ആഗോള സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥയെ ആശങ്കയിലാഴ്ത്തുന്ന ആരോഗ്യ പ്രതിസന്ധിയാണ് ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (AMR). ലോകാരോഗ്യസംഘടന ഈ നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യ ഭീഷണിയായാണ് എ.എം.ആറിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ആന്റി മൈക്രോബിയന്‍ മരുന്നുകളോട് അണുക്കള്‍ക്കുണ്ടാകുന്ന പ്രതിരോധം ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഉയര്‍ന്ന മരണനിരക്കിലേക്കും അതുമൂലമുണ്ടാകുന്ന സാമ്പത്തിക, വികസന പ്രതിസന്ധികളിലേക്കും വിരല്‍ചൂണ്ടുന്നു.
ആന്റി മൈക്രോബിയന്‍ അസിസ്റ്റന്റ് (എ.എം.ആര്‍)
ബാക്ടീരിയ, വൈറസുകള്‍, ഫംഗസ്, പാരസൈറ്റ് അഥവാ പരാന്നഭോജികള്‍ എന്നീ അണുക്കളാണ് സാധാരണയായി മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും സസ്യങ്ങളിലുമൊക്കെ അണുബാധ അഥവാ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കാറുള്ളത്. ഇവയുടെ വളര്‍ച്ച തടയുകയും പൂര്‍ണമായി നശിപ്പിക്കുകയും ചെയ്യുന്ന മരുന്നുകളാണ് ആന്റി മൈക്രോബിയലുകള്‍. ഇതില്‍ ആന്റിബയോട്ടിക്സ് വിഭാഗം (ബാക്ടീരിയല്‍ അണുബാധക്കെതിരെ), ആന്റിവൈറല്‍സ് (വൈറല്‍ അണുബാധക്കെതിരെ), ആന്റിഫംഗല്‍സ് (ഫംഗല്‍ അണുബാധക്കെതിരെ) എന്നിങ്ങനെ പ്രത്യേക വിഭാഗം മരുന്നുകള്‍ ഉള്‍പ്പെടുന്നുണ്ട്. ഈ മരുന്നുകളുടെ അനാവശ്യവും ക്രമമല്ലാത്തതുമായ ഉപയോഗംമൂലം സൂക്ഷ്മാണുക്കള്‍ ഇവയ്‌ക്കെതിരെ പ്രതിരോധിച്ചു തുടങ്ങുന്ന അവസ്ഥയാണ് എ.എം.ആര്‍.
ഇതുമൂലം ആന്റി മൈക്രോബിയല്‍ മരുന്നുകള്‍ ഫലപ്രദമല്ലാതാവുകയും അണുബാധ ചികിത്സിക്കാന്‍ പ്രയാസമോ അസാധ്യമോ ആവുകയും ചെയ്യുന്നു. തുടര്‍ന്ന് അണുബാധ പകരുകയും ഗുരുതരമായ രോഗാവസ്ഥയ്ക്കും മരണനിരക്ക് വര്‍ധിക്കുന്നതിനും കാരണമാകുന്നു. രക്ത അണുബാധ (sepsis), ശ്വാസകോശ അണുബാധ (pneumonia), ക്ഷയരോഗം (Tuberculosis) തുടങ്ങി ഒട്ടുമിക്ക അണുബാധകളും ഇന്ന് ഉണ്ടാക്കുന്നത് പ്രതിരോധം ആര്‍ജിച്ച അണുക്കളാണ്. ഇവയെ Multidrug Restsiant (MDR), Extensively Drug Resistant (XDR) എന്നും ഇതുവരെ ലഭ്യമായ എല്ലാ ആന്റി മൈക്രോബിയല്‍ മരുന്നുകളോടും പ്രതിരോധം ആര്‍ജിച്ചവയെ Pan Drug Restsiant (PDR) എന്നും പട്ടികപ്പെടുത്തുന്നു.
ആന്റിബയോട്ടിക്ക് മരുന്നുകളുടെ ഉത്ഭവവും പ്രസക്തിയും
1928-കളിലാണ് സ്‌കോട്ടിഷ് ഫിസിഷ്യനും ശാസ്ത്രജ്ഞനുമായ സാര്‍ അലക്സാണ്ടര്‍ ഫ്‌ലെമിങ്, പെന്‍സിലിന്‍ എന്ന ആദ്യ ആന്റിബയോട്ടിക് മരുന്ന് കണ്ടുപിടിച്ചത്. തികച്ചും യാദൃശ്ചികമായി ബാക്ടീരിയയുടെ വളര്‍ച്ച തടയുന്ന 'പെന്‍സിലിയം നെട്ടേറ്റം' എന്ന ഫംഗസിനെ അദ്ദേഹം തിരിച്ചറിഞ്ഞു. തുടര്‍ന്ന് അതേ ഫംഗസില്‍ നിന്നുതന്നെ പെന്‍സിലിന്‍ എന്ന ആന്റിബയോട്ടിക്ക് കണ്ടെത്തി. പിന്നീട് പലതരം അണുക്കളെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ വികസിപ്പിച്ചു. ഈ മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗത്തെ തുടര്‍ന്ന് അണുക്കള്‍ ഇവയ്ക്കെതിരെ കലാപത്തിനിറങ്ങി എന്നുവേണം പറയാന്‍.
പലതരം ജനിതകവ്യതിയാനങ്ങള്‍ (mutation) വരുത്തിയും കോശഘടനയില്‍ വ്യത്യാസംവരുത്തിയും വിവിധങ്ങളായ ജീവരസങ്ങള്‍ (enzymes) പുറത്തുവിട്ടുമൊക്കെ ഇവ മരുന്നുകളോട് പ്രതിരോധം നേടി. ഉദാഹരണത്തിന് പെന്‍സിലിന്‍ മരുന്നുകളോട് പ്രതിരോധം ആര്‍ജിച്ച എം.ആര്‍.എസ്.എ. (Methicillin Resistant Staphylococcus Aureus), സാധാരണ ഉപയോഗിക്കുന്ന മരുന്നുകളോട് പ്രതികരിക്കാത്ത ടൈഫോയ്ഡ് അണുക്കള്‍, എല്ലാ മരുന്നുകളോടും പ്രതിരോധം ആര്‍ജിച്ച ക്ഷയരോഗാണു (XDR Tuberculosis) ഇങ്ങനെ നീളുന്നു നിര.
പോളീമിക്സിന്‍ ബി (Polymyin B), കൊളിസ്റ്റിന്‍, സെഫ്റ്റാസിഡിം -അവിബാക്റ്റം, ഫോസ്ഫോമൈസിന്‍, വാന്‍കോമൈസിന്‍, ഡാപ്റ്റോമൈസിന്‍ ഇങ്ങനെ വളരെ കുറച്ചു മരുന്നുകള്‍ മാത്രമേ ആന്റിമൈക്രോബിയല്‍ പ്രതിരോധം ആര്‍ജ്ജിച്ച 'super bug' നെതിരെ പൊരുതുവാന്‍ നമ്മുടെ കരങ്ങളിലുള്ളത്. എന്നാല്‍, ഈ മരുന്നുകളോടുപോലും പ്രതികരിക്കാത്ത 'super bug' അണുക്കള്‍ ലോകത്തിലെ പലയിടത്തുനിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വിവിധതലങ്ങളില്‍
ആന്റി മൈക്രോബിയലിനോടുള്ള പ്രതിരോധം മനുഷ്യനില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന വിപത്തല്ല. സസ്യജാലങ്ങളിലും പക്ഷിമൃഗാദികളിലും മത്സ്യങ്ങളിലുമൊക്കെ എ.എം.ആറിന്റെ സ്വാധീനം കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യനും എ.എം.ആറും
സാങ്കേതികമായി മനുഷ്യന്‍ മുന്നിലെത്തുമ്പോഴും പല കാര്യങ്ങളിലും നാം തികഞ്ഞ അശ്രദ്ധകാട്ടാറുണ്ട്. ചെറിയ ജലദോഷപ്പനി, അലര്‍ജി പ്രശ്നങ്ങള്‍, ഒന്നോ രണ്ടോ വട്ടം പനിയില്ലാതെ വരുന്ന വയറിളക്കരോഗം ഇവയ്ക്കൊക്കെ ഡോക്ടറുടെ നിര്‍ദ്ദേശമോ പരിശോധനകളോ കൂടാതെ മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് മരുന്നുകള്‍ വാങ്ങി നാം സ്വയം ചികിത്സ നടത്താറുണ്ട്. പലപ്പോഴും ഈ രോഗാവസ്ഥയ്ക്ക് ആന്റിമൈക്രോബിയലിന്റെ ആവശ്യകത ഉണ്ടാകില്ല. അശാസ്ത്രീയമായ ആന്റി മൈക്രോബിയലുകളുടെ ഉപയോഗത്തെ തുടര്‍ന്ന് നമ്മുടെ ശരീരത്തിലെ മൈക്രോഫ്ളോറക്ക് (normal flora) വ്യതിയാനം സംഭവിക്കുന്നു. പിന്നീട് എപ്പോഴെങ്കിലും ഈ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ ഉപയോഗിക്കേണ്ടിവരുമ്പോള്‍ ഇവ തികച്ചും ഫലപ്രദമല്ലാതാവുകയും ചെയ്യുന്നു.
ശുചിയല്ലാത്ത ആശുപത്രി ചുറ്റുപാടുകളില്‍നിന്നും ആരോഗ്യ പ്രവര്‍ത്തകരുടെ അശാസ്ത്രീയമായ ഇടപെടലുകള്‍ വഴിയും ചില അണുബാധകള്‍ രോഗികളിലെത്താറുണ്ട്. സര്‍ജറികള്‍ക്ക് ശേഷവും അവയവം മാറ്റിവെച്ചവരിലും ശിശുക്കളിലും ആശുപത്രിയില്‍ നിന്നുള്ള അണുബാധ (Hospital Acquired Infection) വരാനുള്ള സാധ്യത കൂടുതലാണ്. ഒട്ടുമിക്ക മരുന്നുകളോടും പ്രതിരോധം ആര്‍ജിച്ച അണുക്കളാണ് ഇതിന് കാരണമാകാറുള്ളത്.
സസ്യജാലങ്ങളും പക്ഷിമൃഗാദികളും
സസ്യ-ജന്തുജാലങ്ങളുടെ സമയബന്ധിതമായ വളര്‍ച്ചയ്ക്കും രോഗപ്രതിരോധത്തിനുമായി ഇവയിലുപയോഗിക്കുന്ന വളം, പക്ഷിത്തീറ്റ, ആന്റിബയോട്ടിക്കിന്റെ കണങ്ങള്‍ അടങ്ങുന്ന ജലം ഇവയിലൂടെ ആന്റി മൈക്രോബിയലുകള്‍ സസ്യപക്ഷിമൃഗാദികളിലെത്തുന്നു തുടര്‍ന്ന് ഭക്ഷ്യശൃംഖല വഴിയും പരിസ്ഥിതിയിലൂടെയും ഈ അണുക്കള്‍ സുലഭമായി മറ്റു ജീവജാലങ്ങളിലേക്ക് വ്യാപിക്കുന്നു.
ജൈവ വളങ്ങളിലും കോഴിത്തീറ്റയിലും മുട്ടയുടെ പുറംതോടിലും പാലുല്‍പ്പന്നങ്ങളിലുമൊക്കെ ആന്റിബയോട്ടിക്കുകളിലൂടെ വ്യക്തമായ സാന്നിധ്യം ഇന്ത്യയില്‍ പലയിടങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. രോഗങ്ങള്‍ വരാതിരിക്കാനും പെട്ടെന്ന് തൂക്കം കൂട്ടി വിപണിയിലെത്തിക്കാനുമായി ഇറച്ചിക്കോഴികളിലും താറാവിലും മാടുകളിലുമൊക്കെ തീറ്റയില്‍ ടെട്രാസൈക്ലിന്‍ (tetracycline), കൊളിസ്റ്റിന്‍ (colistin) ഇവ ചേര്‍ക്കുന്നു. ഈ മരുന്നുകള്‍ ഇവയിലെ മൈക്രോഫ്ളോറക്ക് ജനിതകവ്യതിയാനം ഉണ്ടാകുന്നു. തുടര്‍ന്ന് ഈ ജീവികളുടെ ജൈവമാലിന്യങ്ങള്‍ പ്രകൃതിയിലേക്കും ജലാശയങ്ങളിലേക്കും ഭക്ഷ്യശൃംഖലയിലേക്ക് സുഖമായി വ്യാപിക്കുന്നു. തീറ്റയിലും വളങ്ങളിലും ആന്റി മൈക്രോബിയലിന്റെ ഉപയോഗത്തിന് കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് ഉദ്യോഗസ്ഥവൃന്ദത്തെ കബളിപ്പിച്ചുകൊണ്ട് പലയിടത്തും ഇവ വ്യാപകമായി ഉപയോഗിക്കുന്നു എന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു .
എന്താണ് വണ്‍ ഹെല്‍ത്ത്
മനുഷ്യര്‍, മൃഗങ്ങള്‍, പരിസ്ഥിതി എന്നിവതമ്മിലുള്ള അനുബന്ധത്തെയാണ് 'One Health' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. മനുഷ്യരുടേയും മൃഗങ്ങളുടേയും ആരോഗ്യസംരക്ഷണം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതിയിലെ മാലിന്യനിയന്ത്രണം എന്നിവയിലൂടെ ആന്റി മൈക്രോബിയല്‍ ഉപയോഗം കുറയ്ക്കുവാനും ഭാവിയില്‍ പ്രതിരോധശേഷിയുള്ള അണുക്കളുടെ രൂപീകരണം തടയുവാനും വണ്‍ ഹെല്‍ത്തിലൂടെ സാധ്യമാകും. ആരോഗ്യമേഖല, ഭക്ഷ്യസുരക്ഷാ മേഖല, പരിസ്ഥിതി സംരക്ഷണം തുടങ്ങി ഒട്ടേറെ വകുപ്പുകളുടെ പ്രാതിനിധ്യത്തിലൂടെ നമുക്ക് എ.എം.ആറിനെ വണ്‍ ഹെല്‍ത്തിലൂടെ നേരിടാനാവും.
എ.എം.ആറിനെതിരെയുള്ള വിവിധ പ്രോജക്ടുകള്‍
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ എ.എം.ആര്‍. പ്രതിരോധത്തിനായി പ്രത്യേക പ്രൊജക്ടുകളും ഫണ്ടുകളും ഓരോ രാജ്യത്തിനും നല്‍കുന്നുണ്ട്. 'Glass' അഥവാ 'Global Antimicrobial Resistance and Use Surveillance System' എ.എം.ആറിനെതിരെ ലോകാരോഗ്യസംഘടന രൂപവത്കരിച്ച പദ്ധതിയാണ്. ഇതിനടിയില്‍ വരുന്ന ഓരോ രാജ്യത്തിനും സംസ്ഥാനങ്ങള്‍ക്കും എ.എം.ആര്‍. കണക്കുകള്‍ പഠിക്കുവാനും നിയന്ത്രിക്കാനുമായി പ്രത്യേക പദ്ധതികളുണ്ട്.
എന്താണ് KARSAP
ആന്റി മൈക്രോബിയല്‍ പ്രതിരോധത്തെ തടയാന്‍ സംസ്ഥാനതലത്തില്‍ പദ്ധതി നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യസംസ്ഥാനം കേരളമാണ്. 2018 ഒക്ടോബറില്‍ KARSAP (Kerala Antimicrobial Resistance Strategi Action Plan) എന്ന പ്രോജക്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കമിട്ടു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധതലങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍, ആന്റി മൈക്രോബിയല്‍ നിബന്ധനകള്‍ എന്നിവ ക്രമമായി നടത്തി സ്വകാര്യ മേഖലയില്‍നിന്നുള്ള സഹകരണവും KARSAP-ന് ലഭിച്ചു. ഒരോ ആശുപത്രിയിലുമുണ്ടാകുന്ന അണുബാധകളുടെ കണക്കുകളും ഉപയോഗിക്കുന്ന മരുന്നുകളുടെ കണക്കുകളും വിവിധ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രേഖപ്പെടുത്തുകയും അവയുടെ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യുന്നു. റിപ്പോര്‍ട്ടിന് ആനുപാതികമായ നടപടികള്‍ സ്വീകരിക്കുവാനും കേരളത്തിലെ ആരോഗ്യമേഖല മുന്‍പന്തിയിലാണ്.
നമുക്ക് എ.എം.ആറി നെ എങ്ങനെ പ്രതിരോധിക്കാം
- ആന്റി മൈക്രോബിയല്‍ മരുന്നുകള്‍ അനാവശ്യമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക
- ഡോക്ടറുടെ കൃത്യമായ പരിശോധനകള്‍ക്കു ശേഷം പ്രിസ്‌ക്രിപ്ഷന്‍ കാണിച്ചു മാത്രം മരുന്നുകള്‍ വാങ്ങുക.
- മരുന്നുകള്‍ ഡോക്ടര്‍ പറഞ്ഞ കോഴ്സില്‍ കൃത്യമായി കഴിക്കുക, രോഗലക്ഷണങ്ങള്‍ ഇല്ലാതായാലും മരുന്ന് കൃത്യമായി കഴിക്കണം.
- കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ആരോഗ്യപ്രവര്‍ത്തകര്‍ മരുന്നുകള്‍ തെരഞ്ഞെടുക്കാന്‍ പാടുള്ളൂ.
- ആരോഗ്യവകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും അവ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യണം.
- രോഗവ്യാപനം തടയുവാന്‍ കൈകഴുകല്‍ ശീലിക്കുന്നത് നല്ലതാണ്.
- പ്രധാന രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധകുത്തിവെപ്പുകള്‍ (vaccines) എടുക്കുന്നതുവഴി അവ വരാനുള്ള സാധ്യത കുറയുന്നു.
WAAW എന്നാലെന്ത്?
ലോകം ഒട്ടാകെ ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിനെതിരെ ജാഗ്രത പുലര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷവും നവംബര്‍ മാസം 18 മുതല്‍ 24 വരെ ആന്റിമൈക്രോബിയല്‍ അവബോധ ആഴ്ച ആചരിക്കുന്നു. പല തരത്തിലുള്ള ബോധവത്കരണ പരിപാടികള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാറുണ്ട്. World Antimicrobial Awareness Week (WAAW 2024)-ന്റെ പ്രമേയം Educate, Advocate, Act Now എന്നതാണ് ലോകമെമ്പാടുമുള്ള വിവിധ ഭക്ഷ്യ ജന്തുജന്യ പരിസ്ഥിതി മേഖലകളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് 2024-ന്റെ പ്രമേയം രൂപപ്പെട്ടിരിക്കുന്നത്.
കേരളത്തില്‍ നവംബറിന്റെ തുടക്കം തന്നെ WAAW 2024 പദ്ധതികള്‍ക്ക് തുടക്കമായി. പ്രാഥമിക ആരോഗ്യകേന്ദ്രം, പഞ്ചായത്തുകള്‍, വിദ്യാലയങ്ങള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ മേഖലകളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ നടത്തിവരുന്നു. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് കൃത്യമായ നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവന്നു. 2050 ആകുമ്പോഴേക്കും ഏകദേശം 39 മില്യണ്‍ മരണനിരക്കാണ് എ.എം.ആര്‍. മൂലം പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന് തടയിടാന്‍ ആന്റി മൈക്രോബിയന്‍ മരുന്നുകളുടെ കൃത്യമായും ശാസ്ത്രീയവുമായ ഉപയോഗവും പുതിയ ആന്റി മൈക്രോബിയനുകളുടെ കണ്ടുപിടുത്തങ്ങളും നടക്കേണ്ടതുണ്ട്.
(കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റിയിലെ അസി. പ്രൊഫസറാണ് ലേഖിക)
Content Highlights: anti microbial resistance and its impacts
Published: 20 Nov 2024, 01:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented