ഭക്ഷണരീതിയും വ്യായാമക്കുറവും മൂലം പല പെൺകുട്ടികളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം(പി.സി.ഒ.എസ്). ചിട്ടയായുള്ള ജീവിതരീതിയാണ് ഈ അവസ്ഥയെ മറികടക്കാനുള്ള പ്രധാനവഴിയായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. പി.സി.ഒ.എസ്. സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയാണ് കൊച്ചി, ആസ്റ്റർ മെഡ്സിറ്റിയിൽ വിമൻസ് ഹെൽത്ത് വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷെർലി മാത്തൻ. 

To advertise here,

ചോദ്യം

26 വയസ്സുണ്ട്. ആർത്തവ തകരാറുകളെത്തുടർന്ന് പരിശോധന നടത്തിയപ്പോൾ പി.സി.ഒ.എസ്.  ആണെന്ന് കണ്ടെത്തി. അണ്ഡാശയം നീക്കം ചെയ്യേണ്ടി വരുമോ?  ചികിത്സയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലേ? ഇത് വിവാഹജീവിതത്തിനും കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുമോ? 

നിത, കൊച്ചി.

ഉത്തരം

ആർത്തവം താളം തെറ്റുന്നതിന്റെ മുഖ്യകാരണങ്ങളിൽ ഒന്ന് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം(പി.സി.ഒ.എസ്) ആണ്. ഇത് ജനിതകപരമായി തന്നെ വരുന്നതാകാം. അല്ലെങ്കിൽ ജീവിതരീതിയും ഭക്ഷണരീതിയും മാറിയതുകൊണ്ടാകാം. അല്ലെങ്കിൽ ഹോർമോണുകളുടെ വ്യതിയാനം കൊണ്ടുമാകാം. 

സാധാരണമായി പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം ഉള്ളവരിൽ ഹോർമോണുകളുടെ പ്രവർത്തനക്ഷമതയിൽ തടസ്സം കാണാം. അതായത് ഒരു ഹോർമോൺ റസിസ്റ്റൻസ് വരാം. അതുകൊണ്ട് ഇവരിൽ അണ്ഡവിസർജനം എല്ലാമാസവും കൃത്യമായി നടക്കാതെ വരാം. അണ്ഡവിസർജനത്തിന് മുമ്പുള്ള 14 ദിവസം ഈസ്ട്രജൻ ഹോർമോണിന്റെ സ്വാധീനമാണ് കൂടുതൽ കാണുക. അണ്ഡവിസർജനത്തിന് ശേഷം പ്രൊജസ്റ്ററോണും ഈസ്ട്രജനും കൂടുതലായികാണും. അണ്ഡവിസർജനം കഴിഞ്ഞ് ​ഗർഭധാരണം നടന്നില്ലെങ്കിൽ അണ്ഡാശയത്തിൽ ഈ ഹോർമോണിന്റെ അളവ് കുറയുകയും ആർത്തവം നടക്കുകയും ചെയ്യും. എന്നാൽ പി.സി.ഒ.എസ്. ഉണ്ടെങ്കിൽ അണ്ഡവിസർജനം നടക്കാത്തതിനാൽ ഈസ്ട്രജൻ മാത്രം ഉത്പാദിപ്പിക്കപ്പെടുന്നു. അതിന്റെ പ്രവർത്തനം നീണ്ട് നിൽക്കുകയും ചില പ്രത്യേക നിലയിൽ എത്തുമ്പോൾ ആർത്തവം ആരംഭിക്കുകയും ചെയ്യും. ഈ ആർത്തവം ചിലപ്പോൾ വളരെ അധികം ആകാം. വളരെ കുറവും ആകാം. കൂടുതൽ ദിവസം നീണ്ടുനിൽക്കുകയും ചെയ്യാം. പലരിലും രണ്ടുമൂന്നു മാസം കൂടുമ്പോഴായിരിക്കും ഇങ്ങനെ സംഭവിക്കുക. അമിതവണ്ണമുള്ളവരിലും തീരെ മെലിഞ്ഞവരിലും പി.സി.ഒ.എസ്. കാണാറുണ്ട്. 

അണ്ഡാശയത്തിൽ ഓരോ മാസവും കുറേ ഫോളിക്കിളുകൾ വികസിച്ചുവരും. പി.സി.ഒ.എസ്. ഉള്ളവരിൽ ഹോർമോൺ പ്രതിരോധം കാരണം ഇത് പൂർണ വളർച്ച എത്തുകയുമില്ല. അണ്ഡവിസർജനവും നടക്കുകയില്ല. ആ ഫോളിക്കിളുകളാണ് 5-6 മില്ലീമിറ്ററുകളുള്ള സിസ്റ്റുകളായി രൂപാന്തരപ്പെടുന്നത്. 

ഇങ്ങനെയുള്ള അണ്ഡാശയങ്ങൾ നീക്കം ചെയ്യേണ്ട ആവശ്യമില്ല. മരുന്നുകൾ കഴിച്ചിട്ടും അണ്ഡവിസർജനം ഇല്ലെങ്കിൽ മാത്രം ലാപ്രോസ്കോപ്പി ചെയ്ത് അണ്ഡാശയത്തിന്റെ പുറത്തെ ആവരണത്തിൽ വിള്ളൽ വരുത്തും. അപ്പോൾ അണ്ഡവിസർജനം സാധാരണ നിലയിലാകും. അലസ ജീവിതശൈലിയും കൂടുതൽ സമയം ഇരുന്നുള്ള ജോലിയും ഫാസ്റ്റ്ഫുഡുമൊക്കെ അമിതവണ്ണത്തിനും കാരണമാണ്. 

ഹോർമോൺ പ്രതിരോധം ഉണ്ടാകുമ്പോൾ കുറച്ച് ഭക്ഷണം കഴിച്ചാൽ പോലും തടികൂടും. അങ്ങനെ തടികൂടുന്തോറും ആർത്തവം ക്രമം തെറ്റുകയും ചെയ്യാം. അതുകൊണ്ട് അമിതവണ്ണം നിയന്ത്രിക്കാതെ പോയാൽ സങ്കീർണതകൾ കൂടുകയാണ് ചെയ്യുക. 

പി.സി.ഒ.എസ്. ഉള്ളവർ ആവശ്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഭാവിയിൽ പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ഇടയാകും. ആറുമുതൽ 12 ശതമാനം പേരിൽ ഇത് വന്ധ്യതയ്ക്കും ഇടയാക്കാം. എന്നാൽ പി.സി.ഒ.എസുമായി ബന്ധപ്പെട്ട വന്ധ്യത ചികിത്സയിലൂടെ പരിഹരിക്കാവുന്നതാണ്. 

ജീവിതശൈലിയിൽ ആരോ​ഗ്യകരമായ മാറ്റങ്ങൾ, അതായത് ഭക്ഷണം ക്രമീകരിച്ച് വ്യായാമം ചെയ്ത് ആവശ്യമായ മരുന്നും കഴിച്ചാൽ പി.സി.ഒ.എസിനെ നിയന്ത്രിച്ച് ഭാവിയിലെ സങ്കീർണതകൾ കുറയ്ക്കാം. 

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്