തിരക്കിട്ട ജീവിതത്തിൽ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കഴുത്തുവേദന. തുടക്കത്തിൽ ചെറിയ അസ്വസ്ഥതയായി തോന്നാമെങ്കിലും പിന്നീട് അത് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥയായി മാറിയേക്കാം. പല കാരണങ്ങൾ കൊണ്ടും കഴുത്തുവേദന ഉണ്ടാകാം. അവ എന്തൊക്കെയാണെന്ന് മനസ്സിലാക്കുന്നത് രോഗം വരാതെ തടയാനും വന്നാൽ ശരിയായ ചികിത്സ നേടാനും സഹായിക്കും.

To advertise here,

പ്രധാന കാരണങ്ങൾ

1. സെർവിക്കൽ റാഡിക്കുലോപതി: ഇതാണ് ഏറ്റവും സാധാരണയായി കാണുന്ന നാഡീ സംബന്ധമായ പ്രശ്നം. കഴുത്തിൽ നിന്ന് കൈകളിലേക്ക് പോകുന്ന ഞരമ്പുകൾക്ക് ഉണ്ടാകുന്ന ഞെരുക്കുമാണ് സെർവിക്കൽ റാഡിക്കുലോപതി. കഴുത്തിലെ കശേരുക്കളിൽ (vertebrae) നിന്ന്  കൈകളിലേക്കും വിരലുകളിലേക്കും പോകുന്ന ഞരമ്പുകൾക്ക് എന്തെങ്കിലും കാരണം കൊണ്ട് സമ്മർദ്ദം ഉണ്ടാകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇത് മൂലം കഴുത്തിനും കൈകൾക്കും വേദന ഉണ്ടാകാം. വേദന കൂടാതെ, കൈകളിലും വിരലുകളിലും മരവിപ്പ്, തരിപ്പ്, അല്ലെങ്കിൽ ബലക്കുറവ് എന്നിവയും അനുഭവപ്പെടാം.

2. സെർവിക്കൽ സ്പോണ്ടിലോസിസ് :  പ്രായം കൂടുമ്പോൾ ശരീരത്തിലെ സന്ധികൾക്ക് തേയ്‌മാനം സംഭവിക്കുന്നത് സ്വാഭാവികമാണ്. നട്ടെല്ലിലെ കശേരുക്കൾക്കിടയിലുള്ള തരുണാസ്ഥികൾക്ക് (cartilage) ഉണ്ടാകുന്ന തേയ്‌മാനം കഴുത്തുവേദനയ്ക്ക് ഒരു പ്രധാന കാരണമാണ്. ഇതിനെ സെർവിക്കൽ സ്പോണ്ടിലോസിസ് എന്ന് പറയുന്നു. 

3. നാഡികളിലെ സമ്മർദ്ദം : നട്ടെല്ലിന് ഉണ്ടാകുന്ന തേയ്‌മാനം കാരണം ഡിസ്കുകൾ പുറത്തേക്ക് തള്ളി വരികയോ (Herniated Disc), എല്ലുകൾക്ക് വളർച്ച ഉണ്ടാകുകയോ ചെയ്താൽ അത് സുഷുമ്‌നാ നാഡിയെയോ, നാഡി വേരുകളെയോ ഞെരുക്കാൻ സാധ്യതയുണ്ട്. ഇത് കഴുത്ത് വേദനയിലേക്ക് നയിക്കും.

‍4.  തെറ്റായ ശരീരനില: ഏറ്റവും സാധാരണമായ ഒരു കാരണമാണിത്. കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം കഴുത്ത് കുനിച്ച് ഇരിക്കുന്നത്, മൊബൈൽ ഫോൺ തുടർച്ചയായി ഉപയോഗിക്കുന്നത്, കിടക്കുമ്പോൾ തലയിണയുടെ സ്ഥാനം തെറ്റുന്നത്, അല്ലെങ്കിൽ ഒരു വശത്തേക്ക് ചരിഞ്ഞുള്ള കിടപ്പ് എന്നിവയെല്ലാം കഴുത്തിലെ പേശികൾക്ക് അമിത സമ്മർദ്ദം നൽകുന്നു. ഇത് കഴുത്തുവേദനയ്ക്ക് കാരണമാകും.

5. പേശികൾക്ക് ഉണ്ടാകുന്ന ആയാസം : കനത്ത ഭാരം ഉയർത്തുന്നത്, പെട്ടെന്നുള്ള ചലനങ്ങൾ, അല്ലെങ്കിൽ കഴുത്തിന് അമിതമായി ആയാസം നൽകുന്ന വ്യായാമങ്ങൾ എന്നിവയെല്ലാം പേശികളിൽ വലിവ് ഉണ്ടാക്കുകയും വേദനയിലേക്ക് നയിക്കുകയും ചെയ്യും. ദീർഘനേരം ഒരേ നിലയിൽ നിൽക്കുന്നതും പേശികൾക്ക് ആയാസമുണ്ടാക്കാം.

6. പരിക്കുകൾ : അപകടങ്ങൾ, വീഴ്ചകൾ,  കായിക വിനോദങ്ങളിൽ ഏ‌ർപ്പെടുമ്പോളുണ്ടാകുന്ന പരിക്കുകൾ എന്നിവ കഴുത്തിന് ആഘാതമുണ്ടാക്കാം. 

7. രോഗങ്ങൾ: റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഫൈബ്രോമയാൽജിയ, അല്ലെങ്കിൽ അണുബാധകൾ തുടങ്ങിയ രോ​ഗങ്ങൾ മൂലവും കഴുത്തുവേദന ഉണ്ടാകും.

കഴുത്തുവേദന നാഡീ സംബന്ധമായ പ്രശ്നങ്ങളിൽ നിന്നുള്ളതാണെങ്കിൽ, സാധാരണ പേശിവേദനയിൽ നിന്ന് അതിനെ വേർതിരിക്കുന്ന ചില പ്രത്യേക ലക്ഷണങ്ങൾ ഉണ്ടാവാം. പ്രധാന സൂചനകൾ ഇവയാണ്:

  • വ്യാപിക്കുന്ന വേദന: കഴുത്തിൽ നിന്ന് കൈകളിലേക്കോ തോളിലേക്കോ മുതുകിലേക്കോ, വിരലുകളുടെ അറ്റം വരെയോ പടരുന്ന വേദന. 
  • മരവിപ്പും തരിപ്പും: കൈകളിലോ വിരലുകളിലോ സൂചി കുത്തുന്ന പോലുള്ള അനുഭവം.
  • ബലക്കുറവ്: വസ്തുക്കൾ പിടിക്കാൻ ബുദ്ധിമുട്ട്, അല്ലെങ്കിൽ കൈകളിൽ ശക്തി കുറയുക. കൈയിലോ കാലിലോ ശക്തി കുറയുന്നതായി തോന്നുക. ഉദാഹരണത്തിന്, കയ്യിൽ പിടിച്ച വസ്തു താഴെ വീഴ്ത്തുക, ഷർട്ടി​ന്റെ ബട്ടൺസ് ഇടാൻ കഴിയാതെ വരുക, നടക്കാൻ ബുദ്ധിമുട്ട് തോന്നുക.
  • ചലനങ്ങളുടെ ഏകോപനക്കുറവ്: എഴുതാൻ കഴിയാതെ വരുക, സൂചി കോർക്കാൻ കഴിയാതെ വരുക തുടങ്ങിയ സൂക്ഷ്മമായ ചലനങ്ങളിൽ ബുദ്ധിമുട്ട്.
  • തലവേദന: പ്രത്യേകിച്ച് തലയുടെ പുറകിൽ നിന്ന് മുന്നോട്ട് വ്യാപിക്കുന്ന തലവേദന.
  • കിടക്കുമ്പോൾ അല്ലെങ്കിൽ രാത്രി നേരത്ത് വേദന കൂടുന്നത്
  • ശരീരത്തിന് ബാലൻസ് നഷ്ടപ്പെടുക.
  • തലവേദന, പനി, അല്ലെങ്കിൽ തലകറക്കം എന്നിവയോടൊപ്പം വേദന ഉണ്ടാകുക.

ചികിത്സാ രീതികൾ

ഓരോരുത്തരുടെയും രോ​ഗാവസ്ഥയ്ക്ക് അനുസരിച്ചാണ് ചികിത്സ

  • വിശ്രമം: വേദന ഉണ്ടാക്കുന്ന ചലനങ്ങൾ ഒഴിവാക്കുക.
  • ഫിസിയോതെറാപ്പി: കഴുത്തിന്റെ ബലം വർദ്ധിപ്പിക്കുന്ന വ്യായാമങ്ങൾ, ട്രാക്ഷൻ എന്നിവ.
  • മരുന്നുകൾ: വേദന സംഹാരികൾ,  നാഡീ വേദനയ്ക്ക് വേണ്ടിയുള്ള പ്രത്യേക മരുന്നുകൾ.
  • സെർവിക്കൽ കോളർ : കഴുത്തിലെ പേശികൾക്കും ഞരമ്പുകൾക്കും വിശ്രമം നൽകി വേദന കുറയ്ക്കാൻ സഹായിക്കുന്നു
  • ശസ്ത്രക്രിയ : ലക്ഷണങ്ങൾ വളരെ ഗുരുതരമാണെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

എപ്പോൾ ഡോക്ടറെ കാണണം?

കഴുത്തുവേദന പലപ്പോഴും ചെറിയ മാറ്റങ്ങളിലൂടെ തടയാൻ കഴിയും. എന്നാൽ കൃത്യമായ പരിശോധനയിലൂടെ മാത്രമേ ഇത് നട്ടെല്ലുമായി ബന്ധപ്പെട്ടതാണോ എന്ന് തിരിച്ചറിയാൻ കഴിയൂ. അതിനാൽ തന്നെ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ ഒരു ന്യൂറോളജിസ്റ്റിനെയോ ന്യൂറോസർജനെയോ കാണേണ്ടതാണ്. ലക്ഷണങ്ങൾ തിരിച്ചറിയുകയും കൃത്യ സമയത്ത് വൈദ്യസഹായം തേടുകയും ചെയ്യുന്നതിലൂടെ ശരിയായ രോഗനിർണയവും ഫലപ്രദമായ ചികിത്സയും ഉറപ്പാക്കി വേദന ഒഴിവാക്കാനും ഭാവിയിലെ പ്രശ്നങ്ങൾ തടയാനും സാധിക്കും. സ്വയം ചികിത്സ ഒഴിവാക്കുക. 

അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ആണ് ലേഖകൻ.