എഴുപത് വര്‍ഷംമുന്‍പുവരെ 'മാര്‍ഷല്‍ ഐലന്റ്‌സ്' എന്ന ദ്വീപസമൂഹത്തിന് പ്രമേഹവും അമിതവണ്ണവും മറ്റും അജ്ഞാതമായിരുന്നു. കൊഴുപ്പടിയാത്ത, ചുറുചുറുക്കുള്ള ആരോഗ്യമുള്ളവര്‍ ജീവിച്ചിരുന്ന സ്ഥലം. അവര്‍ പ്രാദേശികമായി ലഭിക്കുന്ന ധാന്യവര്‍ഗങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിച്ച് അധ്വാനിച്ച് ജീവിച്ചുവന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ മറ്റ് രാജ്യങ്ങളില്‍നിന്നുള്ള കുറേപേര്‍ അവിടെ ചേക്കേറി. അതോടെ പ്രാദേശികമായി ലഭിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ അവര്‍ക്ക് തികയാതെ വന്നു. തുടര്‍ന്ന് അവര്‍ വയറുനിറയ്ക്കാന്‍ പുറംരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത നൂഡില്‍സുപോലുള്ള പാക്കറ്റ് ഭക്ഷണത്തെ ആശ്രയിക്കുകയും ദാഹമകറ്റാന്‍ അമിതമായി ശീതളപാനീയങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. ഫലമോ, പ്രമേഹരോഗികളില്‍ ലോകത്തെ ഒന്നാംനമ്പര്‍ രാജ്യങ്ങളില്‍ മാര്‍ഷല്‍ ഐലന്റ്‌സ് ഇടംപിടിച്ചു. ആശുപത്രികളിലെ പ്രധാനരോഗം പ്രമേഹവും പ്രധാന ശസ്ത്രക്രിയ പ്രമേഹസംബന്ധമായ അംഗഛേദനവുമായി മാറി. മാത്രമല്ല, പൊതുവേ കൃശഗാത്രരായിരുന്ന അവര്‍ പലരും അമിതവണ്ണത്തിന് അടിമപ്പെട്ടു. മാര്‍ഷല്‍ ഐലന്റ്‌സിന്റെ അനുഭവം ജീവിതശൈലീരോഗങ്ങളുടെ നേര്‍ക്കാഴ്ചയാണ്.

To advertise here,

ഇന്നത്തെ ജീവിതസാഹചര്യത്തില്‍ വളരെ കണിശമായ ചിട്ടകള്‍ പിന്തുടരുക എല്ലാവര്‍ക്കും ഒരുപക്ഷേ, അപ്രായോഗികമാകാം. എന്നാല്‍, ആരോഗ്യത്തെ നിലനിര്‍ത്തുന്നതിനും രോഗപ്രതിരോധത്തിന് ശരീരത്തെ സജ്ജമാക്കുന്നതിനും ഏറ്റവും കുറഞ്ഞ പൊതുനിയമമെങ്കിലും  ജീവിതശൈലിയില്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. ഇതിന്റെ അനിവാര്യത, ദിനംപ്രതി വര്‍ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളില്‍നിന്ന് തിരിച്ചറിയപ്പെടേണ്ടതാണ്.  

ജീവിതശൈലിയുടെ സമവാക്യമെന്നത് നാം ചെയ്യുന്ന പ്രവൃത്തിക്ക് തത്തുല്യമായ വിശ്രമവും വിശ്രമത്തിന് തത്തുല്യമായ വ്യായാമവും ഊര്‍ജലബ്ധിക്ക് സമാനമായ വിനിയോഗവും ആണ്. കുറച്ചുകൂടി സൂക്ഷ്മമായി ചിന്തിച്ചാല്‍ നമ്മുടെ ഔദ്യോഗികജീവിതത്തിലും ഈ സമവാക്യം ഫലപ്രദമാണെന്ന് കാണാം. കംപ്യൂട്ടറില്‍ നിരന്തരം ജോലിചെയ്യുന്നവര്‍ അവരുടെ അമിതമായി ഉപയോഗിക്കപ്പെടുന്ന കണ്ണ്, കൈ, തലച്ചോറ് എന്നീ ഭാഗങ്ങള്‍ക്ക് അതത് സമയം വിശ്രമം നല്‍കണം. താരതമ്യേന ഉപയോഗിക്കാത്ത നട്ടെല്ല്, കാലുകള്‍ എന്നീ ഭാഗങ്ങള്‍ക്ക് മിതമായി വ്യായാമം നല്‍കുന്നത് ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും.

ഭക്ഷണം

മനുഷ്യശരീരത്തെ ജൈവഘടികാരവുമായി (Biological clock) ഉപമിക്കാം. കൃത്യസമയത്ത് ഊട്ടുകയും ഉറക്കുകയും വൃത്തിയാക്കുകയും ചെയ്താല്‍ കാലങ്ങളോളം നിര്‍യത്‌നം പ്രവര്‍ത്തിക്കുന്ന ജൈവഘടികാരം. ഇതിനെ നിലനിര്‍ത്തുന്ന പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങളാണ് ഭക്ഷണവും ഉറക്കവും വ്യായാമവും. നാം എന്ത് ഭക്ഷണം കഴിക്കുന്നുവോ അതുതന്നെയാണ് നാം. 'കുടല്‍ നന്നായാല്‍ ഉടല്‍ നന്നായി' എന്ന ചൊല്ല് വളരെ അന്വര്‍ഥമാണ്. മൂക്കറ്റം ഭക്ഷണം കഴിച്ച് ദഹിക്കാന്‍ പ്രയാസപ്പെടുന്ന കുടലിനെ കുത്തിനിറച്ച പഴവര്‍ഗങ്ങളുമായി പ്രവര്‍ത്തിക്കാന്‍ ക്ലേശിക്കുന്ന മിക്‌സറിനോട് ഉപമിക്കാം. ഇവിടെയാണ് ഭക്ഷണത്തിന്റെ അളവിലുള്ള പ്രസക്തി. വയറിനെ നാലായി പകുത്താല്‍, രണ്ട് ഭാഗം ഭക്ഷണത്തിനും  ഒരുഭാഗം പാനീയത്തിനുമാണെങ്കില്‍, ബാക്കിവരുന്ന ഒരു ഭാഗം കഴിച്ച ഭക്ഷണം നല്ല രീതിയില്‍ ദഹിക്കുന്നതിനായി ഒഴിച്ചിടുകയാണ് വേണ്ടത്.
മനുഷ്യശരീരത്തെ ഒട്ടനവധി ചെറുതും വലുതുമായ സ്രോതസ്സുകളാല്‍ (Channel) ബന്ധിപ്പിക്കപ്പെട്ട നാളീസമൂഹമായി കണക്കാക്കാം. നാം കഴിക്കുന്ന തെറ്റായ ഭക്ഷണങ്ങളാലും പ്രവൃത്തികളാലും ഈ നാളികള്‍ ഉപരോധിക്കപ്പെടുകയും അതുവഴി ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ ചലനസ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഓരോരുത്തരുടെയും ദഹനശേഷി വ്യത്യസ്തമാണ്. ദഹനത്തിന് ഉതകാത്ത ഭക്ഷണം കാലക്രമേണ ശരീരത്തില്‍ കൊഴുപ്പടിയുന്നതിനും ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനും കാരണമാകുന്നു.   മെറ്റബോളിക് ഡിസോര്‍ഡര്‍ (Metabolic disorders) എന്ന ഒരു കൂട്ടം രോഗങ്ങള്‍ ഇതുതന്നെയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍, അമിതവണ്ണം ഇതെല്ലാം ചേര്‍ന്നതാണ് മെറ്റബോളിക് ഡിസോര്‍ഡര്‍. ഇവയോരോന്നും ഹൃദയസ്തംഭനത്തിലേക്കും പക്ഷാഘാതത്തിലേക്കുമുള്ള ചൂണ്ടുവിരല്‍ കൂടിയാണ്.

ഉറക്കം

നാം ഉറങ്ങുമ്പോഴും നമുക്കുവേണ്ടി ഉറങ്ങാത്ത കുടലിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? വളരെ വൈകി ഭക്ഷണം കഴിച്ചുറങ്ങുന്ന ഒരു വ്യക്തിക്ക് തൃപ്തിയായ ഉറക്കവും സുഖമായ ഉണരലും പ്രയാസമാണ്. കാലക്രമേണ ഇതും ജീവിതശൈലീരോഗങ്ങളിലേക്ക് വഴിതെളിക്കുന്നു. ഭക്ഷണത്തോടൊപ്പം പ്രധാനമാണ് ഉറക്കവും. ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍വരെ ലഭിക്കുന്ന ഗാഢനിദ്ര ശരീരത്തിന് മതിയായ വിശ്രമവും ആരോഗ്യവും പ്രദാനം ചെയ്യുന്നു. അതിരാവിലെ എഴുന്നേല്‍ക്കുന്നത് ദീര്‍ഘസ്ഥായിയായ പ്രമേഹംപോലുള്ള ഗുരുതരരോഗങ്ങളില്‍വരെ അനുകൂലമായ മാറ്റങ്ങള്‍ വരുത്തുന്നു. എന്നാല്‍, ശക്തമായ വേനല്‍ക്കാലത്തൊഴികെ പകലുറക്കം ശരീരത്തിന് നല്ലതല്ല.

വ്യായാമം

ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നിയന്ത്രിക്കുന്നതിനും ഇന്ദ്രിയങ്ങളെ കൂടുതല്‍ കര്‍മനിരതമാക്കുന്നതിനും ശരിയായ ദഹനപചന വ്യവസ്ഥയ്ക്കും വ്യായാമം അനിവാര്യമാണ്. അമിതമായി വ്യായാമം ചെയ്യരുത്. രാവിലെ ചെയ്യുന്നതാണ് ഉത്തമം. ഒരിക്കലും മലം, മൂത്രം മുതലായ സ്വാഭാവിക ശാരീരധര്‍മങ്ങളെ പിടിച്ചുനിര്‍ത്തുകയോ ബലം പ്രയോഗിച്ച് പുറന്തള്ളുകയോ ചെയ്യരുത്.

വയറിനെ മനുഷ്യശരീരത്തിന്റെ രണ്ടാമത്തെ തലച്ചോറായാണ് കണക്കാക്കുന്നത്. ഒട്ടനവധി നാളീകോശങ്ങള്‍ മുഖേനയും മറ്റും ഇവ തമ്മിലുള്ള ബന്ധം ആധുനിക ശാസ്ത്രജ്ഞന്മാര്‍വരെ തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടുതന്നെ നാം കഴിക്കുന്ന ഭക്ഷണത്തിനുവരെ മനുഷ്യമനസ്സിന്റെ അചിന്ത്യമായ ഭാവഭേദങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് വിശ്വസിച്ചേ പറ്റൂ.

ഒരു കാലം നാം പട്ടിണിമൂലമുള്ള രോഗങ്ങളെയും മരണത്തെയുമാണ് കൂടുതലറിഞ്ഞിരുന്നതെങ്കില്‍, ഇന്ന് ആ സ്ഥാനം അമിതമായ ഭക്ഷണത്തിനും സുഖസൗകര്യങ്ങള്‍ക്കുമാണ്. ഇന്ന് കാണുന്ന 80 ശതമാനം രോഗങ്ങളും ഒരുതരത്തില്‍ അല്ലെങ്കില്‍ വേറൊരു തരത്തില്‍ ജീവിതശൈലിയുമായി ഇഴചേര്‍ന്ന് കിടക്കുന്നു. ലോകാരോഗ്യസംഘടനയുടെ പഠനമനുസരിച്ചുതന്നെ വളരെ ഗുരുതരമായ കാന്‍സര്‍, ഹൃദയാഘാതം, പക്ഷാഘാതം, മറവിരോഗം എന്നുതുടങ്ങി നിത്യജീവിതത്തില്‍ കണ്ടുവരുന്ന നടുവേദനവരെ ജീവിതശൈലീരോഗങ്ങളുടെ ഗണത്തില്‍പ്പെടുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയെ കൂടുതല്‍ ആശ്രയിക്കുന്ന ഇക്കാലത്ത് കഴുത്തുവേദന, നടുവേദന, കണ്ണ് വരള്‍ച്ച, സന്ധിവാതം മുതലായ രോഗങ്ങളും കൂടുതലായി കണ്ടുവരുന്നു. തെറ്റായ ഇരുത്തം, കിടപ്പ്, ഭക്ഷണം എന്നിവ മൂലം നട്ടെല്ലിനുതന്നെ വളവ് (Scoliosis) സംഭവിച്ച രോഗിയെ പിഴിച്ചില്‍, നവരക്കിഴി മുതലായ ചികിത്സചെയ്ത് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിന്റെ ഓര്‍മ സാന്ദര്‍ഭികമായി ഇവിടെ പങ്കുവയ്ക്കുന്നു.

ഉണര്‍വിന് എണ്ണതേച്ച് കുളി

നിത്യവും എണ്ണ തേച്ച് കുളിക്കുന്നത് ശരീരസന്ധികള്‍ക്ക് അയവുവരുത്തുന്നതിനും കോശങ്ങള്‍ക്ക് ഉണര്‍വുനല്‍കുന്നതിനും വളരെ നല്ലതാണ്. ശരീരത്തില്‍ കാലക്രമേണ അടിഞ്ഞുകൂടുന്ന വിഷസദൃശമായ മാലിന്യങ്ങളെ നിരന്തരം ശുദ്ധിചെയ്യുന്നത് ജീവിതശൈലീരോഗങ്ങളില്‍നിന്ന് മോചനം ലഭിക്കാന്‍ സഹായിക്കും. വയറിന്റെയും മറ്റ് ശരീരഭാഗങ്ങളുടെയും അമിതവണ്ണം കുറക്കുന്നതിനായി ഏലാദിചൂര്‍ണം, കോലകുലത്ഥാദി ചൂര്‍ണം മുതലായ പൊടികള്‍കൊണ്ട് തിരുമ്മുന്നത് നല്ലതായിരിക്കും. വൈദ്യനിര്‍ദേശമനുസരിച്ചുള്ള പഞ്ചകര്‍മചികിത്സയും ദഹനപചനവ്യവസ്ഥയെ സമീകരിക്കുന്ന മരുന്നുകളും ജീവിതശൈലീരോഗങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. ജോലിസ്ഥലത്ത് ശരീരഘടനയുടെ ആരോഗ്യപരമായുള്ള നിലനില്പിനായുള്ള ക്രമീകരണങ്ങള്‍ നടത്തേണ്ടതാണ്.  

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍ ആണ് ലേഖകൻ

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്