കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏതറ്റം വരെയും പോകാൻ തയ്യാറാണെന്ന് തെളിയിച്ച നടിയാണ് പരിനീതി ചോപ്ര. സംഗീത ഇതിഹാസം അമർ സിങ് ചംകീലയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും സംഗീത പങ്കാളിയുമായ അമർജോത് കൗർ ആയി മാറാൻ 15 കിലോയോളം ശരീരഭാരം കൂട്ടിയ പരിനീതി അതിനുശേഷം നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രേക്ഷകപ്രശംസ നേടിയിട്ടും, ശരീരം തടിച്ചതിന്റെ പേരിൽ നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ചും പരിനീതി മനസ്സുതുറന്നു.

To advertise here,

അമർജോത് കൗറിന്റെ ശാരീരിക സവിശേഷതകളോട് നീതി പുലർത്താൻ പ്രോസ്‌തെറ്റിക്‌സ് ഉപയോഗിക്കുന്നതിന് പകരം സ്വാഭാവികമായി തടിക്കുക എന്നതായിരുന്നു സംവിധായകന്റെയും പരിനീതിയുടെയും തീരുമാനം. ചുരുങ്ങിയ സമയത്തിനുള്ളിൽ കലോറി കൂടിയ ഭക്ഷണങ്ങൾ കഴിച്ച് ശരീരഭാരം 15 കിലോയാണ് വർധിപ്പിച്ചത്. എൺപതുകളിലെ പഞ്ചാബി ഗായികയുടെ ശരീരപ്രകൃതിയും രൂപവും സ്‌ക്രീനിൽ കൃത്യമായി കൊണ്ടുവരാൻ ഈ മാറ്റം സഹായിച്ചു.

എന്നാൽ ചിത്രം പൂർത്തിയായതിന് ശേഷം പഴയ ശരീരഭാരത്തിലേക്ക് തിരികെയെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് പരിനീതി പറയുന്നു.വർക്ക്ഔട്ടുകളിലൂടെയും കൃത്യമായ ഡയറ്റിലൂടെയും ഭാരം കുറച്ച് പഴയ രൂപത്തിലേക്ക് എത്താൻ രണ്ട് വർഷത്തോളം എടുത്തു. അതിനിടെ പ്രൊഫഷണൽ രംഗത്തും പരിനീതി തിരിച്ചടികൾ നേരിട്ടു. അമിതമായി വണ്ണം വെച്ച സമയത്ത് പല ഫാഷൻ ബ്രാൻഡുകളും പരസ്യ ചിത്രങ്ങളും അവസരങ്ങൾ നൽകാൻ മടിച്ചു. പൊതുപരിപാടികളിൽ എത്തുമ്പോൾ വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത രീതിയിലുള്ള സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നു. വണ്ണം കൂടിയ സമയത്ത് താൻ ഗർഭിണിയാണെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിച്ചതും പരിനീതി ഓർത്തു.

ശരീരഭാരം കൂട്ടിയത് മൂലം കരിയറിലും വ്യക്തിജീവിതത്തിലും താൽക്കാലികമായി ചില തിരിച്ചടികൾ നേരിട്ടെങ്കിലും ആ തീരുമാനത്തിൽ ഒട്ടും ഖേദമില്ലെന്ന് താരം തുറന്നുപറയുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ കഥാപാത്രത്തോട് പൂർണ്ണമായി നീതി പുലർത്താൻ സാധിച്ചതിലാണ് സന്തോഷം. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ച വലിയ സ്വീകാര്യത തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ അംഗീകാരമെന്നും പരിനീതി കൂട്ടിച്ചേർത്തു.