കോട്ടയം: ഡോക്ടർക്ക് പൊണ്ണത്തടിയാണെങ്കിൽ, മുന്നിലിരിക്കുന്ന രോഗിയോട് വണ്ണം കുറയ്ക്കണമെന്ന് പറയാൻ പറ്റുമോ? ഈ ചിന്തയിൽനിന്നാണ് ഡോ. ജീവൻ ജോസഫ് തടി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചുതുടങ്ങിയത്. ഒന്നരവർഷം മുൻപ് ഭാരം 105 കിലോ. ഇപ്പോൾ 75 കിലോ മാത്രം.

To advertise here,

''വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ് വണ്ണം കുറയ്ക്കാനുള്ള പ്രധാനവഴികൾ. ഭക്ഷണം കുറയ്ക്കാതെ വ്യായാമം കൊണ്ടുമാത്രം വണ്ണം കുറയ്ക്കാൻ കഴിയില്ല''- 51-കാരനായ ഡോ. ജീവൻ പറയുന്നു. ഏറ്റുമാനൂർ വിമല ഹോസ്പിറ്റൽ ജീവൻസ് ഡയബറ്റിക് ആൻഡ് എൻഡോക്രൈൻ സെന്റർ ഡയറക്ടറും കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റുമാണ് ഡോ. ജീവൻ.

അരിയും മധുരവും പടിക്കുപുറത്ത്

ഭക്ഷണക്രമത്തിലെ മാറ്റമായിരുന്നു പ്രധാനം. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കുറച്ചു. ചോറ്, ചപ്പാത്തി, ദോശ, ഇഡ്ഡലി, പുട്ട് തുടങ്ങിയ പതിവ് ഭക്ഷണം ഒഴിവാക്കി. രാവിലെ ഒരുഗ്ലാസ് വെള്ളത്തിൽ പ്ലാന്റ് പ്രോട്ടീൻ പൊടി രണ്ട് സ്പൂൺ കഴിച്ചു. കൂടെ മുട്ട, പഴങ്ങൾ എന്നിവയും. ഉച്ചയ്ക്ക് ചോറിന് പകരം മീൻ, ചിക്കൻ, വെജിറ്റബിൾ ഉൾപ്പെടെയുള്ള കറികൾ, തോരൻ എന്നിവയും കഴിച്ചു. രാത്രി പ്രോട്ടീൻ പൊടിയും പഴങ്ങളും പച്ചക്കറി പാചകം ചെയ്തതും.

ഏറെ വെള്ളം കുടിച്ചു. ചായ ഒഴിവാക്കി. കട്ടൻകാപ്പി കുടിച്ചു. പിന്നെ വ്യായാമം. രാവിലെ 40 മിനിട്ട് വീട്ടിൽ വെയ്റ്റ് ട്രെയിനിങ് ഉൾപ്പെടെയുള്ള വ്യായാമം. വൈകീട്ട് സൈക്കിൾ ചവിട്ടി.

ഏതെങ്കിലും ആഘോഷങ്ങൾക്ക് പോയാൽ സാധാരണപോലെ കഴിക്കും. അടുത്ത ദിവസങ്ങളിൽ ഭക്ഷണം നിയന്ത്രിക്കും. ''ഭക്ഷണം ഒഴിവാക്കലല്ല, ബുദ്ധിപൂർവം തിരഞ്ഞെടുക്കലാണ് പ്രധാനം. വണ്ണം കുറയ്ക്കാൻ എളുപ്പമാണ്. എന്നാൽ വണ്ണം കൂടാത്ത അവസ്ഥ നിലനിർത്തുക പ്രയാസം. അതിന് നിശ്ചയദാർഢ്യം വേണം. ഇത് ഒരു സ്പ്രിന്റ് അല്ല. മാരത്തൺ ആണ്''- ഡോ. ജീവൻ ഉപദേശിക്കുന്നു.

ഡോക്ടറുടെ ഈ മാരത്തണിൽ ഭാര്യ ഡോ. പ്രീതി കോരയുടെ പിന്തുണയും ഉണ്ടായിരുന്നു. വിമല ആശുപത്രിയിലെ ജോയിന്റ് ഡയറക്ടറും കോസ്മെറ്റിക് ഗൈനക്കോളജി കൺസൾട്ടന്റുമാണ് അവർ.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം അമിതവണ്ണം വലിയ ആരോഗ്യപ്രശ്‌നമാണ്. കുട്ടികളിലും യുവാക്കളിലും ഇതിന്റെ തോത് കൂടുന്നു. 40 ശതമാനം സ്ത്രീകൾക്കും 12 ശതമാനം പുരുഷൻമാർക്കും വയറിൽ കൊഴുപ്പ് കൂടുതലാണെന്നും കണക്കുകൾ പറയുന്നു.