
ആധുനികകാലത്തിന്റെ മുഖമുദ്രകളിലൊന്നാണ് വഷളായിക്കൊണ്ടിരിക്കുന്ന പൊതുജനാരോഗ്യത്തെക്കുറിച്ചുള്ള നമ്മുടെ വേവലാതി. കീടനാശിനി തളിച്ച പച്ചക്കറി, മായംചേർത്ത ഭക്ഷണസാധനങ്ങൾ, മൊബൈൽ ടവറുകൾ തുടങ്ങി വില്ലൻകഥാപാത്രങ്ങൾ സ്ഥിരമായി വന്നുപോകാറുള്ള ഒരു വേദികൂടിയാണത്. പണ്ട് എവിടെ നോക്കിയാലും അരോഗദൃഢഗാത്രരായ മനുഷ്യരായിരുന്നെങ്കിൽ ഇന്ന് എങ്ങോട്ടു നോക്കിയാലും ഷുഗറും കൊളസ്‌ട്രോളും പ്രഷറും ഒക്കെ തന്നെയാണ് എന്ന് പറഞ്ഞുകേൾക്കാത്തവരും പറയാത്തവരും ചുരുക്കമായിരിക്കും. സമൂഹത്തിന്റെ ആരോഗ്യസ്ഥിതി ദിനംപ്രതി വഷളായി വരുകയാണ് എന്നതാണ് പൊതുബോധം.
എണ്ണത്തിൽ കുറവെങ്കിലും ചിലരെങ്കിലും ഈ ആവലാതിയെ ശക്തിയുക്തം എതിർക്കുന്നതും കണ്ടിട്ടുണ്ട്. ഇത് വെറും തെറ്റിദ്ധാരണയോ ശാസ്ത്രവിരോധികളുടെ കുപ്രചാരണമോ ആണെന്ന് അവർ സ്ഥാപിക്കാൻ ശ്രമിക്കാറുണ്ട്. ഈ രണ്ടു കൂട്ടരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നമ്മൾ സംസാരിക്കുന്നത്. ധാരണകൾ വസ്തുനിഷ്ഠമാകുമ്പോഴാണല്ലോ, തീരുമാനങ്ങൾ യുക്തിഭദ്രമാകുന്നത്.
ഈ ആവലാതി വെറുമൊരു തോന്നലൊന്നുമല്ല, ആ പറയുന്നതിൽ കാര്യമുണ്ട്. പക്ഷേ, എന്തുകൊണ്ട് എന്നത് ശ്രദ്ധിച്ച് മനസ്സിലാക്കേണ്ട കാര്യമാണ്. എന്നാൽ, മാത്രമേ അതൊരു നല്ല കാര്യമാണോ മോശം കാര്യമാണോ എന്നുതന്നെ തിരിച്ചറിയാൻ കഴിയൂ.
എന്തൊക്കെ കാരണങ്ങൾകൊണ്ട് രോഗികളുടെ എണ്ണം കൂടാം എന്നൊന്ന് പരിശോധിച്ചുകൊണ്ട് തുടങ്ങാം.
വിശകലനത്തിലെ യുക്തികൾ
ആദ്യം ശ്രദ്ധിക്കേണ്ടത്, രോഗികളുടെ എണ്ണവും രോഗികളുടെ ശതമാനവും തമ്മിൽ വ്യത്യാസമുണ്ട് എന്നതാണ്. നമ്മൾ ചുറ്റും കാണുന്നവരിൽ എത്ര ആളുകൾ രോഗികളാണ് എന്നതാണ് നമ്മൾ പൊതുവേ ശ്രദ്ധിക്കുന്നത്. അതാണ് രോഗികളുടെ എണ്ണം. എന്നാൽ, നമ്മൾ ചുറ്റും കാണുന്ന നൂറ് മനുഷ്യരെ എടുത്താൽ അവരിൽ എത്രപേർ രോഗികളാണ് എന്നതാണ് രോഗികളുടെ ശതമാനം. അതങ്ങനെ ഒറ്റനോട്ടത്തിൽ സ്വാഭാവികമായി സ്പഷ്ടമാകുന്ന ഒന്നല്ല, അതിന് മനഃപൂർവമുള്ള ഒരു പഠനം വേണ്ടിവരും. സാധാരണ മനുഷ്യർ പൊതുവേ അത്തരമൊരു പഠനം നടത്താറില്ല. പക്ഷേ, നമ്മൾ സാമാന്യപ്രസ്താവനകൾ നടത്തുമ്പോൾ ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചേ പറ്റൂ. കാരണം പതിനായിരം പേരുള്ള ഒരു നാട്ടിൽ നൂറുപേർ രോഗികളായിരിക്കുന്നതും ആയിരം പേരുള്ള നാട്ടിൽ അമ്പതുപേർ രോഗികളായിരിക്കുന്നതും പരിഗണിച്ചാൽ എണ്ണം െവച്ചൊരു താരതമ്യാഭിപ്രായം പറയുന്നതിൽ കാര്യമില്ല. ആദ്യത്തെ നാട്ടിൽ ഓരോ നൂറുപേരിലും ഒരാൾ (100/10000=1/100) രോഗിയാണെന്ന് കാണാം. എന്നാൽ, രണ്ടാമത്തെ നാട്ടിൽ ഓരോ നൂറുപേരിലും അഞ്ചുപേർ (50/1000=5/100) രോഗികളാണ്. അതായത്, ആദ്യത്തെ നാടിനെക്കാൾ അഞ്ചുമടങ്ങ് രോഗഗ്രസ്തമാണ് രണ്ടാമത്തെ നാട്.
ഇനി ഒരു പ്രത്യേക നാട്ടിൽ പത്തുശതമാനം ആളുകൾ രോഗികളാണ് എന്ന് കരുതുക. അവിടത്തെ ജനസംഖ്യ പതിനായിരം ആണെങ്കിൽ, രോഗികളുടെ എണ്ണം ആയിരം. അവിടത്തെ ജനസംഖ്യ ഒരു ലക്ഷമായാലോ, രോഗികൾ പതിനായിരം. സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യയിലെ ജനസംഖ്യ 40 കോടിയായിരുന്നെങ്കിൽ ഇന്നത് 130 കോടിയാണ്. അതായത് മൂന്നിരട്ടിയിലധികമായിരിക്കുന്നു. അന്ന് ഒരു ശരാശരി മനുഷ്യന് ചുറ്റും അമ്പത് മനുഷ്യർ ഉണ്ടായിരുന്നു എങ്കിൽ, ഇന്ന് ഒരാൾക്കുചുറ്റും നൂറ്റമ്പതിന് മുകളിൽ ആളുകളുണ്ട് എന്നാണ് അതിനർഥം. അങ്ങനെയെങ്കിൽ ഒരാൾക്ക് ചുറ്റുമുള്ള രോഗികളുടെ എണ്ണവും മൂന്നിരട്ടിയാവുമല്ലോ. ഇതാണ് മറക്കാൻ പാടില്ലാത്ത ആദ്യത്തെ കാര്യം- സമൂഹത്തിന്റെ ആരോഗ്യാവസ്ഥ മോശമാകാതെ അതേപടി തുടരുന്നുവെങ്കിൽപ്പോലും നമുക്ക് ചുറ്റുമുള്ള രോഗികളുടെ എണ്ണം ജനസംഖ്യ കൂടുന്നതിന് ആനുപാതികമായി കൂടും; രോഗം വന്ന് മരിക്കുന്നവരുടെയും.
ജനസംഖ്യയും ധാരണകളും
ഇനി, എങ്ങനെയാണ് ജനസംഖ്യ കൂടുന്നത്? ഏറ്റവും ലളിതമായിപ്പറഞ്ഞാൽ, മരിക്കുന്നവരുടെ എണ്ണം കുറയുകയും ജനിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്യുമ്പോഴാണ് അത് സംഭവിക്കുന്നത്. അല്പംകൂടി കൃത്യമാക്കിയാൽ, മരണനിരക്ക് കുറയുകയും ജനനനിരക്ക് കൂടുകയും ചെയ്യുമ്പോഴെന്ന് പറയണം. അതായത്, നൂറുപേരെ എടുത്താൽ ഒരുവർഷം അവരിൽ എത്രപേർ മരിക്കുന്നു, അവർക്കിടയിൽ എത്രപേർ പുതുതായി ജനിക്കുന്നു എന്ന കണക്കാണ് വേണ്ടത്. പൊതുവായി ഇന്ത്യയുടെ ജനസംഖ്യാ വർധന പരിശോധിക്കുമ്പോൾ ജനനനിരക്ക് കൂടുകയോ മരണനിരക്ക് കുറയുകയോ രണ്ടും ഒരുമിച്ച് സംഭവിക്കുകയോ ചെയ്തിട്ടുണ്ടാകണം എന്ന് അനുമാനിക്കാം. ഇനിയത്തെ കാര്യം പറയാൻ നമുക്ക് ജനസംഖ്യയുടെ പ്രായംതിരിച്ചുള്ള ഒരു കണക്ക് എടുക്കാം.
2011-ലെ സെൻസസാണ് ഇവിടെ ആധാരമാക്കിയിരിക്കുന്നത്. അല്പം പഴയ കണക്കാണെങ്കിലും പ്രായമനുസരിച്ചുള്ള വിശദമായ ജനസംഖ്യയ്ക്ക് ആധാരമാക്കാവുന്ന ഏറ്റവും ഔദ്യോഗികമായ വിവരമാണ്. തത്കാലത്തെ ആവശ്യത്തിന് അത് ധാരാളം മതിയാകും. അതുപ്രകാരം ഇന്ത്യൻ ജനസംഖ്യ ഏതാണ്ട് 121 കോടി ആണ്. അതിൽ 98.7 ശതമാനം പേരും 80 വയസ്സിന് താഴെയുള്ളവരാണ്. അതായത്, ചുറ്റുമുള്ള നൂറുപേരിൽ 80 വയസ്സ് കഴിഞ്ഞവർ രണ്ടുപേർ തികച്ചില്ല. എന്നുവെച്ചാൽ 1930-ന് മുന്നേ ജനിച്ച നൂറുപേരിൽ പരമാവധി രണ്ടുപേരേ ജീവിച്ചിരിപ്പുള്ളൂ, ബാക്കിയുള്ളവരൊക്കെ മരിച്ചുപോയി. അതേസമയം, 50 ശതമാനം ആളുകൾക്കും വയസ്സ് 24-ൽ താഴെയാണ്. അതായത്, ചുറ്റുമുള്ള നൂറുപേരിൽ 50 പേരും 1987-ന് ശേഷം ജനിച്ചവരാണ്. ഇനി 65 വയസ്സിൽ താഴെയുള്ളവരുടെ എണ്ണം നോക്കിയാൽ ജനസംഖ്യയുടെ 94.2 ശതമാനം അവരാണ്. അതായത്, അത്രയുംപേരും രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇല്ലാതിരുന്നവരാണ്. ഈ കണക്ക് എന്താണ് പറയുന്നത്? ഇക്കണ്ട ആശുപത്രികളും സാങ്കേതികവിദ്യകളുമൊക്കെ ഉണ്ടാകുന്നതിനുമുൻപ്, മലിനീകരണമില്ലാത്ത, കീടനാശിനിയില്ലാത്ത, മൊബൈൽ ടവറുകളും രാസവസ്തുക്കളും ഇല്ലാതിരുന്ന, സുവർണകാലത്ത് ജനിച്ച അധികമാരും ഇന്നില്ല!
ആരോഗ്യവും മരണവും
നമ്മൾ കാണുന്ന വൃദ്ധരുടെ ആരോഗ്യവുമായി, ആരോഗ്യമില്ലാത്ത യുവജനതയെ താരതമ്യം ചെയ്യലും ഇവിടെ പതിവാണ്. നമ്മൾ നോക്കുമ്പോഴതാ പത്തെൺപത് വയസ്സായ അപ്പൂപ്പന്മാർ പലരും ഇന്നും പശുവിനെ മേയ്ക്കാനും പന്തല് കെട്ടാനുമൊക്കെ മുമ്പിലുണ്ട്. എത്ര ചെറുപ്പക്കാർക്കാണ് കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളത്! ഇതിന് പല കാരണങ്ങളുണ്ട്. ഏറ്റവും ലളിതമായത്, നമ്മളാദ്യം പറഞ്ഞ ശതമാനവും എണ്ണവും തമ്മിലുള്ള വ്യത്യാസം തന്നെ. 65 വയസ്സ് കഴിഞ്ഞവരിലും 21-ന് താഴെയുള്ളവരിലും 20 ശതമാനം പേർ രോഗികളാണ് എന്ന് തത്കാലമൊന്ന് സങ്കല്പിക്കുക. ഇനിയൊന്ന് എണ്ണിയെടുത്ത് നോക്കൂ. ഇന്ത്യൻ ജനസംഖ്യയിൽ 65 വയസ്സിന് മുകളിലുള്ളവർ നൂറിൽ ആറുപേരാണ്, 21-ൽ താഴെയുള്ളവർ നൂറിൽ ഏതാണ്ട് 42 പേരും. അവരിൽ 20 ശതമാനം രോഗികളായാൽ- 65 കഴിഞ്ഞ രോഗി രണ്ടിൽ താഴെ, 21 തികയാത്ത രോഗികൾ ഏതാണ്ട് ഒമ്പതുപേർ! തീർച്ചയായും നിങ്ങൾ പ്രായം കുറഞ്ഞ രോഗികളെയാകുമല്ലോ കൂടുതൽ എണ്ണുക.
നമ്മൾ കാണുന്ന വൃദ്ധർ നല്ല ആരോഗ്യമുള്ളവരാകാൻ വേറെയും പ്രധാനപ്പെട്ട കാരണമുണ്ട്; നല്ല ആരോഗ്യമുള്ളതുകൊണ്ടാണ് അവർ വൃദ്ധരാകുന്നതുവരെ ജീവിച്ചത്. അതുപക്ഷേ, അന്ന് ജനിച്ചതിന്റെ പൊതുവായ ഗുണമല്ല. 65 കൊല്ലം മുൻപ് ജനിക്കുന്നത് അത്ര മെച്ചപ്പെട്ട ഒരു കാര്യമായിരുന്നു എങ്കിൽ, 65 വയസ്സ് കഴിഞ്ഞവർ നൂറിൽ ആറുപേരേ കാണുമായിരുന്നുള്ളോ എന്ന് ചിന്തിച്ചുനോക്കൂ.
തീർന്നില്ല, പരാതിക്ക് ഇനിയും വകുപ്പുണ്ട്, ഹൃദ്രോഗവും കാൻസറും പ്രമേഹവുമൊക്കെ ഇപ്പോഴാണല്ലോ കേൾക്കാൻ തുടങ്ങിയത്. പണ്ടെന്താ ഇല്ലാതിരുന്നത്? വളരെ രസകരമാണാ ചോദ്യം. പണ്ടത്തെ ആളുകൾ എന്ത് കാരണം കൊണ്ടാണ് മരിച്ചത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഇന്ന് ഇന്ത്യയിൽ ഓരോ മണിക്കൂറിലും 16 പേർ വാഹനാപകടത്തിൽ മരിക്കുന്നു എന്നാണ് കണക്ക്. ഒരു നൂറുവർഷം മുൻപായിരുന്നെങ്കിലോ? അന്ന് ഒരുവർഷം മുഴുവനെടുത്താലും ആരുംതന്നെ വാഹനാപകടത്തിൽ മരിച്ചിട്ടുണ്ടാവില്ല. അതുപക്ഷേ അന്ന് എല്ലാവരും അതിസുരക്ഷിതമായ ഡ്രൈവിങ് ആയിരുന്നതുകൊണ്ടല്ലല്ലോ, അന്ന് ഡ്രൈവ് ചെയ്യാൻ വാഹനങ്ങളുണ്ടായിരുന്നില്ല എന്നതുകൊണ്ടാണ്.
പ്രഷറും ഷുഗറും ടെസ്റ്റ് ചെയ്യാനോ, ബയോപ്‌സി ചെയ്യാനോ, സി.ടി. സ്കാൻ ചെയ്യാനോ സൗകര്യമില്ലാതിരുന്ന കാലത്ത് ആളുകൾക്ക് അവരവരുടെ രോഗം തിരിച്ചറിയാനുള്ള മാർഗമില്ലായിരുന്നു. അതുകൊണ്ട് അവരുടെ അസുഖങ്ങൾക്ക് കുഴഞ്ഞുവീണ് മരിക്കുക, നെഞ്ചുവേദന വന്ന് മരിക്കുക തുടങ്ങിയ ലളിതമായ പേരുകളായിരുന്നു.
വേണ്ട, രോഗഭയ ജീവിതം
മുതിർന്നൊരാൾ ഇങ്ങനെയൊക്കെ മരിക്കണമെങ്കിൽത്തന്നെ ആദ്യം ആ ആള് മുതിരുന്നതുവരെ ജീവിക്കണമല്ലോ. എന്തെങ്കിലുമൊക്കെ രോഗവുമായി ജനിക്കുന്ന കുഞ്ഞുങ്ങളും അന്ന് ചെറുതിലേ തന്നെ മരിച്ചുപോകുമായിരുന്നു. ഇന്ന് ശിശുമരണനിരക്ക് കുറവാണ്. അത് 1998-ൽ 71.6 ആയിരുന്നിടത്തുനിന്ന് 2014 ആയപ്പോഴേയ്ക്കും 40.7-ൽ എത്തി.
ഇന്ന് രോഗങ്ങളുമായി ജനിക്കുന്നവർക്ക് അത് ചികിത്സിച്ച് ഭേദമാക്കുന്നതിനോ, അത് കൈകാര്യം ചെയ്ത് ജീവിക്കുന്നതിനോ ഉള്ള സംവിധാനങ്ങൾ ഉണ്ട്. ഇങ്ങനെ ‘കൈകാര്യം ചെയ്ത്’ ജീവിക്കുന്നവരാണ് നമ്മൾ കാണുന്ന ‘രോഗികൾ’. രോഗികളെ കാണണമെങ്കിൽ രോഗം ഉണ്ടായാൽ പോരാ, രോഗവുംകൊണ്ട് ജീവിക്കാൻ കഴിയുകയും വേണം എന്ന കാര്യം മറക്കരുത്. ആരോഗ്യരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത കാലത്ത് ആ പരിപാടി ഇല്ല. ഒന്നുകിൽ ആരോഗ്യത്തോടെ ജീവിക്കുക, അല്ലെങ്കിൽ മരിക്കുക. വളരെ ലളിതം! രോഗങ്ങൾ കൂടുതൽ കൃത്യമായി തിരിച്ചറിയാനും തിരിച്ചറിയപ്പെട്ടവർക്ക് അതും വഹിച്ചുകൊണ്ട് മുന്നോട്ടു ജീവിക്കാനുമുള്ള സംവിധാനങ്ങൾ കൂടുന്നതുകൊണ്ടാണ് രോഗങ്ങളുടെ പേരുകളും രോഗികളുടെ എണ്ണവും കൂടുന്നത്.
ആശുപത്രികളോ മറ്റ് മെഡിക്കൽ സംവിധാനങ്ങളോ വികസിച്ചിട്ടില്ലാത്ത ഒരു സമൂഹമുണ്ടെങ്കിൽ, അവിടെ നല്ല ആരോഗ്യമുള്ളവരെ മാത്രമേ കാണാൻ കഴിയൂ. പക്ഷേ, അതിൽനിന്നും മെഡിക്കൽ സംവിധാനങ്ങളാണ് രോഗികളെ ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കിക്കളയരുത്. നല്ല ആരോഗ്യമുള്ളവർക്ക് മാത്രമേ അത്തരം സമൂഹത്തിൽ ജീവിക്കാൻ കഴിയൂ എന്നാണ് അതിനർഥം.
ഇനി അവസാനമായി, രോഗികളായിക്കൊണ്ടിരിക്കുന്ന പുതുതലമുറയെക്കുറിച്ച് ഒരു കാര്യം കൂടി. കുറച്ചുമാത്രം ആഹാരവും വളരെക്കൂടുതൽ കായികാധ്വാനവുമായി ജീവിച്ചവരെ അപേക്ഷിച്ച് സുഭിക്ഷമായി തോന്നുന്നതെന്തും തിന്നാനുള്ള സാഹചര്യവും മേലനങ്ങാതെയുള്ള ജോലിയുമായി മുന്നോട്ടുപോകുന്നവർക്ക് രോഗങ്ങൾ കൂടും. അതിനെയാണ് ജീവിതശൈലീരോഗങ്ങൾ എന്ന് വിളിക്കുന്നത്. അതിനെ ആ രീതിയിൽത്തന്നെ നോക്കിക്കാണേണ്ടതുണ്ട്. പക്ഷേ, തെറ്റായ പ്രശ്നകാരണങ്ങൾ ആരോപിച്ച്, തെറ്റായ പരിഹാരമാർഗങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ അഭിരമിച്ചാൽ, പ്രശ്നം അവിടത്തന്നെ കിടക്കുകയേ ഉള്ളൂ.
Content Highlights: lifestyle diseases, health statistics, healthy living and death, life expectancy and healthy life
Published: 14 Mar 2022, 10:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented