രാജ്യത്ത് 43ദശലക്ഷം സ്ത്രീകൾ എൻഡോമെട്രിയോസിസ് മൂലമുള്ള ദുരിതം അനുഭവിക്കുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. പതിനഞ്ചുമുതൽ നാൽപത്തിയഞ്ചുവരെ പ്രായമുള്ള സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നമാണിത്. ആഗോളതലത്തിൽ പ്രത്യുത്പാദന പ്രായത്തിലുള്ള 190ദശലക്ഷം സ്ത്രീകളെ ഈ അവസ്ഥ ബാധിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. എൻ‍‍ഡോമെട്രിയോസിസിനെ നേരിടുന്നതിനേക്കുറിച്ച് നേരത്തേയും തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ബോളിവുഡ് നടി ഷമിത ഷെട്ടി. ഇപ്പോഴിതാ എൻഡോമെട്രിയോസിസിന് ചികിത്സതേടി പോയസമയത്ത് ഡോക്ടർ തനിക്ക് നൽകിയ വിചിത്രമായ ഉപദേശത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഷമിത.

To advertise here,

നടി സോഹ അലി ഖാന്റെ പോഡ്കാസ്റ്റ് ഷോ ആയ 'ഓൾ എബൗട്ട് ഹെർ' എന്ന പരിപാടിയിൽ സംസാരിക്കവേയാണ് ഷമിത ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ലക്ഷണങ്ങൾ പ്രകടമായതോടെ വിദഗ്ധ ചികിത്സയ്ക്കെത്തിയപ്പോൾ തനിക്ക് എൻഡോമെട്രിയോസിസ് ആണെന്നും വേഗം ഗർഭം ധരിക്കൂ അതൊരു പരിഹാരമാണ് എന്നാണ് ഡോക്ടർ പറഞ്ഞതെന്നും ഷമിത പറയുന്നു.

എൻഡോമെട്രിയോസിസ് ആണെന്ന സ്ഥിരീകരണം പ്രത്യുത്പാദനത്തെക്കുറിച്ച് ആശങ്കയുണ്ടാക്കിയോ എന്ന സോഹയുടെ ചോദ്യത്തിന് ആ സമയത്ത് തനിക്ക് അത്തരം ചിന്തകളൊന്നും ഇല്ലായിരുന്നുവെന്നും അതൊരു പ്രശ്നമാകുമെന്നുള്ള തോന്നലില്ലായിരുന്നുവെന്നും ഷമിത പറഞ്ഞു.

ശരീരം നൽകുന്ന ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗസ്ഥിരീകരണം വൈകിക്കരുതെന്ന് ഷമിത നേരത്തേയും പറഞ്ഞിട്ടുണ്ട്. ഭൂരിഭാഗം സ്ത്രീകൾക്കും എൻഡോമെട്രിയോസിസിനെക്കുറിച്ച് ധാരണയില്ല. സ്ത്രീകളെല്ലാവരും എൻഡോമെട്രിയോസിസ് എന്താണെന്ന് ഗൂഗിളിൽ പരിശോധിച്ച് മനസ്സിലാക്കണമെന്നും ചിലപ്പോൾ നിങ്ങൾക്ക് ഇതുണ്ടായേക്കാമെന്നും നടി പറഞ്ഞിരുന്നു. ശരീരത്തിൽ വേദനയുണ്ടാകുന്നതിന് ഒരു കാരണമുണ്ടാകുമെന്നും ശരീരത്തെ ശ്രദ്ധിക്കണമെന്നും ഷമിത പറഞ്ഞിരുന്നു.

എന്താണ് എൻഡോമെട്രിയോസിസ്?

ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗമാകാം.

ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും.

എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്.

ലോകത്ത് പത്തുശതമാനം സ്ത്രീകളിൽ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ് എന്ന് കരുതുന്നു.

ലക്ഷണങ്ങൾ

ആർത്തവം വരുന്നതിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധത്തിലേർപ്പെടുന്ന സമയത്തുണ്ടാവുന്ന വേദന, വന്ധ്യത, മാറാതെ നിൽക്കുന്ന അടിവയറുവേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്.

ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തണം. അൾട്രാസൗണ്ട് സ്‌കാൻ, സി.ടി, എം.ആർ.ഐ സ്‌കാനുകൾ എന്നിവ വഴി രോഗം കണ്ടെത്താം. ഏറ്റവും നല്ലത് ലാപ്രോസ്‌കോപി പരിശോധനയാണ്. താക്കോൽദ്വാര ശസ്ത്രക്രിയക്ക് സമാനമാണ് ഈ പരിശോധന.

ചികിത്സ

രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദനകുറച്ച് ലാപ്രോസ്‌കോപ്പി വഴി എൻഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലർക്ക് ഹോർമോൺ ചികിത്സ ആവശ്യമായി വരാറുണ്ട്. അപൂർവസാഹചര്യങ്ങളിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടിയും വന്നേക്കാം.