റിയാദ്: വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ന്യോമില്‍ ഒരു പുതിയ കാര്‍ബണ്‍ രഹിത നഗരം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ.
'ദി ലൈന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ പത്ത് ലക്ഷം ആളുകള്‍ക്ക് താമസസൗകര്യമൊരുക്കും. കാറുകളോ റോഡുകളോ ഈ നഗരത്തിലുണ്ടാകില്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പുറത്തിറക്കിയ വീഡിയോയില്‍ പറഞ്ഞു.
170 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി മുമ്പ് പ്രഖ്യാപിച്ച 500 ബില്യണ്‍ ഡോളറിന്റെ മെഗാ പ്രോജക്ടിന്റെ ഭാഗമായിരിക്കും. ഈ വര്‍ഷം ആദ്യ പാദത്തോടെ നിര്‍മാണം ആരംഭിക്കും. കാറുകളും റോഡുകളും ഇല്ലാതെ പ്രകൃതിയെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പര്‍ കണക്ടഡ് ഫ്യൂച്ചര്‍ കമ്മ്യൂണിറ്റികളുടെ ബെല്‍റ്റ് എന്ന നിലയിലാണ് ദി ലൈന്‍.
2030 ഓടെ നഗരത്തില്‍ 380,000 തൊഴിലുകള്‍ സൃഷ്ടിക്കും. പരമ്പരാഗത നഗരസങ്കല്പത്തെ ഭാവി നഗരസങ്കല്‍പമായി പരിവര്‍ത്തനം ചെയ്യേണ്ടതുണ്ടെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
പദ്ധതിക്കായി പ്രാദേശിക, അന്തര്‍ദേശീയ നിക്ഷേപകരില്‍നിന്ന് നിക്ഷേപം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: Saudi Arabia plans car-free, road-free city for future beyond oil