസ് അഴിച്ചതിനുശേഷവും കൈകള്‍ വൃത്തിയായി കഴുകുക.

ഹോം ഐസൊലേഷനിലുള്ള മിതമായ ലക്ഷണങ്ങളുള്ളതോ ലക്ഷണങ്ങള്‍ ഇല്ലാത്തതോ ആയ രോഗികള്‍ക്കുള്ള ചികിത്സ

  • ചികിത്സിക്കുന്ന ഡോക്ടറുമായി ആശയവിനിമയം നിലനിര്‍ത്തുക. ആരോഗ്യനില വഷളാകുന്ന പക്ഷം റിപ്പോര്‍ട്ട് ചെയ്യുക.
  • അനുബന്ധ രോഗങ്ങള്‍ക്കും മറ്റ് രോഗങ്ങള്‍ക്കുമുള്ള ചികിത്സ ഡോക്ടറുടെ നിര്‍ദേശപ്രകാരം തുടരുക.
  • ഇ-സഞ്ജീവനി പോലുള്ള ടെലികണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തുക.
  • പനി, മൂക്കൊലിപ്പ്, ചുമ എന്നീ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സ തുടരുക.
  • ദിവസം മൂന്നുനേരം ചൂടുവെള്ളം കവിള്‍കൊള്ളുകയോ ആവിപിടിക്കുകയോ ചെയ്യുക.
  • 650 എം.ജി. പാരസെറ്റമോള്‍ നാലുനേരം വീതം കഴിച്ചിട്ടും പനി നിയന്ത്രണവിധേയമായിട്ടില്ലെങ്കില്‍ ചികിത്സിക്കുന്ന ഡോക്ടറെ അറിയിക്കുക.
  • സോഷ്യല്‍ മീഡിയയിലെ തെറ്റായ വിവരങ്ങള്‍ അവഗണിക്കുക.
  • ഡോക്ടറുടെ നിര്‍ദേശം കൂടാതെ മരുന്ന് കഴിക്കുകയോ രക്തം പരിശോധിക്കുകയോ, എക്‌സ്‌റേ, സി.ടി. സ്‌കാന്‍ എന്നിവ നടത്തുകയോ ചെയ്യരുത്.
  • സ്വന്തം ഇഷ്ടപ്രകാരം സ്റ്റിറോയ്ഡുകള്‍ കഴിക്കരുത്. അത് മറ്റ് സങ്കീര്‍ണതകള്‍ക്ക് വഴിയൊരുക്കും.
  • ഡോക്ടറുടെ കുറിപ്പടികള്‍ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക.
  • ഓക്‌സിജന്‍ സാച്ചുറേഷന്‍ കുറയുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക എന്നിവയുണ്ടായാല്‍ ഉടനടി ചികിത്സ തേടുക.

ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കേണ്ടത് എപ്പോള്‍?

  • കോവിഡ് പോസിറ്റീവ് ആയതിനുശേഷം ചുരങ്ങിയത് ഏഴ് ദിവസമെങ്കിലും പിന്നിടുകയോ തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ പനി ഇല്ലാതിരിക്കുകയോ ചെയ്താല്‍ ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കാം.
  • മാസ്‌ക് ധരിക്കുന്നത് തുടരുക.
  • ഹോം ഐസൊലേഷന്‍ കാലാവധി കഴിഞ്ഞതിനു ശേഷം വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതില്ല.
  • രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും സ്വയം രോഗനിരീക്ഷണത്തില്‍ തുടരേണ്ടതാണ്.

മറ്റ് നിര്‍ദേശങ്ങള്‍

  • ഉപയോഗിച്ച വെള്ളക്കുപ്പികള്‍, ബാക്കി വന്ന ഭക്ഷണം മുതലായവ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
  • ഒരു ബാഗില്‍ ശേഖരിച്ച് നന്നായി കെട്ടിയതിനുശേഷം മാലിന്യങ്ങള്‍ എടുക്കാന്‍ വരുന്നവര്‍ക്ക് നല്‍കുക.
  • രോഗി ഉപയോഗിച്ച മാസ്‌ക്, ഗൗസ്, രക്തമോ മറ്റ് ശരീരസ്രവങ്ങളോ പറ്റിയ ടിഷ്യു എന്നിവ ബയോമെഡിക്കല്‍ മാലിന്യങ്ങളായി കൈകാര്യം ചെയ്യണം.
  • ഇത്തരം മാലിന്യങ്ങള്‍ പ്രത്യേകം ഒരു മഞ്ഞ ബാഗില്‍ ശേഖരിച്ച മാലിന്യങ്ങള്‍ എടുക്കാന്‍ വരുന്നവര്‍ക്ക് നല്‍കുക. അല്ലെങ്കില്‍ നായ, എലി മുതലായവയ്ക്ക് പ്രാപ്യമല്ലാത്ത വിധത്തില്‍ ആഴത്തിലുള്ള കുഴിയെടുത്ത് അതിലിട്ട് മൂടുക.

കടപ്പാട്: നാഷണല്‍ ഹെല്‍ത്ത് മിഷന്‍

Content Highlights: New guidelines for Covid19 patients Home Isolation