
ആധുനിക നഗരജീവിതം സൗകര്യങ്ങളും വികസനവും നൽകുമ്പോൾ അതോടൊപ്പം തന്നെ നിശ്ശബ്ദമായി ബാധിക്കപ്പെടുന്ന ഒന്നാണ് നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യം. കോൺക്രീറ്റ് കാടുകളിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നാം അകത്തേക്കെടുക്കുന്ന ഓരോ ശ്വാസത്തിലും അടങ്ങിയിരിക്കുന്ന വിഷാംശങ്ങളെക്കുറിച്ച് പലരും ബോധവാന്മാരല്ല. ഓഗസ്റ്റ് 1 'ലോക ശ്വാസകോശ അർബുദ ദിനമായി' ആചരിക്കുമ്പോൾ, വായുമലിനീകരണവും മാറിയ നഗര ജീവിതശൈലിയും നമ്മുടെ ശ്വാസകോശ ആരോഗ്യത്തെ എങ്ങനെയാണ് ദോഷകരമായി ബാധിക്കുന്നതെന്ന് ശാസ്ത്രീയമായി വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
നഗര അന്തരീക്ഷം ശ്വാസകോശത്തിന് ഭീഷണിയാകുന്നത് എങ്ങനെ?
നഗരങ്ങളിലെ വായുവിൽ ദൃശ്യവും അദൃശ്യവുമായ നിരവധിയേറെ മലിനീകരണ വസ്തുക്കൾ നിറഞ്ഞിരിക്കുന്നു. ഇത് കേവലം അലർജിയോ ആസ്ത്മയോ മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിൽ ശ്വാസകോശ കോശങ്ങളെ നശിപ്പിക്കുകയും അർബുദത്തിന് വഴിവെക്കുകയും ചെയ്യാം.
സൂക്ഷ്മ കണികകളും കെമിക്കലുകളും: വാഹനങ്ങളിൽ നിന്നുള്ള പുക, കെട്ടിട നിർമ്മാണ പൊടിപടലങ്ങൾ, വ്യാവസായിക അവശിഷ്ടങ്ങൾ എന്നിവ പുറന്തള്ളുന്ന സൂക്ഷ്മ കണികകൾ ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് തുളച്ചുകയറുന്നു.
നൈട്രജൻ ഡയോക്സൈഡും ഓസോണും: ഇവ ശ്വാസനാളത്തിൽ നിരന്തരമായ വീക്കം (ഇൻഫ്ലമേഷൻ) ഉണ്ടാക്കുകയും ശ്വാസകോശത്തിന്റെ കാര്യക്ഷമത ഘട്ടംഘട്ടമായി കുറയ്ക്കുകയും ചെയ്യുന്നു.
ഇൻഡോർ മലിനീകരണം(കെട്ടിടങ്ങൾക്കുള്ളിലെ മലിനീകരണം): പുറത്തെ മലിനീകരണം മാത്രമല്ല, അടച്ചിട്ട മുറികളിലെ ഫംഗസ്, വായുസഞ്ചാരമില്ലായ്മ, അഗർബത്തികളുടെയും റൂം ഫ്രഷ്നറുകളുടെയും അമിത ഉപയോഗം, അപ്പാർട്ട്മെന്റുകളിലും മറ്റും കാണപ്പെടുന്ന പ്രാവുകളുടെ വിസർജ്യത്തിൽ നിന്നുള്ള അണുക്കൾ എന്നിവയും ശ്വാസകോശ അണുബാധകൾക്കും കോശനാശത്തിനും കാരണമാകുന്നു.
വില്ലനാകുന്ന നഗര ജീവിതശൈലികൾ
പുകവലിക്കാത്തവരിലും ഇന്ന് ശ്വാസകോശ അർബുദവും സി.ഒ.പി.ഡി പോലുള്ള രോഗങ്ങളും വർദ്ധിച്ചു വരുന്നുണ്ട്. ഇതിന് പിന്നിലെ പ്രധാന ഘടകങ്ങൾ ഇവയാണ്:
സെക്കൻഡ് ഹാൻഡ് സ്മോക്കിംഗ് (പാസ്സീവ് സ്മോക്കിംഗ്): നഗരങ്ങളിലെ പൊതുയിടങ്ങളിലും തൊഴിലിടങ്ങളിലും വെച്ച് മറ്റുള്ളവർ പുറത്തുവിടുന്ന പുക ശ്വസിക്കുന്നത് പുകവലിക്കുന്നതിന് തുല്യമായ ആഘാതമാണ് ഉണ്ടാക്കുന്നത്.
നിഷ്ക്രിയമായ ജീവിതരീതി: വ്യായമമില്ലായ്മയും വ്യായാമത്തിനായി ശുദ്ധവായു ലഭിക്കാത്ത അന്തരീക്ഷവും ശ്വാസകോശ ശേഷി വർദ്ധിപ്പിക്കുന്നതിന് തടസ്സമാകുന്നു.
ലക്ഷണങ്ങൾ അവഗണിക്കൽ: തുടർച്ചയായ വരണ്ട ചുമ, രാവിലെ അനുഭവപ്പെടുന്ന തൊണ്ടവേദന, പടികൾ കയറുമ്പോൾ ഉണ്ടാകുന്ന കിതപ്പ് എന്നിവയെ സാധാരണ അലർജിയായോ പനിയായോ കണ്ട് അവഗണിക്കുന്നത് രോഗ നിർണ്ണയം വൈകിപ്പിക്കുന്നു.
ശ്വാസകോശത്തെ സംരക്ഷിക്കാൻ എന്തെല്ലാം ചെയ്യാം?
നഗരങ്ങളിൽ ജീവിക്കുന്ന ഏതൊരാളും ദൈനംദിന ജീവിതത്തിൽ പിന്തുടരേണ്ട ചില ലളിതമായ മുൻകരുതലുകൾ നോക്കാം:
1. മാസ്കുകളും അന്തരീക്ഷ വായു നിലവാരവും
തിരക്കേറിയ സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ സൂക്ഷ്മ കണികകളെ തടയാൻ ശേഷിയുള്ള എൻ95/എൻ99 മാസ്കുകൾ ധരിക്കുക. നിങ്ങളുടെ പ്രദേശത്തെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യൂഐ) പരിശോധിച്ചതിന് ശേഷം മാത്രം പ്രഭാത സവാരിയോ കഠിനമായ വ്യായാമങ്ങളോ പുറത്തുനിന്നു ചെയ്യുക. മലിനീകരണം കൂടുതലുള്ള ദിവസങ്ങളിൽ ഇൻഡോർ വ്യായാമങ്ങൾ തിരഞ്ഞെടുക്കുക.
2. വീടിനകം ശുദ്ധമായി സൂക്ഷിക്കുക
ശരിയായ വായുസഞ്ചാരം ഉറപ്പാക്കുകയും ഫിൽട്ടറുകളുള്ള എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുകയും ചെയ്യുക. വീടിനുള്ളിൽ വായു ശുദ്ധീകരിക്കുന്ന ആരേക്ക പാം, സ്നേക്ക് പ്ലാന്റ്, പീസ് ലില്ലി തുടങ്ങിയ സസ്യങ്ങൾ വളർത്തുക.
3. ശ്വാസകോശത്തിന്റെ ആരോഗ്യം കൂട്ടുന്ന ഭക്ഷണം
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ പഴങ്ങൾ, നെല്ലിക്ക, ഇഞ്ചി, മഞ്ഞൾ, ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുന്നത് ശ്വാസനാളത്തിലെ കഫം സുഗമമായി പുറന്തള്ളാൻ സഹായിക്കും.
4. ശ്വസന വ്യായാമങ്ങൾ
ദിവസവും 10-15 മിനിറ്റ് പ്രാണായാമം, ഡയഫ്രമാറ്റിക് ബ്രീത്തിംഗ് തുടങ്ങിയ ശ്വസന വ്യായാമങ്ങൾ ശ്വാസകോശ കപ്പാസിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കും.
5. കൃത്യമായ മെഡിക്കൽ പരിശോധനകൾ
വിട്ടുമാറാത്ത ചുമയോ ശ്വാസംമുട്ടലോ ഉണ്ടെങ്കിൽ സ്വയം ചികിത്സ നടത്താതെ ഒരു പൾമണോളജിസ്റ്റിനെ കണ്ട് വേണ്ട പരിശോധനകളും മുൻകരുതലുകളും എടുക്കുക.
പുകവലി ശീലമുള്ളവരോ മലിനീകരണമുള്ള അന്തരീക്ഷത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരോ ആണെങ്കിൽ കൃത്യമായ പരിശോധനകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം വേണ്ട സ്‌ക്രീനിങ്ങുകൾ നടത്തുന്നത് അർബുദം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കും.
നഗരജീവിതം ഒഴിവാക്കാനാവാത്ത ഒന്നാണെങ്കിലും, നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ആദ്യഘട്ടത്തിലെ തിരിച്ചറിയലാണ് മികച്ച ചികിത്സ. വായുമലിനീകരണത്തിനെതിരെ വ്യക്തിഗത മുൻകരുതലുകൾ എടുക്കുന്നതിനൊപ്പം, എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വിദഗ്ദ്ധ വൈദ്യസഹായം തേടാൻ ഈ ലോക ശ്വാസകോശ അർബുദ ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കണം. എപ്പോഴും ഓർക്കുക, ശുദ്ധമായ ശ്വാസമാണ് സുരക്ഷിതമായ ഭാവി.
കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ മെഡിക്കൽ ഓങ്കോളജി വിഭാഗം കൺസൾട്ടൻ്റ് ആണ് ലേഖകൻ.
Content Highlights: Recognizing early signs like persistent cough and shortness of breath., Understanding the impact of urban pollution on lung health., Practical steps for indoor air quality and lifestyle modifications
Published: 01 Aug 2026, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented