
ശരീരത്തില്‍നിന്ന് മാലിന്യങ്ങളും അധികദ്രാവകങ്ങളും നീക്കം ചെയ്യുക എന്നതാണ് വൃക്കകളുടെ ധര്‍മം. ശരീരത്തിന്റെ ദ്രാവക സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ഇലക്ട്രോലൈറ്റിന്റെ അളവ് ക്രമീകരിക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കുകയുമൊക്കെ ചെയ്യുന്നതില്‍ വൃക്കകള്‍ക്ക് വലിയ പങ്കുണ്ട്. അതീവ സങ്കീര്‍ണ്ണമായ ശാരീരികധര്‍മം നിര്‍വഹിക്കുന്ന അവയവം എന്ന നിലയില്‍ വൃക്കകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇതിന് ശരീരത്തില്‍ ആവശ്യമായ വെള്ളം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. മൂത്രത്തിലൂടെയാണ് പ്രധാനമായും ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ നിര്‍ജലീകരണം സംഭവിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനഭാരം വര്‍ധിക്കും. ഇത് ശരീരത്തിലെ മാലിന്യങ്ങളുടെ സാന്ദ്രത വര്‍ധിക്കുവാനും ഇടയാകും. ചുരുക്കിപറഞ്ഞാല്‍ വൃക്കകളുടെ ആരോഗ്യവും ശരീരത്തിന്റെ പൊതുവായ ആരോഗ്യവും നിലനിര്‍ത്തുന്നതില്‍ ആവശ്യത്തിന് ജലം ഉള്ളിലെത്തേണ്ടത് നിര്‍ബന്ധമാണ്.
ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയെ നിര്‍ജലീകരണം എന്നാണ് പറയുന്നത്. ഈ അവസ്ഥ ദീര്‍ഘകാലം തുടര്‍ന്നാല്‍ വൃക്കകളുടെ സമ്മര്‍ദ്ദം അധികരിക്കുകയും വൃക്കയിലെ കല്ല്, മൂത്രനാളിയിലെ അണുബാധകള്‍, ഗുരുതരമായ വൃക്കരോഗങ്ങള്‍ തുടങ്ങിയവയിലേക്ക് നയിക്കുവാന്‍ ഇടയാവുകയും ചെയ്യും. ഇത് ക്രമേണ വൃക്കകളുടെ പ്രവര്‍ത്തനം കുറയുവാനും ഗുരുതരമായ അവസ്ഥയിലേക്ക് പരിണമിക്കുവാനും കാരണമാവുകയും ചെയ്യും.
എത്രവെള്ളം കുടിക്കണം?
വ്യക്തിയുടെ ശാരീരികമായ പ്രത്യേകതകൾ, രോഗാവസ്ഥകൾ, ശാരീരിക അധ്വാനം, കാലാവസ്ഥ തുടങ്ങി നിരവധി കാര്യങ്ങളെ ആശ്രയിച്ചാണ് ഒരു വ്യക്തി ദൈനംദിന ജീവിതത്തിൽ കുടിക്കേണ്ടിവരുന്ന വെള്ളത്തിന്റെ അളവ് നിശ്ചയിക്കുന്നത്.
1) ശരീരഭാരം : ശരീരഭാരം കൂടുതലുള്ളവര്‍ക്ക് കുടിക്കുന്ന വെള്ളത്തിന്റെ അളവിലും വര്‍ധന ആവശ്യമായി വരും.
2) ശാരീരിക പ്രവര്‍ത്തനങ്ങള്‍ : അധ്വാനമുള്ള ജോലി ചെയ്യുന്നവര്‍, സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍, കഠിനമായ ശാരീരിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവര്‍ക്ക് വിയര്‍പ്പിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. സ്വാഭാവികമായും ഇത്തരക്കാര്‍ കൂടുതല്‍ അളവില്‍ വെള്ളം കുടിക്കേണ്ടി വരും.
3) കാലാവസ്ഥ: ചൂടുള്ള കാലാവസ്ഥയില്‍ ജീവിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം ധാരാളമായി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ജലാംശം നഷ്ടപ്പെടുമ്പോള്‍ അത് നികത്താൻ കുടിക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണം.
4) വൃക്കരോഗം പോലുള്ള അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് ചിലപ്പോള്‍ വെള്ളം കുടിക്കുന്നത് പരിമിതപ്പെടുത്തേണ്ടതായി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് ഡോക്ടറാണ് നിശ്ചയിക്കുക. ഡോക്ടര്‍ നിര്‍ണയിക്കുന്ന അളവില്‍ കൂടുതല്‍ വെള്ളം കുടിച്ചാല്‍ അത് ശാരീരികമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം.
ആവശ്യത്തിന് ജലം ശരീരത്തിലില്ല എന്ന് എങ്ങനെ മനസ്സിലാക്കാം?
അമിതമായ ദാഹം ശരീരത്തില്‍ ആവശ്യത്തിന് ജലമില്ല എന്നതിന്റെ ലക്ഷണമായി പലരും കരുതാറുണ്ട്. ഇത് ലക്ഷണമാണെങ്കിലും ഇത് മാത്രമല്ല നിര്‍ജലീകരണത്തിന്റെ ലക്ഷണമെന്ന് മനസ്സിലാക്കുക. ചില ലക്ഷണങ്ങള്‍ ഇനി പറയുന്നു:
1) മൂത്രത്തിന്റെ നിറം: സാധാരണഗതിയില്‍ ആരോഗ്യമുള്ള മൂത്രത്തിന്റെ നിറം ഇളം മഞ്ഞയോ ഇളം വൈക്കോല്‍ നിറമോ ആയിരിക്കും. ഇതില്‍നിന്ന് വ്യത്യസ്തമായി മൂത്രം ഇരുണ്ട നിറത്തില്‍ കാണപ്പെടുകയാണെങ്കില്‍ അത് നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണമായി കണക്കാക്കാം.
2) വരണ്ട ചര്‍മവും വായയും : ജലാംശത്തിന്റെ കുറവ് ശരീരത്തിലുണ്ടെങ്കില്‍ വായ, ചര്‍മം തുടങ്ങിയ ശരീരഭാഗങ്ങള്‍ വരണ്ട് കാണപ്പെടാന്‍ സാധ്യതയുണ്ട്.
3) തലകറക്കം, ദിശാബോധം നഷ്ടപ്പെടല്‍ : നര്‍ജലീകരണം അധികമാകുന്ന സന്ദര്‍ഭങ്ങളില്‍ തലകറക്കമുണ്ടാകുവാനോ ദിശാബോധം നഷ്ടപ്പെടുവാനോ കാരണമാകും.
4) തലവേദന : ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതെ വരുമ്പോള്‍ ശക്തമായ തലവേദന, മൈഗ്രേന്‍ തുടങ്ങി രോഗാവസ്ഥകള്‍ പ്രത്യക്ഷപ്പെടാന്‍ ഇടയാകും.
വെള്ളവും വൃക്കയിലെ കല്ലുകളും: വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആവശ്യത്തിന് ജലാംശം ഇല്ലാത്തതാണ്. വൃക്കകള്‍ ശുദ്ധീകരിക്കുന്ന മാലിന്യങ്ങള്‍ മൂത്രം വഴിയാണ് പുറത്ത് പോകേണ്ടത്. എന്നാല്‍, വെള്ളം കുറയുന്ന സാഹചര്യത്തില്‍ മൂത്രത്തിന്റെ സാന്ദ്രത വര്‍ദ്ധിക്കുകയും അത് വൃക്കയ്ക്കുള്ളില്‍ കല്ലുകള്‍ രൂപപ്പെടുന്ന അവസ്ഥ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ധാരാളം വെള്ളം കുടിക്കുന്നത് മൂത്രത്തെ നേർപ്പിക്കുവാനും കല്ലുകളായി മാറുവാന്‍ സാധ്യതയുള്ള ധാതുക്കളുടെയും ലവണങ്ങളുടേയും സാന്ദ്രത കുറയ്ക്കുവാനും സഹായകരമാകുന്നു.
വൃക്കരോഗികളിലെ ജലാംശം
വൃക്കരോഗത്തിന്റെ തുടക്കത്തിലാണെങ്കില്‍ ജലാംശം നിലനിര്‍ത്തുന്നത് മാലിന്യങ്ങള്‍ ഫലപ്രദമായി പിന്‍തള്ളി വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായകരമാകും. എന്നാല്‍ രോഗം അധികരിച്ച ഘട്ടങ്ങളിലാണെങ്കില്‍ അധികമായി എത്തുന്ന ജലത്തെയും ശുദ്ധീകരിക്കാനുള്ള ശേഷി വൃക്കകള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജലത്തിന്റെ ഉപയോഗം സംബന്ധിച്ച് ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശം പരമപ്രധാനമാണ്.
(ആസ്റ്റർ മിംസ് കോട്ടക്കലിൽ സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ആണ് ലേഖകൻ)
Content Highlights: how crucial water is for kidney health, Dehydration risks
Published: 19 Mar 2025, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented