
പത്തുമാസമുള്ള അബ്ദെൽ റഹ്‌മാൻ അബു എൽ ജെദിയാന് പോളിയോ സ്ഥിരീകരിച്ചിട്ട് ദിവസങ്ങളായിട്ടേയുള്ളൂ. 25 വർഷത്തിനുശേഷം ഗാസയിൽ പോളിയോ ബാധിച്ച ആദ്യകുഞ്ഞാണ് അബ്ദെൽ റഹ്‌മാൻ. ഡെയർ അൽ ബലായിലെ അഭയാർഥിക്കൂടാരത്തിൽ നീന്തിനടന്നിരുന്ന കുട്ടിയുടെ ഇടതുകാൽ തളർന്നുപോയി. ജോർദാനിലെ ലാബിൽനടത്തിയ മലപരിശോധനയിൽ പോളിയോ സ്ഥിരീകരിച്ചു. രണ്ടു കുട്ടികളുടെകൂടി സാംപിൾ ജോർദാനിലെ ലാബിൽ പരിശോധിക്കുന്നുണ്ട്. ഫലം എത്തിയിട്ടില്ല. ഒരാൾക്ക് രോഗം സ്ഥിരീകരിച്ചെങ്കിൽ നൂറുകണക്കിനാളുകളെ വൈറസ് ബാധിച്ചിട്ടുണ്ടെന്നും ലക്ഷണങ്ങൾ കാണിക്കാത്തതാണെന്നും ലോകാരോഗ്യസംഘടന. ചികിത്സയില്ലാത്ത രോഗമായതിനാൽ പ്രതിരോധമരുന്നു നൽകൽ അനിവാര്യം.
പോളിയോ തുള്ളിമരുന്ന് കൃത്യമായി നൽകി രോഗത്തെ അകറ്റിനിർത്തിയിരുന്നു ഗാസ. എന്നാൽ, 2023 ഒക്ടോബറിൽ ഇസ്രയേൽ ഹമാസ് യുദ്ധം തുടങ്ങിയതോടെ എല്ലാതരം പ്രതിരോധമരുന്നു വിതരണവും നിലച്ചു. അബ്ദെൽ റഹ്‌മാന്റെ കുടുംബത്തെപ്പോലെ പലവട്ടം പലായനംചെയ്ത്, കൂടാരങ്ങളിലും തെരുവുകളിലും സ്‌കൂളുകളിലുമെല്ലാം അഭയാർഥികളായിക്കഴിയുന്നു ഭൂരിപക്ഷം ഗാസക്കാർ. ശുദ്ധജലം പരിമിതം. ശൗചാലയങ്ങളില്ല. മാലിന്യനിർമാർജനം തടസ്സപ്പെട്ടു. തുറസ്സിലെ വിസർജനവും കെട്ടിക്കിടക്കുന്ന മലിനജലവും പോളിയോ വൈറസ് പരത്തുമെന്ന് ഡബ്ല്യു.എച്ച്.ഒ. മുന്നറിയിപ്പുനൽകിയിരുന്നു.
പോളിയോബാധ സ്ഥിരീകരിച്ചതോടെ 10 വയസ്സിൽ താഴെയുള്ള 6.40 ലക്ഷം കുട്ടികൾക്ക് പ്രതിരോധമരുന്ന് നൽകാനുള്ള മഹായജ്ഞത്തിലാണ് ഡബ്ല്യു.എച്ച്.ഒ.യും യൂണിസെഫും. സെപ്റ്റംബർ ഒന്നുമുതൽ മൂന്നുദിവസം ഇസ്രയേൽ ഇതിന് അനുവദിച്ചിട്ടുണ്ട്. പോളിയോ വാക്‌സിൻ നൽകുന്നയിടങ്ങളിൽ ആ ദിവസങ്ങളിൽ രാവിലെ ആറുമുതൽ മൂന്നുവരെ ആക്രമണം നടത്തില്ല എന്നാണ് പ്രഖ്യാപനം. ഡെയർ അൽ ബലാ ഉൾപ്പെടുന്ന മധ്യഗാസയിലാണ് ആദ്യം വാക്‌സിനേഷൻ. പിന്നെ, വടക്കും തെക്കും ഭാഗങ്ങളിൽ നൽകും. രണ്ടുഘട്ടമായാണ് മരുന്നുനൽകൽ. ആദ്യത്തേതു നൽകി നാലാഴ്ച കഴിഞ്ഞ് രണ്ടാമത്തേത്. അപ്പോഴും ഇസ്രയേൽ വെടിനിർത്തി സഹകരിക്കുമെന്നാണ് ഡബ്ല്യു.എച്ച്.ഒ.യുടെ പ്രതീക്ഷ. വാക്‌സിൻ നൽകാൻ നിശ്ചിതസ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. പത്തുവയസ്സിൽതാഴെയുള്ള 2,39,300 കുട്ടികളുള്ള ഖാൻ യൂനിസിലാണ് വാക്‌സിൻ വിതരണകേന്ദ്രങ്ങൾ ഏറെ; 243 എണ്ണം.
യൂണിസെഫിന്റെ സഹായത്തോടെ ഏകദേശം 13 ലക്ഷം ഡോസ് വാക്‌സിൻ ഇസ്രയേലിനും ഗാസയ്ക്കുമിടയിലുള്ള കെരെം ശാലോം കവാടം വഴി എത്തിച്ചുകഴിഞ്ഞു. ഡെയർ അൽ ബലായിലെ ശീതീകരണസൗകര്യമുള്ള സംഭരണകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്നു ഇത്. നാലുലക്ഷം ഡോസ് വാക്‌സിൻകൂടി ഉടനെത്തും. വാക്‌സിൻ നൽകാൻ രണ്ടായിരത്തിലേറെ മെഡിക്കൽ സന്നദ്ധസേവകരെയും യൂണിസെഫ് സജ്ജമാക്കിയിട്ടുണ്ട്.
95 ശതമാനം പേർക്കും രണ്ടുഡോസ് വാക്‌സിനും നൽകാൻ കഴിഞ്ഞാലേ ഗാസയിലെ പോളിയോ വ്യാപനം പിടിച്ചുകെട്ടാനാകൂ. തീവ്രയജ്ഞത്തിന് ഐക്യരാഷ്ട്രസഭ ഒരുങ്ങുമ്പോഴും വെല്ലുവിളികളേറെയാണ്. ഗാസയിൽ മുഴുവൻ സുരക്ഷിതമായി വാക്‌സിനെത്തിക്കുക എന്നതാണ് അതിൽ പ്രധാനം. 11 മാസമായ യുദ്ധത്തിൽ 65 ശതമാനം റോഡും തകർന്നു. 36 ആശുപത്രികളിൽ 19 എണ്ണവും പ്രവർത്തിക്കുന്നില്ല. വടക്കും തെക്കും ഭാഗങ്ങൾ തമ്മിലുള്ള ഗതാഗതബന്ധം ഇസ്രയേൽ മുറിച്ചു. വാക്‌സിൻ നൽകുന്നയിടങ്ങളിൽ മാത്രമേ ഇസ്രയേൽ വെടിനിർത്തൂ. ബാക്കിയുള്ളയിടങ്ങളിൽ യുദ്ധം തുടരുന്നത് ആരോഗ്യപ്രവർത്തകരുടെയും വാക്‌സിൻ സ്വീകരണകേന്ദ്രങ്ങളിലേക്കെത്തുന്നവരുടെയും സഞ്ചാരത്തിനു ഭീഷണിയുയർത്തുന്നു.
ഐക്യരാഷ്ട്രസഭയുടെ കൊടിയും ബാനറുമുള്ള വാഹനങ്ങൾപോലും ഇസ്രയേൽ സൈന്യം മുൻപ് ആക്രമിച്ചിട്ടുണ്ട്. എങ്കിലും പോളിയോ വാക്‌സിനേഷനുമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് യു.എൻ.
Content Highlights: mass polio vaccination drive kicks off in gaza
Published: 02 Sept 2024, 10:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented