
സ്ത്രീകളിൽ കണ്ടുവരുന്ന ആർത്തവസംബന്ധമായ രോഗമാണ് എൻഡോമെട്രിയോസിസ്. ആഗോളതലത്തിൽ ഏകദേശം 10 മുതൽ 25 വരെ ശതമാനം സ്ത്രീകളിൽ ഈ രോഗം കാണാറുണ്ട്. അവയിൽ കൂടുതലും കാണുന്നത് ഇരുപതിനും നാല്പതിനുമിടയിൽ പ്രായമുള്ളവരിലാണ്. ആർത്തവക്രമക്കേടുകൾ, അടിവയറുവേദന, ശാരീരികമായി ബന്ധപ്പെടുമ്പോഴുള്ള വേദന എന്നിങ്ങനെ പല ലക്ഷണങ്ങൾ ഇവരിലുണ്ടാകുമെങ്കിലും അതുകൊണ്ടുമാത്രം എൻഡോമെട്രിയോസിസ് ആണെന്ന് അനുമാനിക്കാൻ സാധിക്കില്ല. കാരണം സ്ത്രീകളിൽ കണ്ടുവരുന്ന മറ്റുപല അസുഖങ്ങൾക്കും ഇതേ ലക്ഷണങ്ങളുണ്ടാകാം.
എന്താണ് എൻഡോമെട്രിയോസിസ്?
ഗർഭാശയഭിത്തികളുടെ ഉൾഭാഗത്തെ ആവരണമാണ് എൻഡോമെട്രിയം. ആർത്തവസമയത്ത് സാധാരണമായി ഈ ആവരണം അവിടെനിന്ന് വേർപെട്ട് ആർത്തവരക്തത്തോടൊപ്പം പുറന്തള്ളപ്പെടുന്നു. എന്നാൽ, ചിലരിൽ ഈ ആവരണത്തിന്റെ അംശങ്ങൾ അണ്ഡവാഹിനിക്കുഴലിലൂടെ സഞ്ചരിച്ച് മറ്റ് അവയവങ്ങളായ അണ്ഡാശയം, വൻകുടൽ എന്നിവയിലോ ഉദരത്തിനകത്തെ ആവരണമായ പെരിട്ടോണിയത്തിലോ അതുമല്ലെങ്കിൽ വളരെ അപൂർവമായി പൊക്കിളിലോ ശ്വാസകോശത്തെ ആവരണംചെയ്തിരിക്കുന്ന പ്ലൂറയിലോ (Pleura) സിസേറിയൻ ശസ്ത്രക്രിയ ചെയ്ത ചർമത്തിനടിയിലെ മുറിവുണ്ടായിരുന്നിടത്തോ പറ്റിപ്പിടിക്കാം. ഇതിന് പുറമേ, എൻഡോമെട്രിയം ഗർഭാശയഭിത്തിയുടെ നടുവിലുള്ള മയോമെട്രിയം എന്ന ഭാഗത്തേക്ക് കടക്കുകയാണെങ്കിൽ അഡിനോമയോസിസ് എന്ന രോഗത്തിന് കാരണമാകും. മേൽപ്പറഞ്ഞപ്രകാരം പ്ലൂറയിലുണ്ടാകുന്ന എൻഡോമെട്രിയോസിസിനെ ‘കറ്റാമിനിയൽ ന്യൂമോതൊറാക്സ്’ എന്നും ശസ്ത്രക്രിയ ചെയ്ത മുറിവിലുണ്ടാകുന്ന എൻഡോമെട്രിയോസിസിനെ ‘സ്‌കാർ എൻഡോമെട്രിയോസിസ്’ എന്നുമാണ് വിശേഷിപ്പിക്കുന്നത്.
ലക്ഷണങ്ങൾ
ആർത്തവസമയത്ത് ഗർഭാശയത്തിൽനിന്ന് എന്നതുപോലെ, എൻഡോമെട്രിയോസിസ് ബാധിച്ച അവയവങ്ങളിലും രക്തസ്രാവമുണ്ടാവാം. എന്നാൽ, ഈ രക്തത്തിന് പുറത്തേക്ക് പോകാൻ വഴിയില്ലാത്തതുകൊണ്ട്, അതവിടെ കെട്ടിക്കിടന്ന് പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കാം. അണ്ഡാശയത്തിലാണെങ്കിൽ ആർത്തവരക്തം രൂപപ്പെട്ട് ‘ചോക്ലേറ്റ് സിസ്റ്റ്’ എന്ന് പറയുന്ന മുഴകളുണ്ടാകാൻ സാധ്യതയുണ്ട്. ‘അഡിനോമയോസിസ്’ ആണെങ്കിൽ അതികഠിനമായ ആർത്തവവേദനയായിട്ടായിരിക്കും രോഗിയെ ബുദ്ധിമുട്ടിക്കുക. വളരെ അപൂർവമായി കാണുന്ന ‘കറ്റാമിനിയൽ ന്യൂമോതൊറാക്സ്’ ആർത്തവസമയത്ത് ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങളായി (ശ്വാസംമുട്ടൽ, ശ്വാസമെടുക്കുമ്പോൾ വേദന, രക്തം ചുമച്ച് തുപ്പുക എന്നിവ) കാണപ്പെടാം. എൻഡോമെട്രിയം സ്ഥാനംതെറ്റി എവിടെയെല്ലാമാണുള്ളത് എന്നതിനനുസരിച്ച് ലക്ഷണങ്ങളിലും വ്യത്യാസമുണ്ടാവും.
രോഗനിർണയം
രോഗം നിർണയിക്കാൻ ആദ്യം ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചുമനസ്സിലാക്കും. അതോടൊപ്പം ശരീരപരിശോധനയും അൾട്രാസൗണ്ട് സ്‌കാനിങും വേണ്ടിവരും. അണ്ഡാശയമുഴകൾ, അഡിനോമയോസിസ് എന്നിവ അൾട്രാസൗണ്ട് സ്‌കാനിങ്ങിലൂടെ കണ്ടുപിടിക്കാമെങ്കിലും ഉദരത്തിനകത്തുണ്ടാകുന്ന എൻഡോമെട്രിയോസിസിന്റെ നിർണായകപരിശോധന ലാപ്രോസ്‌കോപ്പിതന്നെയാണ്. ചില സ്ത്രീകളിൽ മറ്റേതെങ്കിലും രോഗനിർണയത്തിനായി ചെയ്യുന്ന അൾട്രാസൗണ്ട് സ്‌കാനിങ്ങിലോ ലാപ്രോസ്‌കോപ്പി പരിശോധനയിലോ എൻഡോമെട്രിയോസിസ് കണ്ടെത്തിയെന്നുവരാം. ഇവരിൽ വലിയൊരു ശതമാനംപേർക്കും രോഗലക്ഷണങ്ങളൊന്നും കണ്ടെന്നുവരില്ല.
ചികിത്സ
എൻഡോമെട്രിയോസിസ്, അഡിനോമയോസിസ് എന്നിവ എല്ലാവരിലും എപ്പോഴും പൂർണമായി ചികിത്സിച്ച് ഭേദമാക്കാൻ കഴിയണമെന്നില്ല. രോഗത്തിന്റെ തീവ്രതയനുസരിച്ചാണ് ചികിത്സ ആവശ്യമുണ്ടോ എന്ന് നിശ്ചയിക്കുന്നത്. ആർത്തവക്രമക്കേടുകളും വേദനയുമുള്ളവർക്ക് വേദനസംഹാരികളോടൊപ്പം ഹോർമോൺ ചികിത്സയും ചിലപ്പോൾ വേണ്ടിവന്നേക്കാം. ഇവരിൽ അണ്ഡോത്പാദനം താത്കാലികമായി തടയുകവഴി ആർത്തവരക്തസ്രാവമില്ലാതാക്കുകയും അപ്രകാരം എൻഡോമെട്രിയോസിസിന്റെ (അഡിനോമയോസിസ്, അണ്ഡാശയമുഴകൾ എന്നിവയടക്കം) വളർച്ച തടയുകയുമാണ് ചികിത്സകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ ചെറിയ അണ്ഡാശയമുഴകളാണെങ്കിൽ, മരുന്നുകൊണ്ടുമാത്രം അവയെ ഇല്ലാതാക്കാനോ വളർച്ച തടയാനോ സാധിക്കും. എന്നാൽ, വലിയ മുഴകളാണെങ്കിൽ, അവയെ ശസ്ത്രക്രിയ ചെയ്ത് മാറ്റുന്നതുതന്നെയാണുത്തമം.
‘ചോക്ലേറ്റ് സിസ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അണ്ഡാശയ സിസ്റ്റുകൾ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യുകയും അണ്ഡാശയങ്ങളും അണ്ഡവാഹിനിക്കുഴലുകളും ഒട്ടിച്ചേർന്നിരിക്കുകയാണെങ്കിൽ അത് സൂക്ഷ്മമായ ശസ്ത്രക്രിയയിലൂടെ മാറ്റുകയും ചെയ്താൽ, ലക്ഷണങ്ങൾ കുറയ്ക്കാനും ഗർഭധാരണം ആഗ്രഹിക്കുന്നവരിൽ അതിനുള്ള സാധ്യത കൂട്ടാനും സഹായിക്കും.
അഡിനോമയോസിസ് കാരണം അതികഠിനമായ ആർത്തവവേദനയോ ആർത്തവസമയത്ത് കൂടുതൽ രക്തസ്രാവമോ അനുഭവിക്കുന്നവർക്ക് മരുന്നുകൾകൊണ്ട് പ്രതിവിധിയുണ്ടായില്ലെങ്കിൽ, ഗർഭനിരോധനോപാധിയായ ഇൻട്രായൂട്രൈൻ ഡിവൈസ് ഗർഭാശയത്തിനകത്ത് നിക്ഷേപിക്കാവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന വളരെ ചെറിയ തോതിലുള്ള പ്രൊജസ്റ്ററോൺ ഹോർമോൺ ഗർഭാശയഭിത്തികളുടെ കട്ടി കുറയ്ക്കുകവഴി, ക്രമാതീതമായ ആർത്തവത്തെ നിയന്ത്രിക്കാനും വേദന കുറയ്ക്കാനും സഹായിക്കുമെന്നതാണ് അതിന്റെ സവിശേഷത. അഞ്ചുവർഷംവരെ ഇതിന്റെ ഫലം ലഭിക്കും.
മേൽപ്പറഞ്ഞ ചികിത്സകളൊന്നും ഫലിക്കാത്തവരിൽ അവരനുഭവിക്കുന്ന പ്രശ്നങ്ങളില്ലാതാക്കാൻ ഗർഭപാത്രവും അണ്ഡാശയങ്ങളും അണ്ഡവാഹിനിക്കുഴലുകളും നീക്കംചെയ്യുന്ന ശസ്ത്രക്രിയമാത്രമേ, ഫലപ്രദമാകുകയുള്ളൂ. താക്കോൽദ്വാര ശസ്ത്രക്രിയയാണ് അവർക്ക് അഭികാമ്യമായിട്ടുള്ളത്. കാരണം കുടൽ, മൂത്രാശയം, ഉദരത്തിനകത്തെ ആവരണം ഇവയെല്ലാം ഗർഭപാത്രത്തിലേക്കും അണ്ഡാശയങ്ങളിലേക്കും ഒട്ടിപ്പിക്കാൻ സാധ്യതയുള്ളതിനാൽ, ശസ്ത്രക്രിയ എളുപ്പമാകാൻ താക്കോൽദ്വാര ശസ്ത്രക്രിയ എന്തുകൊണ്ടും ഫലപ്രദമാണ്. ഇത് ലാപ്രോസ്‌കോപ്പിവഴിയോ റോബോട്ടിക് രീതിയിലോ ആകാം.
1990-കളുടെ തുടക്കംമുതൽ ലാപ്രോസ്‌കോപ്പി ഉപയോഗിച്ചുള്ള ശസ്ത്രക്രിയകൾക്ക് സ്വീകാര്യത വർധിച്ചിട്ടുണ്ട്. അതേപോലെ, റോബോട്ടിക് ശസ്ത്രക്രിയയും താക്കോൽദ്വാര ശസ്ത്രക്രിയകളുടെ അതിനൂതനമായ കണ്ടുപിടിത്തങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്ന കാലഘട്ടമാണിത്. ലാപ്രോസ്‌കോപ്പിയുടെ പരിമിതികളില്ലാതാക്കി, ത്രീഡി കാഴ്ചയും സൂക്ഷ്മതയും മനുഷ്യന്റെ കൈകൾക്ക് സാധിക്കാവുന്നതിലപ്പുറം ചലനശേഷിയുള്ള റോബോട്ടിന്റെ കൈകളും ഉൾപ്പെടുത്തിയതാണ് റോബോട്ടിക് ശസ്ത്രക്രിയയെ വ്യത്യസ്തമാക്കുന്നത്. ഇതേ കാരണംകൊണ്ടാണ് എൻഡോമെട്രിയോസിസ്, അഡിനോമയോസിസ് എന്നിവയ്ക്കുള്ള വളരെ സങ്കീർണമായ ശസ്ത്രക്രിയകൾക്ക് റോബോട്ടിക് രീതിയാണ് ഏറ്റവും ഉത്തമമെന്ന് പറയുന്നത്. ശസ്ത്രക്രിയയോടനുബന്ധമായ രക്തസ്രാവം, വേദന എന്നിവ വളരെയധികം കുറയുന്നതിനാൽ, ശസ്ത്രക്രിയാനന്തരം പെട്ടെന്ന് സുഖംപ്രാപിക്കാൻ കഴിയുന്നുവെന്നതും സവിശേഷതയാണ്.
രോഗനിർണയം കൃത്യമായി നടത്തിയാൽ മേൽപ്പറഞ്ഞ വിധേനയുള്ള ചികിത്സകൾകൊണ്ട് എൻഡോമെട്രിയോസിസ്, അഡിനോമയോസിസ്, അവയോടനുബന്ധിച്ചുള്ള പ്രശ്നങ്ങൾ എന്നിവയെല്ലാം ഒരു പരിധിവരെ നിയന്ത്രിക്കാനും ഇല്ലാതാക്കാനും ആധുനിക ചികിത്സാരീതികൾ
സഹായിക്കും.
കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ഒബ്‌സ്‌റ്റെട്രിക്‌സ് & ഗൈനക്കോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ആണ് ലേഖിക.
Content Highlights: symptoms causes and treatment of endometriosis chocolate cyst
Published: 10 Jan 2024, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented