ഇന്ന് മിക്ക ആള്‍ക്കാരിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് ഹൈപ്പര്‍യുറിസീമിയ. രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുന്നതാണ് ഇതിന് കാരണം. പ്യൂരിനുകള്‍ എന്നറിയപ്പെടുന്ന ഓര്‍ഗാനിക് സംയുക്തങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളെ നമ്മുടെ ശരീരം വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രാസവസ്തുവാണ് യൂറിക് ആസിഡ്. ഇത് പരിധിയില്‍ കൂടുതല്‍ വര്‍ധിച്ചാല്‍ സന്ധികളില്‍ അടിഞ്ഞുകൂടി സന്ധിവാതം, സന്ധിവേദന, വൃക്കയിലെ കല്ല്, മറ്റ് വൃക്ക തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകാം. ആഹാര കാര്യത്തില്‍ വളരെയേറെ ശ്രദ്ധ വയ്ക്കണം. ഇതിനായി ഭക്ഷണത്തിൽ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ചുവന്ന ഇറച്ചികള്‍ - ബീഫ്, മട്ടന്‍, പോര്‍ക്ക് എന്നിവയില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണ്.

To advertise here,

ഷെല്‍ മത്സ്യങ്ങള്‍ - കക്ക, ഞണ്ട്, ചെമ്മീന്‍ എന്നിവയില്‍ പ്യൂരിന്റെ അളവ് കൂടുതലാണ്. അതിനാല്‍ ഇവയുടെ ഉപയോഗം നിയന്ത്രിക്കുക.  

കൂണ്‍ - പതിവായി കൂണ്‍ കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കുന്നു.

പയര്‍, പരിപ്പ് വര്‍ഗ്ഗങ്ങള്‍ - ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡായി വിഘടിക്കുന്ന സംയുക്തമായ പ്യൂരിനുകള്‍ പയര്‍, പരിപ്പ് വര്‍ഗ്ഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പ് - ബേക്ക് ചെയ്ത ആഹാരസാധനങ്ങള്‍, സാലഡ് ഡ്രസ്സിംഗുകള്‍, ടിന്നിലടച്ച സൂപ്പുകള്‍ എന്നിവയില്‍ ഫ്രക്ടോസ് കോണ്‍സിറപ്പ് ഉപയോഗിക്കാറുണ്ട്. ഇതില്‍ പ്യൂരിനുകളുടെ തോത് കൂടുതലാണ്.

മത്തി, സാല്‍മണ്‍, കോഡ് ഫിഷ്, ട്യൂണ എന്നീ മത്സ്യങ്ങളില്‍ പ്യൂരിന്റെ അളവ് ഉയര്‍ന്ന തോതിലാണ്.

ഓര്‍ഗണ്‍ മീറ്റ് (അവയവ മാംസങ്ങള്‍) - യൂറിക് ആസിഡിന്റെ അളവ് വളരെ കൂടുതലുള്ള ഭക്ഷണമാണിത്. (കരള്‍, ഹൃദയം, കിഡ്‌നി, തലച്ചോറ്)

യീസ്റ്റ് ചേര്‍ത്ത ആഹാരങ്ങള്‍ - രക്തത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ നിയന്ത്രിക്കണം.

മധുര പലഹാരങ്ങള്‍ - അമിതമായി മധുരം ചേര്‍ന്ന ആഹാരങ്ങളും മധുരപലഹാരങ്ങളും ഒഴിവാക്കണം. ഇത് അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കുന്നതിന് കാരണമാകും.

കോളിഫ്‌ളവര്‍ - ക്രൂസിഫറസ് കുടുംബത്തില്‍പ്പെട്ട കോളിഫ്‌ളവറില്‍ മിതമായ അളവില്‍ പ്യൂരിനുകള്‍ അടങ്ങിയിട്ടുണ്ട്.

ചീര - ആരോഗ്യ കാര്യത്തില്‍ വളരെ മുന്‍പിലെങ്കിലും ചീരയില്‍ ഓക്‌സിലേറ്റുകളും പ്യൂരിനുകളും കൂടുതലാണ്.

കൊഴുപ്പുള്ള പാല്‍ - വീക്കം വര്‍ദ്ധിപ്പിക്കുകയും, ഇന്‍സുലിന്‍ പ്രതിരോധത്തെ ബാധിക്കുകയും ചെയ്യും. ഇത് യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നതിന് കാരണമാകും.

സോഡ - പഞ്ചസാര ധാരാളമടങ്ങിയ സോഡ പാനീയങ്ങള്‍ യൂറിക് ആസിഡിനെ കൂട്ടാം.

സംസ്‌കരിച്ച ഭക്ഷണങ്ങള്‍ - വൈറ്റ് ബ്രെഡില്‍ പ്യൂരിന്റെ അളവ് ഉയര്‍ന്ന തോതിലാണ്.

ഉണങ്ങിയ പഴങ്ങള്‍ - രക്തത്തിലെ യൂറിക് ആസിഡിന്റെ നില ഉയര്‍ത്തും

മദ്യം - എല്ലാ ലഹരി പാനീയങ്ങളിലും പ്യൂരിന്റെ തോത് കൂടുതലാണ്.

ചില ഭക്ഷണം പാനീയങ്ങള്‍ യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ചെറി പഴങ്ങള്‍

ചെറിയില്‍ ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറിയിലുള്ള ആന്തോസയാനിനുകള്‍, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഫ്‌ലെവനോയിഡുകളും സന്ധിവാതവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുന്നു.

നാരങ്ങാ വെള്ളം (Vitamin C)

രാവിലെ ഉണര്‍ന്നാലുടന്‍ ചെറു ചൂടുവെള്ളത്തില്‍ പിഴിഞ്ഞ് കുടിക്കുന്നത് യൂറിക് ആസിഡ് നില കുറയ്ക്കാന്‍ സഹായിക്കും.

വെള്ളം

ദിവസവും 10 - 12 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് മൂത്രത്തില്‍ നിന്ന് യൂറിക് ആസിഡ് പുറംതള്ളാന്‍ സഹായിക്കും.

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക

അമിതഭാരം, പൊണ്ണത്തടി, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയുമായി സന്ധിവാതം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പൊണ്ണത്തടിക്കാരില്‍ യൂറിക് ആസിഡിന്റെ തോത് കൂടുതലാണ്. ശരീരഭാരം കുറയ്ക്കുന്നത് സന്ധികളില്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നു.

  • ഭക്ഷണത്തില്‍ കൂടുതല്‍ നാരുകള്‍ ഉള്‍പ്പെടുത്തുക.
  • ദിവസം 1/2 - 1 മണിക്കൂര്‍ വരെ മിതമായ വ്യായാമം ശീലമാക്കുക.
  • നല്ല ഭക്ഷണശീലങ്ങള്‍ ക്രമീകരിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക.

പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷണിസ്റ്റ് ആണ് ലേഖിക.