രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്ന അവസ്ഥ ഇന്ന് വളരെ സാധാരണമായി മാറിയിരിക്കുന്നു. രക്തത്തിൽ യൂറിക് ആസിഡ് വലിയ തോതിൽ അടിയുന്നതാണ് ഇതിന് കാരണം. സാധാരണ, തുടക്കസമയത്ത് ഈ അവസ്ഥ രോഗലക്ഷണങ്ങൾ ഉണ്ടാക്കാറില്ല. എന്നാൽ, ഈ പ്രശ്നം ചികിത്സിക്കാതിരുന്നാൽ അത് ഹൃദയാഘാതത്തിനും വൃക്കസംബന്ധമായ രോഗത്തിനും കാരണമാകുന്നു.
ലക്ഷണങ്ങൾ
സന്ധിവേദന
പാദങ്ങളിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതിന്റെ ആദ്യകാല ലക്ഷണങ്ങളിലൊന്ന് സന്ധികളെ ബാധിക്കുന്ന പെട്ടെന്നുള്ളതും കഠിനവുമായ വേദനയാണ്. ഈ വേദന സാധാരണയായി പെട്ടെന്നാണ് ഉണ്ടാകുന്നത്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം. പെരുവിരലിന്റെ സന്ധിയിലാണ് സാധാരണയായി ഈ വേദനയുണ്ടാകുന്നത്. മറ്റ് കാൽവിരലുകളിലോ, കണങ്കാലിലോ, പാദത്തിന്റെ മധ്യഭാഗത്തോ വേദനയുണ്ടാകാനും സാധ്യതയുണ്ട്. ഈ വേദന രൂക്ഷമാകാൻ സാധ്യതയുണ്ട്. ഈ രീതിയിൽ വേദനയുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്.
സന്ധിക്ക് ചുറ്റുമുള്ള ചുവപ്പും നീർവീക്കവും
സന്ധിക്ക് ചുറ്റുമുള്ള ഭാഗം ചുവക്കുന്നതും നീരുവയ്ക്കുന്നതും യൂറിക് ആസിഡ് വർധിക്കുന്നതിന്റെ ലക്ഷണങ്ങളാകാം. ഇവ തൊടുമ്പോൾ ചൂട് അനുഭവപ്പെടുകയും വേദനയുണ്ടാകുകയും ചെയ്യുന്നു. യൂറിക് ആസിഡ് ക്രിസ്റ്റലുകൾ ശരീരത്തിൽ പ്രവേശിക്കുന്നതോടെ, നമ്മുടെ രോഗപ്രതിരോധ സംവിധാനം ഈ പദാർഥത്തെ ഒരു പരിക്കായി കണക്കാക്കുന്നു. ഇതാണ് വീക്കത്തിന് കാരണമാകുന്നത്. ആദ്യ വേദനയായി തുടങ്ങുന്ന പ്രശ്നം പിന്നീട് നീർവീക്കം, ചുവപ്പ് എന്നിവയിലേക്ക് മാറുന്നു. സന്ധിവാതത്തിന് സമാനമാകാം ഈ ലക്ഷണങ്ങൾ. ഇത് രോഗനിർണയം വൈകാനും കാരണമാകുന്നു.
പാദങ്ങളിൽ മുറുക്കം അനുഭവപ്പെടുന്നത്
നീർക്കെട്ടുള്ള സന്ധികളിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് സന്ധികൾക്ക് മുറുക്കം അനുഭവപ്പെടുന്നതിന് കാരണമാകുന്നു. ഇതോടെ, സന്ധികളുടെ ചലനശേഷിയും പ്രശ്നത്തിലാകുന്നു. ചെറിയ തോതിൽ എവിടെയങ്കിലും തട്ടുന്നതുപോലും വേദനയ്ക്ക് കാരണമായേക്കാം. ഈ അവസ്ഥ ചികിത്സിക്കാതിരുന്നാൽ കാലക്രമേണ വിഷയം ഗുരുതരമാകാൻ സാധ്യതയുണ്ട്.
പാദങ്ങളിൽ കാണുന്ന മുഴ
ഗൗട്ട് ദീർഘകാലം ചികിത്സിക്കാതിരിക്കുന്നത് സന്ധികൾക്ക് സമീപം ചർമത്തിനടിയിൽ കട്ടിയുള്ള മുഴകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു. ടോഫി(Tophi) എന്നാണ് ഈ മുഴകളെ പറയുന്നത്. യൂറിക് ആസിഡ് ക്രിസ്റ്റലുകൾ ചേർന്നതാണ് ടോഫി. ടോഫി സാധാരണയായി കാൽവിരലുകൾക്ക് സമീപവും പാദങ്ങളിലുമാണ് രൂപപ്പെടുന്നത്. ഇവയ്ക്ക് എല്ലായ്പ്പോഴും വേദന ഉണ്ടാകണമെന്നുമില്ല. എങ്കിലും സന്ധികളുടെ ആരോഗ്യത്തെ ഇത് ബാധിക്കും.
ഈ ഭക്ഷണങ്ങൾ കുറയ്ക്കാം
- ചുവന്ന ഇറച്ചികൾ - ബീഫ്, മട്ടൻ, പോർക്ക് എന്നിവയിൽ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണ്.
- ഷെൽ മത്സ്യങ്ങൾ - കക്ക, ഞണ്ട്, ചെമ്മീൻ എന്നിവയിൽ പ്യൂരിന്റെ അളവ് കൂടുതലാണ്. അതിനാൽ ഇവയുടെ ഉപയോഗം നിയന്ത്രിക്കുക.
- കൂൺ - പതിവായി കൂൺ കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുന്നു.
- ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ് - ബേക്ക് ചെയ്ത ആഹാരസാധനങ്ങൾ, സാലഡ് ഡ്രസ്സിംഗുകൾ, ടിന്നിലടച്ച സൂപ്പുകൾ എന്നിവയിൽ ഫ്രക്ടോസ് കോൺസിറപ്പ് ഉപയോഗിക്കാറുണ്ട്. ഇതിൽ പ്യൂരിനുകളുടെ തോത് കൂടുതലാണ്.
- മത്തി, സാൽമൺ, കോഡ് ഫിഷ്, ട്യൂണ എന്നീ മത്സ്യങ്ങളിൽ പ്യൂരിന്റെ അളവ് ഉയർന്ന തോതിലാണ്.
- ഓർഗൺ മീറ്റ് (അവയവ മാംസങ്ങൾ) - യൂറിക് ആസിഡിന്റെ അളവ് വളരെ കൂടുതലുള്ള ഭക്ഷണമാണിത്. (കരൾ, ഹൃദയം, കിഡ്‌നി, തലച്ചോറ്)
- മധുര പലഹാരങ്ങൾ - അമിതമായി മധുരം ചേർന്ന ആഹാരങ്ങളും മധുരപലഹാരങ്ങളും ഒഴിവാക്കണം. ഇത് അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിക്കുന്നതിന് കാരണമാകും.
- കോളിഫ്‌ളവർ - ക്രൂസിഫറസ് കുടുംബത്തിൽപ്പെട്ട കോളിഫ്‌ളവറിൽ മിതമായ അളവിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്.
- കൊഴുപ്പുള്ള പാൽ - വീക്കം വർദ്ധിപ്പിക്കുകയും, ഇൻസുലിൻ പ്രതിരോധത്തെ ബാധിക്കുകയും ചെയ്യും. ഇത് യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നതിന് കാരണമാകും.
- സോഡ - പഞ്ചസാര ധാരാളമടങ്ങിയ സോഡ പാനീയങ്ങൾ യൂറിക് ആസിഡിനെ കൂട്ടാം.
- സംസ്‌കരിച്ച ഭക്ഷണങ്ങൾ - വൈറ്റ് ബ്രെഡിൽ പ്യൂരിന്റെ അളവ് ഉയർന്ന തോതിലാണ്.
- മദ്യം - എല്ലാ ലഹരി പാനീയങ്ങളിലും പ്യൂരിന്റെ തോത് കൂടുതലാണ്.
ഇവ കഴിക്കാം
- ചെറി പഴങ്ങൾ: ചെറിയിൽ ആന്റിഇൻഫ്‌ളമേറ്ററി ഗുണങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറിയിലുള്ള ആന്തോസയാനിനുകൾ, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഫ്‌ലെവനോയിഡുകളും സന്ധിവാതവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുന്നു.
- നാരങ്ങാ വെള്ളം (Vitamin C): രാവിലെ ഉണർന്നാലുടൻ ചെറു ചൂടുവെള്ളത്തിൽ പിഴിഞ്ഞ് കുടിക്കുന്നത് യൂറിക് ആസിഡ് നില കുറയ്ക്കാൻ സഹായിക്കും.
- വെള്ളം കുടിക്കാം: ദിവസവും 10 - 12 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് മൂത്രത്തിൽ നിന്ന് യൂറിക് ആസിഡ് പുറംതള്ളാൻ സഹായിക്കും.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Learn about high uric acid in feet, gout symptoms like joint pain, swelling, and stiffness. Discover foods to avoid and foods to eat for relief.
Published: 29 Nov 2025, 11:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented