ഴിഞ്ഞ ആഴ്ചയാണ് പ്രമുഖ ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് അഭിനയരംഗത്ത് നിന്ന് പിൻമാറുന്ന വാർത്ത പങ്കുവെച്ചത്. ആശയവിനിമയ ശേഷി ഇല്ലാതാകുന്ന അഫേസിയ എന്ന രോഗം സ്ഥിരീകരിച്ചതോടെയാണ് ബ്രൂസ് അഭിനയരം​ഗത്ത് നിന്ന് പിന്മാറുന്നതായി കുടുംബം അറിയിച്ചത്. 

To advertise here,

നീണ്ട കുറിപ്പ് പങ്കുവച്ചാണ് ബ്രൂസിന്റെ ആരോ​ഗ്യ വിവരം കുടുംബം ആരാധകരെ അറിയിച്ചത്. ഇത് കുടുംബത്തിന് ഏറെ വെല്ലുവിളികൾ നിറഞ്ഞ സമയമാണെന്നും കരുത്തോടെ മുന്നോട്ട് പോവാൻ ഏവരുടെയും സ്നേഹവും പിന്തുണയും വേണമെന്നും ബ്രൂസിന്റെ മകൾ റൂമർ ഇൻസ്റ്റാ​ഗ്രാമിൽ‌ പങ്കുവച്ച കുറിപ്പിൽ‌ വ്യക്തമാക്കിയിരുന്നു.

എൺ‌പതുകളിലാണ് ബ്രൂസ് തന്റെ കരിയർ ആരംഭിക്കുന്നത്. നാൽപത് വർഷം നീണ്ട അഭിനയ ജീവിതത്തിൽ ഒട്ടേറെ പുരസ്കാരങ്ങളും ബ്രൂസിനെ തേടിയെത്തിയിരുന്നു. ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ് ജേതാവുമാണ് ബ്രൂസ് വില്ലിസ്. രണ്ട് തവണ എമ്മി പുരസ്കാരവും ബ്രൂസ് കരസ്ഥമാക്കിയിട്ടുണ്ട്. അഭിനേതാവ് എന്നതിന് പുറമേ നിര്‍മാതാവിന്റെയും ​ഗായകന്റെയും റോളുകളിലും ബ്രൂസ് തിളങ്ങിയിട്ടുണ്ട്. എന്നാൽ താരത്തിന്റെ അഭിനയത്തിൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ പലരും കാര്യകാരണം തിരക്കി രം​ഗത്തെത്തിയിരുന്നു. അഫേസിയ എന്താണെന്നും എന്തുകൊണ്ട് സംഭവിക്കുന്നു എന്നുമൊക്കെയാണ് പലരും അന്വേഷിച്ചത്.

എന്താണ് അഫേസിയ? എങ്ങനെ ഉണ്ടാകുന്നു?

മസ്തിഷ്‌കത്തിലെ ഏറ്റവും സങ്കീര്‍ണങ്ങളായ രണ്ട് പ്രവര്‍ത്തനങ്ങളാണ് സംസാരവും ആശയവിനിമയവും. ഒരു വ്യക്തിയുടെ സംസാരത്തില്‍ നിന്ന് നമുക്ക് അയാളുടെ പ്രായം, വ്യക്തിത്വം, ചിന്താശക്തി, ഭാഷ, വികാരം എന്നിവ മനസ്സിലാക്കാന്‍ സാധിക്കും. ഭാഷാപരമായും ആംഗ്യപരമായും ആശയവിനിമയം നടത്താനുള്ള ശേഷിയാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നത്. ഈ സങ്കീര്‍ണമായ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത് മനുഷ്യ മസ്തിഷ്‌കമാണ്.

പ്രധാനമായും മനുഷ്യ മസ്തിഷ്‌കത്തിന് രണ്ടു ഭാഗങ്ങളാണുള്ളത്. ഇടതുഭാഗവും വലതുഭാഗവും. മനുഷ്യശരീരത്തിലെ വലതുഭാഗത്തെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ ഇടതുഭാഗവും ഇടതുഭാഗത്തെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ വലതുഭാഗവുമാണ്. സംസാരം, ഭാഷ എന്നിവ മനസ്സിലാക്കാനും പ്രകടിപ്പിക്കാനുമുള്ള കഴിവ്, ഓര്‍മ, ചിന്താശക്തി എന്നിവ തലച്ചോറിലെ ഇടതുഭാഗം നിര്‍വഹിക്കുമ്പോള്‍ ഭാഷണപ്രക്രിയയെ മധുരിതമാക്കുന്ന സ്വരഭേദം, അനുക്രമം, ഊന്നല്‍ എന്നിവയെ നിയന്ത്രിക്കുന്നത് മസ്തിഷ്‌കത്തിന്റെ വലതുഭാഗമാണ്.

ഇക്കാരണങ്ങള്‍കൊണ്ട് മനുഷ്യമസ്തിഷത്തിന് സംഭവിക്കുന്ന ഏതൊരാഘാതവും മനുഷ്യന്റെ സംസാരത്തെയും ഭാഷയെയും ബാധിക്കുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നതോ നിലക്കുന്നതോ മൂലമുണ്ടാകുന്ന നാശമാണ് പക്ഷാഘാതം (സ്‌ട്രോക്ക്). തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടുക, (ഹെമറേജ്) രക്തക്കട്ടകള്‍, കൊഴുപ്പിന്റെ അംശം, വായുകുമിള, എന്നിവ മൂലം രക്തപ്രവാഹത്തിനുള്ള തടസ്സം (ഇഷ്‌കിമിയ) തുടങ്ങിയവയാണ് സ്‌ട്രോക്ക് സംഭവിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍. തലച്ചോറിന്റെ ഇടതുഭാഗത്താണ് തകരാറെങ്കില്‍ ശരീരത്തിന്റെ വലതുഭാഗത്തും വലതുഭാഗത്താണെങ്കില്‍ ഇടതുഭാഗത്തുമാണ് തളര്‍ച്ചയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകുക.

ഭാഷ മനസ്സിലാക്കുന്നതിനും സംസാരിക്കുന്നതിനുമുള്ള തലച്ചോറിലെ ഭാഗത്തിന് നാശം സംഭവിക്കുമ്പോഴാണ് അഫേസിയ ഉണ്ടാകുന്നത്. സ്‌ട്രോക്ക് അഫേസിയ ഉണ്ടാകുന്നതിനുള്ള ഒരു കാരണമാണ്. അതുകൊണ്ട് സ്ട്രോക്ക് മൂലം സംസാരശേഷി നഷ്ടപ്പെട്ടവര്‍ക്കും ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് കുറഞ്ഞുപോയവര്‍ക്കും ഒരു സംസാര-ഭാഷ വിദഗ്ദ്ധന്റെ സഹായത്തോടെ സംസാര-ഭാഷ പരിശീലനം നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്.

അഫേസിയ എന്നത് സ്‌ട്രോക്ക് മൂലമുണ്ടാകുന്ന ഭാഷാപരമായ നഷ്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഇവര്‍ക്ക് ഭാഷയുടെ വിവിധതലങ്ങളിലും തകരാര്‍ സംഭവിച്ചിരിക്കും. പ്രധാനമായും സംസാരം, ഭാഷ കേട്ടു മനസ്സിലാക്കാനുള്ള കഴിവ്, ഭാഷ ഉപയോഗിക്കാനുള്ള കഴിവ്, പേരുകള്‍ മനസ്സിലാക്കാനും പ്രകടിപ്പിക്കാനുമുള്ള കഴിവ്, പറയുന്നത് തിരിച്ചുപറയുന്നതിനുള്ള ബുദ്ധിമുട്ട്, വായന, എഴുത്ത്, ഗണിതം, സ്‌പെല്ലിംഗ് തുടങ്ങിയവയില്‍ തകരാറുകള്‍ സംഭവിക്കുക. മേല്‍പറഞ്ഞ എല്ലാ ബുദ്ധിമുട്ടുകളും ഒരു പരിധിവരെ സ്പീച്ച് തെറാപ്പിയില്‍ കൂടി മാറ്റിയെടുക്കാവുന്നതാണ്.

സ്‌ട്രോക്ക് സംഭവിച്ചതിനുശേഷം സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെടുക, പേരുകള്‍ കിട്ടാനുള്ള ബുദ്ധിമുട്ട്, ഭാഷ ഗ്രഹിക്കാനുള്ള കഴിവ് നഷ്ടപ്പെടുക, എഴുതാനും വായിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുക, സംസാരം കുഴഞ്ഞുപോകുക, അക്ഷരസ്പുടത നഷ്ടപ്പെടുക, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, പറയുന്നത് തിരിച്ചുപറയാനുള്ള കഴിവ് നഷ്ടപ്പെടുക എന്നിവ സംഭവിച്ചവര്‍ക്കാണ് സ്പീച്ച് തെറാപ്പി പ്രധാനമായും ആവശ്യമായി വരുക.

അഫേസിയ രോഗിയെ ഭാഷ പഠിപ്പിക്കുന്നത് ദൈര്‍ഘ്യമേറിയതും മന്ദഗതിയിലുള്ളതുമാണെന്നു അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. രോഗിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ദിവസങ്ങള്‍കൊണ്ടോ ആഴ്ച്ചകള്‍കൊണ്ടോ പുരോഗതിയുണ്ടാകുമെന്ന് ചിന്തിക്കരുത്. മറിച്ച് മാസങ്ങള്‍ കൊണ്ടും വര്‍ഷങ്ങള്‍കൊണ്ടുമാണ് പുരോഗതിയുണ്ടാകുക എന്ന രീതിയില്‍ വേണം ഇതിനെ സമീപിക്കാന്‍. ചില രോഗികള്‍ക്ക് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുരോഗതി കാണാറുണ്ട്. എന്നാല്‍ മറ്റു ചിലര്‍ക്ക് അത് വളരെ പതുക്കെയും വര്‍ഷങ്ങള്‍കൊണ്ടുമാണ് സംഭവിക്കുക. മിക്കവരിലും ഭാഷ വളരെ സമയമെടുത്താണ് മെച്ചപ്പെട്ടുവരിക എന്നാല്‍ ചുരുക്കം ചിലരില്‍ മാത്രം വളരെ വേഗത്തില്‍ ഭാഷാ പുരോഗതി കണ്ടുവരുന്നു.

ചില അഫേസിയ രോഗികള്‍ എഴുതുന്നതിനും വായിക്കുന്നതിനും സംസാരിക്കുന്നതിനുമുള്ള കഴിവ് പൂര്‍ണമായി നേടിയെടുക്കാറുണ്ട്. ഭാഷാ വൈകല്യത്തിനുള്ള തെറാപ്പിയിലൂടെ അഫേസിയ ഏതാണ്ട് പൂര്‍ണമായി മാറ്റിയെടുക്കാന്‍ സാധിക്കും. ചിലര്‍ക്ക് സ്‌ട്രോക്കിന് ശേഷം ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭാഷയില്‍ പുരോഗതി കാണാന്‍ സാധിക്കും.

വിവരങ്ങൾക്ക് കടപ്പാട്
ഡോ. ജാബിര്‍. പി. എം