ന്ത്യയിൽ കോവിഡ് വെെറസിന് ഇരട്ടവ്യതിയാനം സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്. 
എന്നാൽ ഇതിനർഥം ഇന്ത്യയിൽ എല്ലായിടങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വെെറസ് ഇരട്ട വ്യതിയാനം വന്ന കോവിഡ് ആണ് എന്നല്ല. മൊത്തം കോവിഡ് കേസുകളുടെ ഒരു ശതമാനം മാത്രമാണിത്. മഹാരാഷ്ട്രയിലൊക്കെ ഇത് വളരെ കൂടുതലാണ്. 

എന്താണ് ഇരട്ടവ്യതിയാനം?

കോവിഡ് വെെറസുകളിൽ ശരാശരി പത്ത് ദിവസത്തിനുളളിൽ ഒരു ജനിതകവ്യതിയാനം  വീതം സംഭവിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. വ്യാപകമായി രോ​ഗം പടരുന്ന ഇടങ്ങളിലെല്ലാം തന്നെ കോവിഡിന് ജനിതകവ്യതിയാനങ്ങൾ വന്നുകൊണ്ടേയിരിക്കും. അത് കോവിഡ് ഉൾപ്പെടുന്ന ആർ.എൻ.എ. വെെറസുകളുടെ ഒരു പൊതുസ്വഭാവമാണ്. പക്ഷേ, ഇത്തരത്തിലുണ്ടാവുന്ന കോവിഡിന്റെ ജനിതക പദാർഥത്തിലുണ്ടാകുന്ന ചെറിയ ചെറിയ വ്യതിയാനങ്ങൾ സാർസ് കോവ് 2 എന്ന കോവിഡ് വെെറസിന്റെ പൊതുവായ വ്യത്യാസമൊന്നും വരുത്താനിടയില്ല. എന്നാൽ ചിലയിടങ്ങളിൽ വരുന്ന ജനിതകവ്യതിയാനം കോവിഡ് വെെറസിന്റെ സ്വഭാവത്തിൽ വ്യത്യാസം വരുത്താൻ സാധ്യതയുണ്ട്.

ഏറ്റവും പ്രധാനപ്പെട്ടത് കൊറോണ വെെറസിന്റെ പുറത്തേക്ക് തള്ളിനിൽക്കുന്ന സ്പെെക്ക് പ്രോട്ടീനുകൾ എന്ന വിഭാ​ഗത്തിൽപ്പെടുന്ന മാംസ്യ പദാർഥങ്ങളിൽ ജനിതകവ്യതിയാനം മൂലം വ്യത്യാസം ഉണ്ടാവുകയാണെങ്കിൽ അത് വെെറസിന്റെ സ്വഭാവത്തെ മാറ്റിമറിക്കാൻ സാധ്യതയുണ്ട്. അതിന് കാരണം ഈ സ്പെെക്ക് പ്രോട്ടീനുകൾ ഉപയോ​ഗിച്ചിട്ടാണ് വെെറസുകൾ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നത് എന്നതും ഈ സ്പെെക്ക് പ്രോട്ടീന് എതിരെ പ്രവർത്തിക്കുന്ന ഔഷധങ്ങളാണ് വെെറസിനെതിരെ ശരീരത്തിൽ പ്രതിരോധം ഉത്പാദിപ്പിക്കുന്നത് എന്നതിനാലാണ് സ്പെെക്ക് പ്രോട്ടീന് വ്യത്യാസമുണ്ടാകുന്ന തരത്തിലുള്ള ജനിതകവ്യതിയാനങ്ങൾക്ക് പ്രാധാന്യമുണ്ടാകുന്നത്. ഇത്തരത്തിൽ സ്പെെക്ക് പ്രോട്ടീന് വ്യത്യാസമുണ്ടാകുന്ന രണ്ട് ജനിതകവ്യതിയാനങ്ങൾ ഒരുമിച്ച് ഒരേ വെെറസിൽ കാണപ്പെടുന്നതിനെയാണ് ഇരട്ടവ്യതിയാനം എന്ന് പറയുന്നത്. ഇത്തരത്തിൽ രണ്ട് വ്യതിയാനമുള്ള വെെറസുകൾ വളരെ വേ​ഗത്തിൽ പടരുന്നതായും അത് കൂടുതൽ മരണമോ മറ്റ് അവശതകളോ ഉണ്ടാക്കുന്നതായും റിപ്പോർട്ടുകൾ ഇല്ല. പക്ഷേ, സാധാരണ വെെറസിനെക്കാൾ വേ​ഗത്തിൽ ഇത് പടരുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇത് വളരെ വേ​ഗത്തിൽ പടരുന്നു എന്നുള്ളതും കുറച്ചൊക്കെ നേരത്തെ രോ​ഗം വന്നിട്ടുള്ള ആളുകളെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇതിനെ ഇമ്മ്യൂൺ മ്യൂട്ടേഷൻ എന്ന് പറയുന്നു.

നേരത്തെ രോ​ഗം വന്നിട്ടുള്ള ആളുകളെ ബാധിക്കാനുള്ള സാധ്യത ഈ വെെറസിനുണ്ടെങ്കിൽ ചിലപ്പോൾ വാക്സിനേഷൻ കഴിഞ്ഞിട്ടുള്ള ആളുകളെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. പക്ഷേ, തീർച്ചയായും വാക്സിനേഷൻ കഴിഞ്ഞിട്ടുള്ള ആളുകളിൽ ഉണ്ടാവുന്ന രോ​ഗത്തിന്റെ സ്വഭാവവും തീവ്രസ്വഭാവമുള്ളതോ മരണത്തിലേക്ക് നയിക്കാൻ സാധ്യത കുറവുള്ളതോ ആയിരിക്കും. പക്ഷേ, എങ്കിൽപ്പോലും ഇത്തരത്തിൽ ഇരട്ട ജനിതകവ്യതിയാനം വന്ന വെെറസുകൾക്ക് വാക്സിൻ എടുത്തിട്ടുള്ള ആളുകളെയും നേരത്തെ രോ​ഗം വന്നിട്ടുള്ള ആളുകളെയും ബാധിക്കാനുള്ള സാധ്യതയും വളരെ വേ​ഗത്തിൽ പടരാനുള്ള സാധ്യതയും ഉണ്ട് എന്നതിനാലാണ്  ഇരട്ടവ്യതിയാനം വന്ന വെെറസുകൽ എന്ന് പറയുന്നത്. 

എന്തുചെയ്യണം

ഇത്തരത്തിലുള്ള ജനിതകവ്യതിയാനം ഉണ്ടാകുന്നതുതന്നെ തടയുക എന്നതാണ് ഏറ്റവും പ്രധാനം. ജനിതകവ്യതിയാനം വരുന്നത് വെെറസ് വളരെ പെട്ടെന്ന് വ്യാപിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ്. ആളുകളിൽ നിന്ന് ആളുകളിലേക്ക് വ്യാപിക്കുമ്പോഴാണ് വെെറസിന് ജനിതകവ്യതിയാനം സംഭവിക്കുന്നത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വെെറസ് നീങ്ങുമ്പോഴാണ് വെെറസിന് ജനിതകവ്യതിയാനം സംഭവിക്കുന്നത്. ഇത്തരത്തിൽ ആളുകളിൽ നിന്ന് ആളുകളിലേക്കുള്ള വെെറസിന്റെ വ്യാപനത്തിന്റെ വേ​ഗത കുറവാണെങ്കിൽ ജനിതകവ്യതിയാനത്തിന്റെ വേ​ഗതയും കുറയും. ജനിതകവ്യതിയാനം ഉണ്ടാകാതിരിക്കണമെങ്കിൽ വെെറസിന്റെ വ്യാപനം വളരെയധികം കുറയ്ക്കണം. ഇതിനായി നമുക്ക് എല്ലാവിധ പ്രതിരോധ മാർ​ഗങ്ങളും സ്വീകരിക്കണം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാർ​ഗമാണ് വാക്സിനേഷൻ. വാക്സിൻ കൃത്യമായി സ്വീകരിക്കുക. മാസ്ക്കുകൾ ശരിയായ രീതിയിൽ ഉപയോ​ഗിക്കുക. സാമൂഹിക അകലം കൃത്യമായി പാലിക്കുക. കെെകൾ ശരിയായ രീതിയിൽ സാനിറ്റെെസ് ചെയ്യുക തുടങ്ങിയ ശുചിത്വ മാർ​ഗങ്ങളെല്ലാം പാലിക്കുന്നതുവഴി വെെറസിന്റെ വ്യാപനം തടയാനാകും. വെെറസുകൾക്ക് ജനിതകവ്യതിയാനം വരാതിരിക്കാൻ മാത്രമല്ല ജനിതകവ്യതിയാനം വന്ന വെെറസുകൾ കൂടുതൽ ശക്തിയോടെ വ്യാപിക്കാതിരിക്കാനും ഇത് സഹായിക്കും. 

(തിരുവനന്തപുരം ​ഗവ.മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറും കോവിഡ് 19 സ്റ്റേറ്റ് എക്സ്പെർട്ട് പാനൽ അം​ഗവുമാണ് ലേഖകൻ)

Content Highlights: Double Mutation Covid19 Virus, Health, Covid19