ശരീരം പല ലക്ഷണങ്ങൾ കാണിച്ചാലും അതവഗണിക്കുന്നതാണ് മിക്കപ്പോഴും ഗുരുതരമായ ആരോഗ്യാവസ്ഥകളിലേക്ക് നയിക്കുന്നത്. തുടക്കത്തിൽ നിസ്സാരമായ ചികിത്സയിലൂടെ പരിഹരിക്കാവുന്ന പ്രശ്നം പിന്നീട് കൂടുതൽ സങ്കീർണമായ അവസ്ഥയിലേക്ക് പോവുകയും ചെയ്യും. അതേക്കുറിച്ച് പങ്കുവെക്കുകയാണ് അഭിനേത്രിയായ മഞ്ജു പത്രോസ്. വേദനയും മറ്റും അനുഭവപ്പെട്ടപ്പോൾ നിസ്സാരമാക്കിയതിനേക്കുറിച്ചും പിന്നീട് സിസ്റ്റും മറ്റും കൂടുതലായി യൂട്രസും ഓവറിയും എടുത്തുനീക്കിയതിനേക്കുറിച്ചുമാണ് മഞ്ജു പറയുന്നത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മഞ്ജു ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്. താൻ ഹോസ്പിറ്റലിലായത് പലരും അറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നുവെന്നു പറഞ്ഞാണ് മഞ്ജു വീഡിയോ ആരംഭിക്കുന്നത്. ആശുപത്രി എന്നു കേൾക്കുമ്പോഴേ പേടിച്ചിരുന്നയാളാണ് താനെന്നും ചികിത്സയ്ക്കിടയിൽ നിന്നുള്ള ചിത്രം വന്നപ്പോഴേക്കും മാരകരോഗമാണെന്നൊക്കെ വാർത്തകൾ വന്നുവെന്നും മഞ്ജു പറയുന്നു. കോസ്മെറ്റോളജി സർജറിക്കാണ് പോയിട്ടുണ്ടാവുക എന്നു പറഞ്ഞവരുണ്ടെന്നും മഞ്ജു പറയുന്നു.
അഭിനയത്തിനായി മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയൊക്കെ നന്നായി വിയർത്തു തുടങ്ങുന്നതായിരുന്ന പ്രാരംഭ ലക്ഷണമെന്ന് മഞ്ജു പറയുന്നു. ഒന്നരവർഷത്തോളമായി അത്രത്തോളം ചൂടായിരുന്നു. പിന്നീട് കാലിന് നീരുവരികയും ആർത്തവസമയത്ത് കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്തിരുന്നു. ഏഴാംക്ലാസ്സിലൊക്കെ പഠിക്കുമ്പോഴാണ് ആദ്യമായി ആർത്തവം ഉണ്ടാകുന്നത്. അവിടുന്നുതൊട്ട് സ്ഥിരമായി വേദന വരുകയും ചെയ്യുന്നുണ്ടായിരുന്നു. ശരീരം പലലക്ഷണങ്ങളും കാണിച്ചുതന്നെങ്കിലും അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
ഒന്നരമാസത്തോളം ആർത്തവം നീണ്ടുനിൽക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് ഒരു ഗൈനക്കോളജിസ്റ്റിനെ കാണാൻ തീരുമാനിക്കുന്നത്. തുടർന്നു നടത്തിയ പരിശോധനയിലാണ് ഫൈബ്രോയ്ഡും സിസ്റ്റുംകൊണ്ട് തന്റെ യൂട്രസ് നിറഞ്ഞിരിക്കുകയാണെന്ന് മനസ്സിലായത്. പേടിക്കണ്ട, മരുന്നുകൊണ്ട് മാറിക്കോളും എന്നാണ് ഡോക്ടർ അന്നു പറഞ്ഞത്. നാലുവർഷം മുമ്പ് വയറുവേദന വന്ന് ഡോക്ടറെ കാണിച്ചപ്പോൾ അന്നും ചെറിയ സിസ്റ്റുകൾ ഉണ്ടെന്നും എവിടെയെങ്കിലും കാണിച്ചോളൂ എന്നും പറഞ്ഞിരുന്നു. ഒന്നരമാസത്തോളം മരുന്നുകഴിച്ചുനോക്കിയെങ്കിലും രക്തസ്രാവം നിൽക്കുന്നുണ്ടായിരുന്നില്ല.
വീണ്ടും സ്കാൻ ചെയ്തപ്പോഴാണ് യൂട്രസ് നീക്കം ചെയ്യണമെന്ന് പറഞ്ഞത്. അന്നു വലിയ വിഷമം തോന്നി. നാൽപതു കടന്ന സ്ത്രീകളിൽ ഇതു സർവസാധാരണമാണ് എന്നും ഓവറി സംരക്ഷിച്ച് യൂട്രസ് നീക്കം ചെയ്യാമെന്നുമാണ് ഡോക്ടർ പറഞ്ഞത്. അമിതമായി വണ്ണംവച്ചതും ഈ ആരോഗ്യപ്രശ്നത്തിന്റെ ഭാഗമായിരുന്നു. സർജറി കഴിഞ്ഞ് ഐ.സി.യു.വിൽ കിടക്കുന്നതിനിടെയാണ് ചോക്ലേറ്റ് സിസ്റ്റുകൊണ്ടു നിറഞ്ഞ ഓവറിയും നീക്കം ചെയ്തിട്ടുണ്ടെന്ന കാര്യം പറയുന്നത്.
പേടി കാരണം ആശുപത്രിയിൽ പോകാതെ ഇരിക്കുന്ന നിരവധി പേരുണ്ടാകുമെന്നും അങ്ങനെ ഒരിക്കലും ചെയ്യരുത് എന്നുമാണ് മഞ്ജു തന്റെ അനുഭവത്തിൽ നിന്നുപറയുന്നത്. തുടക്കത്തിൽ മരുന്ന് കൃത്യമായി കഴിച്ചിരുന്നെങ്കിൽ ഇത്രവലിയ പ്രശ്നമാകില്ലായിരുന്നു. ശരീരം പലലക്ഷണങ്ങൾ കാണിച്ചുതന്നാലും നമുക്കൊന്നും സംഭവിക്കില്ലെന്ന അമിതആത്മവിശ്വാസമാണ്. മുപ്പത്തിയഞ്ചു വയസ്സു കഴിഞ്ഞ സ്ത്രീകൾ വർഷത്തിലൊരിക്കൽ പരിശോധന നടത്തണമെന്നും മഞ്ജു പറയുന്നു. പേടിയും സമയമില്ലായ്മയും പൈസയുമൊക്കെയോർത്താണ് തന്റെ ചികിത്സ നീണ്ടുപോയത്. ശ്രദ്ധക്കുറവ് കൊണ്ടുവന്ന രോഗമാണ് തന്റേത് . നിസ്സാരമായ കാര്യങ്ങൾ നീട്ടിക്കൊണ്ടുപോയി അപകടാവസ്ഥ ഉണ്ടാക്കരുതെന്നും മഞ്ജു പറയുന്നു.
Content Highlights: actress manju pathrose about her health condition
Published: 18 Sept 2023, 04:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented