
പ്രായ-ലിംഗ ഭേദമില്ലാതെ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ആരെയും എപ്പോഴും ബാധിക്കാന്‍ സാധ്യതയുള്ള രോഗാവസ്ഥയാണ് പ്രമേഹം. ഒരു തവണ ബാധിതനായാല്‍ പിന്നീട് പൂര്‍ണ്ണമുക്തി നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ എപ്പോഴും കൂടെയുണ്ടാകുന്ന ഒരു സുഹൃത്തിനെപ്പോലെ കൃത്യമായി പരിചരിച്ച് മുന്‍പിലേക്ക് പോയാല്‍ മറ്റ് ബുദ്ധിമുട്ടുകളില്ലാതെ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ സാധിക്കുംഎന്നാല്‍ കൃത്യമായി പരിചരിച്ചിട്ടില്ലെങ്കില്‍ ഈ സുഹൃത്ത് ശത്രുവായി മാറുവാനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ശരീരത്തിന് നല്‍കുവാനും അധിക സമയമെടുക്കുകയുമില്ല. അതുകൊണ്ട് തന്നെ പ്രമേഹ പരിചരണത്തില്‍ ആദ്യം ഓര്‍മ്മവെക്കേണ്ട പോയിന്റ് 'പ്രമേഹത്തെ ശത്രുവാകാന്‍ അനുവദിക്കാതെ മിത്രമാക്കി കൂടെ നിര്‍ത്തണം എന്നതാണ്'.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന, പാന്‍ക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍. ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ അല്ലെങ്കില്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. രോഗത്തിന്റെ വിഭാഗം, ബാധിതനായ വ്യക്തിയുടെ ശാരീരികമായ പ്രത്യേകതകള്‍, മറ്റ് രോഗങ്ങള്‍, മരുന്നുകളോടുള്ള പ്രതികരണം തുടങ്ങിയ പല വിഷയങ്ങളും പരിഗണിച്ചാണ് ചികിത്സ നിര്‍ദ്ദേശിക്കപ്പെടാറുള്ളത്. എന്നിരുന്നാലും ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയാല്‍ പ്രമേഹത്തെ ഒരു പരിധിവരെ അതിജീവിച്ച് മുന്‍പിലേക്ക് പോകാന്‍ സാധിക്കും.
ഡയബറ്റിസ് റമിഷന്‍ അഥവാ പ്രമേഹത്തില്‍ നിന്നുള്ള മുക്തി
സമീപകാലത്തായി പ്രമേഹ ചികിത്സയില്‍ വളര്‍ന്ന് വന്നിരിക്കുന്ന പുരോഗതികളിലൊന്നാണ് ഡയബറ്റിസ് റമിഷന്‍ അഥവാ പ്രമേഹ മുക്തി എന്നത്. ഒരിക്കല്‍ ബാധിച്ചാല്‍ പിന്നീടൊരിക്കലും മുക്തിനേടാനാകില്ല എന്ന അവസ്ഥയില്‍ നിന്നുള്ള മാറ്റം കൂടിയാണിത്. പ്രമേഹത്തില്‍ നിന്ന് മുക്തി നേടുക എന്നാല്‍ ഒരിക്കലും തിരിച്ചുവരാത്ത വിധം പ്രമേഹത്തെ ഇല്ലാതാക്കി എന്നര്‍ത്ഥമില്ല. എന്നാല്‍ തുടക്കത്തിലെ പരിശ്രമിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ നില സാധാരണ അവസ്ഥയില്‍ തുടരുവാന്‍ സാധിക്കുകയും ചെയ്യും. ദീര്‍ഘകാലം ഈ അവസ്ഥയിലൂടെ മരുന്നിന്റെ സഹായമില്ലാതെ തന്നെ പൂര്‍ണ്ണ ആരോഗ്യവാനായി മുന്നോട്ട് പോകുകയും ചെയ്യാം. ഇതിനായി ഇനി പറയുന്ന കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
1) നേരത്തെ തിരിച്ചറിയുക
പ്രമേഹത്തിന്റെ സാന്നിദ്ധ്യം ഏറ്റവും നേരത്തെ തിരിച്ചറിയുക എന്നതാണ് പ്രമേഹമുക്തി നേടുവാന്‍ സഹായകരമാകുന്ന പ്രധാന ഘടകം. പ്രമേഹ പാരമ്പര്യമുള്ളവര്‍, അമിത ഭാരമുള്ളവര്‍ തുടങ്ങിയവര്‍ കൃത്യമായ ഇടവേളകളില്‍ നിര്‍ബന്ധമായും പരിശോധന നടത്തി പ്രമേഹമില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് നിര്‍ബന്ധമാണ്. അഥവാ പ്രമേഹത്തിന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ എന്‍ഡോക്രൈനോളജിസ്റ്റിനെ സന്ദര്‍ശിച്ച് ഉപദേശം തേടുകയും വേണം.
2) അമിതഭാരം കുറയ്ക്കുക
ടൈപ്പ് 2 പ്രമേഹത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന അമിതഭാരമാണ്. അതുകൊണ്ട് തന്നെ ശരീരത്തിന്റെ അമിതഭാരം കുറയ്ക്കുക എന്നത് പ്രമേഹമുക്തിയിലേക്കുള്ള സഞ്ചാരത്തില്‍ നിര്‍ണ്ണായക ഘടകമാണ്. ഇത്തരത്തില്‍ ശരീരഭാരം കുറയ്ക്കുന്നത് ഇന്‍സുലിന്റെ ഉത്പാദനശേഷിയേയും ശരീരത്തിന്റെ ആഗിരണ ശേഷിയേയും വര്‍ദ്ധിപ്പിക്കും. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ നില കുറയ്ക്കുവാനും പ്രമേഹം നിയന്ത്രണ വിധേയമാക്കുവാനും സഹായകരമാകുന്നു.
3) ഭക്ഷണത്തിലെ മാറ്റം
ആരോഗ്യകരമായതും പ്രമേഹ നിയന്ത്രണത്തിന് സഹായകരമായതുമായ ഭക്ഷണശീലം നിര്‍ബന്ധണായും പിന്‍തുടരേണ്ടതുണ്ട. കാര്‍ബോഹൈഡ്രോറ്റ് കുറഞ്ഞ ഭക്ഷണം ശീലമാക്കുകയും ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് മുതലായവ ഒഴിവാക്കുകയും വേണം. ഓരോ വ്യക്തിയുടേയും ശാരീരികമായ പ്രത്യേകതകള്‍ക്കനുസരിച്ചാണ് ഭക്ഷണം ക്രമീകരിക്കേണ്ടത്. ഇതിന് എന്‍ഡോക്രൈനോളജിസ്റ്റിന്റെയും ഡയറ്റീഷ്യന്റെയും നിര്‍ദ്ദേശം സ്വീകരിക്കണം. സ്വന്തം ഇഷ്ടപ്രകാരമോ മറ്റാരെങ്കിലും ചെയ്ത ഡയറ്റ് അതുപോലെ സ്വീകരിക്കുകയോ ചെയ്യരുത്. ഇത് ചിലപ്പോള്‍ കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കാനിടയാക്കുകയും ചെയ്‌തേക്കാം.
4) വ്യായാമം
കൃത്യമായ, ചിട്ടയോട്കൂടിയുള്ള വ്യായാമം പ്രമേഹ നിയന്ത്രണത്തില്‍ നിര്‍ബന്ധിത ഘടകമാണ്. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുവാനും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി ഉറപ്പ് വരുത്തുവാനും വ്യായാമത്തിലൂടെ സാധിക്കും. ഡോക്ടറുടേയും ഫിസിയോതെറാപ്പിസ്റ്റിന്റെയും നിര്‍ദ്ദേശമാണ് വ്യായാമ മുറകള്‍ തീരുമാനിക്കും മുന്‍പ് സ്വീകരിക്കേണ്ടത്.
5) കൃത്യതമായ വിലയിരുത്തല്‍
പ്രമേഹ നിയന്ത്രണത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് കൃത്യമായ വിലയിരുത്തല്‍. ഓരോ മൂന്ന് മാസം കൂടുമ്പോഴും നിര്‍ബന്ധമായും പ്രമേഹനില പരിശോധന നടത്തണം. ഭക്ഷണത്തിന് മുന്‍പുള്ളതും ശേഷമുള്ളതുമായ പരിശോധനകള്‍ക്ക് പുറമെ മൂന്ന് മാസത്തെ പ്രമേഹത്തിന്റെ ശരാശരി (HbA1C) കൂടി പരിശോധിക്കണം.
ഇത്രയും കാര്യങ്ങള്‍ കൃത്യമായി പിന്‍തുടര്‍ന്നാല്‍ പ്രമേഹമുക്തി എന്ന അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ സാധിക്കും. എന്നാല്‍ പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കി, ഇനി ഈ മുന്‍കരുതലുകളൊന്നും എടുക്കേണ്ടതില്ല എന്ന ധാരണയുണ്ടാകരുത്. ദീര്‍ഘകാലത്തേക്ക് ഈ ജീവിത ശൈലി തന്നെ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മുന്‍പിലേക്ക് കൊണ്ടുപേകണ്ടി വരും. ഏതെങ്കിലും ഘട്ടത്തില്‍ ഇതില്‍ വീഴ്ച വരുത്തിയാല്‍ അധികം താമസിയാതെ തന്നെ ശരീരം പ്രമേഹത്തിന് വിധേയമാകുകയും ചെയ്യുമെന്ന് കൂടി ഓര്‍മ്മപ്പെടുത്തട്ടെ.
(ആസ്റ്റര്‍ മിംസ് കണ്ണൂരിലെ കണ്‍സല്‍ട്ടന്റ് എന്റോക്രൈനോളജിസ്റ്റാണ് ലേഖകൻ)
Content Highlights: know more about diabetic remission, world diabetes day 2023
Published: 14 Nov 2023, 01:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented