മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക് പ്രായമായവരെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്ന് കരുതുന്നരുണ്ട്. ആ ധാരണ തെറ്റാണെന്ന് തെളിയിക്കുകയാണ് പുതിയൊരു പഠനം. മസ്തിഷ്കാഘാതം സ്ഥിരീകരിക്കുന്നവരിൽ ഏറെയും ചെറുപ്പക്കാരാണെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ICMR) നടത്തിയ പഠനം. സ്ട്രോക്ക് സ്ഥിരീകരിക്കുന്നവരിൽ ഏഴിലൊരാൾ പതിനെട്ടിനും നാൽപ്പത്തിനാലിനും ഇടയിൽ പ്രായമുള്ളവരാണെന്ന് പഠനം പറയുന്നു.
രാജ്യത്തെ വിവിധ ആശുപത്രികളിൽനിന്നുള്ള 34,000 സ്ട്രോക്ക് കേസുകളെ ആധാരമാക്കി നടത്തിയ പഠനത്തിനൊടുവിലാണ് ഈ വിലയിരുത്തലിലെത്തിയത്. പണ്ട് പ്രായമായവരിൽ വ്യാപകമായി കണ്ടിരുന്ന സ്ട്രോക്ക് ഇന്ന് ചെറുപ്പക്കാരിൽ കൂടുന്നുവെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് പഠനം പറയുന്നു. Sage Choice എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പതിമൂന്നു ശതമാനം സ്ട്രോക്ക് കേസുകളും പതിനെട്ടിനും നാൽപ്പത്തിനാലിനും ഇടയിൽ പ്രായമുള്ളവരിലാണ് സ്ഥിരീകരിക്കുന്നതെന്ന് പഠനം പറയുന്നു. ലക്ഷണങ്ങൾ പ്രകടമായിക്കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനുശേഷമാണ് അഞ്ചിൽ രണ്ട് രോഗികളും ആശുപത്രികളിലെത്തുന്നത്. ഇത് അതിജീവന നിരക്ക് കുറയ്ക്കുന്ന പ്രധാന ഘടകമാണ്. ലക്ഷണങ്ങൾ കണ്ട് ഒരു മണിക്കൂറിനകം ആശുപത്രിയിൽ എത്തിയിരിക്കണം. മസ്തിഷ്കത്തിന് ദീർഘകാല തകരാറുകൾ ഉണ്ടാവാതെ നോക്കാനുള്ള ‘സുവർണ മണിക്കൂറാ’യാണ് ഇതിനെ കണക്കാക്കുന്നത്.
യുവാക്കളിൽ സ്ട്രോക്ക് സാധ്യത കൂട്ടുന്ന പ്രധാന ഘടകമായി ഗവേഷകർ പറയുന്നത് ഉയർന്ന രക്തസമ്മർദം തന്നെയാണ്. സ്ട്രോക്ക് കേസുകളിൽ നാലിൽ മൂന്നിനും പിന്നിൽ രക്തസമ്മർദമാണ് കാരണം. കൂടാതെ പ്രമേഹം, പുകവലി, മദ്യപാനം, അനീമിയ തുടങ്ങിയവയും അപകടസാധ്യതാ ഘടകങ്ങളാണ്. ജീവിതശൈലി, പോഷകാഹാരക്കുറവ്, വ്യായാമം ഇല്ലാതിരിക്കൽ തുടങ്ങിയവയും സാധ്യത കൂട്ടുന്നു.
സ്ട്രോക്കിലേക്ക് നയിക്കുന്ന പല ഘടകങ്ങളും പ്രതിരോധിക്കാവുന്നവയാണെന്ന് ഗവേഷകർ പറയുന്നു. സ്ഥിരമായി രക്തസമ്മർദം പരിശോധിക്കുക, ബ്ലഡ് ഷുഗർ നില നിയന്ത്രിക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, സമ്മർദം നിയന്ത്രിക്കുക, ആവശ്യത്തിന് ഉറക്കം ഉറപ്പ് വരുത്തുക എന്നിവയിലൂടെ സ്ട്രോക്ക്സാധ്യത കുറയ്ക്കാനാവും.
സ്‌ട്രോക്ക് ഉണ്ടാകുന്നത്
മസ്തിഷ്‌കത്തിലേക്കുള്ള രക്തധമനികളിൽ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്. രക്താതിമർദത്തിന്റെയോ അല്ലെങ്കിൽ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തിൽ നാല് മുതിർന്നവരിൽ ഒരാൾക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജീവിതശൈലിയിൽ മാറ്റം വേണം
സ്ട്രോക്ക് ഒരു ജീവിതശൈലി രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മർദ്ദം ഉള്ളവരിൽ സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ പ്രമേഹം, ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം. ഹാർട്ട് അറ്റാക്ക് വന്നവരിൽ, ഹൃദയ വാൽവ് സംബന്ധമായ തകരാറുകൾ ഉള്ളവരിൽ, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവർ, ഇവരിലൊക്കെ സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണ്.
ചെറുപ്പക്കാരിൽ സ്ട്രോക്ക് അധികമായി കണ്ടുവരുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിയിൽ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. പുകവലി, അമിത വണ്ണം, രക്തസമ്മർദ്ദം, മാനസികസമ്മർദ്ദം എന്നിവയും ചെറുപ്പക്കാരിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. ഗർഭനിരോധന ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ കുടുംബപരമായി സ്ട്രോക്ക് വരുന്നവരിലും രക്തം കട്ട പിടിക്കുന്നതിൽ അപാകത ഉണ്ടാകുന്ന രോഗങ്ങൾ ഉള്ളവരിലും സ്ട്രോക്ക് ചെറുപ്പകാലത്തെ ഉണ്ടാകാം.
സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം?
ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ച ശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ അതും സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.
ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ
സമയബന്ധിതമായ ചികിത്സ കൊണ്ട് മാത്രം ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്ട്രോക്ക്. വായ് കോട്ടം, കൈയ്ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്ട്രോക്കിന്റെ രോഗലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചേർന്നെങ്കിൽ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കുകയുള്ളൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ചലന ശേഷിയും സംസാരശേഷിയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോൾ മരണവും. അതിനാൽ സ്ട്രോക്ക് ബാധിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ വളരെ നിർണായകമാണ്.
Content Highlights: 13% of stroke cases now occur in individuals aged 18-44., High blood pressure is the primary risk factor, present in 75% of cases., The 'Golden Hour' (first 60 minutes) is critical for effective treatment.
Published: 28 Apr 2026, 05:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented