നവംബർ 17- ദേശീയ അപസ്മാര ബോധവത്കരണ ദിനം

Representative Image| Photo: Canva.com
നമ്മുടെ സമൂഹത്തിൽ അപസ്മാരത്തെ അഥവാ എപ്പിലപ്സിയെ കുറിച്ച് ഇന്നും അനവധി തെറ്റായ വിശ്വാസങ്ങൾ വ്യാപകമായി നിലനിൽക്കുന്നുണ്ട്. കാലം മുന്നോട്ടുപോയെങ്കിലും ശാസ്ത്രവും വൈദ്യശാസ്ത്രവും അതിവേഗം വികസിച്ചിട്ടുണ്ടെങ്കിൽ പോലും ചില മിത്തുകൾ ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ മുൻ കാലങ്ങളിൽ ഉള്ളപ്പോലെ തന്നെ പറ്റിപ്പിടിച്ചിരിക്കുന്നു. ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്, ഇന്നും നമ്മുടെ സമൂഹം അപസ്മാരത്തെ ഒരു സോഷ്യൽ ടാബൂ ആയി കാണുന്നുവെന്നത്. സത്യത്തിൽ, നമ്മുടെ സമൂഹത്തിൽ ആളുകൾ തുറന്ന് പറയാൻ വിസമ്മതിക്കുന്ന രണ്ട് പ്രധാന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ, അവയാണ് അപസ്മാരവും മാനസികാരോഗ്യ പ്രശ്നങ്ങളും.
അപസ്മാരത്തെ ചുറ്റിപ്പറ്റിയ പഴയ അന്ധവിശ്വാസങ്ങൾ
പുരാതനകാലത്ത് അപസ്മാരം ഒരു സാധാരണ രോഗമല്ലെന്നും, അത് ഒരു ജിന്ന് , ബാധ, ദുഷ്ടാത്മാവിന്റെ കയറ്റം, അല്ലെങ്കിൽ ശാപം എന്നുമാണ് പലരും വിശ്വസിച്ചിരുന്നത്. അന്നത്തെ സാഹചര്യത്തിൽ, രോഗികൾ സ്വാഭാവിക ചികിത്സകൾക്ക് പകരം വിവിധ പുണ്യസ്ഥലങ്ങളെ സമീപിക്കുമായിരുന്നു. ചില കുടുംബങ്ങൾ അതിനെ ചികിത്സിക്കേണ്ട ഒരു രോഗമെന്നില്ലാതെ, ജീവിതത്തിന്റെ ഭാഗമായ ഒരുതരം ശാപമായി കണ്ടു സഹിച്ചുമാറ്റുകയും ചെയ്തിരുന്നു.
ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന ജെൻഡർ വൈരുധ്യം
സ്ത്രീകളുടെ കാര്യത്തിൽ അപസ്മാരം ഒരു ആരോഗ്യപ്രശ്നമെന്നതിലുപരി ഒരു സാമൂഹിക ഭാരമായാണ് പലപ്പോഴും കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീകൾ തന്റെ രോഗത്തെക്കുറിച്ച് ഭർത്താവിന്റെ വീട്ടുകാർ അറിഞ്ഞാൽ ഉണ്ടാകാവുന്ന പ്രതികരണങ്ങളെ ഭയന്ന്, അവരുടെ ആരോഗ്യം സംബന്ധിച്ച സത്യങ്ങൾ മറച്ചു വയ്ക്കാൻ നിർബന്ധിതരാവുന്നു.
അതേസമയം,അപസ്മാരമെന്ന രോഗം പുരുഷന്മാരിൽ കണ്ടാൽ, അതിനെ അത്ര വലിയ പ്രശ്നമായി സമൂഹം കാണാറില്ല. “ശരിയാണ്, ചികിത്സിച്ചാൽ മതിയല്ലോ” എന്ന നിലയിലാണ് പല കുടുംബങ്ങളും അത് സമീപിക്കുന്നത്.
ഒരു ആൺകുട്ടിക്ക് അപസ്മാരമുണ്ടെങ്കിൽ കുടുംബങ്ങളും സമൂഹവും അതിനെ സാധാരണമായ ആരോഗ്യ പ്രശ്നമായി കാണുമ്പോൾ, പെൺകുട്ടിയുടെ കാര്യത്തിൽ അത് ഒരു “വലിയ പ്രശ്നം” എന്ന നിലയ്ക്കാണ് പലപ്പോഴും വിലയിരുത്തുന്നത്. ഈ രണ്ട് സമീപനങ്ങളുടെ വ്യത്യാസം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ജെൻഡർ വൈരുദ്ധ്യത്തിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്.
ശാസ്ത്രം പറയുന്ന യാഥാർത്ഥ്യം
വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ അപസ്മാരം ഒരു ബ്രെയിൻ ഡിസ്‍ഫങ്ഷൻ അതായത് തലച്ചോറിലെ നാഡീപ്രവർത്തനത്തിലെ അസാധാരണ മാറ്റം മൂലമാണ് ഉണ്ടാകുന്നത്. ഇതിന് brain injury, stroke, genetic conditions എന്നിവ ഉൾപ്പെടെ നിരവധി കാരണങ്ങൾ കൊണ്ടാവാം. അതിനാൽ ഇത് ഒരു ദൈവദോഷമോ ഭൗതികാതീത ശക്തികളുടെ ഇടപെടലോ അല്ല, മറിച്ച് പൂർണ്ണമായും മനസ്സിലാക്കാനും ചികിത്സിക്കാനുമാകുന്ന ഒരു വൈദ്യശാസ്ത്രരോഗം മാത്രമാണ്.
ഇന്നും തുടരുന്ന തെറ്റായ വിശ്വാസങ്ങൾ
ഇന്നത്തെ സമൂഹത്തിലും, അപസ്മാരം വന്നാൽ രോഗിയുടെ കൈയിൽ താക്കോൽ, ഇല, തുടങ്ങിയ വസ്തുക്കൾ കൊടുക്കുമ്പോൾ “ശാന്തമാക്കും” എന്ന് കരുതുന്ന തെറ്റായ ഫസ്റ്റ് എയ്ഡ് രീതികൾ തുടരുന്നുണ്ട്. ഇത് വെറും തെറ്റിദ്ധാരണ മാത്രമാകുന്നു.
ശരിയായ ഫസ്റ്റ് എയ്ഡ് ചെയ്യേണ്ട വിധം
അപസ്മാരം തുടങ്ങുന്ന സമയം കുടുംബാംഗങ്ങളും ചുറ്റുപാടിലുള്ളവരും ഭയപ്പെടേണ്ട കാര്യമില്ല. പകരം ചെയ്യേണ്ടത്:
- രോഗിയെ കാറ്റ് കിട്ടുന്ന സുരക്ഷിത സ്ഥാനത്ത് ചരിച്ചു കിടത്തുക.
- ചുറ്റുമുള്ള അപകടസാധ്യതയുള്ള വസ്തുക്കൾ മാറ്റുക.
- കഴുത്തിലെ ടൈറ്റായ വസ്ത്രങ്ങൾ ഇളക്കുക.
- വായിലോ മൂക്കിലോ വരുന്ന തുപ്പൽ/ചാർദ്ദി വൃത്തിയാക്കുക.
- രോഗിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുക.
ഇവയാണ് ശാസ്ത്രീയമായി ശരിയായ മാർഗങ്ങൾ.
പഴയതും പുതിയതുമായ ചികിത്സകൾ
മുന്‍കാലത്ത് Eptoin, Phenobarbitone പോലുള്ള മരുന്നുകളാണ് പ്രധാനമായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന്, അപസ്മാരത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുന്ന നിരവധി പുതിയ മരുന്നുകൾ ലഭ്യമാണ്. പ്രത്യേകിച്ച് ഇവ പെൺകുട്ടികൾക്കും ഗർഭിണികൾക്കും സുരക്ഷിതമായ രീതിയിൽ ഉപയോഗിക്കാം.
എന്നാൽ ദീർഘകാലം മരുന്ന് കഴിച്ചിട്ടും രോഗം നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ, അതു നേരത്തെ തിരിച്ചറിഞ്ഞ് epilepsy സ്പെഷ്യലിസ്റ് അടങ്ങിയ ഒരു മെഡിക്കൽ ടീമിനെ സമീപിക്കുന്നത് അനിവാര്യമാണ്.
അഡ്വാൻസ്ഡ് പരിശോധനകളും ശസ്ത്രക്രിയാ സാധ്യതകളും
Video EEG, Functional MRI പോലുള്ള പരീക്ഷണങ്ങൾ വഴി രോഗം ശസ്ത്രക്രിയ മുഖേന തടയാൻ പറ്റുമോ എന്നത് കൃത്യമായി മനസ്സിലാക്കാം.
ചില രോഗികളിൽ ശസ്ത്രക്രിയക്ക് മികച്ച ഫലമാണ് ലഭിക്കുന്നത്, പ്രത്യേകിച്ച് ഒന്നിലധികം മരുന്നുകൾ ഉപയോഗിച്ചിട്ടും രോഗം തുടരുന്നവരിൽ. മരുന്നുകൾ ഉപയോഗിച്ചുതന്നെ രോഗം പൂർണ്ണമായി നിയന്ത്രിക്കാനാകുന്നവരിൽ ശസ്ത്രക്രിയ വേണ്ടതില്ല. എന്നാൽ അതിൽ പരാജയപ്പെടുന്ന കേസുകളിൽ surgery ഏറ്റവും ഫലപ്രദമാണ്.
അപസ്മാരത്തെക്കുറിച്ചുള്ള മിത്തുകൾ നമ്മൾ മാറ്റേണ്ട സമയമാണിത്. തെറ്റായ വിശ്വാസങ്ങളും പേടികളും മാറ്റി വച്ച്, രോഗം ആരംഭിക്കുന്നതുമുതൽ ശരിയായ സമയത്ത് ചികിത്സ തേടുക അത്യാവശ്യമാണ്. അപസ്മാരം ചികിത്സിക്കാനാകാത്ത രോഗമല്ലെന്നും ശരിയായ ചികിത്സയും പിന്തുണയും ലഭിച്ചാൽ, രോഗികൾക്ക് പൂർണ്ണമായും സാധാരണ ജീവിതം നയിക്കാനാകും എന്നുള്ളത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ന്യൂറോ സർജറി വിഭാഗം മേധാവിയാണ് ലേഖകൻ.
Content Highlights: Understanding Epilepsy: Debunking Myths and Embracing Scientific Care
Published: 17 Nov 2025, 12:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented