കാൻസർ ചികിത്സയിൽ പ്രത്യാശയായി പുതിയ പരീക്ഷണങ്ങൾ എന്ന വാർത്ത വരുമ്പോൾ സ്വാഭാവികമായും ഒരു ചോദ്യമുയരും. അപ്പോൾ വാക്‌സിനെടുത്താൽ കാൻസർ പൂർണമായും മാറും അല്ലേ എന്ന്. രോഗികളിൽ നിന്നായിരിക്കാം, അവരുടെ ബന്ധുക്കളിൽ നിന്നായിരിക്കാം, അല്ലെങ്കിൽ പരിചയവൃത്തങ്ങളിൽ നിന്നായിരിക്കാം. കാരണം, ഈ വിഷയത്തിൽ ഓരോരുത്തർക്കും വലിയ ആകാംക്ഷയുണ്ട്.
ഒരു വാക്‌സിൻ എടുത്താൽ തന്നെ കാൻസർ പ്രതിരോധം പൂർണമാകും എന്ന തരത്തിലുള്ളൊരു ധാരണ ആളുകളിലുണ്ടാകാം. അതുകൊണ്ടുതന്നെ, അവർ ഇത്തരം വാർത്തകളോട് അത്രമേൽ പ്രതീക്ഷയോടെ സമീപിക്കുന്നു. ലോകമെമ്പാടുമുള്ള കാൻസർ ഗവേഷണങ്ങളെ ചികിത്സാരംഗവും അതേ പ്രതീക്ഷയോടെ കാണുന്നു. പുതിയ സാങ്കേതിക വിദ്യകൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത്, കാൻസർ ചികിത്സയിലും ശ്രദ്ധേയമായ മാറ്റങ്ങളും നേട്ടങ്ങളും കാണാം. നിരവധി രോഗികൾക്ക് ആശ്വാസം നൽകാൻ ഗവേഷണ-സാങ്കേതിക പുരോഗതികൾക്ക് കഴിഞ്ഞിട്ടുണ്ട്.
എങ്കിലും യാഥാർത്ഥ്യബോധത്തോടെ മനസിലാക്കേണ്ട കാര്യമുണ്ട്. ഒരൊറ്റ വാക്‌സിനിലൂടെ കാൻസറിന് പൂർണശമനം ലഭിക്കുന്ന മാജിക് പരിഹാരമല്ല മുന്നിൽ കാത്തിരിക്കുന്നത്. എന്നാൽ, ശരീരത്തെ ക്ഷയിപ്പിക്കുന്ന വൈഷമ്യങ്ങളിൽ നിന്ന് രോഗികളെ കരകയറ്റി മുന്നോട്ട് പോകാൻ സഹായിക്കുന്ന പോസിറ്റീവ് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.
കാൻസറിനെ കുറിച്ച് പറയുമ്പോൾ പ്രതിരോധത്തിന് ഏറ്റവും വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ, പ്രതിരോധത്തിലേക്കുള്ള ഏതൊരു ശ്രമവും അംഗീകരിക്കപ്പെടേണ്ടതാണ്. എന്നാൽ, ഇന്നത്തെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഒരു ഇഞ്ചക്ഷൻ നൽകുന്നതിലൂടെ കാൻസർ ഒരിക്കലും വരില്ലെന്ന് പറയുന്നത് യാഥാർത്ഥ്യമായ കാര്യമല്ല. കാൻസർ ചികിത്സയിലെ ബുദ്ധിമുട്ടുകളും സങ്കീർണ്ണതകളും പ്രതിരോധ മാർഗങ്ങളും വളരെ നന്നായി അറിയുന്നതിനാൽ ശാസ്ത്രലോകവും ഒരൊറ്റ ചുവടിലൂടെ രോഗം പൂർണമായി മാറുമെന്ന പ്രതീക്ഷ പുലർത്തുന്നില്ല.
കാൻസർ വന്നവരിൽ വീണ്ടും രോഗം വരാതിരിക്കാനുള്ള സാധ്യത കുറയ്ക്കുക എന്നതാണ് വലിയൊരു മുന്നേറ്റമായി പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനായി ഇമ്മ്യൂണോ തെറാപ്പി നിലവിലുണ്ട്. ശ്വാസകോശ കാൻസർ, കുടലിലെ കാൻസർ, മെലനോമ എന്നിവയിൽ ഇതിനകം തന്നെ രോഗികൾക്ക് ഈ ചികിത്സ ലഭ്യമാക്കുന്നു. നാലാം ഘട്ടത്തിലേക്ക് കടന്ന ചില രോഗികൾക്ക് ഇമ്മ്യൂണോ തെറാപ്പി ജീവിതത്തിലേക്ക് തിരികെ വരാൻ സഹായിച്ചിട്ടുണ്ടെന്നതാണ് പ്രത്യാശ പകരുന്ന കാര്യം.
അതേസമയം, ചില കാൻസറുകൾ പ്രതിരോധവുമായി നേരിട്ട് ബന്ധപ്പെട്ടതല്ല. അവ പെട്ടെന്ന് സംഭവിക്കുന്ന തരത്തിലുള്ളതാണ്. അത്തരം രോഗങ്ങളെക്കുറിച്ച് ശാസ്ത്രത്തിന് കൂടുതൽ വ്യക്തത വരികയും, ഇതിന്റെ ആദ്യപടിയായ മരുന്നുകൾ പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.
കാൻസർ കോശങ്ങളെ കുറച്ച് നിയന്ത്രിക്കുമ്പോഴും അവ വീണ്ടും മരുന്നുകളെ അതിജീവിച്ച് ശക്തമാകുന്ന സാഹചര്യം കണ്ടുവരുന്നതിനാൽ പഠനങ്ങളുടെ അടുത്ത ലക്ഷ്യം അതിനെ നിയന്ത്രിക്കലായിരിക്കും. ഉദാഹരണത്തിന്, ശ്വാസകോശ കാൻസറിൽ ഇപ്പോഴത്തെ അവസ്ഥയിൽ പത്ത് രോഗികളിൽ ഒരാൾക്കു മാത്രമാണ് രോഗവിമുക്തി സാധ്യമാകുന്നത്. ചികിത്സ തേടിയെത്തുന്ന പത്തിൽ പത്തു രോഗികൾക്കും ആശ്വാസം പകരുക എന്നതാവണം അടുത്ത ലക്ഷ്യം.
കാൻസർ ഒരു ഒറ്റ രോഗമല്ലെന്ന് ആദ്യം മനസ്സിലാക്കണം. ഓരോ അവയവത്തിനും വരുന്ന കാൻസറുകൾ വ്യത്യസ്തമാണ്. അവ ഉണ്ടാകുന്നതിനുള്ള കാരണങ്ങളും ചികിത്സാ രീതികളും വ്യത്യസ്തമാണ്. അതിനാൽ ഒരേ മരുന്നുകൊണ്ട് എല്ലാ കാൻസറുകളെയും ചികിത്സിക്കാൻ സാധിക്കില്ല. ഇതുകൊണ്ടാണ് ശാസ്ത്രലോകം കാൻസറുകളെ പല വിഭാഗങ്ങളായി തിരിച്ച് ചികിത്സ നിശ്ചയിച്ചിരിക്കുന്നത്. രോഗത്തെ പരമാവധി പ്രതിരോധിക്കുക എന്നതാണ് എല്ലാ ചികിത്സകളുടെയും ലക്ഷ്യം. അതത് രംഗത്തെ കാൻസർ സ്പെഷലിസ്റ്റുകൾ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് ചികിത്സ മാറിയതും ഇതു കൊണ്ടുതന്നെയാണ്.
ഇപ്പോൾ ഓരോ കാൻസറിനും പ്രത്യേകം ടീമുകളാണ് ചികിത്സ നടത്തുന്നത്. അവ പരസ്പരം ഏകോപനം പുലർത്തിയാണ് പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന്, ബ്‌ളഡ് കാൻസർ നോക്കുന്ന ടീം വേറെയായിരിക്കുമ്പോൾ, മറ്റ് ചില കാൻസറുകൾക്കുള്ള ടീം വേറെ ആയിരിക്കും. സർജറി, റേഡിയേഷൻ തുടങ്ങി എല്ലാ മേഖലകളിലും വിദഗ്ധർ പ്രവർത്തിക്കുന്നു. കാർഡിയോളജി, നെഫ്രോളജി എന്നീ പ്രത്യേക വിഭാഗങ്ങൾ ഉള്ളതു പോലെ തന്നെയാണ് കാൻസർ ചികിത്സയിലും വിവിധ വിദഗ്ധ വിഭാഗങ്ങൾ ഉള്ളത്. ഇതുവഴി കൂടുതൽ ആധികാരികവും മെച്ചപ്പെട്ടതുമായ വിലയിരുത്തലുകളും ചികിത്സയും ഉറപ്പാക്കാൻ കഴിഞ്ഞിരിക്കുന്നു.
ബ്ളഡ് കാൻസറിന് നൽകുന്ന ചികിത്സയല്ല, ബ്രെയിൻ കാൻസറിന് വേണ്ടത്. അതുകൊണ്ട്, കാൻസർ വാക്‌സിൻ എന്ന പുതിയ മാറ്റത്തെ ഉൾക്കൊള്ളുമ്പോൾ ഈ കാര്യങ്ങൾ കൂടി മനസ്സിലാക്കണം. ഏറെ പ്രതീക്ഷയോടെ കാൻസർ വാക്‌സിൻ വാർത്തകളെ കാണുന്നതിനൊപ്പം, വ്യത്യസ്തങ്ങളായ കാൻസറുകൾക്ക് ഒരൊറ്റ വാക്‌സിൻ അല്ലെങ്കിൽ മരുന്ന് പ്രായോഗികമല്ലെന്ന യാഥാർഥ്യം അംഗീകരിക്കണം.
കാൻസർ ഗവേഷണങ്ങളിൽ വലിയ മുന്നേറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ജീനോമിക് സീക്വൻസിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയ പുതിയ മാറ്റങ്ങൾ ഇതിനുദാഹരണമാണ്. ഡി.എൻ.എയിലെ കേടുപാടുകളാണ് കാൻസറിന് കാരണമാകുന്നത്. മുൻപ് ജീനോം പരിശോധനയ്ക്കായി ഏറെ സമയവും പണവും ആവശ്യമായിരുന്നെങ്കിൽ ഇപ്പോൾ അതിൽ വലിയ പുരോഗതി കൈവന്നിട്ടുണ്ട്. ഏത് ഭാഗത്താണ് കേടുപാട് സംഭവിച്ചിരിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കാൻ ശാസ്ത്രീയ സാങ്കേതിക വിദ്യകൾ ഇന്ന് ലഭ്യമാണ്. ഈ കാര്യങ്ങൾ കൂടി ഉൾക്കൊണ്ട് കൂടുതൽ ഫലപ്രാപ്തിയുള്ള മരുന്നുകൾ വന്നേക്കാം.
അതുപോലെ, കാൻസർ മാറിയവരിൽ വീണ്ടും രോഗം വരുന്നതും വലിയ പ്രശ്നമാണ്. രോഗികളുടെ ഏകദേശം അമ്പത് ശതമാനത്തിലും ഇത് കാണപ്പെടുന്നു. പലപ്പോഴും വലിയ മുഴകളായി മാറിയ ശേഷമാണ് രണ്ടാമതുള്ള രോഗബാധ തിരിച്ചറിയുന്നത്. രോഗം മാറിയതിനു പിന്നാലെ മൂന്നു മുതൽ ആറു മാസത്തിനുള്ളിൽ തന്നെ വീണ്ടും കാൻസർ വരുന്നതായി സ്‌കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകളിൽ കണ്ടെത്താറുണ്ട്.
സർക്കുലേറ്റിംഗ് ട്യൂമർ ഡി.എൻ.എ (Circulating tumor DNA – ctDNA) എന്നൊരു പരിശോധന ഇപ്പോഴുണ്ട്. ഇതിലൂടെ പ്രശ്നം നേരത്തേ തിരിച്ചറിയുകയും, മുഴ ഒരു സെന്റിമീറ്റർ വലുപ്പത്തിലെത്തുന്നതിന് മുൻപ് തന്നെ മരുന്ന് നൽകാനും കഴിയും. പലപ്പോഴും മുഴ മറ്റു ഭാഗങ്ങളിലേക്ക് പടർന്ന് അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴാണ് രോഗികൾ ഡോക്ടറെ സമീപിക്കുന്നത്. എന്നാൽ, മൈക്രോസ്കോപ്പിൽ തെളിയുന്നതിന് മുമ്പേ തന്നെ ctDNA പരിശോധനയിലൂടെ രോഗസാധ്യത മനസ്സിലാക്കാൻ കഴിയും. പ്രത്യേകിച്ച് കുടലിലെ കാൻസറിൽ ഈ പരിശോധന ഏറെ ഫലപ്രദമാണ്. കൃത്യമായ വിലയിരുത്തലിലൂടെ നേരത്തേ രോഗബാധ കണ്ടെത്തി മരുന്ന് നൽകുന്നതിനാൽ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കുന്നു. ഇന്ത്യയിലും ഈ മേഖലയിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ട്.
കൊവിഡ് വൈറസിനെ പോലെ കാൻസർ ഒരു പാൻഡമിക് രോഗമല്ല, എപ്പിഡമികുമല്ല. ഒരു വർഷത്തിൽ ഏകദേശം ഒരു ലക്ഷത്തിൽ മൂന്നു പേര്‍ക്കാണ് കാൻസർ ബാധിക്കുന്നത്. ജീവിതശൈലിയും പാരമ്പര്യവും ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് രോഗസാധ്യത വിലയിരുത്തുന്നത്. ശരീരത്തിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലുള്ള അപായസിഗ്നലുകൾ മനസ്സിലാക്കാൻ കഴിയുന്നത് രോഗനിർണയത്തിൽ സഹായകരമാണ്. അതേസമയം, പരിമിതികൾ ഉൾക്കൊണ്ടുകൊണ്ടും ശാസ്ത്രത്തെ ആശ്രയിച്ചുകൊണ്ടുമാണ് കാൻസറിനെതിരായ ആധുനിക ചികിത്സ മുന്നോട്ട് പോകുന്നത്.
(ആസ്റ്റർ മെഡ്‌സിറ്റിയിലെ മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റാണ് ലേഖകൻ)
Content Highlights: Explore the reality behind cancer vaccines. Learn about emerging treatments, advancements in research, and what to realistically expect in cancer care. Understand the complexities of cancer.
Published: 28 Sept 2025, 03:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented