ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ പെട്ടെന്ന് ഉണ്ടാകുന്ന ഗുരുതര രോഗാവസ്ഥകളെക്കുറിച്ച് നാം എല്ലാവരും കേട്ടിട്ടുണ്ടാകും. ശരീരത്തിലെ അത്യന്തം പ്രധാനപ്പെട്ട അവയവങ്ങളുടെ പ്രവർത്തനം നിലച്ചുപോകുന്ന അപകടകരമായ അവസ്ഥകളാണിവ. എന്നാൽ അത്ര പരിചിതമല്ലാത്തതും അത്രമേൽ ഗൗരവമുള്ളതുമായ ഒന്നാണ് ‘ഗട്ട് അറ്റാക്ക്’ എന്ന് അറിയപ്പെടുന്ന ഗ്യാസ്ട്രോപാരെസിസ്. ആമാശയം തളർന്നുപോകുന്ന അവസ്ഥ.

To advertise here,

ഗ്യാസ്ട്രോപാരെസിസ് ബാധിച്ചാൽ, നമ്മൾ കഴിക്കുന്ന ഭക്ഷണം ശരീരത്തിന് പുറന്തള്ളാൻ സാധിക്കാതെ വയറ്റിൽ തന്നെ കിടക്കും. ഉദരസംബന്ധമായ രോഗങ്ങളിൽ കൂടുതലായും കാണപ്പെടുന്ന അൾസർ, ഭക്ഷ്യവിഷബാധ തുടങ്ങിയവ സാധാരണയായി അണുബാധകളോ പരിക്കുകളോ മൂലമാണ് ഉണ്ടാകുന്നത് എന്ന് നമുക്ക് അറിയാം. എന്നാൽ ഗ്യാസ്ട്രോപാരെസിസ് ദീർഘകാലം തുടർന്നുനിൽക്കുന്ന, പലപ്പോഴും തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള, ദഹനവ്യവസ്ഥയുടെ ഗുരുതരമായ പ്രശ്നമാണ്.

പ്രമേഹവും വൈറൽ രോഗങ്ങൾക്ക് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങളും വർധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഗ്യാസ്ട്രോപാരെസിസിനെക്കുറിച്ചുള്ള അവബോധം അനിവാര്യമാണ്.

എന്താണ് ഗട്ട് അറ്റാക്ക്?
ആരോഗ്യമുള്ള ഒരു ദഹനവ്യവസ്ഥയിൽ, ആമാശയത്തിലെ പേശികൾ ശക്തമായി ചുരുങ്ങും. ഈ ചുരുങ്ങലിനെ പെരിസ്റ്റാൽസിസ് എന്നു പറയുന്നു. പേശികളുടെ ഈ പ്രവർത്തനമാണ് ഭക്ഷണത്തെ ആമാശയത്തിൽ നിന്ന് ചെറുകുടലിലേക്ക് തള്ളിവിടുന്നത്. എന്നാൽ, ഗ്യാസ്ട്രോപാരെസിസ് ബാധിച്ച ഒരാളിൽ ഈ പേശികൾ ദുർബലമാവുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്യുന്നു. ഫലമായി, ഭക്ഷണം അസാധാരണമായി ദീർഘനേരം ആമാശയത്തിൽ കെട്ടിക്കിടക്കും.

‘ഗ്യാസ്ട്രോ’ (ആമാശയം)യും ‘പാരെസിസ്’ (ഭാഗിക തളർച്ച)യും ചേർന്നതാണ് ഈ രോഗത്തിന്റെ പേര്. രോഗിയുടെ ജീവിത നിലവാരത്തെ ഗൗരവമായി ബാധിക്കുന്ന ഒട്ടേറെ വിഷമങ്ങൾക്ക് കാരണമാകുന്ന അവസ്ഥയാണ് ഇത്.

ആർക്കൊക്കെയാണ് സാധ്യത കൂടുതൽ?
ഗ്യാസ്ട്രോപാരെസിസ് പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കാവുന്നതാണ്. എന്നാൽ സ്ത്രീകളിൽ ഇത് വരാനുള്ള സാധ്യത നാലിരട്ടി കൂടുതലാണ്. താഴെപ്പറയുന്ന രോഗാവസ്ഥകളോ സാഹചര്യങ്ങളോ ഉള്ളവരിൽ വരാനുള്ള സാധ്യത കൂടുതലാണ്.

●    പ്രമേഹം (ടൈപ്പ് 1, ടൈപ്പ് 2): ഗ്യാസ്ട്രോപാരെസിസിന്റെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന് അനിയന്ത്രിതമായ പ്രമേഹമാണ്.
●    വൈറൽ രോഗങ്ങൾക്ക് ശേഷം: പ്രത്യേകിച്ച് കോവിഡ്-19 പോലുള്ള അണുബാധകൾക്ക് ശേഷം.
●    ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ: ല്യൂപ്പസ്, സ്ക്ലിറോഡെർമ പോലുള്ളവ.
●    ശസ്ത്രക്രിയയുടെ സങ്കീർണ്ണതകൾ: വയറിൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ളവർക്ക് ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
●    നാഡീസംബന്ധമായ അവസ്ഥകൾ: പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്.
●    ഭക്ഷണ വൈകല്യങ്ങൾ: ദീർഘകാലമായുള്ള വിശപ്പില്ലായ്മ (അനോറെക്സിയ) അല്ലെങ്കിൽ ബുളിമിയ.
●    മരുന്നുകൾ: ചില വേദനസംഹാരികളും വിഷാദരോഗത്തിനുള്ള മരുന്നുകളും കഴിക്കുന്നവർ.

രോഗലക്ഷണങ്ങൾ
ഗ്യാസ്ട്രോപാരെസിസിന്റെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം. മറ്റ് ദഹനപ്രശ്നങ്ങളുമായി സാമ്യമുള്ളതിനാൽ തുടക്കത്തിൽ തിരിച്ചറിയുന്നത് പ്രയാസകരമാണ്. സാധാരണയായി കാണുന്ന ലക്ഷണങ്ങൾ:

● ഓക്കാനം, ഛർദ്ദി – പലപ്പോഴും ദഹിക്കാത്ത ഭക്ഷണം ഛർദ്ദിക്കുന്നതാണ്.
● കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായി തോന്നുക.
● വയറുവേദനയും വയർ വീർക്കലും (ബ്ലോട്ടിങ്).
● ശരീരഭാരം കുറയുക, പോഷകക്കുറവ് ഉണ്ടാകുക.
● പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യതിയാനങ്ങൾ വരാം.
● അസാധാരണമായ ക്ഷീണം, വിശപ്പില്ലായ്മ.

ഓരോ രോഗിയിലും ലക്ഷണങ്ങളുടെ തീവ്രത വ്യത്യാസപ്പെട്ടേക്കാം. ഗുരുതരമായ സാഹചര്യങ്ങളിൽ കടുത്ത പോഷകക്കുറവും ശരീരഭാരം കുറഞ്ഞുപോകുന്നതും സംഭവിക്കാം.

ചികിത്സയും പരിപാലനവും
ഗ്യാസ്ട്രോപാരെസിസിന് ഒരു കൃത്യമായ ചികിത്സയില്ല; പല മാർഗങ്ങളിലൂടെ അതിനെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്.

1. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ

● കുറഞ്ഞ അളവിൽ, ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക.
● കൊഴുപ്പ് കുറഞ്ഞ, എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം തിരഞ്ഞെടുക്കുക.
● രോഗലക്ഷണങ്ങൾ മൂർച്ഛിക്കുന്ന സമയങ്ങളിൽ ദ്രവരൂപത്തിലുള്ള ഭക്ഷണം സ്വീകരിക്കുക.
● ഗ്യാസുള്ള പാനീയങ്ങളും മദ്യവും ഒഴിവാക്കുക.

2. മരുന്നുകളും ശസ്ത്രക്രിയയും

ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കുകയും, ആവശ്യമെങ്കിൽ ശസ്ത്രക്രിയ പരിഗണിക്കുകയും ചെയ്യാം.

● പ്രമേഹരോഗികൾ – രക്തത്തിലെ പഞ്ചസാരയുടെ അളവ് കർശനമായി നിയന്ത്രിക്കുക.
● മരുന്നുകൾ – രോഗാവസ്ഥ വഷളാക്കുന്ന മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാറ്റുക.
● ഓട്ടോ ഇമ്മ്യൂൺ അല്ലെങ്കിൽ നാഡീസംബന്ധമായ രോഗങ്ങൾക്ക് ശരിയായ ചികിത്സ തേടുക.

ഗ്യാസ്ട്രോപാരെസിസ് നിയന്ത്രിക്കാൻ സഹായിക്കുന്ന പുതിയ ചികിത്സാരീതികളിൽ ഒന്നാണ് ജി-പോയെം (G-POEM – Gastric Peroral Endoscopic Myotomy). ഇത് വളരെ ലളിതമായ ഒരു എൻഡോസ്കോപിക് പ്രോസീജർ ആണ്.

ഈ ശസ്ത്രക്രിയയിൽ, രോഗിയുടെ വായയിലൂടെ ക്യാമറ ഘടിപ്പിച്ച നേർത്ത ട്യൂബ് (എൻഡോസ്കോപ്പ്) കടത്തിവിടുന്നു. ആമാശയത്തിലെ പേശികളിലേക്ക് എത്തുന്നതിനായി അതിന്റെ ഉൾപാളിയിൽ ചെറിയൊരു മുറിവ് ഉണ്ടാക്കുന്നു. തുടർന്ന് ഡോക്ടർ, ആമാശയത്തിൽ നിന്ന് ചെറുകുടലിലേക്കുള്ള വഴി നിയന്ത്രിക്കുന്ന പൈലോറിക് സ്ഫിൻക്ടർ എന്ന പേശിവലയത്തെ ശ്രദ്ധാപൂർവ്വം മുറിക്കുന്നു.

പൈലോറിക് സ്ഫിൻക്ടർ സാവധാനം അയവ് വരുത്തുന്നതിലൂടെ, ആമാശയത്തിൽ നിന്ന് ചെറുകുടലിലേക്ക് ഭക്ഷണം കൂടുതൽ എളുപ്പത്തിൽ കടന്നുപോകുന്നു. ഇങ്ങനെ ജി-പോയെം ശസ്ത്രക്രിയ ഗ്യാസ്ട്രോപാരെസിസിന്റെ ലക്ഷണങ്ങൾക്ക് വലിയ തോതിൽ ആശ്വാസം നൽകാൻ സഹായിക്കുന്നു.

ഗ്യാസ്ട്രോപാരെസിസ് തടയാൻ കഴിയുമോ?
ഈ രോഗത്തിന്റെ യഥാർത്ഥ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല. അതിനാൽ, പൂർണമായും പ്രതിരോധിക്കാൻ കഴിയില്ല. എന്നിരുന്നാലും, രോഗസാധ്യത കുറയ്ക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കാം:

● മരുന്നുകൾ – ദഹനത്തെ ബാധിക്കുന്ന മരുന്നുകൾ ശ്രദ്ധയോടെ ഉപയോഗിക്കുക.
● അണുബാധകൾ – തുടക്കത്തിൽ തന്നെ ചികിത്സ തേടുക.
● വൈറൽ രോഗങ്ങൾക്ക് ശേഷം – ദഹനവ്യവസ്ഥയുടെ ആരോഗ്യം വീണ്ടെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
● ധാരാളം വെള്ളം കുടിക്കുക.
● നന്നായി പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
● ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക.
● ഭക്ഷണം കഴിച്ച ശേഷം 10–20 മിനിറ്റ് നേരം നടക്കുക.
● ഭക്ഷണം കഴിച്ച ഉടൻ കിടക്കുന്നത് ഒഴിവാക്കുക.

കുടലിലെ സൂക്ഷ്മാണുക്കളുടെ പങ്ക്, അണുബാധയ്ക്ക് ശേഷമുള്ള നീർവീക്കം, മാനസിക സമ്മർദ്ദത്തിന്റെ സ്വാധീനം തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് തീർത്തും അദൃശ്യമായിരുന്ന ഈ രോഗത്തെ ഇപ്പോൾ നിയന്ത്രിക്കാനാകുന്ന ഒന്നാക്കി മാറ്റുന്നതിൽ വൈദ്യശാസ്ത്രത്തിലെ പുരോഗതിക്ക് വലിയ പങ്കുണ്ട്. ‘ഗട്ട് അറ്റാക്ക്’ തടയാനും ചികിത്സിക്കാനും ഭാവിയിൽ കൂടുതൽ മികവുറ്റ കണ്ടെത്തലുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. അതുവരെ പരമാവധി ആളുകളിൽ ഇതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് പ്രധാനം.

(കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ മെഡിക്കൽ  ഗ്യാസ്ട്രോഎൻട്രോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ)