എൻഡോമെട്രിയോസിസ് സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി അദാ ശർമ. നീണ്ടുനിൽക്കുന്ന ആർത്തവകാലമായിരുന്നു തന്റേതെന്നും തുടർന്നു നടത്തിയ പരിശോധനയിലാണ് എൻഡോമെട്രിയോസിസ് സ്ഥിരീകരിച്ചതെന്നും അദാ ശർമ പറഞ്ഞു. 

To advertise here,

സിനിമകൾക്ക് വേണ്ടി പെട്ടെന്ന് വണ്ണം വെക്കുകയും കുറയ്ക്കുകയുമൊക്കെ ചെയ്യേണ്ടി വന്നിരുന്നു. അത് ആരോ​ഗ്യത്തെ വളരെയേറെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. യഥാർഥ ജീവിതത്തിൽ വെയ്റ്റ് ട്രെയിനിങ് ചെയ്യുമ്പോൾ കരുതലുണ്ടാകും, എന്നാൽ ഷൂട്ടിങ് സെറ്റിൽ അത്തരം രം​ഗങ്ങൾ ചെയ്യുമ്പോൾ അതിന് കഴിയാറില്ല. ഒരിക്കൽ തന്റെ ഇടുപ്പ് തെന്നിനീങ്ങുകയും കടുത്ത പുറംവേദന അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. 

പിന്നീട് എൻഡോമെട്രിയോസിസ് കൂടി സ്ഥിരീകരിച്ചപ്പോൾ താൻ ഏറെ സമ്മർദത്തിലാണ്ടുവെന്നും താരം പറഞ്ഞു. നീണ്ടുനിൽക്കുന്ന ആർത്തവമായിരുന്നു തനിക്കുണ്ടായിരുന്നത്. നാൽപത്തിയെട്ടു ദിവസത്തോളം നീണ്ടുനിൽക്കുന്ന ആർത്തവം തനിക്കുണ്ടായിട്ടുണ്ടെന്നും അദാ പറഞ്ഞു. 

സമ്മർദം ശരീരത്തെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നുവെന്നും അദാ പറയുന്നു. സമ്മർദത്തിലാകുന്നത് ശരീരത്തിന്റെ മുഴുവൻ പ്രവർത്തനത്തേയും ബാധിക്കും. പോഷകാഹാരം ലഭിക്കാതെയും. ചർമത്തിന്റെ തിളക്കം നഷ്ടപ്പെടുത്തുകയും  മുടികൊഴിച്ചിലുണ്ടാക്കുകയും ചെയ്യും. ഒപ്പം ഉറക്കവും പ്രധാനമാണെന്നും മനസ്സ് ശരിയായിരുന്നാൽ എല്ലാം നന്നായി ചെയ്യാനാവുമെന്നും അദാ പറഞ്ഞു. 

എന്താണ് എൻഡോമെട്രിയോസിസ്?

ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗമാകാം. 

ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും. 

എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്. 

ലോകത്ത് പത്തുശതമാനം സ്ത്രീകളിൽ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ് എന്ന് കരുതുന്നു.

ലക്ഷണങ്ങൾ

ആർത്തവം വരുന്നതിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്തുണ്ടാവുന്ന വേദന, വന്ധ്യത, മാറാതെ നിൽക്കുന്ന അടിവയറുവേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്. 

ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തണം. അൾട്രാസൗണ്ട് സ്‌കാൻ, സി.ടി, എം.ആർ.ഐ സ്‌കാനുകൾ എന്നിവ വഴി രോഗം കണ്ടെത്താം. ഏറ്റവും നല്ലത് ലാപ്രോസ്‌കോപി പരിശോധനയാണ്. താക്കോൽദ്വാര ശസ്ത്രക്രിയക്ക് സമാനമാണ് ഈ പരിശോധന. 

ചികിത്സ

രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദനകുറച്ച് ലാപ്രോസ്‌കോപ്പി വഴി എൻഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലർക്ക് ഹോർമോൺ ചികിത്സ ആവശ്യമായി വരാറുണ്ട്. അപൂർവസാഹചര്യങ്ങളിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടിയും വന്നേക്കാം.