
കർണ്ണപടലം (ഇയർഡ്രം) തടസ്സപ്പെടുന്ന സാഹചര്യങ്ങളിൽ, കുട്ടികളിൽ ചെവിയിൽ നീർക്കെട്ട് പോലയൊരു രോഗാവസ്ഥ കാണാറുണ്ട്. ഈ അവസ്ഥയ്ക്ക് ‘ഗ്ലൂ ഇയർ’ അഥവാ ഒടൈറ്റിസ് മീഡിയ വിത്ത് എഫ്യൂഷൻ (OME) എന്നാണ് പറയുന്നത്. കർണപടലത്തിന് പിന്നിൽ ദ്രാവകം അടിഞ്ഞുകൂടുന്നതാണിത്. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഈ അവസ്ഥ കേൾവിശക്തിയെപ്പോലും ബാധിച്ചേക്കാം.
ഗൗരവമായ അണുബാധയുടെ ലക്ഷണങ്ങൾ ഇതിൽ സാധാരണ കാണപ്പെടില്ല. കുട്ടികളിലാണ് കൂടുതലായി കാണുന്നതെങ്കിലും മുതിർന്നവരെയും ഇത് ബാധിച്ചേക്കാം. സാധാരണ ചെവിയിലുണ്ടാകുന്ന അണുബാധകളിൽ നിന്ന് വ്യത്യസ്തമായി, OME പലപ്പോഴും നിശബ്ദരോഗം പോലെയാണ്. വേദനയോ പനിയോ സാധാരണ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഈ രോഗം കണ്ടെത്തുന്നത് പലപ്പോഴും പ്രയാസകരമാണ്.
എന്താണ് കാരണം?
സാധാരണയായി ജലദോഷം, തൊണ്ടവേദന അല്ലെങ്കിൽ ശ്വാസകോശ അണുബാധയ്ക്ക് ശേഷമാണ് ഈ രോഗം വരാറുള്ളത്. മധ്യ കർണത്തെ മൂക്കിന്റെ പിൻഭാഗവുമായി ബന്ധിപ്പിക്കുന്ന യൂസ്റ്റേഷിയൻ ട്യൂബ് തടസ്സപ്പെടുകയോ അതിൽ വീക്കമുണ്ടാകുകയോ ചെയ്യുന്നതോടെ വായുസഞ്ചാരവും മാലിന്യം പുറന്തള്ളുന്നതും തടസ്സപ്പെടുന്നു. അലർജികൾ, സൈനസ് പ്രശ്നങ്ങൾ, അഡിനോയിഡുകൾ എന്നിവ മൂലം യൂസ്റ്റേഷിയൻ ട്യൂബ് തടസ്സപ്പെടുകയും ദ്രാവകം അടിഞ്ഞു കൂടാൻ കാരണമാകുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ
- പലപ്പോഴും കേൾവിക്കുറവ് മാത്രമാകും ലക്ഷണം. അതും, ചെറിയ കുട്ടികളിൽ
- ചെറിയ കുട്ടികളിൽ കേൾവിക്കുറവ് സംസാരത്തെയും ഭാഷാ വികാസത്തെയും ബാധിച്ചേക്കാം.
- ചെവിയിലെ ദ്രാവകം ശരീരത്തിന്റെ ബാലൻസ് പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
- കേൾവിക്കുറവ് മൂലം പെരുമാറ്റത്തിൽ വ്യത്യാസം പ്രകടിപ്പിക്കുന്ന കുട്ടികൾ അശ്രദ്ധരാണെന്ന് തോന്നിയേക്കാം.
രോഗനിർണയം
ഡോക്ടർ ഓട്ടോസ്കോപ്പ് ഉപയോഗിച്ച് കർണപടലം പരിശോധിക്കും. കൂടാതെ കർണപടലത്തിന്റെ ചലനം അളക്കുന്ന ടിമ്പാനോമെട്രിയും ചെയ്തേക്കാം. ശ്രവണനിലവാരം വിലയിരുത്താൻ ഓഡിയോമെട്രിയും സഹായിക്കുന്നു.
ചികിത്സാ സാധ്യതകൾ
മിക്ക രോഗാവസ്ഥകളും മൂന്ന് മാസത്തിനുള്ളിൽ സ്വയം പരിഹരിക്കപ്പെടും. എന്നാൽ, തുടർച്ചയായി ഈ പ്രശ്നമുണ്ടാകുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം
- കർണപടലത്തിൽ അടിഞ്ഞു കൂടിയ ദ്രാവകം സ്വാഭാവികമായി ശുദ്ധമാകുന്നുണ്ടോ എന്ന് പതിവായി നിരീക്ഷിക്കണം.
- അലർജി ഉണ്ടെങ്കിൽ ആന്റിഹിസ്റ്റമൈനുകൾ അല്ലെങ്കിൽ നാസൽ സ്റ്റിറോയിഡുകൾ ഉപയോഗിക്കാം.
- ശസ്ത്രക്രിയ: രോഗം വിട്ടുമാറാത്ത കേസുകളിൽ, അടിഞ്ഞു കൂടിയ ദ്രാവകം കളയാനും കേൾവി പുനഃസ്ഥാപിക്കാനും ചെറിയ വെന്റിലേഷൻ ട്യൂബുകൾ (ഗ്രോമെറ്റുകൾ) കർണപടലത്തിൽ പ്രവേശിപ്പിക്കാവുന്നതാണ്.
പ്രതിരോധവും പരിചരണവും
- മൂക്കിലെ അലർജികളും സൈനസ് അണുബാധകളും ഉടനടി ചികിത്സിക്കുക.
- പുകയില, പുക എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക.
കേൾവി തകരാറുവരെ എത്തിക്കുന്ന ഒന്നാണെങ്കിലും പ്രത്യേക ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തത് കൊണ്ട് അവ അവഗണിക്കപ്പെടുന്നു എന്നതാണ് ഏറ്റവും അപകടകരമായ കാര്യം. യഥാസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ കുട്ടിയുടെ വളർച്ചയെയും ജീവിത നിലവാരത്തെയും അത് സാരമായി ബാധിക്കും. നേരത്തെ രോഗം കണ്ടെത്തലും ഉചിതമായ ചികിത്സയും പ്രധാനമാണ്. നിങ്ങളുടെ കുട്ടിക്ക് കേൾവിക്കോ സംസാരത്തിനോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഉടൻ തന്നെ ഒരു ഇഎൻടി സ്പെഷ്യലിസ്റ്റിനെ സമീപിക്കുക. യഥാസമയത്തുള്ള പരിചരണമാണ് ഏറ്റവും മികച്ച ചികിത്സ.
(തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ ഇഎൻടി വിഭാഗം കൺസൾട്ടന്റ് ആണ് ലേഖിക)
Content Highlights: Learn about `Glue Ear` (Otitis Media with Effusion) in children. Understand the causes, symptoms, and effective treatments to prevent hearing loss.
Published: 27 Nov 2025, 01:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented