സ‍ർഗം സിനിമയിലെ കുട്ടൻ തമ്പുരാനെ ഓർമയില്ലേ. അപസ്മാരം വരുമ്പോൾ കൂടെയുള്ളവർ ഉടൻ കൈയിൽ താക്കോൽ നൽകുകയും അതോടെ അദ്ദേഹം ശാന്തനാകുന്നതും കാണാം. രാജാറാണി എന്ന സൂപ്പർ ഹിറ്റ് തമിഴ് സിനിമയിൽ നയൻതാര അവതരിപ്പിച്ച കഥാപാത്രത്തിനും സമാനമായ രീതിയിൽ താക്കോൽ നൽകുന്നുണ്ട്. ഇത്തരത്തിൽ, അപസ്മാരം വന്നാൽ ഉടൻ താക്കോൽ നൽകിയാൽ മതി എന്ന ധാരണ ഊട്ടിയുറപ്പിച്ച അനേകം രംഗങ്ങൾ നമുക്ക് സിനിമകളിൽ കാണാനാകും. ഇതിൽ എന്തെങ്കിലും യാഥാ‍ർത്ഥ്യമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം.

To advertise here,

എന്താണ് അപസ്മാരം?

അപസ്മാരം എന്നത് തലച്ചോറുമായി ബന്ധപ്പെട്ട ഒരു രോഗാവസ്ഥയാണ്. നമ്മുടെ തലച്ചോറ് പ്രവർത്തിക്കുന്നത് അതിസൂക്ഷ്മമായ വൈദ്യുത സിഗ്നലുകൾ വഴിയാണ്. ഈ ഇലക്ട്രിക്കൽ സിഗ്നലുകൾ സാധാരണയിലും അധികമായി വരികയോ, താളം തെറ്റുകയോ ചെയ്യുമ്പോഴാണ് അപസ്മാരം സംഭവിക്കുന്നത്. ഒട്ടുമിക്ക കേസുകളും മുപ്പത് സെക്കൻഡ് മുതൽ രണ്ട് മിനിറ്റ് വരെ നീണ്ടുനിൽക്കുന്നതാണ്. എന്നാൽ അഞ്ച് മിനിറ്റിലധികം നീണ്ടുനിൽക്കുന്ന അപസ്മാരം അഥവാ സീഷറാണെങ്കിൽ അപകടകരമാണ്. ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രദ്ധിക്കണം. പെട്ടെന്നുള്ള ബോധക്ഷയം, കൈകാലുകൾ ശക്തിയായി വെട്ടുക, വായിൽ നിന്ന് നുരയും പതയും വരിക, ശരീരം മരവിക്കുക തുടങ്ങിയവയാണ് അപസ്മാരത്തിന്റെ ലക്ഷണങ്ങളായി കാണപ്പെടുന്നത്. അറിയാതെയുള്ള മലമൂത്ര വിസർജ്ജനവും ചിലപ്പോൾ ഉണ്ടാകാം. നാക്കിൽ മുറിവേൽക്കുന്നതും സാധാരണമാണ്.

കാരണങ്ങൾ

ഗർഭാവസ്ഥയിലോ ജനന സമയത്തോ കുഞ്ഞിന്റെ തലച്ചോറിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ഭാവിയിൽ അപസ്മാരത്തിനു കാരണമാകാം.

കുഞ്ഞായിരിക്കെ പനിയോട് അനുബന്ധിച്ചും ഫിറ്റ്സ് ഉണ്ടാകാം. മദ്യത്തിന്റെയോ മറ്റു മയക്കുമരുന്നുകളുടെയോ അമിതമായ ഉപയോഗം, അപകടങ്ങൾ മൂലം തലച്ചോറിലുണ്ടാകുന്ന ക്ഷതങ്ങൾ, തലച്ചോറിലെ അണുബാധ (മെനിഞ്ചൈറ്റിസ്, എൻസഫലൈറ്റിസ്) എന്നിവയും അപസ്മാരത്തിനുള്ള കാരണമാകാം. ശരീരത്തിലെ സോഡിയം, കാൽസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റ്സിന്റെ അളവിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ,ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് കുറയുന്നത്, തലച്ചോറിലെ ട്യുമറുകളും സ്ട്രോക്കും ഉൾപ്പടെ അപസ്മാരത്തിലേക്ക് നയിക്കാം.

താക്കോൽ എന്തിന്?

അപസ്മാരം വരുമ്പോൾ താക്കോൽ കൊടുക്കുന്നതിന് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ല. പലരും വിശ്വസിക്കുന്നത് ലോഹങ്ങൾ, പ്രത്യേകിച്ച് ഇരുമ്പ്, അപസ്മാരം വരുമ്പോൾ തലച്ചോറിലെ അമിതമായ വൈദ്യുത സിഗ്നലുകളെ ആകർഷിച്ച് പുറത്തേക്ക് കളയുമെന്നാണ്. ഇത് തികച്ചും തെറ്റായ ധാരണയാണ്. അപസ്മാരം വരുന്നത് തലച്ചോറിനുള്ളിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിലെ താൽക്കാലിക തകരാർ മൂലമാണ്. താക്കോൽ കയ്യിൽ വെച്ചുകൊടുക്കുന്നതുകൊണ്ട് ഈ തകരാർ പരിഹരിക്കപ്പെടുന്നില്ല.

അപസ്മാരം വരുമ്പോൾ രോഗിയുടെ കൈകാലുകൾ ബലമായി പിടിച്ചുവെച്ച് ചലനം നിർത്താൻ ശ്രമിക്കുന്നതും അപകടകരമായ പ്രവണതയാണ്. ഇങ്ങനെ ചെയ്യുമ്പോൾ, രോഗിയുടെ പേശികൾക്ക് ക്ഷതമേൽക്കാനോ, സന്ധികൾക്ക് സ്ഥാനഭ്രംശം സംഭവിക്കാനോ സാധ്യതയുണ്ട്. ശരീരം വെട്ടുന്നത് നിയന്ത്രിക്കാൻ ശ്രമിക്കാതെ, രോഗിക്ക് മുറിവേൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്.

അപസ്മാരം വരുമ്പോൾ കൂടെയുള്ളവർ എന്ത് ചെയ്യണം?

അപസ്മാരം വന്നാൽ ഒട്ടുമിക്ക കേസുകളിലും അവ സാവധാനം നിയന്ത്രിക്കപ്പെടുന്നതാണ്. ഈ സമയം കൂടെയുള്ളവ‍ർ പരിഭ്രാന്തരാകാതെ, ശാന്തത പാലിക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. ആ വ്യക്തിയെ സുരക്ഷിതമായി താങ്ങിപ്പിടിച്ചു കിടത്താൻ ശ്രമിക്കുക. തല ഒരിടത്തും തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഫിറ്റ്‌സ് സംഭവിക്കുന്ന സമയത്ത് ഒരു കാരണവശാലും ആ വ്യക്തിക്ക് വെള്ളം കൊടുക്കാൻ ശ്രമിക്കരുത്. അത് അദ്ദേഹത്തിന്റെ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം സൃഷ്ടിച്ചേക്കാം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അപസ്മാരം നേരിടുന്ന ആളുകൾക്കുള്ള ആദ്യ ചികിത്സാ ഉപാധിയാണ് ആന്റിപൈലെപ്റ്റിക് മരുന്നുകൾ. ഡോക്ടറുടെ നി‍ർദ്ദേശപ്രകാരം മാത്രമേ ഈ മരുന്നുകളുടെ ഡോസ് മാറ്റുകയോ, നിർത്തുകയോ ചെയ്യാവു. സാധാരണ മൂന്ന് വർഷത്തിലധികം അപസ്മാരം വരാതിരിക്കുകയും, ഇഇജി, എംആ‍ർഐ ഫലങ്ങൾ തൃപ്തികരമാവുകയും ചെയ്താൽ മാത്രമേ മരുന്നുകൾ നിർത്താൻ പാടുള്ളു.

ഇടയ്ക്ക് മരുന്നുകൾ മുടങ്ങുന്നത്, ഉറക്കമില്ലായ്മ, അമിതമായ സ്ട്രെസ്, ക്ഷീണം, കൃത്യ സമയത്ത് ആഹാരം കഴിക്കാതിരിക്കൽ, ലഹരി ഉപയോഗം എന്നിവയെല്ലാം അപസ്മാരം ഇടക്കിടെ വരാൻ കാരണാകും. അടിക്കടി അപസ്മാരം വരുന്നവർ ഡ്രൈവിങ്, ഉയരത്തിലുള്ള ജോലികൾ, നീന്തൽ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് ഉചിതം. മറ്റേതെങ്കിലും അസുഖത്തിന് ഡോക്ടറെ കാണുന്നുണ്ടെങ്കിൽ, ഇത്തരമൊരു രോഗാവസ്ഥയുള്ളതായും, അതിനു കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങളും അറിയിക്കാൻ മറക്കരുത്.

അപസ്മാരം, ഏറെ ആശങ്കപ്പെടുത്തേണ്ട ഒരു രോഗാവസ്ഥയല്ല. മറിച്ച് ജീതിശൈലിയെ അതിനനുസരിച്ച് ചിട്ടപ്പെടുത്തിയാൽ മാത്രം മതിയാകും. ചികിത്സയുൾപ്പടെ കൃത്യമെങ്കിൽ നമുക്ക് മറ്റ് ഏതൊരു വ്യക്തിയെയും പോലെ സാധാരണ ജീവിതം നയിക്കാം. സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന മിഥ്യാധാരണകൾ കാരണം, പലരും അപസ്മാരത്തെക്കുറിച്ച് സംസാരിക്കാൻ മടിക്കുകയും, ചികിത്സ തേടാൻ വൈകുകയും ചെയ്യുന്നുണ്ട്. അത് ശരിയല്ല. 'താക്കോലിന്' പകരം, സ്നേഹവും, കരുതലും, ശരിയായ അറിവുമാണ് ആവശ്യം.

 

(കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ന്യൂറോളജി & എപ്പിലപ്‌സി മാനേജ്‌മെന്റ് വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ)