
അനായാസം വണ്ണംകുറച്ച രീതിയേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടൻ മാധവൻ. കർശനമായ ഡയറ്റിങ് പാലിച്ചതിലൂടെയും ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയതിലൂടെയും 21 ദിവസം കൊണ്ട് കാര്യമായി വണ്ണംകുറച്ചുവെന്ന് പറയുകയാണ് മാധവൻ. വ്യായാമമോ, സർജറിയോ, ചികിത്സയോ ഇല്ലാതെ ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിച്ചാണ് താൻ വണ്ണംകുറച്ചതെന്നും മാധവൻ പറയുന്നുണ്ട്.
ഭക്ഷണം കഴിക്കുന്നരീതിയിൽപ്പോലും മാറ്റംവരുത്തിയത് തനിക്ക് ഗുണം ചെയ്തുവെന്നും മാധവൻ പറയുന്നു. ഭക്ഷണം പരമാവധി ചവച്ചുകഴിക്കുകയാണ് ചെയ്തത്. ഓരോ വായ ഭക്ഷണവും നാൽപത്തിയഞ്ചുമുതൽ അറുപതു തവണ വരെ ചവച്ചു. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതി ശീലമാക്കിയതിനൊപ്പം പരമാവധി പച്ചക്കറികൾ ഡയറ്റിൽ ഉൾക്കൊള്ളിക്കുകയും ചെയ്തത് വേഗത്തിൽ വണ്ണംകുറയ്ക്കാൻ സഹായിച്ചുവെന്ന് മാധവൻ പറയുന്നു. കേളി ടൈൽസിന് നൽകിയ അഭിമുഖത്തിലാണ് മാധവൻ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
റോക്കട്രി, ദി നമ്പി എഫക്റ്റ് എന്ന ചിത്രത്തിനുവേണ്ടി ധാരാളം വണ്ണംവെച്ചിരുന്നു, ഇതാണ് 21 ദിവസം കൊണ്ട് കുറച്ചെടുത്തത്. കഠിനമായ വർക്കൗട്ടോ, ഓട്ടമോ ഒന്നുമില്ലാതെയാണ് ഇത് പൂർത്തിയാക്കിയതെന്നും മാധവൻ പറയുന്നുണ്ട്. വൈകുന്നേരം 6.45-നുള്ളിൽ താൻ ആ ദിവസത്തെ അവസാന ഭക്ഷണം കഴിച്ചിരിക്കും. വൈകുന്നേരം 3 മണിക്ക് ശേഷം വേവിക്കാത്ത ആഹാരമൊന്നും കഴിക്കില്ല. ദിവസവും അതിരാവിലെ നടക്കാൻ പോവുകയും നേരത്തേ കിടന്നുറങ്ങുകയും ചെയ്തു. കിടക്കാൻ പോകുന്നതിന് 90 മിനിറ്റ് മുമ്പെങ്കിലും സ്ക്രീൻ ടൈം ഒഴിവാക്കും.
പാനീയങ്ങളും പച്ചക്കറികളും ധാരാളം ഉൾപ്പെടുത്തിയ ഡയറ്റ് ആണ് താൻ സ്വീകരിച്ചിരുന്നതെന്നും മാധവൻ പറയുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ പാടേ ഒഴിവാക്കുകയും ഡയറ്റിൽ ആരോഗ്യകരമായവ മാത്രം ഉൾപ്പെടുത്തുകയും ചെയ്തുവെന്നും മാധവൻ പറയുന്നുണ്ട്.
അതേസമയം ചുരുങ്ങിയസമയം കൊണ്ട് കൂടുതൽ വണ്ണംകുറയ്ക്കുന്ന രീതികൾ സുരക്ഷിതമല്ലെന്നും മാധവൻ പറഞ്ഞുവെന്നുകരുതി അത് എല്ലാവർക്കും സ്വീകാര്യമല്ലെന്നും വിമർശനം ഉന്നയിക്കുന്നവരുമുണ്ട്.
വണ്ണം കുറയ്ക്കാൻ ഐ.സി.എം.ആർ. നിർദേശിക്കുന്ന ആരോഗ്യകരമായ രീതി
സമീകൃതാഹാരം
നാരുകളും പോഷകവും ധാരാളമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഇത് വിശപ്പ് കുറയ്ക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുകയും ചെയ്യും. ഇതുവഴി ശരീരത്തിൽ കൂടുതൽ കലോറി എത്തുന്നത് കുറയ്ക്കും.
പച്ചക്കറികൾ
കലോറി കുറഞ്ഞതും വിറ്റാമിനുകൾ, മിനറലുകൾ, ഫൈബർ തുടങ്ങിയതുമായ ഭക്ഷണങ്ങൾ വണ്ണംകുറയ്ക്കൽ എളുപ്പമാക്കും.
അളവിൽ നിയന്ത്രണം
ഭക്ഷണം കഴിക്കുന്നതിന്റെ അളവിൽ നിയന്ത്രണം വരുത്തുകയും അമിതമായി കഴിക്കുന്നത് തടയുകയും ചെയ്യുക.
സ്നാക്സിലും മാറ്റം വേണം
സ്നാക്സ് തിരഞ്ഞെടുക്കുമ്പോൾ അവ പോഷകസമ്പന്നമാണെന്ന് ഉറപ്പുവരുത്തുക. നട്സ്, പ്ലെയിൻ യോഗർട്ട്, പച്ചക്കറികൾ തുടങ്ങിയവ തിരഞ്ഞെടുക്കാം.
ആരോഗ്യകരമായ പാചകരീതി
പാചകരീതി ആരോഗ്യകരമാവാൻ ശ്രദ്ധിക്കുക. ഗ്രില്ലിങ്, ബേക്കിങ്, സ്റ്റീമിങ് തുടങ്ങിയവയ്ക്കെല്ലാം മറ്റു പാചകരീതിയെ അപേക്ഷിച്ച് കുറവ് എണ്ണ മതി. ഇത് വണ്ണംവെക്കാതിരിക്കാൻ സഹായിക്കും.
മധുര പാനീയങ്ങൾ കുറയ്ക്കാം
സോഡ, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവും മധുരപാനീയങ്ങളും കുറയ്ക്കാം. വെള്ളം, ഹെർബൽ ടീ, മധുരമില്ലാത്ത പാനീയങ്ങൾ തുടങ്ങിയവ തിരഞ്ഞെടുക്കാം.
ഫുഡ് ലേബലുകളിലും വേണം ശ്രദ്ധ
കലോറി, കൃത്രിമ മധുരം, ഉപ്പ് തുടങ്ങിയവയുടെ അളവ്, സാച്ചുറേറ്റഡ് ഫാറ്റ് ഉണ്ടോ തുടങ്ങിയവ ഫുഡ് ലേബലിൽ പരിശോധിക്കണം. ആരോഗ്യകരമായ ചേരുവകളടങ്ങിയവ പരമാവധി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.
Content Highlights: actor madhavan shares his weight loss method
Published: 11 Aug 2024, 12:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented