ദക്ഷിണേന്ത്യയില്‍ മാത്രം ഏകദേശം 22 % ആളുകള്‍ നടുവേദന അനുഭവിക്കുന്നവരാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പരമ്പരാഗത ശസ്ത്രക്രിയകളോടുള്ള ഭയം പലപ്പോഴും ചികിത്സ തേടുന്നതിനുള്ള തടസ്സമായി മാറുന്നു. ഭാഗ്യവശാല്‍, താക്കോല്‍ദ്വാര ശസ്ത്രക്രിയ വേഗത്തിലുള്ള ശമനവും കുറഞ്ഞ അപകടകരവുമായ രീതിയിലൂടെ മികച്ച ചികിത്സ വാഗ്ദാനം ചെയ്യുന്നു. 

To advertise here,

ആദ്യകാലങ്ങളില്‍ തുറന്ന ശസ്ത്രക്രിയകളാണ് നടന്നിരുന്നത്. പിന്നീട് താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ നിലവില്‍ വന്നു. മറ്റു ശസ്ത്രക്രിയകള്‍ പോലെ തന്നെ നട്ടെല്ലുമായി ബന്ധപ്പെട്ടവയ്ക്ക് ആ ശരീരഭാഗം മുഴുവന്‍ തുറക്കാതെ ചെയ്യുന്ന ശസ്ത്രക്രിയയാണിത്. കീഹോള്‍ സ്‌പൈന്‍ സര്‍ജറി നട്ടെല്ലിന്റെ ഏകദേശം എല്ലാ അസുഖങ്ങള്‍ക്കും ചെയ്യാന്‍ കഴിയും. ഡിസ്‌ക് തള്ളിച്ച മൂലം കാലിലേക്കുള്ള ഞരമ്പ് വഴിയുള്ള രക്തയോട്ടം കുറയുന്നത് വേദനയും മരവിപ്പുമെല്ലാം അനുഭവപ്പെടുന്ന അവസ്ഥയാണ്. അതിന് ഈ ശസ്ത്രക്രിയ വളരെ ഫലപ്രദമാണ്. 

ഞരമ്പ് പോകുന്ന പാസേജ് ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് മറ്റൊന്ന്. അതും കീഹോള്‍ സര്‍ജറി വഴി ശരിപ്പെടുത്താനാകും.
നട്ടെല്ല് തെന്നിപ്പോകുന്ന അവസ്ഥയാണ് മറ്റൊന്ന്. നേരത്തെ തുറന്ന ശസ്ത്രക്രിയയിലൂടെ തെന്നിപ്പോയ നട്ടെല്ലിന്റെ ഭാഗം ശരിപ്പെടുത്തി സ്‌ക്രൂ ചെയ്ത് ഉറപ്പിക്കുകയായിരുന്നു പതിവ്. ചികിത്സാരംഗത്ത് ഇപ്പോള്‍ വന്ന നൂതന സാങ്കേതിക സംവിധാനങ്ങള്‍ കാരണം ഈ ശസ്ത്രക്രിയ പോലും ഇപ്പോള്‍ കീ ഹോള്‍ വഴി ചെയ്യാന്‍ കഴിയും. കൂടാതെ നടുവേദനയ്ക്ക് വേറെ കാരണങ്ങളായി കാണുന്ന ഇന്‍ഫെക്ഷന്‍, നട്ടെല്ലിന് പൊട്ടല്‍ തുടങ്ങിയവയ്‌ക്കൊക്കെ കീഹോള്‍ സര്‍ജറി ഫലപ്രദമാണ്.

ഓപ്പണ്‍ സര്‍ജറിയില്‍ പത്തു മുതല്‍ 15 സെന്റിമീറ്റര്‍ വരെ മുറിവ് ഉണ്ടാവും. ഇതിന് ആകെ ഒരു സെന്റിമീറ്റര്‍ ഇന്‍സിഷന്‍ മതി. ഓപ്പണ്‍ സര്‍ജറിയില്‍ ത്വക്കില്‍ മുറിവുണ്ടാക്കിയ ശേഷം ആ ഭാഗത്തെ പേശികള്‍ മുറിച്ച് മാറ്റി വച്ച ശേഷമാണ് ശസ്ത്രക്രിയ ചെയ്യാന്‍ സാധിക്കുക. അതുകഴിഞ്ഞ് നട്ടെല്ലിന്റെ ചില കഷണങ്ങള്‍ നീക്കിയാല്‍ മാത്രമേ ഡിസ്‌കിന്റെ സര്‍ജറി ചെയ്യേണ്ട ഭാഗത്തേക്ക് നമുക്ക് എത്താന്‍ കഴിയുകയുള്ളൂ. എന്നാല്‍ എന്‍ഡോസ്‌കോപ്പിക് സര്‍ജറി ചെയ്യുമ്പോള്‍ കാമറ ഡിസ്‌കിന്റെ ഭാഗത്തേക്ക് ചെറിയ പാസേജ് ഉണ്ടാക്കി ഇറക്കി വയ്ക്കുകയാണ്.  എന്താണോ അസുഖമുള്ളത് അത് ചികിത്സിച്ച് തിരിച്ചുവരാന്‍ കഴിയും. ഒരു പേശിയും പകുത്ത് മാറ്റേണ്ടതില്ല, നട്ടെല്ലിന്റെ കഷണങ്ങള്‍ മാറ്റേണ്ടതില്ല, ചെറിയ മുറിവായതുകൊണ്ട് റിക്കവറി ടൈം കുറവായിരിക്കും, വേദന കുറയും.

എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ സര്‍ജറി ആര്‍ക്കൊക്കെ ഓപ്പൺ സര്‍ജറി ചെയ്യാമോ അവര്‍ക്കൊക്കെ ചെയ്യാം. അതിന് വയസ്സ് ഒരു മാനദണ്ഡമല്ല. എന്‍ഡോസ്‌കോപ്പിക് ക്യാമറ ഡിസ്‌കിന്റെ ഭാഗത്ത്, ചെറിയ ചാനല്‍ ഉണ്ടാക്കി അവിടേക്ക് ഇറക്കി വച്ച് ചെയ്യുന്ന കാഴ്ചയെ പത്തു മടങ്ങ് വലുതാക്കി കണ്ട് ശസ്ത്രക്രിയ ചെയ്യുന്ന രീതിയാണ്. റിസ്‌ക് ഉണ്ടെങ്കിലും ഓപ്പണ്‍ സര്‍ജറിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ അപകടസാധ്യതകള്‍ വളരെ കുറവാണ്. 

എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ സര്‍ജറി കഴിഞ്ഞാല്‍ അതേ ദിവസം തന്നെ ഇരിക്കാന്‍ കഴിയും. രണ്ടാം ദിവസം നടക്കാനും മൂന്നാംദിവസം തന്നെ ആശുപത്രി വിടാനും കഴിയും. ഡിസ്‌ക്കിന്റെ സര്‍ജറിയാണ് എങ്കില്‍ ഇത്ര ദിവസം കുനിയരുത്, ഭാരമെടുക്കരുത് തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ ജോലിക്കു പോകുന്നതിനോ ദൈനംദിന കാര്യങ്ങള്‍ക്കോ തടസ്സമൊന്നുമില്ല. 

സങ്കീര്‍ണ്ണമായ നട്ടെല്ല് വൈകല്യങ്ങള്‍ക്കോ ഗുരുതരമായ അസ്ഥിരതയ്‌ക്കോ, പരമ്പരാഗതരീതിയിലുള്ള തുറന്ന ശസ്ത്രക്രിയകള്‍ ആവശ്യമായി വന്നേക്കാം. നേരത്തെ ഡിസ്‌ക്ക് സര്‍ജറിക്കു മാത്രം ഉപയോഗിച്ചിരുന്നതാണ് കീഹോള്‍ സര്‍ജറി. എന്നാല്‍ ഇപ്പോള്‍ എന്‍ഡോസ്‌കോപ്പിയില്‍ വന്ന വ്യത്യാസങ്ങള്‍, 4 കെ സിസ്റ്റംസ് ഉള്‍പ്പെടെ നൂതന സങ്കേതിക സംവിധാനങ്ങള്‍ വന്നതോടെ ഓപ്പണ്‍ സര്‍ജറിയില്‍ ചെയ്യാവുന്ന എല്ലാ സര്‍ജറികളും കീഹോള്‍ സര്‍ജറി വഴി ചെയ്യാന്‍ ഇന്ന് കഴിയും. ഉദാഹരണത്തിന് ഡിസ്‌ക് ഹെര്‍ണിയേഷന്‍, സിയാറ്റിക്ക, സ്‌പൈനല്‍ സ്റ്റെനോസിസ് പോലുള്ള സാധാരണ നട്ടെല്ല് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഈ സാങ്കേതികവിദ്യ മികച്ച ഫലമാണ് നല്‍കുന്നത്. വാസ്തവത്തില്‍, ഈ കേസുകളില്‍ 80% വരെ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 

നടുവേദന വരുമ്പോള്‍ ശസ്ത്രക്രിയ ഭയന്ന് അത് ചെയ്യാതിരിക്കുന്നതിനു പകരം ആവശ്യമായ ചികിത്സയിലൂടെ വേദനയില്‍ നിന്ന് രക്ഷപ്പെട്ടു ജീവിക്കാന്‍ അവസരങ്ങളേറെയുണ്ടെന്ന് തിരിച്ചറിയുക.

കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലിൽ കണ്‍സല്‍ട്ടന്റ് ഓര്‍ത്തോപീഡിക് സ്‌പൈന്‍സര്‍ജനാണ് ലേഖകൻ.