തുടര്‍ച്ചയായി മണിക്കൂറുകള്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ പുറം വേദന, നടുവ് വേദന, പിടലി വേദന, സന്ധി വേദന മുതലായവ മൂലം ബുദ്ധിമുട്ടുന്നത് സാധാരണമാണ്. ഒരല്പം ശ്രദ്ധിച്ചാല്‍ ഈ വേദനകളൊന്നും പിടിപെടാതെ നമുക്ക് രക്ഷപെടാവുന്നതേയുള്ളൂ. ഇതിനുള്ള ഏതാനും വിദ്യകള്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്.

To advertise here,

ഇടയ്ക്കിടയ്ക്ക് വെള്ളം കുടിയ്ക്കുന്നത് ശീലമാക്കുക എന്നതാണ് അവയിലൊന്ന്. സന്ധികളുടെ കൃത്യമായ പ്രവര്‍ത്തനത്തിന് ശരീരത്തില്‍ ജലാംശം നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. ദിവസം മുഴുവന്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ആദ്യമേ വലിയ ഒരു കുപ്പിയില്‍ വെള്ളം മേശപ്പുറത്ത് വെക്കുക. ഇടയ്ക്കിടയ്ക്ക് ഇതില്‍നിന്നും കുടിച്ചുകൊണ്ടേയിരിക്കണം. കൂടാതെ, ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണവും ശീലമാക്കണം. ശരീരത്തിലെ കേടുപാടുകളെ നേരെയാക്കുന്നതും വളര്‍ച്ചയെ പോഷിപ്പിക്കുന്നതും പ്രോട്ടീനുകളാണ്. പ്രോട്ടീനുകളുടെ കുറവ് പലതരം വേദനകള്‍ക്കും രോഗങ്ങള്‍ക്കും വഴിവെയ്ക്കും.

മധുരത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് അടുത്ത പ്രധാനപ്പെട്ട സംഗതി. ജോലിക്കിടയില്‍ മധുരപലഹാരങ്ങളോ പഞ്ചസാര അടങ്ങിയ പാനീയങ്ങളോ കുടിക്കുന്ന ശീലം പുറംവേദനയിലേക്ക് നയിക്കും. ശരീരത്തില്‍ പല ഭാഗങ്ങളിലും നീരും വീക്കവുമുണ്ടാക്കുന്നതിന് പഞ്ചസാര കാരണമാവുന്നുണ്ട്. അതിനാല്‍, ഇത് പരമാവധി ഒഴിവാക്കുക.

ഒരോ 45 മിനിറ്റ് കൂടുമ്പോഴും 10 മിനിറ്റ് ഇടവേളയെടുത്ത് ഇറങ്ങിനടക്കാന്‍ ശ്രദ്ധിക്കണം. തുടര്‍ച്ചയായ ഇരിപ്പ് മൂലം കുറേയധികം സമയം പ്രവര്‍ത്തിക്കാതിരുന്ന മസിലുകളെല്ലാം ഈ നടത്തത്തിലൂടെ ഉണരും. ഒരോ 45 മിനിറ്റിലും എഴുന്നേറ്റ് നടക്കാന്‍ ഫോണില്‍ റിമൈന്‍ഡറുകള്‍ വെയ്ക്കുന്നതും ഉചിതമായിരിക്കും. 

നമ്മുടെ ശരീരവും മനസ്സും തമ്മില്‍ വല്ലാതെ ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, മാനസികമായി അഭീമുഖികരിക്കുന്ന സംഘര്‍ഷങ്ങളും സമ്മര്‍ദങ്ങളും വേദനകളായി ശരീരത്തിലും പ്രതിഫലിക്കും. അമിതമായ ജോലിഭാരം മൂലമോ, ശരിയായ ആശയവിനിമയം നടക്കാത്തതുമൂലമോ കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ പറ്റാത്തതിലെ വൈഷമ്യം മൂലമോ ഒക്കെയുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ നമ്മുടെ ശരീരത്തെ ബാധിക്കും. മാനസികസമ്മര്‍ദത്തിലായിരിക്കുമ്പോള്‍ നമ്മുടെ കശേരുക്കള്‍ക്ക് ചുറ്റുമുള്ള ചെറിയ മസിലുകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ഇതുമൂലം കശേരുക്കളുടെ വിന്യാസഘടനതന്നെ തെറ്റാനുമുള്ള സാധ്യതയുണ്ട്. അതിനാല്‍, ജോലിസമയത്തുള്ള മാനസികസമ്മര്‍ദങ്ങള്‍ കുറയ്ക്കാന്‍ ഉചിതമായ മാര്‍ഗങ്ങള്‍ കണ്ടെത്തണം.