വർഷംതോറും ലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന രോഗമാണ് കാൻസർ. സ്തനങ്ങളിലും ഗർഭാശയത്തിന്റെ വിവിധ ഭാഗങ്ങളിലും പെരുങ്കുടലിലും മലാശയത്തിലും ഒക്കെയാണ് സാധാരണ രീതിയിൽ സ്ത്രീകളിൽ കാൻസർ ബാധിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിവർഷം ദശലക്ഷക്കണക്കിന് ആളുകൾ കാൻസർ ബാധിച്ച് മരിക്കുന്നു. ഒരു സ്ത്രീ കാൻസർ ബാധിതയാകുമ്പോൾ അവരുടെ കുടുംബത്തെ മൊത്തത്തിൽ സാരമായി ബാധിക്കും.
എന്താണ് കാൻസർ?
ആരോഗ്യകരമായ കോശങ്ങളിൽ ചില ജനതക വ്യതിയാനം വരുമ്പോൾ അവ അനിയന്ത്രിതമായി വിഭജിക്കുകയും വർദ്ധിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് അർബുദം അഥവാ കാൻസർ എന്ന രോഗം ഉണ്ടാകുന്നത്. പല കാരണങ്ങളാൽ ഇത്തരം ജനിതക വ്യതിയാനം സംഭവിക്കാം. അർബുദ രോഗത്തിന് കാരണമായ ഘടകങ്ങളിൽ 'പാരമ്പര്യം' ഒരു പങ്കു വഹിക്കുന്നുണ്ടെങ്കിലും ജീവിതശൈലിയും ദിവസേന ഉണ്ടാകുന്ന പരിസ്ഥിതി സംബന്ധമായ വിഷവസ്തുക്കളോടുള്ള സമ്പർക്കവും നല്ലൊരു പങ്കുവഹിക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
1. ആരോഗ്യകരമായ ഭക്ഷണരീതി
അർബുദം പ്രതിരോധിക്കുന്നതിനായി ഭക്ഷണത്തിൽ തവിട് അടങ്ങിയ ധാന്യങ്ങൾ, ഫലങ്ങൾ, പച്ചക്കറികൾ, പയറു വർഗ്ഗങ്ങൾ, ബെറീസ്, നട്‌സ് എന്നിവ ഉൾപ്പെടുത്തേണ്ടതാണ്. ബെറീസ് കഴിക്കുന്നതിലൂടെ കോശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന free radicals നെ കുറയ്ക്കാം. അതിലൂടെ കാൻസറിനെ പ്രതിരോധിക്കാം. അതുപോലെ തന്നെ തവിട് അടങ്ങിയ ധാന്യങ്ങൾ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചുവന്ന മാംസം, സംസ്കരിച്ച ചെയ്ത മാംസം, മധുര പാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണം തുടങ്ങിയവ ഒഴിവാക്കുന്നത് കാൻസർ വരാനുള്ള സാദ്ധ്യത കുറയ്ക്കുന്നു.
2. വ്യായാമം ശീലമാക്കുക
ഇന്നത്തെ കാലത്ത് മിക്കവാറും ആളുകൾ ഒരു അലസമായ ജീവിതചര്യയാണ് പാലിക്കുന്നത്. വ്യായാമത്തിന്റെ ഗുണങ്ങൾ അറിയാമെങ്കിലും പലപ്പോഴും ജോലിത്തിരക്ക് മൂലവും മറ്റു കാരണങ്ങളാലും വ്യായാമത്തിന് പ്രാധാന്യം നൽകുന്നില്ല എന്നതാണ് വാസ്തവം. ഇത്തരത്തിൽ അലസമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും ആളുകളിൽ അമിതവണ്ണത്തിന് കാരണമാകുന്നു. ഇത് പ്രമേഹം, അമിത രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, അർബുദം തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുന്നു.
സ്തനാർബുദം, പെരുങ്കുടലിനെയും വൻകുടലിനെയും ബാധിക്കുന്ന കാൻസർ, എൻഡോമെട്രിയൽ കാൻസർ തുടങ്ങിയ പതിമൂന്നോളം കാൻസറുകൾ അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുമ്പോൾ ഈസ്ട്രജൻ പോലുള്ള ഹോർമോണുകളുടെ അളവ് കൂടുന്നത് വഴിയാണ് എൻഡോമെട്രിയൽ കാൻസർ വരാനുള്ള സാധ്യത കൂടുന്നത്. വ്യായാമം ശീലമാക്കുന്നതിലൂടെ പലവിധ രോഗകാരണങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാനും രോഗം പ്രതിരോധിക്കാനും സാധിക്കുന്നു. ഹോർമോണുകളുടെ അളവുകൾ നിയന്ത്രിക്കുക, ഇൻസുലിന്റെ അളവ് കുറയ്ക്കുക, ശരീരത്തിലെ വീക്കം കുറയ്ക്കുക, രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്തുക തുടങ്ങിയവ വ്യായാമത്തിലൂടെ സാധ്യമാകുന്നു. ആഴ്ചയിൽ 150 മിനിറ്റ് മിതമായ വ്യായാമമോ 75 മിനിറ്റ് ഊർജ്ജസ്വലമായ വ്യായാമമോ അർബുദ സാധ്യത കുറയ്ക്കുന്നു.
3. പുകവലി ഒഴിവാക്കുക
പുകവലി നിയന്ത്രിക്കുന്നതിനേക്കാൾ ഒഴിവാക്കുന്നതിലൂടെ മെച്ചപ്പെട്ട രീതിയിൽ അർബുദത്തെ തടയാനാകും. ശ്വാസകോശം, അന്നനാളം, തൊണ്ട തുടങ്ങിയ ഭാഗങ്ങളിലാണ് പുകവലി മൂലമുള്ള അർബുദം ബാധിക്കുന്നത്. സ്ത്രീകളിലെ പുകവലി സ്തനാർബുദം, സെർവിക്കൽ കാൻസർ എന്നിവയ്ക്കും കാരണമാകുന്നു.
4. അമിതമായ മദ്യപാനം ഒഴിവാക്കുക
അമിതമായ മദ്യപാനം അന്നനാളത്തിലെയും വയറിലെയും കരളിലെയും കാൻസറിന് കാരണമാകുന്നു
5. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക
അൾട്രാവയലറ്റ് രശ്മികൾ അമിതമായി ഏൽക്കുന്നത് മെലനോമ പോലുള്ള ത്വക്കിനെ ബാധിക്കുന്ന അർബുദത്തിന് കാരണമാകുന്നു. രാവിലെ 10 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയ്ക്കുള്ള വെയിൽ ഏൽക്കാതെ സൂക്ഷിക്കുക. അതിനായി, സംരക്ഷണ വസ്ത്രങ്ങൾ ഉപയോഗിക്കുക. സൂര്യപ്രകാശം നേരിട്ട് ഏൽക്കാതെ തണൽ പ്രയോജനപ്പെടുത്തുക. എസ്പിഎഫ് 30ന് മുകളിലുള്ള സൺസ്‌ക്രീൻ ഉപയോഗിക്കുക, തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ത്വക്കിനെ ബാധിക്കുന്ന അർബുദം ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും.
6. ആരോഗ്യകരമായ ലൈംഗിക രീതി സ്വീകരിക്കുക
ഒന്നിലധികം ലൈംഗിക പങ്കാളികൾ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം എന്നിവ എച്ച്‌ഐവി, എച്ച് പി വി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. ഹെപ്പറ്റൈറ്റിസ് രോഗം കരൾ സംബന്ധമായ അർബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. എച്ച് പി വി വൈറസ് സെർവിക്കൽ കാൻസർ, മലദ്വാരത്തിലെ കാൻസർ, വായിലെ കാൻസർ തുടങ്ങിയ കാൻസറുകൾക്ക് കാരണമാകുന്നു.
7. പ്രത്യുൽപാദന ഘടകങ്ങൾ
ഗർഭധാരണവും മുലയൂട്ടലും സ്തനാർബുദം, അണ്ഡാശയ അർബുദം എന്നിവയിൽ നിന്നും പ്രതിരോധം നേടാൻ സഹായിക്കുന്നു.
8. സ്‌ക്രീനിംഗിന്റെ പങ്ക്
കാൻസർ രോഗം പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ സ്‌ക്രീനിംഗ് പരിശോധനകൾ സഹായകമാണ്. ഈ ഘട്ടത്തിൽ ചികിത്സ ആരംഭിക്കുകയാണെങ്കിൽ രോഗം മൂർച്ഛിക്കുന്നത് തടയാനോ പൂർണ്ണമായും ഭേദമാക്കാനോ സാധിക്കുന്നു. 40 വയസ്സിന് മുകളിലുള്ള സ്ത്രീകൾ നിർബന്ധമായും വർഷത്തിലൊരിക്കലോ, രണ്ട് വർഷത്തിലൊരിക്കലോ മാമോഗ്രാം ചെയ്യേണ്ടതാണ്. സ്വയം പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കാത്ത മുഴകൾ മാമോഗ്രാമിലൂടെ കണ്ടെത്താൻ കഴിയും. ഇങ്ങനെ കണ്ടെത്തുന്നതിലൂടെ പ്രാരംഭഘട്ടത്തിൽ ചികിത്സിച്ച് രോഗം ഭേദമാക്കാൻ സാധിക്കുന്നു. മൂന്നുവർഷം കൂടുമ്പോൾ പാപ് സ്മിയർ പരിശോധനയോ അഞ്ചുവർഷം കൂടുമ്പോൾ എച്ച് പി വി പരിശോധനയോ നടത്തുന്നതിലൂടെ സെർവിക്കൽ കാൻസർ, കാൻസറിന് മുന്നോടി ആയിട്ടള്ള ഘട്ടത്തിലോ, പ്രാരംഭ ഘട്ടത്തിലോ കണ്ടെത്താനാകും.
9. ജനിതക പരിശോധന
സ്തനാർബുദം, അണ്ഡാശയ അർബുദം എന്നിവ ബാധിച്ചിട്ടുള്ള രോഗികളിൽ അവർ BRCA Gene mutation എന്ന ജനിതക വ്യതിയാനം പോസിറ്റീവ് ആയി കണ്ടെത്തിയാൽ മറ്റു കുടുംബാംഗങ്ങൾക്കും പരിശോധനയ്ക്ക് വിധേയരാകാം. പരിശോധനയിൽ പോസിറ്റീവ് ആണെങ്കിൽ അണ്ഡാശയ കാൻസറിന്റെ പ്രതിരോധമാർഗ്ഗമായി ഫെല്ലോപ്പിയൻ ട്യൂബുകളും അണ്ഡാശയങ്ങളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്. അതുപോലെ തന്നെ മലാശയ കാൻസർ, എൻഡോമെട്രിയൽ കാൻസർ ബാധിച്ചിട്ടുള്ള രോഗികളിൽ Lynch Syndrome എന്ന ജനിതക വ്യതിയാനം പോസിറ്റീവ് ആയി കണ്ടെത്തിയാൽ മറ്റു കുടുംബാംഗങ്ങൾക്കും പരിശോധനയ്ക്ക് വിധേയരാകാം. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ മലാശയത്തെയും കുടലിനെയും ബാധിക്കുന്ന അർബുദം കണ്ടുപിടിക്കാനുള്ള Colonoscopy സ്‌ക്രീനിംഗ് ചെയ്യേണ്ടതാണ്.
10. പ്രതിരോധ കുത്തിവയ്പ്പുകൾ
എച്ച് പി വി വൈറസ് മൂലമുള്ള അണുബാധയാണ് സെർവിക്കൽ കാൻസറിന് കാരണമാകുന്നത്. വായ്ക്കുള്ളിലെ അർബുദം, മലദ്വാരത്തിലെ അർബുദം എന്നിവയും എച്ച് പി വി വൈറസുമായി ബന്ധപ്പെട്ട കാൻസറുകളാണ്. എച്ച് പി വി കുത്തിവയ്പ്പ് എടുക്കുന്നതിലൂടെ ഇതിൽ നിന്നും പ്രതിരോധം നേടാനാകും.
ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ നല്ലൊരു ശതമാനും കാൻസറും തടയാനാകും.
പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ കൺസൾട്ടന്റെ ഗൈനക്കോളജിക്കൽ ഓങ്കോളജിസ്റ്റ് ആണ് ലേഖിക.
Content Highlights: Adopting a balanced diet rich in whole grains and vegetables to reduce cancer risk., The critical role of regular physical activity in weight management and hormone regulation.
Published: 10 Jun 2026, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented