രോഗങ്ങൾ കണ്ടത്താൻ (diagnose) എല്ലായ്പ്പോഴും ടെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. ഉദാഹരണത്തിന് ചിക്കൻ പോക്സ് പോലെയുള്ള രോഗങ്ങൾ ഒരു ലാബ് ടെസ്റ്റുകളുടെയും സഹായമില്ലാതെ തന്നെ തിരിച്ചറിയാൻ സാധിക്കുന്നതാണ്.
നിർഭാഗ്യവശാൽ എല്ലാ രോഗങ്ങളും ഇതുപോലെ വളരെ എളുപ്പത്തിൽ കണ്ടെത്താനാവില്ല. SARS-COV-2 കൊറോണ വൈറസ് അണുബാധയും ഇത്തരത്തിൽ പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്ത തരത്തിലുള്ളതാണ്. അതിനാൽ കോവിഡ് രോഗനിർണയത്തിൽ ടെസ്റ്റുകൾ പ്രാധാന പങ്കു വഹിക്കുന്നു.
SARS-COV-2 അണുബാധയുണ്ടാകുന്ന 40 ശതമാനത്തോളം പേർക്കും ലക്ഷണങ്ങളൊന്നും ഉണ്ടാവാറില്ല. തുടക്കത്തിലാണെങ്കിൽ സാധാരണ ഒരു ജലദോഷത്തിന്റെ ലക്ഷണങ്ങൾ മാത്രമേ കാണിക്കാറുമുള്ളൂ. എന്നാൽ, ചില വ്യക്തികളിൽ ശ്വാസകോശരോഗം തീവ്രമാകുന്ന ഘട്ടം വരെയും യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിച്ചേക്കില്ല. അതിനാൽ തന്നെ നേരത്തെ തന്നെ കൃത്യമായ രോഗനിർണയം നടത്തേണ്ടതുണ്ട്.
രോഗിയെ ചികിത്സിക്കാൻ വേണ്ടി മാത്രമല്ല, നേരത്തെ ആളെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യുന്നതു വഴി വൈറസ് പൊതുസമൂഹത്തിൽ പടർന്നു പിടിക്കുന്നതു തടയാനും ടെസ്റ്റുകൾ ഉപകരിക്കും.
കോവിഡ് 19 തിരിച്ചറിയാൻ നൂറു ശതമാനം കൃത്യമായ ഒരു പരിശോധന ഇല്ല എന്നതാണ് സത്യം. ക്ഷയരോഗം, ക്രോൺസ് ഡിസീസ്, ഹൃദ്രോഗം തുടങ്ങി മറ്റുപല രോഗങ്ങളെയും കാര്യം ഇതു പോലെ തന്നെയാണ്, ഒറ്റ ടെസ്റ്റു കൊണ്ട് എല്ലായ്പ്പോഴും രോഗം സ്ഥിരീകരിക്കാനാവില്ല.
രോഗലക്ഷണങ്ങൾ, മറ്റു പരിശോധനഫലങ്ങൾ എന്നിവ കണക്കിലെടുത്ത്, ഡോക്ടർമാരുടെ പ്രവർത്തന പരിചയവും രോഗിയുടെ പൂർവകാല മെഡിക്കൽ ഹിസ്റ്ററിയുമെല്ലാം ഒന്നിച്ചു ചേർത്താണ് പൊതുവേ എല്ലാ രോഗനിർണയങ്ങളും നടത്താറുള്ളത്.
കോവിഡ് ടെസ്റ്റുകൾ എന്തല്ലാം?
ആർ.ടി. പി.സി.ആർ. ടെസ്റ്റ്
കോവിഡ് 19 സ്ഥിരീകരിക്കാൻ പൊതുവായി ഉപയോഗിക്കുന്ന പരിശോധനയാണ് ആർ.ടി. പി.സി.ആർ. തൊണ്ടയിലോ മൂക്കിലോ നിന്നും എടുക്കുന്ന മ്യൂക്കസ് സ്രവത്തിൽ വൈറസിന്റെ ആർ.എൻ.എയുടെ സാന്നിധ്യം നിർണയിക്കുകയാണ് ചെയ്യുന്നത്.
വൈറസ് ശരീരത്തിൽ ഉണ്ടെന്ന് കണ്ടെത്തുന്നത് ഈ RNA യുടെ സാന്നിധ്യം വഴിയാണ്. ഭൂരിപക്ഷം പേരിലും ഈ ടെസ്റ്റ് കൃത്യമായ ഫലം നൽകുന്നു.
എന്നാൽ വൈറസിന്റെ ആർ.എൻ.എയുടെ ചിതറിക്കിടക്കുന്ന കഷണങ്ങളുടെ സാന്നിധ്യം പോലും ആർ.ടി. പി.സി.ആർ. ടെസ്റ്റിലൂടെ കണ്ടെത്താനാകും. 'ജീവനുള്ള' വൈറസ് ശരീരത്തിൽ ഇല്ലെങ്കിലും പരിശോധനാഫലം ചിലപ്പോൾ പോസിറ്റീവ് കാണിക്കുമെന്നാണ് ഇതിനർഥം.
കോവിഡ് 19 പൂർണമായും സുഖപ്പെട്ടവരിൽ ചിലരിൽ ഇത്തരത്തിൽ ആർ.ടി. പി.സി.ആർ. പോസിറ്റീവ് ആയി കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ടുതന്നെ, രോഗം അടുത്തയിടെ വന്നു പോയ ചിലർക്കെങ്കിലും വീണ്ടും അണുബാധ വന്നതായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്. അതിനർഥം വൈറസ് ജീവനോടെയുണ്ട് എന്നല്ല.
ആർ.ടി. പി.സി.ആർ. ടെസ്റ്റിന് പല ഘട്ടങ്ങൾ ഉള്ളതിനാൽ കൃത്യതയിൽ ചിലപ്പോൾ ഏറ്റക്കുറച്ചിൽ ഉണ്ടാവാനും സാധ്യതയുണ്ട്.
പി.സി.ആർ. ടെസ്റ്റിന്റെ അല്പം കൂടി എളുപ്പമുള്ള വേർഷനുകൾ ആണ് CB-NAAT, TrueNAT എന്നിവ.
റാപ്പിഡ് ആന്റിജൻ ടെസ്റ്റ്
ആർ.ടി.പി.സി.ആർ. ടെസ്റ്റ് ചെലവേറിയ ഒന്നാണ്. തുല്യമല്ലെങ്കിലും ഏകദേശം പകരം ഉപയോഗിക്കാവുന്ന ഒന്നാണ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ്. പെട്ടെന്ന് രോഗം നിർണയിക്കാൻ ആന്റിജൻ ടെസ്റ്റാണ് ഉപയോഗിക്കുന്നത്. ചെലവ് കുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാവുന്നതുമായ ടെസ്റ്റ് ആണിത്. ഈ ടെസ്റ്റ് പോസിറ്റീവായാൽ ആ വ്യക്തിയ്ക്ക് ഉറപ്പായും രോഗമുണ്ടായിരിക്കും. അതായത് false positive സാധ്യത തീരെ ഇല്ല.
എന്നാൽ, റാപ്പിഡ് ആന്റിജൻ ടെസ്റ്റ്, ആർ.ടി.പി.സി.ആർ. പോലെ സെൻസിറ്റീവ് അല്ല. അതിനാൽ തന്നെ പരിശോധനാഫലം നെഗറ്റീവ് കാണിച്ചാൽ ആ വ്യക്തിയ്ക്ക് അണുബാധ ഇല്ല എന്ന് നൂറു ശതമാനം ഉറപ്പിക്കാനാവില്ല. രോഗമുണ്ടായിട്ടും ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് തരുന്നതിന് false negative എന്നു പറയുന്നു.
ഇവിടെ ഡോക്ടറുടെ പ്രവൃത്തി പരിചയം (experience and Knowledge) പ്രധാനമാണ്. കോവിഡ് അണുബാധയുണ്ടാകാൻ സാധ്യത കൂടുതലുള്ള വ്യക്തിയ്ക്ക് ആന്റിജൻ ടെസ്റ്റ് അഥവാ നെഗറ്റീവ് ഫലം കാണിച്ചാൽ, വൈറസ് ഇല്ല എന്നുറപ്പാക്കാനായി ഒരു പി.സി.ആർ. കൂടി ചെയ്യേണ്ടതുണ്ട്.
അണുബാധയ്ക്കുള്ള സാധ്യത കുറവുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ആന്റിജൻ ടെസ്റ്റിൽ വലിയ കാര്യമില്ല. ഉദാഹരണത്തിന് അണുബാധയുടെ സാഹചര്യങ്ങളില്ലാത്ത, വീട്ടിൽ തന്നെ കഴിയുന്ന, ലക്ഷണങ്ങൾ ഒന്നുമില്ലാത്ത ഒരു വ്യക്തിയ്ക്ക് ടെസ്റ്റിന്റെ ആവശ്യമില്ല.
രോഗസാധ്യത ഉള്ളവരിലാണ് ഇത്തരം ടെസ്റ്റുകൾ ചെയ്യേണ്ടത്. അല്ലാത്തവരിൽ ചെയ്താൽ മേൽപ്പറഞ്ഞ പോലെ ആശയക്കുഴപ്പം ഉണ്ടാവാനും മതി. ഇതാണ് 'പോസിറ്റീവ് പ്രെഡിക്ടീവ് വാല്യു'(പി.പി.വി.)എന്ന തത്വം. ലബോറട്ടറി ടെസ്റ്റുകളിൽ ഇത് ഒരു പ്രധാനപ്പെട്ട സ്റ്റാറ്റസ്റ്റിക്കൽ ടേം ആണ്.
സീറോളജി ടെസ്റ്റിങ്
അണുബാധയ്ക്ക് എതിരേ പ്രവർത്തിക്കുന്ന ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തുന്നതാണ് സീറോളജി ടെസ്റ്റിങ് (serology). ബാക്ടീരിയയോ വൈറസോ മൂലം ശരീരത്തിൽ എന്തെങ്കിലും അണുബാധകളുണ്ടായാൽ ശരീരം അതിനെതിരെ ആന്റിബോഡികളെ ഉത്‌പാദിപ്പിക്കും. എല്ലാ ആന്റിബോഡികളും ഭാവിയിൽ വരാനുള്ള അണുബാധകളിൽ നിന്നും ശരീരത്തിന് സംരക്ഷണം നൽകില്ല.
എങ്കിലും ഒരു വ്യക്തിയുടെ ശരീരത്തിൽ കാണപ്പെടുന്ന ആന്റിബോഡികളുടെ സാന്നിധ്യം അടുത്തിടെ ആ വ്യക്തിയ്ക്ക് അണുബാധയേറ്റിരുന്നു എന്നതിന്റെ ഒരു സൂചനയായി കാണാം.
ശരീരത്തിൽ ഒരു വടു കണ്ടെത്തുന്നതു പോലെയാണ് സീറോളജി എന്നുവെച്ചാൽ. ഒരു വടു ശരീരത്തിൽ കണ്ടാൽ അതിനർഥം അടുത്തിടെ അവിടെ പരിക്കേറ്റിരുന്നു എന്നതാണല്ലോ. സീറോളജി ടെസ്റ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ഐ.ജി.എം. ആന്റിബോഡികളുടെ സാന്നിധ്യം തെളിയിക്കുന്നത് അടുത്തിടെ അണുബാധയുണ്ടായിരുന്നു എന്നാണ്.
അണുബാധ ആർക്കെല്ലാം നിലവിൽ ഉണ്ടായിട്ടുണ്ട് എന്നറിയാൻ ലോകത്തിന്റെ പല ഭാഗങ്ങളിലുമായി സീറോപ്രിവലൻസ് സർവേകൾ (seroprevalence survey) നടത്തിയിട്ടുണ്ട്. സീറോളജി ടെസ്റ്റ് കിറ്റിന്റെ വ്യത്യാസമനുസരിച്ച് ഇതിന്റെ സെൻസിറ്റിവിറ്റിയിലും ഫലത്തിലും മാറ്റമുണ്ടാകാം.
സജീവമായ അണുബാധയുള്ള കേസുകൾ കണ്ടത്താൻ സീറോളജി സാധാരണ പ്രയോഗിക്കുന്ന ഒരു ടെസ്റ്റ് അല്ല. കാരണം, അണുബാധയുടെ ആദ്യഘട്ടങ്ങളിൽ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കും. ആന്റിബോഡികൾ ഉണ്ടാകാൻ ഏതാനും ദിവസങ്ങൾ വേണ്ടിവരുമെന്നതാണ് ഇതിന് കാരണം.
പലതരം അണുബാധകളോട് ശരീരം പലതരത്തിലാണ് പ്രതികരിക്കുക. ദീർഘകാല പ്രതിരോധം നൽകുന്നവയല്ല പൊതുവേ കൊറോണ വൈറസിന് എതിരായ പ്രതിരോധശേഷി. സാധാരണയായി കാണപ്പെടുന്ന ജലദോഷ അണുബാധയ്ക്ക് കാരണമായ കൊറോണ വൈറസ് നാലുതരത്തിലുണ്ട്. HCOV, OC43,NL63,229E,HKU-1 എന്നിവയാണവ. ഇവ ഏതാനും മാസങ്ങളോ വർഷങ്ങളോ കൂടുമ്പോൾ വീണ്ടും പ്രത്യക്ഷപ്പെടും. ഇത്തരം കൊറോണ വൈറസുകളിൽ നിന്ന് നമുക്ക് സാധാരണ ജലദോഷ പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അതിനർഥം നമുക്ക് അത് വീണ്ടും ഉണ്ടാവില്ല എന്നല്ല. പുതുതായി വന്ന SARS-coV-2 കൊറോണ വൈറസ് പഴയ വൈറസിന്റെ സമാന സ്വഭാവങ്ങൾ കാണിക്കാനിടയുണ്ട്.
ആന്റിബോഡികളുടെ ഉത്‌പാദനം വഴി മനുഷ്യരിൽ ഇമ്മ്യൂൺ റെസ്പോൺസിനെ ഉത്തേജിപ്പിക്കുകയാണ് പുതുതായി വികസിപ്പിച്ച കോവിഡ് 19 വാക്സിൻ ചെയ്യുക. എന്നാൽ വാക്സിൻ എടുത്ത ശേഷം ആന്റിബോഡി ഉൽപാദിപ്പിച്ചു എന്നതു കൊണ്ടു മാത്രം ഭാവിയിൽ സാർസ് കോവ് 2 അണുബാധ ഉണ്ടാവില്ല എന്ന് 100 ശതമാനം ഉറപ്പു പറയാനാവില്ല. അതെല്ലാം മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിലൂടെ ഉറപ്പിക്കേണ്ടതുണ്ട്.
ആയിരക്കണക്കിന് ആളുകളിൽ വാക്സിൻ പ്രയോഗിച്ചുകൊണ്ടുള്ള മൂന്നാം ഘട്ട (phase 3) പഠനത്തിലൂടെ മാത്രമേ കോവിഡ് അണുബാധയ്ക്കെതിരെ വാക്സിൻ ഫലപ്രദമാണോയെന്ന് ഉറപ്പിക്കാനാവുകയുള്ളൂ.
വാക്സിൻ എടുത്ത ആളുകളിൽ ഉണ്ടാവുന്ന കോവിഡ് ബാധയിൽ മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനം എങ്കിലും കുറവ് ഉണ്ടായെങ്കിലേ വാക്സിൻ ഫലവത്താണ് എന്ന് വിധിക്കാൻ പറ്റൂ. സുരക്ഷിതത്വവും കർശനമായി നിരീക്ഷിക്കേണ്ടതുണ്ട് ഈ പരീക്ഷണങ്ങൾക്കിടയിൽ.
(ഐ.എം.എയുടെ കൊച്ചി പ്രസിഡന്റ് ആണ് ലേഖകൻ)
Content Highlights:Corona virus tests and vaccines, Health