മാര്‍ത്താണ്ഡവര്‍മ ശങ്കരന്‍ വല്യത്താന്‍ എന്ന എം.എസ്. വല്യത്താന്‍ ശ്രീചിത്രയില്‍ നിന്ന് പടിയിറങ്ങിയ ശേഷം കത്തി താഴെ വെച്ചു. പാരമ്പര്യ വൈദ്യശാസ്ത്രത്തിന്റെ നെടുംപാതയിലേക്ക് അദ്ദേഹം പിന്നീട് സഞ്ചരിച്ചു. ചരകന്‍, സുശ്രുതന്‍, വാഗ്ഭടന്‍ തുടങ്ങി ആയുര്‍വേദത്തിന്റെ അന്തരാത്മാവിലേക്കാണ് അദ്ദേഹം അന്വേഷണം നടത്തിയത്. അവയൊക്കെയും ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേര്‍ത്തിരിവായിരുന്നു. ആയുര്‍വേദത്തിന്റെയും അലോപ്പതിയുടെയും പ്രൗഢമായ ഒരു കാലഘട്ടം ബാക്കി വെച്ചിട്ടാണ് വല്യത്താന്‍ വിടപറയുന്നത്.

To advertise here,

1972-ല്‍ അമേരിക്കയില്‍നിന്ന് കാര്‍ഡിയാക് സര്‍ജറി പഠനം കഴിഞ്ഞ് ചെന്നൈ ഐ.ഐ.ടി.യില്‍ പ്രൊഫസറും മദ്രാസ് റെയില്‍വേ ആശുപത്രിയില്‍ സര്‍ജനും എന്ന ഇരട്ടജോലിയുമായി ഇന്ത്യയിലേക്ക് മടങ്ങിയതായിരുന്നു വല്യത്താന്‍. 1974-ല്‍ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം തിരുവനന്തപുരത്തേക്കു വന്നത്. ശാസ്ത്രസാങ്കേതിക വകുപ്പിനുകീഴില്‍ പണിത് പ്രവര്‍ത്തനരഹിതമായിക്കിടന്ന കെട്ടിടം വാടകയ്ക്ക് കൊടുക്കാന്‍ ആലോചിക്കുന്ന സമയമായിരുന്നു അത്.

അമേരിക്കയ്ക്ക് തുല്യം ശാസ്ത്രസാങ്കേതിക വിദ്യയില്‍ ഗവേഷണം, അതിന് ബൗദ്ധിക അന്തരീക്ഷമുള്ള ഒരു സംഘം ചെറുപ്പക്കാര്‍ എന്ന ആശയവുമായാണ് വല്യത്താന്‍ ശ്രീചിത്രയെന്ന സങ്കല്പം ഏറ്റെടുത്തത്. വര്‍ഷങ്ങള്‍ക്കുള്ളില്‍ ദേശീയ പ്രാധാന്യമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടായി ശ്രീചിത്രയെ വളര്‍ത്താനും ഒട്ടേറെപ്പേര്‍ ഹൃദയത്തോടു ചേര്‍ത്തുെവച്ച സ്ഥാപനമായി മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു. ശ്രീചിത്രയില്‍ അദ്ദേഹം വികസിപ്പിച്ച കൃത്രിമ ഹൃദയവാല്‍വ് ഇന്ന് ഒന്നരലക്ഷത്തിലേറെ ഹൃദയങ്ങളില്‍ ജീവന്റെ മിടിപ്പേകുന്നു.

ഹൃദയം തുറന്ന നാളുകള്‍

1976-ല്‍ ശ്രീചിത്ര ആശുപത്രി തുറന്നു. കൊല്ലം സ്വദേശിയായ മേഴ്സി എന്ന 10 വയസ്സുകാരിക്കായിരുന്നു അദ്ദേഹം ആദ്യത്തെ ശസ്ത്രക്രിയ നടത്തിയത്. കേരളത്തിലെതന്നെ ആദ്യത്തെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയിലൊന്നായ അതിന് അനസ്തീഷ്യ നല്‍കിയ ഡോ. മോഹന്‍ദാസ് പിന്നീട് ശ്രീചിത്രയുടെ ഡയറക്ടറായി. പിന്നീട് പ്രതിവര്‍ഷം 600 മുതല്‍ 700 വരെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍. അങ്ങനെ 18 കൊല്ലം ശ്രീചിത്ര പലര്‍ക്കും ഹൃദയത്തിന്റെ വിരല്‍ തൊടുന്ന ശ്വാസമായി.

ശസ്ത്രക്രിയക്കൊപ്പം കൃത്രിമ ഹൃദയവാല്‍വ് വികസിപ്പിക്കുക എന്ന ദൗത്യമായിരുന്നു പിന്നീട് വല്യത്താനു മുന്നിലുണ്ടായിരുന്നത്. അക്കാലത്ത് വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത ഹൃദയവാല്‍വാണ് ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നത്. ശ്രീചിത്രയില്‍ ഹൃദയവാല്‍വിന് പ്രശ്‌നമുള്ള 400-ഓളം രോഗികള്‍ അന്ന് പ്രതിമാസം എത്തിയിരുന്നു. പന്നിയുടെ ഹൃദയവാല്‍വ് സംസ്‌കരിച്ചാണ് വിദേശത്ത് കൃത്രിമവാല്‍വിന് ഉപയോഗിച്ചിരുന്നത്. 100 പന്നിയെ കൊന്നാല്‍ ആരോഗ്യമുള്ള 20 വാല്‍വുകള്‍ ലഭിക്കുമെന്നതായിരുന്നു അവസ്ഥ. കേരളത്തില്‍ ഇത്രയും പന്നികളുടെ അലഭ്യതയും കിട്ടിയാല്‍ത്തന്നെ സംസ്‌കരിക്കാനുള്ള സംവിധാനക്കുറവും പ്രതിബന്ധമായി. തുടര്‍ന്നാണ് പൂര്‍ണമായ കൃത്രിമവാല്‍വ് നിര്‍മിക്കാനുള്ള ശ്രമം അദ്ദേഹം ആരംഭിച്ചത്.

ഒരുദിവസം ഹൃദയം രക്തം പമ്പുചെയ്യാന്‍ ഒരു ലക്ഷം പ്രാവശ്യം വാല്‍വ് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. ഒരു കൃത്രിമ വാല്‍വിന് കുറഞ്ഞത് 10 കൊല്ലം ആയുസ്സുണ്ടാകണം. അതായത് 36 കോടി തവണ പിഴ കൂടാതെ വാല്‍വ് തുറക്കുകയും അടയ്ക്കുകയും വേണം. അതിന് സങ്കീര്‍ണമായ എന്‍ജിനിയറിങ് വിദ്യക്കു പുറമേ കൃത്രിമവാല്‍വ് ഒരു മൃഗത്തില്‍ ഘടിപ്പിച്ച് പരീക്ഷിക്കുകയും വേണം.

1982-ലാണ് വാല്‍വ് വികസിപ്പിക്കാനുള്ള ശ്രമം ശ്രീചിത്രയില്‍ ആരംഭിച്ചത്. ആദ്യത്തെ മൂന്നു മോഡലും പരാജയപ്പെട്ടു. കോയമ്പത്തൂരില്‍ നിന്നുമെത്തിച്ച കരുത്തുള്ള ആടുകളിലായിരുന്നു അവ പരീക്ഷിച്ചത്. ആടുകള്‍ മൂന്നുമാസമെങ്കിലും ജീവിച്ചിരിക്കണം. എന്നാല്‍, പരീക്ഷണത്തിന് പിന്നാലെ അവ മരിച്ചു. വിജയിച്ച നാലാമത്തെ വാല്‍വാണ് ശ്രീചിത്ര ടി.ടി.കെ. വാല്‍വ് എന്ന പേരില്‍ ഇപ്പോള്‍ വിപണിയിലുള്ളത്.

വിമാനത്തില്‍ ഉപയോഗിക്കുന്ന ക്രോമിയം കൊബൊള്‍ട്ട് അലോയ് ആണ് വാല്‍വിന്റെ ഫ്രെയിം. ഡിസ്‌ക്കിനുള്ള പദാര്‍ഥം നേര്‍ത്ത പ്ലാസ്റ്റിക്കുമാണ്. പരീക്ഷണശാലയില്‍ വിജയം ഉറപ്പിച്ച വാല്‍വ് വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചത് ചെന്നൈ ടി.ടി.കെ. ആയിരുന്നു. ഇന്ത്യയിലും പുറത്തും ചെലവാകുന്ന 1300 വാല്‍വ് ഇപ്പോള്‍ പ്രതിമാസം ഉത്പാദിപ്പിക്കുന്നുണ്ട്. കഴക്കൂട്ടത്തും ടി.ടി.കെ.യുടെ വാല്‍വ് നിര്‍മാണകേന്ദ്രമുണ്ട്.1990-ലാണ് ശ്രീചിത്രയില്‍ മനുഷ്യശരീരത്തില്‍ ആദ്യത്തെ കൃത്രിമ ഹൃദയവാല്‍വ് ഘടിപ്പിക്കുന്നത്. അതിന് ജസ്റ്റിസ് സുകുമാരന്‍ അധ്യക്ഷനായ മെഡിക്കല്‍ എത്തിക്സ് കമ്മിറ്റിയുടെ അനുവാദം വേണമായിരുന്നു. ഇന്ത്യയിലെ അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ ഈ വാല്‍വ് ഉപയോഗിക്കാന്‍ കമ്മിറ്റി അനുവാദം നല്‍കി.

രണ്ടു വര്‍ഷത്തിനുള്ളില്‍ 250 ലേറെ വാല്‍വുമാറ്റ ശസ്ത്രക്രിയ നടന്നതിനെക്കുറിച്ച് ലോകപ്രസിദ്ധ മെഡിക്കല്‍ ജേണലുകളില്‍ പഠനങ്ങള്‍ വന്നു. വാല്‍വിന് വിശ്വാസ്യത കൂടി. തൃശ്ശൂര്‍ എരുമപ്പെട്ടി വെള്ളറക്കാട് കോട്ടമേല്‍ഹൗസില്‍ 38-കാരനായ കെ.ഡി. മുരളീധരനായിരുന്നു ആദ്യത്തെ വാല്‍വ് ഘടിപ്പിച്ചത്. 1990 ഡിസംബര്‍ ആറിനായിരുന്നു ശസ്ത്രക്രിയ. പിന്നീട് കഴിഞ്ഞ 33 കൊല്ലമായി മുരളീധരന്‍ ഈ ദിവസം രാവിലെ ഡോ. വല്യത്താനെ വിളിച്ച് താന്‍ ജീവിച്ചിരിക്കുന്ന വിവരം അറിയിക്കാറുണ്ട്. ആ വിവരം കേള്‍ക്കാന്‍ ഇനി അദ്ദേഹമില്ല.

ദേശീയപദവിയിലേക്ക്

ശ്രീചിത്രയെ ദേശീയ പ്രാധാന്യമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടായി പ്രഖ്യാപിക്കുന്ന ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. എന്നാല്‍, ലോക്സഭയിലെത്തും മുന്‍പ് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി സ്ഥാനമൊഴിഞ്ഞു.

പിന്നീട് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തില്‍ നായനാര്‍ സര്‍ക്കാരാണ് ഭരണത്തിലെത്തിയത്. നടപടികള്‍ തുടങ്ങുമ്പോള്‍ ശ്രീചിത്രയില്‍ ശമ്പളം കൊടുക്കാന്‍ പോലുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. സ്ഥാപനത്തിലെ ഉപകരണങ്ങള്‍ക്ക് വല്യത്താന്റെ സ്വന്തം ജാമ്യത്തിലാണ് എസ്.ബി.ടി. വായ്പ നല്‍കിയത്. ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിന് തലേന്നാണ് ഇന്ദിരാഗാന്ധി സഹമന്ത്രിയായ ശിവരാജ് പാട്ടീലിനോട് ഇക്കാര്യം പറഞ്ഞത്.

തനിക്ക് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് ഹൃദയവാല്‍വ് നിര്‍മിക്കുന്ന സ്ഥാപനമെന്നാണ് ഇന്ദിരാഗാന്ധി അദ്ദേഹത്തെ തിരുത്തിയതെന്ന് വല്യത്താന്‍ അഭിമാനത്തോടെ ഓര്‍മിച്ചിരുന്നു.