
ഓരോരുത്തർക്കും ഓരോ കഴിവുകളാണുള്ളത്. അതിശയിപ്പിക്കുന്ന വിധത്തിൽ മികവു പ്രകടിക്കുന്നവർ ഏറെയാണ്. ഭിന്നശേഷിക്കാരായ കുട്ടികളിൽ പലരും പല തലങ്ങളിൽ വൈദഗ്ധ്യം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഓട്ടിസം ബാധിതനായ ഒരു കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. വിവിധ ഫോണ്ടുകളിൽ മനോഹരമായി അനായാസം എഴുതുന്ന അഞ്ചുവയസ്സുകാരനാണ് വീഡിയോയിലുള്ളത്.
സെബാസ്റ്റ്യൻ എന്ന അഞ്ചു വയസ്സുകാരൻ ചോക്കുകൊണ്ട് വിവിധ ഫോണ്ടുകളിൽ എഴുതുന്നതാണ് വീഡിയോയിലുള്ളത്. ഹൈപ്പർലെക്സിയ എന്ന അവസ്ഥയുള്ള സെബാസ്റ്റ്യൻ കൂളായി നിരത്തിൽ വിവിധ ശൈലികളിൽ എഴുതുന്നതു കാണാം. വളരെ നേരത്തേ, പ്രായത്തിലും കവിഞ്ഞ രീതിയിൽ വായിക്കാൻ കഴിയുന്ന അവസ്ഥയാണിത്. എന്നാൽ മനസ്സിലാക്കാനും ഗ്രഹിക്കാനുമുള്ള കഴിവ് സാധാരണ കുട്ടികളേക്കാൾ കുറവുമായിരിക്കും.
ഓരോ ഫോണ്ടുകൾ ഏതാണെന്നു പറഞ്ഞാണ് സെബാസ്റ്റ്യൻ എഴുതുന്നത്. വീഡിയോ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ഉടനെ നിരവധി പേരാണ് സെബാസ്റ്റ്യനെ പ്രശംസിച്ച് കമന്റുകളുമായി എത്തിയത്. വളരെ കുഞ്ഞുപ്രായത്തിൽ തന്നെ എഴുത്തിലും വായനയിലും താൽപര്യം പ്രകടിപ്പിച്ചിരുന്ന സെബാസ്റ്റ്യന്റെ ടിക്ടോക് വീഡിയോകൾക്കും നിരവധി ആരാധകരാണ് ഉള്ളത്. ലിറ്റിൽ ഐൻസ്റ്റീൻ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ സെബാസ്റ്റ്യനായി ഒരു പേജുമുണ്ട്.
മുമ്പും വിവിധ ഫോണ്ടുകളിൽ എഴുതിയതിന്റെ ചിത്രങ്ങളും വീഡിയോകളും സെബാസ്റ്റ്യന്റെ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
എന്താണ് ഓട്ടിസം, ലക്ഷണങ്ങൾ
കുട്ടികളുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനമാണ് ഓട്ടിസം. ഒരു കുഞ്ഞിന് ഉണ്ട് എന്ന് മനസ്സിലാക്കുന്നത് അവരുടെ സ്വഭാവത്തിലൂടെയാണ്. സാമൂഹികപരവും ആശയവിനിമയപവും ബുദ്ധിപരവുമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഓര്‍ഗാനിക്ക് ന്യൂറോഡെവലപ്‌മെന്റല്‍ ഡിസോഡറാണ് 'ഓട്ടിസം'. ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഓരോ കുട്ടിയിലും വ്യത്യസ്തമായിരിക്കും.
ഓട്ടിസം ബാധിച്ച കുട്ടികള്‍ ആദ്യകാലങ്ങളില്‍ മറ്റുള്ളവരുടെ കണ്ണില്‍ നോക്കുകയോ ഇടപഴകുകയോ ചെയ്യില്ല. ഇത്തരം സ്വഭാവവൈകല്യമുള്ളവര്‍ ഒന്നിനോടും താല്‍പ്പര്യം കാണിക്കാതെയും സംരക്ഷകരോട് സ്‌നേഹത്തോടെ പ്രതികരിക്കാതെയും ഇരിക്കും. അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും ആടുപ്പമോ പരിചയത്തോടെ ചിരിക്കുകയോ ഇല്ല. ഓട്ടിസം കുട്ടികളില്‍ കണ്ടുവരുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് സംസാര വൈകല്യം. ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ചു പറയുന്ന പ്രത്യേകതയും ഇവരില്‍ കാണാറുണ്ട്. സംസാരശേഷി ആദ്യം വളരുകയും പിന്നീട് പെട്ടെന്ന് സംസാരം കുറയുന്നതായും കാണാം. ചില ഓട്ടിസം കുഞ്ഞുങ്ങള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ അവരെ ശ്രദ്ധിക്കുകയില്ല. എന്നാല്‍ ഒരു കൂട്ടം ഓട്ടിസം കുട്ടികള്‍ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. മറ്റുള്ളവര്‍ തന്റെ അടുത്തേക്ക് വരുന്നതോ പോകുന്നതോ അറിയാത്തതായി ഭാവിക്കുന്നു.
സാധാരണ കുട്ടികളെ പോലെ മാതാപിതാക്കളെ പിരിഞ്ഞിരുന്നാല്‍ പേടിയോ, ഉത്കണ്ഠയോ ഇത്തരക്കാര്‍ കാണിക്കുകയില്ല. ഇവര്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. സദാസമയവും സ്വന്തമായ ലോകത്ത് വിഹരിക്കുന്നവരാകും അധികം പേരും. ഒരു പ്രകോപനവും കൂടാതെ മറ്റുള്ളവരെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്യും. ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക എന്നീ സ്വഭാവവും ഓട്ടിസം കുട്ടികളില്‍ കാണാം. ദൈനംദിന കാര്യങ്ങള്‍ ഒരുപോലെ ചെയ്യുവാനാണ് ഇവര്‍ക്കിഷ്ടം. നിരന്തരമായി കൈകള്‍ ചലിപ്പിക്കുക, ചാഞ്ചാടുക തുടങ്ങിയ വിചിത്രമായ പ്രവര്‍ത്തികള്‍ ഇവരില്‍ കണ്ടുവരുന്നു.
Content Highlights: kid with autismwriting in different font, autistic child, hyperlexia child
Published: 07 Apr 2022, 03:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented