രക്തത്തിലെ ​ഗ്ലൂക്കോസ് കൂടുതലാവുന്ന അവസ്ഥയെന്ന് പ്രമേഹത്തെ ലളിതമായി പറയാം. എന്നാൽ ഇത്ര ലളിതമല്ല പ്രമേഹം. രക്തത്തിലെ ​ഗ്ലൂക്കോസിന്റെ അളവുമായി ബന്ധപ്പെട്ടുകിടക്കുന്ന പലതരത്തിലുള്ള അസന്തുലിതാവസ്ഥകളുടെ ആകെത്തുകയാണ് പ്രമേഹം. ഈ പ്രശ്നങ്ങൾ എല്ലാംതന്നെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹോർമോണുകളിലൊന്നായ ഇൻസുലിനുമായി ഏതെങ്കിലുമൊക്കെ തരത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു. 

To advertise here,

പ്രമേഹരോ​ഗികളിൽ ഒരു ചെറിയ ശതമാനത്തിന് മാത്രമാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. കൂടുതലും ചെറിയ പ്രായത്തിൽ തന്നെ തുടങ്ങുന്നു. ഒരാളുടെ രോ​ഗപ്രതിരോധ സംവിധാനങ്ങൾ സ്വന്തം ശരീരത്തിനെതിരെ പ്രതികരിക്കുന്ന ഓട്ടോ ഇമ്മ്യൂൺ പ്രതിഭാസമാണ് ടൈപ്പ് 1ന്റെ പിറകിലെ പ്രധാന കാരണം. രോ​ഗിയുടെ പാൻക്രിയാസ് ​ഗ്രന്ഥിയിലെ ഇൻസുലിൻ ഉത്പാദിപ്പിക്കേണ്ട കലകൾ നേരത്തേ നശിച്ചുപോവുകയും അതിനാൽ ഇൻസുലിൻ ഉത്പാദനം ക്രമാതീതമായി കുറയുകയും ചെയ്യുന്നു. ഇൻസുലിന്റെ അഭാവം രക്തത്തിലെ ​ഗ്ലൂക്കോസ് വർധിക്കാൻ കാരണമാകുന്നു. 

ഇൻസുലിൻ പ്രതികരിക്കാതിരിക്കുമ്പോൾ

ഏറ്റവും സാധാരണയായി കാണുന്ന പ്രമേഹം മുഖ്യമായും ടൈപ്പ് 2 പ്രമേഹമാണ്. ഇവിടെ ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ടൈപ്പ് 1പ്രമേഹത്തേക്കാൾ സങ്കീർണമാണ്. ഈ മാറ്റങ്ങളുടെയെല്ലാം അച്ചുതണ്ട് ഇൻസുലിൻ പ്രതികരണമില്ലായ്മ( ​insulin resistance) ആണെന്ന് പറയാം. രോ​ഗത്തിന്റെ ആരംഭനാളുകളിൽ പാൻക്രിയാസ് ഇൻസുലിൻ ആവശ്യത്തിന് ഉത്പാദിപ്പിച്ചാലും ഇൻസുലിന്റെ പ്രവർത്തനം ശരീരത്തിൽ നടക്കാതെ പോകുന്നു. കാലം കഴിയുംതോറും പാൻക്രിയാസിന്റെ ഉത്പാദനക്ഷമത കുറഞ്ഞുവരികയും ഒടുവിൽ ശരീരത്തിലെ ഇൻസുലിന്റെ അളവ് കുറയുകയും ചെയ്യുന്നു. അതായത് ഒരേസമയം ഇൻസുലിന്റെ അളവ് കുറയുകയും നിലവിലുള്ള ഇൻസുലിന് പ്രവർത്തിക്കാൻ കഴിയാത്ത ഒരന്തരീക്ഷം ഉണ്ടാവുകയും ചെയ്യുന്നു. ഇത് രക്തത്തിലെ ​ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്നതിൽ മാത്രമല്ല ചീത്ത കൊഴുപ്പ് വർധിക്കുന്നതിലും കരൾ, രക്തക്കുഴലുകൾ പോലെ ശരീരത്തിലെ പലഭാ​ഗങ്ങളിലും കൊഴുപ്പ് അടിയുന്നതിനും കാരണമാകുന്നു. 

ഒത്തിരി ഘടകങ്ങൾ ഒരുമിച്ച്

ടൈപ്പ് 2 പ്രമേഹത്തിന് പിന്നിൽ ഒത്തിരി ഘടകങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നതായി കാണാം. ഇവയിൽ ഏറ്റവും പ്രധാനം ജനിതക ​ഘടകങ്ങളും പരിസ്ഥിതി സംബന്ധമായ ഘടകങ്ങളുമാണ്. ജനിതകഘടകങ്ങൾ കാരണം ഒരു പ്രമേഹ രോ​ഗിയുടെ രക്തബന്ധത്തിൽപ്പെട്ടവരിൽ രോ​ഗം പകരാനുള്ള സാധ്യത കൂടുന്നതായി കാണാം. പാരിസ്ഥിതിക ഘടകങ്ങളിൽ ഏറ്റവും പ്രധാനം ഭക്ഷണരീതിയും വ്യായാമവും തന്നെ. ഇരുന്നു ജോലി ചെയ്യുന്നവരിൽ പ്രമേഹസാധ്യത ശരീരം ഇളകി ജോലി ചെയ്യുന്നവരെ അപേക്ഷിച്ച് കൂടുതലാണെന്ന് കാണാം. മിക്കവാറും ടൈപ്പ് 2 പ്രമേഹരോ​ഗികൾ അമിതവണ്ണമുള്ളവരായിരിക്കും. പ്രത്യക്ഷത്തിൽ വണ്ണം തോന്നാത്തവർക്കും അരവണ്ണം കൂടുതലാണെന്നും അവരുടെ ആന്തരികാവയവങ്ങളിലെ കൊഴുപ്പ് വളരെ കൂടുതലാണെന്നും കാണാൻ കഴിയും. ഇന്ത്യക്കാരിൽ പ്രമേഹത്തിനുള്ള സാധ്യത മറ്റു പല രാജ്യക്കാരേക്കാളും കൂടുതലായി കാണപ്പെടുന്നുണ്ട്. ഒരേ ശരീരഭാരമുള്ള ഇന്ത്യക്കാരനെയും യൂറോപ്യനെയും തമ്മിൽ താരതമ്യം ചെയ്താൽ ഇന്ത്യക്കാരന് പ്രമേഹസാധ്യത കൂടുതലാണ്. പ്രത്യക്ഷത്തിൽ അമിതവണ്ണം തോന്നാത്ത പലരിലും അരയും ഇടുപ്പും തമ്മിലുള്ള വണ്ണത്തിലെ അനുപാതം (waist hip ratio) കൂടുതലാണെന്ന് കാണാം. ഇത് പ്രമേഹസാധ്യതയുമായി വളരെ ബന്ധപ്പെട്ട് കിടക്കുന്നു.

ഇൻസുലിൻ പ്രതികരണമില്ലായ്മ കാരണം വരുന്ന പ്രമേഹത്തോട് ചേർന്നുപോകുന്ന മറ്റ് മാറ്റങ്ങളാണ് അമിത രക്തസമ്മർദം, അമിതമായ ചീത്ത കൊളസ്ട്രോൾ തുടങ്ങിയവ. ഇവ പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുകയും ഓരോന്നും പ്രത്യേകമായും ഒന്നിച്ചുനിന്നും ശരീരത്തിലെ അവയവങ്ങളെ പലതരത്തിലുള്ള കേടുപാടുകളി‍ൽ എത്തിക്കുകയും ചെയ്യുന്നു. 

കൂട്ടുകൂടുന്ന രോ​ഗങ്ങൾ

പ്രമേഹവും കൂടെവരുന്ന മറ്റു ജീവിതശൈലീ രോ​ഗങ്ങളും രക്തക്കുഴലുകളിൽ കേടുപാടുണ്ടാക്കിക്കൊണ്ടിരിക്കും. രക്തക്കുഴലുകളുടെ വിവിധ പാളികളുടെ കനം വർധിപ്പിക്കുകയും അകംപാളിയിൽ കൊഴുപ്പടിയിക്കുകയും(plaque) ചെയ്യുന്നു. അതിറോ സ്ക്ലീറോസിസ് എന്ന് വിളിക്കുന്ന ഈ അവസ്ഥ പ്രായം കൂടിവരുമ്പോൾ എല്ലാവരിലും കാണുമെങ്കിലും പ്രമേഹമുള്ളവരിൽ ഈ മാറ്റങ്ങൾ നേരത്തേ ആരംഭിക്കുകയും പെട്ടെന്ന് കൂടുകയും ചെയ്യുന്നു. ഇങ്ങനെ രക്തക്കുഴുലുകൾക്കുണ്ടാക്കുന്ന തകരാറുകളാണ് വിവിധ അവയവങ്ങളുടെ കേടുപാടുകളിൽ കലാശിക്കുന്നത്. 

വലിയ രക്തധമനികളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ പിന്നീട് ഹൃദയം, മസ്തിഷ്കം, കാൽ എന്നിങ്ങനെ വിവിധ ശരീരഭാ​ഗങ്ങളിലേക്കുള്ള രക്തപ്രവാഹം പാടേ നിലച്ചുപോകുന്ന നിലയിൽ വരെ എത്തിക്കുന്നു. 

ചെറിയ രക്തധമനികളിൽ ദീർഘകാലം കൊണ്ടുണ്ടാകുന്ന മാറ്റങ്ങൾ വൃക്ക, കണ്ണ്, നാഡികൾ എന്നിവയെ പ്രധാനമായും ബാധിക്കുന്നു. അന്ധതയുടെയും വൃക്ക പരാജയങ്ങളുടെയും ഏറ്റവും പ്രധാന കാരണം പ്രമേഹമാകുന്നു. 

രോ​ഗപ്രതിരോധ ശക്തിയെയും പ്രമേഹം ​ഗുരുതരമായി ബാധിക്കുന്നുണ്ട്. ആരോ​ഗ്യമുള്ള ഒരാളിൽ കാണാത്ത പലതരം അണുബാധകൾ പ്രമേഹരോ​ഗിയിൽ ഉണ്ടാവാം. വളരെ ചെറിയ അണുബാധ പോലും ​ഗുരുതരമാകാൻ പ്രമേഹം കാരണമാകുന്നു. ഒരേസമയം നാഡികളിലെ തകരാറുകൾ കാരണം സ്പർശനശേഷി നഷ്ടപ്പെടുകയും രക്തസഞ്ചാരം കുറയുകയും മുറിവുകളിൽ പ്രവേശിക്കുന്ന അണുക്കളോട് പ്രതികരിക്കാനുള്ള ശരീരത്തിന്റെ രോ​ഗപ്രതിരോധശക്തിക്ക് കഴിയാതെ വരികയും ചെയ്യുമ്പോഴാണ് പാദരോ​ഗങ്ങൾ മൂർച്ഛിക്കുകയും പാദം നഷ്ടപ്പെടുന്ന അവസ്ഥവരെ ഉണ്ടാവുകയും ചെയ്യുന്നത്. 

കോഴിക്കോട് ​ഗവ.മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാ​ഗം അസിസ്റ്റൻ പ്രൊഫസറാണ് ലേഖകൻ

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്