അധ്യാപകനായ ഞാൻ ഇത്രയുംകാലം ജീവിക്കുകയും എന്റെ വിദ്യാർഥികളിൽ പലരും ഇരുപതുവയസ്സുപോലും തികയ്ക്കാതെ അരിവാൾരോഗം കാരണം മരണപ്പെടുകയും ചെയ്യുന്ന അവസ്ഥ ഭീതിദമാണ്. രോഗിയാണെന്നറിയുന്നതോടെ പഠനത്തോട് അവർ മുഖംതിരിക്കുന്നു. പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നു. സ്കൂളന്തരീക്ഷം നൽകുന്ന ചിട്ടയായ ജീവിതശൈലി അവർക്ക് നഷ്ടമാകുന്നു. ഒരുവിധം പത്താംക്ലാസുവരെ എത്തിയാലും ഉന്നതവിദ്യാഭ്യാസം ഇവർക്കുമുന്നിൽ ചോദ്യചിഹ്നമാണ്. കുട്ടികൾ മരിക്കുമ്പോൾ അവരുടെ സഹപാഠികളിൽ അതുണ്ടാക്കുന്ന ആഘാതം വലുതാണ്. തളർന്നുവീഴുന്ന കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ജീവൻ നഷ്ടമാകുന്നത് ഞങ്ങൾക്ക്‌ നോക്കിനിൽക്കേണ്ടിവരുന്നു” - ഇരുപതുവർഷമായി പാലക്കാട് അട്ടപ്പാടിയിലെ അഗളി ഗവ. എൽ.പി. സ്കൂളിൽ അധ്യാപകനായ ശക്തിവേലിന്റെ വാക്കുകളിൽ സങ്കടവും നിരാശയുമുണ്ട്.

To advertise here,

വയറുവേദന, തലകറങ്ങി വീഴുക, കണ്ണുകൾ വേദനിക്കുക, സന്ധികളിലെ വേദന, തണുപ്പും ചൂടും ഒന്നുപോലെ സഹിക്കാൻ ശേഷിയില്ലാതാവുക തുടങ്ങി പല പ്രശ്നങ്ങളുമായാണ് കുഞ്ഞുങ്ങൾ അധ്യാപകരുടെ മുന്നിലെത്തുന്നതെന്ന് ശക്തിവേൽ പറയുന്നു. ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴാണ് പലരും അരിവാൾരോഗബാധിതരാണെന്ന് തിരിച്ചറിയുന്നത്. ദീർഘകാലത്തെ അവധിയെടുക്കലും കൊഴിഞ്ഞുപോക്കും അട്ടപ്പാടിയിലെ സ്കൂൾകുട്ടികളിൽ സാധാരണമാണ്. ഇതിന് ശാശ്വതമായ പരിഹാരമുണ്ടാകണമെന്നാണ് ശക്തിവേലിന്റെ ആവശ്യം.

‘‘അരിവാൾരോഗികളായ കുട്ടികൾക്ക് പോഷകഗുണമുള്ള ഭക്ഷണമാണ് ആദ്യം നൽകേണ്ടത്. ഇവിടെ ഇപ്പോൾ ഉച്ചഭക്ഷണം മാത്രമാണുഉള്ളത്. പ്രഭാതഭക്ഷണം ഇനിയും നൽകാൻ കഴിഞ്ഞിട്ടില്ല. ഒരുനേരത്തെ ഭക്ഷണംകൊണ്ട് കുട്ടികൾക്ക് പോഷകം ലഭിക്കില്ല. സ്കൂളിൽ വന്നാൽ പിന്നെ കിടത്തമാണ് പല കുട്ടികളും. ചെറിയ വെയിൽപോലും താങ്ങാനാകില്ല. നൂറുമീറ്റർ ഓട്ടത്തിൽ രണ്ടോ മൂന്നോ ചുവടുകൾ വെക്കുമ്പോഴേക്കും കുട്ടികൾ തളർന്നുവീഴാൻ തുടങ്ങുകയായി’’ -ശക്തിവേൽ പറയുന്നു.

മരണം, രേഖയിലുള്ളതും ഇല്ലാത്തതും

192 ഊരുകൾ. ഇരുള, മുഡുഗ, കുറുമ്പ വിഭാഗങ്ങളാണ് അന്തേവാസികൾ. പോഷകാഹാരക്കുറവിനാലുള്ള മരണവും ശിശുമരണവും ഏറ്റവും കൂടുതൽ അട്ടപ്പാടിയിലാണ്. ഔദ്യോഗികകണക്കുകൾപ്രകാരം 224 അരിവാൾരോഗികൾ. അതിൽ എൺപതുപേർ കുട്ടികൾ. രോഗാവസ്ഥയുടെ ഗൗരവം വർഷംതോറും വർധിക്കുന്നതിനാൽ ആരോഗ്യവകുപ്പ് ഷോളയൂർ, അഗളി, പുതൂർ പഞ്ചായത്തുകളിൽ അരിവോൾരോഗനിർണയ സ്‌ക്രീനിങ് നടത്തിവരുകയാണ്. ഷോളയൂരിൽ ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ ഏപ്രിൽ വരെ സമയമെടുത്താണ് സ്‌ക്രീനിങ് പൂർത്തിയാക്കിയത്. രോഗികളുടെ എണ്ണം പുറത്തുവിട്ടിട്ടില്ല. ശാരീരികാസ്വസ്ഥതകളോ വേദനയോ ഉള്ളവരിൽ നടത്തിയ ടെസ്റ്റിൽനിന്നാണ് രോഗം സ്ഥിരീകരിച്ചത്. കൃത്യവും ശാസ്ത്രീയവുമായ അരിവാൾരോഗസ്‌ക്രീനിങ് അട്ടപ്പാടിയിൽ നടത്തുകയാണെങ്കിൽ രോഗികളുടെ എണ്ണം ഉയരും. അട്ടപ്പാടിയിലെ ഗോത്രജനസംഖ്യയുടെ മുപ്പതുശതമാനം അരിവാൾരോഗികളാണെന്നാണ് അനുമാനം. നാലുവർഷത്തിനിടെ 21 മരണം എന്നാണ് ഔദ്യോഗികകണക്ക്. അതിൽ കുട്ടികളുടെ എണ്ണം ആറും.

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി വിഭാഗം വർഷങ്ങൾക്കുമുൻപ് നടത്തിയ രോഗനിർണയ സ്‌ക്രീനിങ്ങിനുശേഷം കൃത്യമായ അരിവാൾരോഗനിർണയ ക്യാമ്പുകൾ അട്ടപ്പാടിയിൽ നടന്നിട്ടില്ല. 2047-ഓടുകൂടി അരിവാൾരോഗനിർമാർജനം രാജ്യത്ത് സാധ്യമാക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്രസർക്കാർ പക്ഷേ, കേരളത്തിലെ കർമപദ്ധതയിൽ അട്ടപ്പാടിയെ ഉൾപ്പെടുത്തിയിട്ടില്ല.

കൊട്ടിഘോഷിക്കപ്പെട്ട ഡയറ്റ്ചാർട്ട്

അരിവാൾരോഗികൾക്ക് പോഷകാഹാരങ്ങൾ വാങ്ങാനായി മാസത്തിൽ 2500 രൂപയാണ് സംസ്ഥാനസർക്കാർ പെൻഷൻ ഇനത്തിൽ നൽകേണ്ടത്. 200 പേരാണ് നിലവിൽ പെൻഷൻ വാങ്ങുന്നത്. ഈയിനത്തിൽ അറുപത് ലക്ഷം രൂപയും അരിവാൾരോഗികൾക്കുള്ള ഒരു കിറ്റിന് 750 രൂപ നിരക്കിൽ ആറുലക്ഷം രൂപയും വർഷത്തിൽ ട്രൈബൽ ഡിവലപ്മെന്റ് വിഭാഗം വകയിരുത്തുന്നുണ്ട്. പെൻഷൻതുക മാസാമാസം കൃത്യമായി രോഗികൾക്ക് ലഭിച്ചാലേ കാര്യമുള്ളൂ. പലപ്പോഴും മാസങ്ങൾ കഴിഞ്ഞ് ഒന്നിച്ചൊരു തുകയായിട്ടാണ് പെൻഷൻ ലഭിക്കുന്നത്. പോഷകാഹാരക്കിറ്റിൽ റാഗി, പയർ, കടല, വൻപയർ എന്നിവയാണ് മുഖ്യമായും ഉള്ളത്. ഇലക്കറികൾ, കിഴങ്ങ്, വേരുവർഗങ്ങൾ, പാൽ, കൊഴുപ്പ്, പഞ്ചസാര, ശർക്കര തുടങ്ങിയവ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ട്രൈബൽ സബ് പ്ലാൻ ഫണ്ട് മുഖേന അട്ടപ്പാടിയിലെ മൂന്നു പഞ്ചായത്തുകൾക്കും ബ്ലോക്ക് ഓഫീസുകൾക്കും ജില്ലാപഞ്ചായത്തിന്റെ മൊത്തം വികസനഫണ്ടിൽനിന്ന് 40 ശതമാനം മാറ്റിവെച്ചതാണ്. അക്കങ്ങളിൽ കോടികൾ വരുന്ന ഫണ്ട് പക്ഷേ, കടലാസിൽ ഒതുങ്ങിപ്പോവുകയാണ് പലപ്പോഴും.

‘‘അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് സിക്കിൾസെൽ അനീമിയ സ്ഥിരീകരിക്കുന്നത്. അന്നുമുതൽ മരുന്നുകഴിക്കാൻ തുടങ്ങിയതാണ്. ഞങ്ങളിൽ മിക്കവരും ജീവിക്കുന്നത് അട്ടപ്പാടിയുടെ ഉൾപ്രദേശങ്ങളിലാണ്. വേദനവന്നാൽ അധികദൂരം നടക്കാൻ കഴിയില്ല. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ വേദനകാരണം ഒരുവർഷം പോകാൻ പറ്റിയില്ല. മാസംതോറും രക്തപരിശോധന നടത്തേണ്ടതുണ്ട്. അതിനനുസരിച്ച് ഭക്ഷണം ക്രമീകരിക്കണം. പക്ഷേ, എന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് ഞാൻ പരമാവധി അതിജീവിക്കാൻ ശ്രമിക്കുന്നുണ്ട്. ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്റെ മരുന്ന്, ഭക്ഷണം, സ്ഥിരം പരിശോധനകൾ തുടങ്ങിയവയ്ക്കായി ഒരുമാസം പതിനയ്യായിരത്തോളം രൂപ ചെലവുണ്ട്. അഭിനയത്തിലൂടെയും മറ്റും ഞാൻ മാർഗം കണ്ടെത്തുന്നുണ്ട്. പക്ഷേ, അത് എത്രകാലമുണ്ടാവുമെന്നോ, എല്ലാവർക്കും സാധിച്ചുകൊള്ളണമെന്നോ ഇല്ല’’ - ‘ധബാരികുരുവി’ എന്ന ചലച്ചിത്രത്തിലെ നായികകൂടിയായ പൊട്ടിക്കൽ ഊരിലെ മീനാക്ഷി പറയുന്നു.

വേദനകാരണം പഠിപ്പ് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന സങ്കടം പത്താംക്ലാസോടെ പഠനംനിർത്തിയ ദേവനും പങ്കുവെച്ചു. തണുപ്പ് താങ്ങാൻ കഴിയാത്തതിനാൽ വീട്ടിൽനിന്നു മാറിത്താമസിക്കേണ്ടിവന്നു. ശാരീരികാധ്വാനം കൂടുതലുള്ള പണികൾ ചെയ്യാനും ദേവനാകില്ല. വിളർച്ചയും തൂക്കക്കുറവും ദേവനെ കാണുന്നമാത്രയിൽത്തന്നെ തിരിച്ചറിയാനാകും, കാഴ്ചയിൽ പതിനഞ്ചുവയസ്സുപോലുമില്ല ദേവന്.

ആശുപത്രിയോട് വിമുഖത

അട്ടപ്പാടിയുടെ ഏക ആശ്രയം കോട്ടത്തറ ഗവൺമെന്റ് ആശുപത്രിയാണ്. അരിവാൾരോഗികൾക്കുള്ള മരുന്നുകളും പ്രാഥമികചികിത്സയും ഇവിടെ ലഭിക്കും. എന്നാൽ, അസുഖം മൂർച്ഛിക്കുമ്പോൾ റഫർ ചെയ്യുന്നത് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കാണ്. അസുഖത്തിന്റെ ലക്ഷണങ്ങളും വേദനകളും അനുഭവിക്കുമ്പോഴും ആളുകൾ അരിവാൾരോഗത്തെ ഗൗരവത്തോടെ ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ല. രോഗം മറച്ചുവെക്കുക, കൃത്യമായി മരുന്നുകൾ കഴിക്കാതിരിക്കുക, ആരോഗ്യപ്രവർത്തകരുടെ അന്വേഷണങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകാതിരിക്കുക തുടങ്ങിയ പ്രവണതകൾ മുതിർന്ന കുട്ടികൾ പ്രകടിപ്പിക്കുന്നുണ്ട്. കൗമാരക്കാരിൽ വളരെ നേരത്തേ തുടങ്ങുന്ന പുകവലിയും മദ്യപാനവും ലഹരിയുപയോഗവും രോഗചികിത്സയെയും ബാധിക്കുന്നു.

നരസിമുക്ക് ഊരിലെ പാപ്പിയമ്മയുടെ രണ്ട് മക്കൾക്കും അരിവാൾരോഗമാണ്. പ്ലസ് വൺകാരിയായ മൂത്തമകൾക്ക് ഒരുവർഷം സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകനും അധ്യയനവർഷത്തിൽ പകുതിയും വീട്ടിൽത്തന്നെ. രണ്ടുപേരുടെയും മരുന്നിനും ആശുപത്രിയിൽ പോക്കിനുംതന്നെ നല്ലൊരു തുക കണ്ടെത്തണം. പാപ്പിയമ്മയുടെ ഭർത്താവ് നേരത്തേ മരിച്ചു. അദ്ദേഹത്തിന് ശരീരമാസകലം വേദനയായിരുന്നു എന്നുമാത്രമേ പാപ്പിയമ്മയ്ക്കറിയൂ. താനോ ഭർത്താവോ അരിവാൾരോഗികളോ വാഹകരോ അല്ലെന്നാണ് പാപ്പിയമ്മ പറയുന്നത്. പാപ്പിയമ്മയുടെ സഹോദരിയുടെ രണ്ട് മക്കളും അരിവാൾരോഗികളാണ്.

അരിവാൾരോഗം അട്ടപ്പാടി കടന്ന് വയനാട്ടിലെത്തുമ്പോൾ എണ്ണം കൂടുന്നു, ഒപ്പം സങ്കീർണതകളും പ്രതിസന്ധികളും.

അരിവാൾ അരിഞ്ഞെടുക്കുന്ന അട്ടപ്പാടി- PART- 1

നാളെ - അരിവാൾത്തലപ്പിലെ വയനാട്