കേരളം പൊതുജനാരോഗ്യരംഗത്ത് കൈവരിച്ച സുപ്രധാന നേട്ടങ്ങളിലൊന്നാണ് മലേറിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ ഫലപ്രദമായി നിയന്ത്രണവിധേയമാക്കിയത്. എന്നാൽ സമീപകാലത്ത് സംസ്ഥാനത്ത് മലേറിയ കേസുകൾ ഉയരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2026-ൽ ജൂൺ വരെ മാത്രം 387 മലേറിയ കേസുകളും മൂന്നു മലേറിയ മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024-ൽ 952 കേസുകളും 2025-ൽ 414 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളം നിയന്ത്രണ വിധേയമാക്കിയ മലേറിയയെ പ്രതിരോധിച്ചു നിർത്താൻ തുടർച്ചയായ ജാഗ്രത അനിവാര്യമാണെന്നും, തുടച്ചുനീക്കിയെന്ന് കരുതുന്ന രോഗങ്ങൾ ജാഗ്രത കുറഞ്ഞാൽ തിരിച്ചുവരാം എന്നും ഈ കണക്കുകൾ ഓർമിപ്പിക്കുന്നു.

To advertise here,

രോഗകാരി ഏകകോശ പരാദജീവി

'പ്ലാസ്മോഡിയം' (Plasmodium) വിഭാഗത്തിൽപ്പെട്ട ഏകകോശ പരാദജീവികളാണ് മലേറിയ അഥവാ മലമ്പനിക്ക് കാരണമാകുന്നത്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മലേറിയ കേസുകളിൽ ഭൂരിഭാഗത്തിനും വഴിമാറുന്നത് പ്രധാനമായും രണ്ട് ഇനം പ്ലാസ്മോഡിയം പരാദങ്ങളാണ്. പ്ലാസ്മോഡിയം വൈവാക്സും (Plasmodium vivax) പ്ലാസ്മോഡിയം ഫാൽസിപാരവുമാണ് (Plasmodium falciparum) അവ. ഇവയിൽ പ്ലാസ്മോഡിയം വൈവാക്സാണ് ഇന്ത്യയിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന മലേറിയ രോഗാണു. വിവിധ പഠനങ്ങൾ പ്രകാരം രാജ്യത്തെ മലേറിയ കേസുകളിൽ ഏകദേശം 40 മുതൽ 60 ശതമാനം വരെയും ഈ ഇനമാണ് കാരണമാകുന്നത്. കടുത്ത പനി, വിറയൽ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾക്ക് ഇത് കാരണമാകുമെങ്കിലും, പൊതുവെ പ്ലാസ്മോഡിയം ഫാൽസിപാരത്തെ അപേക്ഷിച്ച് ഇതിൽ മരണസാധ്യത കുറവാണ്. എന്നാൽ രോഗം ഭേദമായ ശേഷവും ഈ പരാദജീവിയുടെ ചില രൂപങ്ങൾ കരളിൽ നിഷ്ക്രിയാവസ്ഥയിൽ (ഹൈപ്നോസോയിറ്റുകൾ - Hypnozoites) നിലനിൽക്കുകയും, മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷം വീണ്ടും സജീവമായി രോഗലക്ഷണങ്ങൾ പ്രകടമാവുകയും (Relapse) ചെയ്യാം എന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്.

അതേസമയം, പ്ലാസ്മോഡിയം ഫാൽസിപാരമാണ് ഏറ്റവും അപകടകാരിയായ മലേറിയ രോഗാണു. ഇന്ത്യയിലെ ശേഷിക്കുന്ന ഭൂരിഭാഗം കേസുകൾക്കും കാരണം ഈ ഇനമാണ്. ചില പ്രദേശങ്ങളിൽ പ്ലാസ്മോഡിയം വൈവാക്സിനേക്കാൾ കൂടുതൽ കേസുകൾ പോലും പ്ലാസ്മോഡിയം ഫാൽസിപാരം മൂലം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഗുരുതരമായ വിളർച്ച , വൃക്ക തകരാർ, ശ്വാസതടസ്സം, ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തന തകരാർ (Multi-organ failure) എന്നിവയ്ക്ക് ഇത് കാരണമാകാം. ഈ രോഗാണു തലച്ചോറിനെ ബാധിക്കുന്ന അപകടകരമായ അവസ്ഥയെ 'സെറിബ്രൽ മലേറിയ' (Cerebral Malaria) എന്ന് വിളിക്കുന്നു. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ രോഗി പെട്ടെന്ന് മരണത്തിലേക്ക് നയിക്കാനുള്ള സാധ്യത ഈ ഇനത്തിൽ വളരെ കൂടുതലാണ്.

ഏറ്റവുമധികം ജീവൻ അപഹരിക്കുന്ന പരാദരോഗം

ലോകത്ത് പരാദജീവികൾ (Parasites) മൂലമുണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന രോഗമാണ് മലേറിയ. ലോകാരോഗ്യ സംഘടനയുടെ (WHO) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രതിവർഷം ആഗോളതലത്തിൽ ഏകദേശം 28 കോടിയിലധികം മലേറിയ കേസുകളും ആറു ലക്ഷത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആധുനിക ചികിത്സാരീതികളും നൂതന പ്രതിരോധ സംവിധാനങ്ങളും വികസിച്ചിട്ടും പ്രതിവർഷം ഇത്രയധികം ജീവനുകൾ മലേറിയ അപഹരിക്കുന്നു എന്നത് ഈ രോഗത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു. മലേറിയ മൂലമുള്ള മരണങ്ങളിൽ ഭൂരിഭാഗവും സഹാറയ്ക്ക് തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിലാണ് രേഖപ്പെടുത്തുന്നത്. പ്രത്യേകിച്ച്, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളാണ് ഈ രോഗത്തിന് ഏറ്റവും കൂടുതൽ ഇരകളാകുന്നത്. ആഗോളതലത്തിൽ ഈ പ്രായത്തിലുള്ള കുട്ടികളുടെ ജീവനെടുക്കുന്ന ഏറ്റവും വലിയ സാംക്രമിക രോഗകാരികളിലൊന്നായാണ് മലേറിയ രോഗാണുവിനെ പരിഗണിക്കുന്നത്.

കൊതുകും മനുഷ്യനും - രോഗാണുവിന്റെ ജീവിതചക്രം

മലേറിയ രോഗാണുവിന് സങ്കീർണ്ണമായ ജീവിതചക്രം (Life cycle) പൂർണ്ണമായി പൂർത്തിയാക്കാൻ മനുഷ്യൻ, കൊതുക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത ആതിഥേയർ (Hosts) ആവശ്യമാണ്. ഇതിൽ രോഗത്തിന്റെ പ്രധാന വാഹകരും ലൈംഗിക പ്രത്യുത്പാദനം നടക്കുന്ന ആതിഥേയരും (Definitive Host) 'അനോഫിലിസ്' (Anopheles) വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകളാണ്. രോഗബാധിതനായ ഒരാളിൽ നിന്ന് കൊതുക് രക്തം കുടിക്കുമ്പോൾ, മലേറിയ രോഗാണു കൊതുകിന്റെ ശരീരത്തിലെത്തുന്നു. ഇവ കൊതുകിന്റെ കുടലിൽ വെച്ച് പ്രത്യുത്പാദനത്തിലൂടെ വികസിക്കുകയും, പിന്നീട് കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പകർച്ചാശേഷിയുള്ള രൂപത്തിൽ സംഭരിക്കപ്പെടുകയും ചെയ്യുന്നു. ഈ കൊതുക് പിന്നീട് ആരോഗ്യമുള്ള മറ്റൊരു വ്യക്തിയെ കടിക്കുമ്പോൾ, ഉമിനീരിലൂടെ ഈ അണുക്കൾ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നു. സാധാരണയായി വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും സജീവമാകുന്ന ഇത്തരം കൊതുകുകളിലൂടെ മനുഷ്യരക്തത്തിൽ കലരുന്ന പരാദങ്ങൾ ആദ്യം ലക്ഷ്യമിടുന്നത് കരളിലെ കോശങ്ങളെയാണ് , തുടർന്ന് ചുവന്ന രക്താണുക്കളെ ആക്രമിച്ച് നശിപ്പിക്കും.

രോഗലക്ഷണങ്ങൾ, ചികിത്സ

കൊതുക് കടിച്ച് സാധാരണയായി 10 മുതൽ 15 ദിവസത്തിനുള്ളിലാണ് (Incubation period) ആദ്യ രോഗലക്ഷണങ്ങൾ പുറത്തുവരുന്നത്. കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്ന കടുത്ത കുളിരും വിറയലോടും കൂടിയ പനി, കഠിനമായ തലവേദന, പേശിവേദന, അമിതമായ വിയർപ്പ്, ഛർദ്ദി, കടുത്ത ക്ഷീണം എന്നിവയാണ് മലേറിയയുടെ പ്രാഥമിക ലക്ഷണങ്ങൾ. പ്ലാസ്മോഡിയം ഫാൽസിപാരം (P. falciparum) പോലുള്ള അപകടകാരികളായ ഇനങ്ങൾ മൂലമുണ്ടാകുന്ന രോഗബാധ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അത് അതീവ ഗുരുതരമായ ആരോഗ്യ സങ്കീർണ്ണതകളിലേക്ക് നയിക്കാം. ചുവന്ന രക്താണുക്കൾ വൻതോതിൽ നശിക്കുന്നത് മൂലമുണ്ടാകുന്ന കടുത്ത വിളർച്ച (Severe Anemia), വൃക്കകളുടെ പ്രവർത്തനം പെട്ടെന്ന് തകരാറിലാകുന്നത് (Acute Kidney Injury), ശ്വാസകോശത്തിൽ ദ്രാവകം നിറയുന്ന അവസ്ഥ (Pulmonary Edema) എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, രോഗാണുക്കൾ തലച്ചോറിലെ സൂക്ഷ്മ രക്തക്കുഴലുകളിൽ തടസ്സം സൃഷ്ടിക്കുന്നതിലൂടെ ഉണ്ടാകുന്ന 'സെറിബ്രൽ മലേറിയ' (Cerebral Malaria) രോഗിയെ അപസ്മാരത്തിലേക്കും അബോധാവസ്ഥയിലേക്കും (Coma) ഒടുവിൽ മരണത്തിലേക്കും വരെ നയിച്ചേക്കാം.

രോഗബാധയുടെ പ്രാരംഭ ഘട്ടത്തിലുള്ള ശാസ്ത്രീയമായ രോഗനിർണ്ണയമാണ് ഇത്തരം മാരകമായ സങ്കീർണ്ണതകളിൽ നിന്നും ജീവൻ രക്ഷിക്കാനുള്ള ഏക മാർഗ്ഗം. വിരൽത്തുമ്പിൽ നിന്ന് രക്തമെടുത്ത് നടത്തുന്ന 'പെരിഫറൽ ബ്ലഡ് സ്മിയർ' (Peripheral Blood Smear) മൈക്രോസ്കോപ്പിക് പരിശോധനയാണ് ഇതിൽ ഏറ്റവും വിശ്വസനീയമായ മാർഗ്ഗമായി ഇന്നും തുടരുന്നത്. ഇതിൽ 'തിക്ക് സ്മിയർ' (Thick smear) വഴി രക്തത്തിൽ രോഗാണുവിന്റെ സാന്നിധ്യമുണ്ടോ എന്ന് ഉറപ്പുവരുത്താനും, 'തിൻ സ്മിയർ' (Thin smear) വഴി രോഗാണു ഏത് ഇനത്തിൽപ്പെട്ടതാണെന്ന് (Species identification) കൃത്യമായി കണ്ടെത്താനും സാധിക്കും. ഇതിനുപുറമേ, വിരലിൽ നിന്നും എടുക്കുന്ന ഒരു തുള്ളി രക്തം ഉപയോഗിച്ച് മിനിറ്റുകൾക്കകം ഫലം തരുന്ന 'റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ' (Rapid Diagnostic Test – RDT) ഇന്ന് വ്യാപകമായി ലഭ്യമാണ്.

കേരളവും മലേറിയയും: വെല്ലുവിളികളും പ്രതിരോധവും

നിലവിൽ സംസ്ഥാനത്ത് കാണപ്പെടുന്ന മലേറിയ കേസുകളെ പ്രധാനമായും രണ്ടായി തരംതിരിക്കാം: ഇംപോർട്ടഡ് കേസുകൾ (Imported Cases) എന്നും പ്രാദേശിക രോഗവ്യാപനം (Indigenous Transmission) എന്നും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വിദേശരാജ്യങ്ങളിൽ നിന്നോ രോഗബാധയേറ്റ ശേഷം കേരളത്തിലെത്തുന്നവരാണ് മറുനാടൻ അഥവാ ഇംപോർട്ടഡ് കേസുകളുടെ പരിധിയിൽ വരുന്നത്. പ്രത്യേകിച്ച്, തൊഴിലിനായി എത്തുന്ന മറുനാടൻ തൊഴിലാളികളിലും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന യാത്രക്കാരിലും ഇത്തരം കേസുകൾ കൂടുതലായി കാണപ്പെടുന്നു.

2026-ലെ ഭൂരിഭാഗം കേസുകളും ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ വന്നവയായിരുന്നു.

രണ്ടാമത്തെ വിഭാഗമായ പ്രാദേശിക രോഗവ്യാപനം എന്നത്, മറ്റ് സ്ഥലങ്ങളിൽ നിന്ന് രോഗബാധയുമായി കേരളത്തിലെത്തിയ വ്യക്തികളെ കടിച്ച കൊതുകുകൾ പിന്നീട് ഇവിടുത്തെ പ്രദേശവാസികളെ കടിക്കുന്നതിലൂടെ രോഗം പകരുന്ന അവസ്ഥയാണ്. കൊതുകുനിവാരണ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും ഇത്തരത്തിലുള്ള പ്രാദേശിക രോഗവ്യാപനത്തിന് (Local transmission) വീണ്ടും വഴിവെച്ചേക്കാം.

അതിനാൽ, പുറത്തുനിന്നും എത്തുന്ന രോഗബാധിതരെ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതും കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങൾ പൂർണ്ണമായി നശിപ്പിക്കുന്നതും മലേറിയ നിയന്ത്രണത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്.

മലേറിയ ജന്തുജന്യരോഗമോ ?

മനുഷ്യരിൽ സാധാരണയായി കാണപ്പെടുന്ന മലേറിയ ഒരു ജന്തുജന്യരോഗമല്ലെങ്കിലും (Zoonosis), കുരങ്ങുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ചില സവിശേഷ മലേറിയ രോഗാണുക്കൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് *'പ്ലാസ്മോഡിയം നോൾസി' (Plasmodium knowlesi)* എന്ന പരാദമാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന 'മക്കാക്ക്' (Macaque) ഇനത്തിൽപ്പെട്ട കുരങ്ങുകളിലാണ് ഈ രോഗാണു സ്വാഭാവികമായി വസിക്കുന്നത്. വനമേഖലകളിൽ കാണപ്പെടുന്ന 'അനോഫിലിസ് ലൂക്കോസ്ഫിറസ്' (Anopheles leucosphyrus) വിഭാഗത്തിൽപ്പെട്ട കൊതുകുകൾ ഈ കുരങ്ങുകളെ കടിച്ച ശേഷം മനുഷ്യരെ കടിക്കുന്നതിലൂടെയാണ് ഈ 'സൂണോട്ടിക് മലേറിയ' (Zoonotic Malaria) മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ സാധാരണ കാണപ്പെടുന്ന പ്ലാസ്മോഡിയം മലേറിയേ (P. malariae) എന്ന ഇനവുമായി ഇതിന് മൈക്രോസ്കോപ്പിക് പരിശോധനയിൽ സാദൃശ്യമുണ്ടെങ്കിലും, പ്ലാസ്മോഡിയം നോൾസി ശരീരത്തിൽ എത്തിയാൽ വെറും 24 മണിക്കൂറിനുള്ളിൽ രക്തകോശങ്ങളെ തകർത്ത് അതിവേഗം പെരുകാൻ (Erythrocytic cycle) ശേഷിയുള്ളതാണ്. അതുകൊണ്ട് തന്നെ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് അതിവേഗം ഗുരുതരമായ അവയവ തകരാറുകളിലേക്കും മരണത്തിലേക്കും നയിച്ചേക്കാം.

കേരളത്തിലും വന്യജീവികൾക്കിടയിലെ മലേറിയ രോഗാണുബാധയുടെ സാന്നിധ്യം സമീപകാലത്ത് വലിയ ശാസ്ത്രീയ ശ്രദ്ധ നേടിയിട്ടുണ്ട്. 2024 സെപ്റ്റംബറിൽ കണ്ണൂർ ജില്ലയിലെ ആറളം വന്യജീവി സങ്കേതത്തിൽ നാല് കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് വയനാട്ടിലെ വെറ്ററിനറി കോളേജിലും മറ്റ് ലാബുകളിലും നടത്തിയ വിശദമായ പോസ്റ്റ്‌മോർട്ടം, മോളിക്യുലാർ (PCR) പരിശോധനകളിലാണ് ഇവയുടെ മരണകാരണം പരാദബാധ മൂലമുണ്ടാകുന്ന 'മങ്കി മലേറിയ' ആണെന്ന് സ്ഥിരീകരിച്ചത്. കേരളത്തിൽ വന്യജീവികൾക്കിടയിൽ മലേറിയ സ്ഥിരീകരിച്ച ഈ സംഭവം അതീവ ജാഗ്രതയോടെയാണ് ആരോഗ്യ-വന്യജീവി വകുപ്പുകൾ വീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ കുരങ്ങുകളിൽ നിന്ന് മനുഷ്യരിലേക്ക് ഇത്തരത്തിൽ മലേറിയ പകർന്നതായി ഔദ്യോഗികമായ തെളിവുകളോ കേസുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും, ആഗോളതാപനവും വനനശീകരണവും കാരണം വന്യജീവികൾ, കൊതുകുകൾ, മനുഷ്യർ എന്നിവ തമ്മിലുള്ള സമ്പർക്ക മേഖലകൾ (Ecological interfaces) വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം രോഗാണുക്കൾ മനുഷ്യരിലേക്ക് പടരാനുള്ള (Spillover) സാധ്യത തള്ളിക്കളയാനാവില്ല.