പ്രസവാനന്തര വിഷാദരോഗ ചികിത്സാരംഗത്ത് നാഴികക്കല്ലാകുന്ന മാറ്റത്തിന് അനുമതി നല്‍കിയിരിക്കുകയാണ് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍. പ്രസവാനന്തര വിഷാദരോഗത്തിന് ചികിത്സിക്കാനുള്ള ആദ്യഗുളികയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണ് എഫ്.ഡി.എ. Zuranolone എന്നു പേരിട്ടിരിക്കുന്ന മരുന്നാണ് പ്രസവാനന്തരം വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ ചികിത്സയ്ക്കായി നല്‍കാന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.  

To advertise here,

ടage Therapeutics and Biogen എന്നീ കമ്പനികള്‍ സംയുക്തമായാണ് മരുന്ന് വികസിപ്പിച്ചത്. ദിവസം ഒരെണ്ണം എന്നനിലയ്ക്ക് 14 ദിവസത്തോളം കഴിക്കാവുന്ന വിധത്തിലാണ് മരുന്ന് തയ്യാറാക്കിയിരിക്കുന്നത്. കടുത്ത പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് പ്രസ്തുത മരുന്ന് വളരെയധികം ഗുണം ചെയ്യുമെന്ന് എഫ്.ഡി.എയിലെ സെന്റര്‍ ഫോര്‍ ഡ്രഗ് ഇവാല്യുവേഷന്‍ ആന്റ്‌ റിസര്‍ച്ചിലെ സൈക്യാട്രി വിഭാഗം ഡയറക്ടര്‍ ഡോ. ടിഫാനി ഫാര്‍ഷിയോന്‍ പറയുന്നു. 

പ്രസവശേഷമുണ്ടാകുന്ന വിഷാദരോഗത്തിന്റെ ഫലമായുണ്ടാകുന്ന വൈജ്ഞാനിക അപചയം, അമിതവിഷാദം, ഉത്സാഹക്കുറവ്, ആത്മഹത്യാ പ്രവണത തുടങ്ങിയവയെ തടയാന്‍ Zuranolone എന്ന മരുന്നിനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മരുന്നു കഴിച്ച് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിഷാദരോഗ ലക്ഷണങ്ങള്‍ കുറഞ്ഞു വരുന്നതായാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍നിന്ന് വ്യക്തമായത്. 350 പേരെ ആസ്പദമാക്കിയാണ് ക്ലിനിക്കല്‍ട്രയല്‍ സംഘടിപ്പിച്ചത്. ഇക്കൂട്ടരില്‍ ഭൂരിഭാഗം വിഭാഗത്തിനും Zuranolone ആണ് നല്‍കിയത്.

മരുന്നു തുടങ്ങി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ Zuranolone സ്വീകരിച്ചവരില്‍ വലിയ പുരോഗതി കണ്ടുതുടങ്ങി. മരുന്ന് സ്വീകരിച്ച് മൂന്നാമത്തെ ദിവസം മുതല്‍തന്നെ വിഷാദരോഗ ലക്ഷണങ്ങള്‍ കുറഞ്ഞുതുടങ്ങി. ആന്റിഡിപ്രസന്റ് മരുന്നുകള്‍ രണ്ടാഴ്ച്ചയോ അതിലേറെയോ എടുക്കുന്ന സാഹചര്യത്തിലാണ് ഈ മരുന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഫലം നല്‍കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. മാത്രവുമല്ല, മാസങ്ങളോളം മരുന്ന് കഴിക്കേണ്ട എന്നതും പ്രധാനമാണ്. രണ്ടാഴ്ച്ച തുടര്‍ച്ചയായി മരുന്ന് കഴിക്കുന്നതിലൂടെ തന്നെ മാറ്റങ്ങള്‍ നിശ്ചയമാണെന്നും ക്ലിനിക്കല്‍ ട്രയലിനു ശേഷമുള്ള റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. 

നേരത്തേയും സെയ്ജ് തെറാപ്യൂട്ടിക്‌സ് പ്രസവാനന്തര വിഷാദരോഗത്തിനുള്ള മരുന്നുമായി രംഗത്തെത്തിയിരുന്നു. അന്ന് ഐ.വി.(intravenous injection) രൂപത്തില്‍ നല്‍കുന്ന brexanolone എന്ന മരുന്നാണ് വികസിപ്പിച്ചത്. ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ 90 ദിവസത്തെ ഷെഡ്യൂളിങ് നടപടികള്‍ക്കു ശേഷം 2023-ന്റെ നാലാം പാദത്തില്‍ ആയിരിക്കും പുതിയ മരുന്ന് വിപണിയിലെത്തുക. 

പ്രസവാനന്തര വിഷാദരോഗത്തിന് മാത്രമാണ്‌ പ്രസ്തുതമരുന്ന് ഗുണം ചെയ്യുകയെന്നും എല്ലാതരം വിഷാദരോഗങ്ങള്‍ക്കും ഇതു ഫലപ്രദമാകില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

 

placeholder
കോഴിക്കോട് ​ഗവ. മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസർ വർഷാ വിദ്യാധരൻ
ഡോ.വര്‍ഷ വിദ്യാധരന്‍

പ്രസവാനന്തരവിഷാദ രോഗമേഖലയില്‍ ഇത്തരം ഗവേഷണം നടക്കുന്നു എന്നത് പോസിറ്റീവായ കാര്യമാണെന്ന് പറയുകയാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ വര്‍ഷ വിദ്യാധരന്‍. പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോകുന്നവരെ ഇതുവരെ ചികിത്സിച്ചിരുന്നത് വിഷാദത്തെ ആധാരമാക്കി ലഭ്യമായിരുന്ന ആന്റിഡിപ്രസന്റുകള്‍ ഉപയോഗിച്ചാണ്. അതുകൂടാതെ സൈക്കോളജിക്കല്‍ തെറാപ്പി, കോഗ്നിറ്റീവ് തെറാപ്പി, ഇന്റര്‍പേഴ്‌സണല്‍ തെറാപ്പി, കുടുംബപിന്തുണ എന്നിവയ്‌ക്കൊപ്പം തീവ്രമായാല്‍ ഇലക്ട്രോ കണ്‍വല്‍സീവ് തെറാപ്പിയും സ്വീകരിക്കാറുണ്ട്. എന്നാല്‍, പ്രൊജസ്റ്ററോണ്‍ വിഭാഗത്തിലുള്ള ഗുളികയ്ക്കാണ് ഇപ്പോള്‍ എഫ്.ഡി.എ. അംഗീകാരം നല്‍കിയിരിക്കുന്നത്. മുമ്പ് ഇത് ഞരമ്പിലൂടെ കൊടുക്കുന്ന രീതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ അത് ചെലവുകൊണ്ടും മറ്റു ചില കാരണങ്ങള്‍ കൊണ്ടും അത്രയ്ക്ക് വ്യാപകമായി ലഭ്യമായിരുന്നില്ല. അതില്‍നിന്ന് വ്യത്യസ്തമായി ദിവസവും കഴിക്കാവുന്ന രീതിയില്‍ 14 ദിവസംവരെ കഴിക്കാവുന്ന വിധത്തിലാണ് ഗുളിക വികസിപ്പിച്ചിരിക്കുന്നത്. പ്രസവം കഴിഞ്ഞ് വിഷാദരോഗ സാധ്യത കൂടുതലുള്ളവര്‍ക്ക് പ്രസ്തുത ഗുളിക കൊടുക്കാമെന്നും അത് പോസ്റ്റ്‌ നേറ്റല്‍ ഡിപ്രഷന് കുറച്ചുകൂടി ഫലപ്രദമാകുമെന്നും ആന്റിഡിപ്രസന്റ് പ്രവര്‍ത്തനരീതിയല്ല മറിച്ച് ഗര്‍ഭാവസ്ഥയിലെ ഹോര്‍മോണല്‍ മാറ്റങ്ങളെ കേന്ദ്രീകരിച്ചാണ് ചികിത്സയെന്നതുമാണ് ഇതു സംബന്ധിച്ച പഠനം പറയുന്നത്. മരുന്ന് കഴിച്ചു നിര്‍ത്തിയാല്‍ വീണ്ടും പഴയ അവസ്ഥ വരുമോ, ചെലവ് എന്തായിരിക്കും, പ്രശ്‌നകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്നതുമൊക്കെ കൂടുതല്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു.

പ്രസവാനന്തര വിഷാദരോഗം, നിസ്സാരമല്ല ഈയവസ്ഥ

'കുഞ്ഞിനെയെടുത്ത് അമ്മ പുഴയില്‍ ചാടിമരിച്ചു, കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യചെയ്തു, നവജാതശിശുവിന്റെ മരണം; അമ്മ അറസ്റ്റില്‍....' നമ്മളെല്ലാം അലസമായി വായിച്ചുപോകുന്ന വാര്‍ത്താശീര്‍ഷകങ്ങള്‍. അവളൊരു അമ്മയാണോ? കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ക്ക് കൊടുക്കാമായിരുന്നില്ലേ തുടങ്ങി പൊതുജനത്തിന്റെ വിധിന്യായങ്ങളുമുയരും.

അമ്മമാരുടെ ഈ കുറ്റകൃത്യങ്ങള്‍ക്കു പിന്നിലെ സാമൂഹികാന്തരീക്ഷം വിശകലനം ചെയ്യുന്നതിനൊപ്പം പ്രധാനമാണ് അവരുടെ മാനസികനിലയും. പിഞ്ചുകുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതിനു പിന്നില്‍ അമ്മമാരിലെ പ്രസവാനന്തര വിഷാദരോഗവും കാരണമാകാമെന്നാണ് മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. ശിശുമരണനിരക്കും അമ്മമാരുടെ ആത്മഹത്യയും കുറയ്ക്കുന്നതിനൊപ്പം അമ്മയും കുഞ്ഞും തമ്മിലുള്ള അഭേദ്യമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിനു പിന്നില്‍ അമ്മയുടെ മാനസികസൗഖ്യം കൂടി പ്രധാനമാണ്. 

പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. ഗര്‍ഭാവസ്ഥയുടെ അവസാനംതൊട്ട്, കുഞ്ഞുണ്ടായി ഏതാനും മാസംവരെ നീണ്ടുനില്‍ക്കുന്ന ഈ മാനസികാവസ്ഥയെ പൊതുവില്‍ മൂന്നായി തിരിക്കാം. പോസ്റ്റ്പാര്‍ട്ടം ബ്ലൂസ്, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍, പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്. പ്രസവത്തോടെ സ്ത്രീകളില്‍ ഈസ്ട്രജന്റെയും പ്രൊജസ്ട്രോണിന്റെയും കുറവുണ്ടാകുന്നതും സാമൂഹിക- സാംസ്‌കാരിക ഘടകങ്ങളുമൊക്കെ വിഷാദരോഗത്തിലേക്കും നിരാശയിലേക്കും നയിക്കാം. 

പ്രസവം കഴിഞ്ഞയുടന്‍ തന്നെ പ്രസവാനന്തര വിഷാദരോഗം വരണമെന്നില്ല. ഏതാനും മാസങ്ങള്‍ക്കുള്ളിലോ പ്രസവം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലോ ഒക്കെ വരാം. പ്രസവത്തിനു ശേഷമുള്ള നാലു വര്‍ഷത്തിനുള്ളിലും പ്രസവാനന്തര വിഷാദരോഗം കണ്ടുവരുന്നതായി ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
 

രാജ്യത്തുതന്നെ അത്രയൊന്നും ചര്‍ച്ച ചെയ്യാത്ത അതിഗൗരവകരമായ മാനസികാവസ്ഥയാണിത്.  പ്രസവശേഷമുള്ള സ്ത്രീകളുടെ സ്വഭാവത്തിലുണ്ടാകുന്ന അസ്വാഭാവികതയെ കുറ്റപ്പെടുത്തുകയും കുത്തിനോവിക്കുകയും ചെയ്യാന്‍ വെമ്പുന്ന സമൂഹത്തിന് അത്രയൊന്നും പരിചിതവുമായിരിക്കില്ല ഈയവസ്ഥ. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍  8.910.1% വരെയും മധ്യ, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍  17.819.7% വരെയും സ്ത്രീകളെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. 1-26 ശതമാനം പുതുതായി അച്ഛനാകുന്നവരെയും ഈ മാനസികാവസ്ഥാപ്രശ്‌നം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഏഴ് അമ്മമാരില്‍ ഒരാള്‍ക്ക് എന്ന നിലയ്ക്ക് പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് കണക്കുകള്‍. 

പോസ്റ്റ്പാര്‍ട്ടം ബ്ലൂസ് 

എണ്‍പതു ശതമാനത്തോളം സ്ത്രീകളില്‍ ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അകാരണമായ ദേഷ്യം, കരച്ചില്‍, ഭയം എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. മാനസികമായ സന്തോഷവും കുഞ്ഞിനോടുള്ള താത്പര്യവും കുറയുന്ന അവസ്ഥയാണിത്. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന പോസ്റ്റ്പാര്‍ട്ടം ബ്ലൂസ് ഒരു രോഗാവസ്ഥയായി കണക്കാക്കുന്നില്ല. കൗണ്‍സലിങ്ങിലൂടെതന്നെ ഭേദമാക്കാവുന്നതാണ്. നൂറു സ്ത്രീകളില്‍ അറുപതു മുതല്‍ എണ്‍പതു പേര്‍ എന്ന നിലയില്‍ പോസ്റ്റ്പാര്‍ട്ടം ബ്ലൂസ് കാണാം.

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഒരാഴ്ച കഴിഞ്ഞും നിലനില്‍ക്കുകയും മനോനില കൂടുതല്‍ തകരാറിലാവുകയും ചെയ്യുന്നതാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. 10-15 ശതമാനം സ്ത്രീകളിലും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. എപ്പോഴും വിഷാദം, കുഞ്ഞിന്റെ കാര്യങ്ങളിലുള്ള അശ്രദ്ധ, ശുചിത്വം ഇല്ലാതിരിക്കുക, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ആത്മഹത്യാ പ്രവണത, കുഞ്ഞിനോടുള്ള വെറുപ്പ്, കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയവയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ പ്രധാന ലക്ഷണങ്ങള്‍. തുടക്കത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ കുഞ്ഞിന്റെ ജീവനും സ്വന്തം ജീവനും വരെ ഭീഷണിയാകാവുന്ന അവസ്ഥയാണിത്. 

പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്

മൂന്നാമത്തേതും ഏറ്റവും ഗുരുതരവുമായ അവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്. കുഞ്ഞിനോടുള്ള വെറുപ്പ് ഈ ഘട്ടത്തില്‍ കൂടുതലായിരിക്കും, കുഞ്ഞിനെച്ചൊല്ലിയുള്ള അരക്ഷിതാവസ്ഥ, ആത്മഹത്യാ പ്രവണത, അമിതമായ ദേഷ്യം, ഭയം എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. യാഥാര്‍ഥ്യബോധം നഷ്ടമാകുന്നതിനൊപ്പം അക്രമവാസനയും കാണിക്കും. പ്രതീക്ഷയില്ലായ്മ, ഊര്‍ജക്കുറവ്, കുറ്റബോധം, അമിത ആകാംക്ഷ തുടങ്ങിവയൊക്കെ ഈ ഘട്ടത്തില്‍ കൂടുതലായിരിക്കും. നിര്‍ബന്ധമായും മരുന്നുകള്‍ സ്വീകരിക്കേണ്ട ഘട്ടമാണിത്. 

സൈക്യാട്രിസ്റ്റിന്റെ സേവനം

പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ നിര്‍ബന്ധമായും അമ്മയെ ആശുപത്രിയില്‍ എത്തിക്കണം. മറ്റ് അസുഖങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കിയതിനു ശേഷമേ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ആണെന്ന് നിര്‍ണയിക്കാവൂ. മെനിഞ്ചൈറ്റിസ്, രക്താതിസമ്മര്‍ദം, തൈറോയ്ഡ് പ്രശ്നങ്ങള്‍ തുടങ്ങിയവയൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് വിദഗ്ധര്‍ പറയുന്നു. മാനസികസമ്മര്‍ദം കൂടി ഒരുപരിധി കഴിയുമ്പോഴേക്കും പുറത്തേക്കു ചാടുന്ന അവസ്ഥയാണിത്. പലര്‍ക്കും സൈക്യാട്രിസ്റ്റ് എന്നെഴുതിയിരിക്കുന്ന ബോര്‍ഡിന്റെ കീഴിലിരിക്കുന്ന ഡോക്ടറെ കാണാന്‍ മടിയാണ്. സൈക്യാട്രിസ്റ്റിനെ കണ്ടാല്‍ ഭ്രാന്താണെന്നാണ് പലരുടെയും ധാരണ. മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടു തോന്നിയാല്‍ മടിക്കാതെ സൈക്യാട്രിസ്റ്റിനെ കാണിക്കണം. എന്തെങ്കിലും അസ്വാഭാവികമായ ചിന്തകള്‍ അലട്ടിയാല്‍ ഉടന്‍ ഡോക്ടറെ കാണിക്കാന്‍ മടിക്കരുത്. പ്രത്യേക പരിചരണം അമ്മയ്ക്കു വേണമെന്നുണ്ടെങ്കില്‍ അമ്മയ്ക്കൊപ്പം കൂടുതലാളുകളെ നിര്‍ത്താന്‍ മറക്കരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കാരണങ്ങള്‍

  • ഗര്‍ഭകാലത്തെ ഹോര്‍മോണുകളുടെ വ്യതിയാനം
  • പ്രസവത്തിന്റെ ക്ഷീണം
  • കുഞ്ഞിനെ എങ്ങനെ നോക്കും എന്ന ആകുലത
  • വരുമാനക്കുറവ്
  • ബന്ധങ്ങളുടെ തകര്‍ച്ച
  • ഗര്‍ഭധാരണവും പ്രസവവും പ്രയാസമുള്ളതാവുക
  • കുഞ്ഞിന് എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടാവുക
  • ജോലി ചെയ്യുന്നിടത്തെ മാനസികസമ്മര്‍ദം
  • പ്രിയപ്പെട്ടവരുടെ മരണം
  • മുമ്പുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യം
  • കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും വിഷാദരോഗമോ മാനസികാസ്വാസ്ഥ്യമോ ഉണ്ടാവുക
  • ആദ്യപ്രസവത്തിലെ സങ്കീര്‍ണത തുടങ്ങിയവയെല്ലം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലേക്കു നയിക്കാം.

പുരുഷാധിപത്യ കുടുംബപശ്ചാത്തലവും പ്രസവാനന്തര വിഷാദരോഗത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ്. ചായയ്ക്കും ഭക്ഷണത്തിനും തുടങ്ങി വീടിന്റെയും വീട്ടുകാരുടെയും ശുചിത്വംപോലും അവിടത്തെ ഗൃഹനാഥയില്‍മാത്രം നിഷ്‌കര്‍ഷിക്കുന്ന കുടുംബത്തിലുള്ള സ്ത്രീകളില്‍ ഇത്തരം വിഷാദരോഗങ്ങള്‍ പെട്ടെന്ന് ബാധിക്കാം. ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ പറഞ്ഞാല്‍ ദിവ്യഗര്‍ഭമൊന്നുമല്ലല്ലോ എന്ന കളിയാക്കലുകള്‍ ഒട്ടേറെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് പല അമ്മമാരും സാക്ഷ്യപ്പെടുത്തുന്നു. ജോലിസ്ഥലത്തെ അമിതാധ്വാനവും മാനസിക സമ്മര്‍ദത്തിന് കാരണമാകുന്നുണ്ട്. ആറു മാസംപോലും പ്രസവാവധി ലഭിക്കുംമുമ്പ് തിരികെ ജോലിയില്‍ പ്രവേശിക്കുന്ന അമ്മമാര്‍ കുഞ്ഞിനെ വിട്ടുപോരുന്ന അരക്ഷിതാവസ്ഥയും ശാരീരികമാറ്റങ്ങള്‍ ഉണ്ടാക്കിയ ആത്മവിശ്വാസക്കുറവുമൊക്കെ ആയിട്ടാകും ജോലിയില്‍ പ്രവേശിക്കുന്നത്. ഇതും പ്രസവാനന്തര വിഷാദരോഗത്തിന്റെ തീവ്രത കൂട്ടുന്നു.

പ്രസവശേഷമുള്ള മാനസികാസ്വാസ്ഥ്യത്തിന് ചികിത്സതേടിയവരാണെങ്കില്‍ രണ്ടാമത് ഗര്‍ഭധാരണം നടത്തുന്നതിനുമുമ്പുതന്നെ ഗൈനക്കോളജിസ്റ്റിനോടും സൈക്യാട്രിസ്റ്റിനോടും തന്റെ പൂര്‍വചരിത്രം പറഞ്ഞിരിക്കണം. അടുത്ത പ്രസവത്തില്‍ സ്ഥിതി ഗുരുതരമാകാതിരിക്കാനാണിത്. ഒപ്പം പ്രസവാനന്തര വിഷാദരോഗത്തെ മറികടന്നിട്ടുള്ളവര്‍ കുറഞ്ഞത് രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞിട്ട് ഗര്‍ഭധാരണം നടത്തുന്നതായിരിക്കും ഉചിതമെന്നും മനോരോഗവിദഗ്ധര്‍ പറയുന്നു. പലപ്പോഴും നീണ്ടകാലത്തെ ചികിത്സ ആവശ്യം വരുന്നതിനാല്‍ മരുന്നുകള്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാതിരിക്കാനാണിത്.

പ്രസവശേഷമുള്ള കാലം വളരെ സന്തോഷമുള്ള സമയമായാണ് പലരും കരുതുന്നത്. അമ്മ കരയുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമൊക്കെ അസാധാരണമായിത്തന്നെ കാണേണ്ടതാണ്. കുഞ്ഞിന് പോഷകാഹാരം ലഭിക്കില്ലെന്നുമാത്രമല്ല, ചികിത്സിക്കാതെ പോകുംതോറും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ അതു ബാധിക്കും. ഭാവിയില്‍ ഇത് കുഞ്ഞിന്റെ സ്വഭാവ രൂപവത്കരണത്തെയും മാനസികാരോഗ്യത്തെയുമൊക്കെ വിപരീതമായി ബാധിക്കാം. പ്രസവാനന്തര വിഷാദരോഗത്തെ മറികടക്കാന്‍ അമ്മയ്ക്ക് ചികിത്സയും വീട്ടിലുള്ളവര്‍ക്ക് ബോധവത്കരണവുമാണ് നല്‍കേണ്ടത്.

ആന്‍ഡ്രിയ യേറ്റ്‌സ്

2001-ല്‍ ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ടാണ് ആന്‍ഡ്രിയ യേറ്റ്‌സ് എന്ന അമ്മയുടെ കഥ പുറത്തുവരുന്നത്. അഞ്ചു മക്കളെയും കൊലപ്പെടുത്തിയ ആന്‍ഡ്രിയയ്ക്ക് ക്രൂരപരിവേഷമാണ് മാധ്യമങ്ങളും ജനങ്ങളുമൊക്കെ നല്‍കിയത്. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രസവാനന്തര വിഷാദരോഗത്തിന് അടിമയായിരുന്നു അവരെന്ന് കണ്ടെത്തിയത്. നാലു പ്രസവത്തിനു ശേഷംതന്നെ വിഷാദരോഗത്താല്‍ ആന്‍ഡ്രിയ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അച്ഛന്റെ മരണത്തോടെ മരുന്നു നിര്‍ത്തിയതാണ് ആന്‍ഡ്രിയയുടെ സമനില വീണ്ടും തെറ്റിച്ചത്. ബാത്ത്ടബ്ബില്‍ മുങ്ങി ആത്മഹത്യചെയ്യാനും കുട്ടികളെ മുക്കിക്കൊല്ലാനും പദ്ധതിയിട്ടിരുന്നുവെന്ന് അവര്‍ ഡോക്ടറോട് വെളിപ്പെടുത്തി. പോസ്റ്റ്പാര്‍ട്ടം സൈക്കോസിസിന്റെ ഭീകര അവസ്ഥയിലൂടെയായിരുന്നു അവര്‍ കടന്നുപോയത്. തുടര്‍ന്നങ്ങോട്ട് സദാസമയം നിരീക്ഷണത്തിലായിരുന്നു യേറ്റ്‌സ്. എന്നാല്‍, പെട്ടെന്നൊരു ദിവസം ഭര്‍ത്താവിന് അത്യാവശ്യമായി ഒരു മണിക്കൂര്‍ മാറിനില്‍ക്കേണ്ടിവന്നപ്പോഴാണ് ആന്‍ഡ്രിയ അഞ്ചു മക്കളെയും മുക്കിക്കൊന്നത്. വിചാരണയ്ക്കൊടുവില്‍ 40 വര്‍ഷത്തേക്ക് ജയില്‍ശിക്ഷ വിധിച്ചെങ്കിലും പിന്നീട് മാനസികനില തകരാറിലാണെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ശിക്ഷ പിന്‍വലിച്ച് ടെക്സസിലെ മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ രോഗം കണ്ടെത്തിയിട്ടും ഫലപ്രദമായി ചികിത്സ നല്‍കാതിരുന്നതും വേണ്ടത്ര ശ്രദ്ധ നല്‍കാതിരുന്നതുമൊക്കെയാണ് ആ അഞ്ചു മക്കളുടെയും ജീവനെടുത്തത്.

അഞ്ചു മക്കളെ മുക്കിക്കൊന്ന അമ്മ

placeholder
andrea

പ്രതിരോധം എപ്രകാരം?

വീട്ടില്‍ വേണം പിന്തുണ

പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് വീട്ടില്‍ മതിയായ കരുതല്‍ ഉറപ്പു വരുത്തേണ്ടത് പ്രധാനമാണ്. പ്രസവശേഷം നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും വീട്ടുകാര്‍ ഉറപ്പുവരുത്തണം. കുഞ്ഞിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സാഹചര്യത്തില്‍ അമ്മയ്ക്ക് പരിഗണന കുറയാതിരിക്കുക. 

തെറാപ്പി

പ്രസവാനന്തരം മാനസികസമ്മര്‍ദം താങ്ങാനാവുന്നില്ലെന്നു കണ്ടാല്‍ തെറാപ്പിസ്റ്റിന്റെ സേവനം തേടാന്‍ മടികാണിക്കേണ്ട. ലക്ഷണങ്ങള്‍ കൃത്യമായി പറയാന്‍ തയ്യാറാവുകയും കുഞ്ഞിനൊപ്പമുള്ള പുതിയ ജീവിതം സുഖകരമാക്കാന്‍ തെറാപ്പി സ്വീകരിക്കുകയും ചെയ്യാം.

മരുന്നുകള്‍

കൗണ്‍സിലിങ്ങിനും തെറാപ്പിക്കും അപ്പുറം മരുന്നുകള്‍ കൊണ്ടുമാത്രം അതിജീവിക്കാവുന്ന അവസ്ഥയും വന്നേക്കാം. അത്തരം സാഹചര്യങ്ങളില്‍ അതിനു മടി കാണിക്കാതെ ചികിത്സയോട് സഹകരിക്കാം. ആന്റിഡിപ്രസന്റുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളാണ് ഈ ഘട്ടത്തില്‍ നല്‍കിവരിക. 

അനുഭവങ്ങള്‍ പങ്കുവെക്കാം

പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോയ അനുഭവമുള്ളവരുമായി കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാവാം. താന്‍ മാത്രമല്ല, ചുറ്റിലും നിരവധി സ്ത്രീകള്‍ സമാന അനുഭവങ്ങളോടെ ജീവിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നതിനൊപ്പം അതിജീവനം എളുപ്പമാക്കുകയും ചെയ്യും. അതോടൊപ്പം കുടുംബത്തോടും സുഹൃത്തുക്കളോടുമൊക്കെ മാനസികാവസ്ഥയെക്കുറിച്ച് പങ്കുവെക്കാം. 

അവനവനോടും കരുതല്‍ 

അമ്മ എന്ന നിലയ്ക്ക് നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക. താനൊരു മോശം അമ്മയാണെന്ന ചിന്ത വിഷാദത്തിലേക്ക് നയിച്ചേക്കാം. പ്രതീക്ഷിച്ചതുപോലൊരു അമ്മയാകാന്‍ കഴിഞ്ഞില്ലെങ്കിലും സാഹചര്യങ്ങളെ ആത്മസംയമനത്തോടെ നേരിടാന്‍ ശ്രമിക്കുക. 

പ്രസവാനന്തര വിഷാദരോഗത്തിന് ചികിത്സ വൈകിപ്പിക്കുന്നതിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശംകൂടിയാണ് ഇല്ലാതാകുന്നത്. അതിനാല്‍ കുടുംബത്തിനൊപ്പം സമൂഹത്തിന്റെയും ഒറ്റക്കെട്ടായ മാറ്റത്തിലൂടെ മാത്രമേ അമ്മയ്ക്ക് സാന്ത്വനമേകാനാവൂ.