ഴിക്കുന്ന ഭക്ഷണങ്ങളില്‍നിന്ന് മധുരം ഒഴിവാക്കണമെന്ന്(ഷുഗര്‍ കട്ട്) തീരുമാനിച്ചാല്‍ പിന്നെ കണ്‍മുന്നില്‍ പലപ്പോഴും കാണുക മധുരപലഹാരങ്ങളാണ് എന്ന് പരാതിപ്പെടുന്നവരാണോ നിങ്ങളും? നവരാത്രി ആഘോഷത്തിന്റെ ഭാഗമായി മധുരം കഴിക്കാനുള്ള അവസരങ്ങള്‍ ഒരുപാടുണ്ടായിക്കാണും അല്ലേ? ഇന്ത്യയിലങ്ങനെയാണ്, ഉത്സവങ്ങളും മധുരപലഹാരങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഏത് ആഘോഷങ്ങള്‍ക്കും മധുരപലഹാരങ്ങള്‍ നിര്‍ബമന്ധമാണിവിടെ. എന്നാല്‍ പ്രമേഹരോഗികളും ആരോഗ്യകാര്യത്തില്‍ ശ്രദ്ധയുള്ള പലരും മധുരം ഒഴുവാക്കിക്കൊണ്ട് പലഹാരങ്ങള്‍ തയ്യാറാക്കാറുണ്ട്.

To advertise here,

ശര്‍ക്കര, ഫൈബറടങ്ങിയ പൊടികള്‍, മധുരത്തിന് ബദലായി സ്റ്റീവിയ എന്നിവ ചേര്‍ത്ത് അത്തരം പരീക്ഷണങ്ങള്‍ ചെയ്യുന്നവരുണ്ട്. പ്രമേഹരോഗമുള്ളവര്‍ക്ക് ഉത്സവത്തിന്റെ മധുരം പാടേ ഒഴിവാക്കാതെ അതാഘോഷിക്കാം. ആഘോഷത്തിന്റെ ഭാഗമായി മധുരം നുണയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തയ്യാറാക്കാവുന്ന ചില പലഹാരങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.

1. പഞ്ചസാരയില്ലാതെ കടലമാവ് കൊണ്ടൊരു ലഡു

ഉത്സവ സമയങ്ങളില്‍ ആദ്യം കൈമാറുന്ന മധുര പലഹാരം ലഡുവാണല്ലോ. പഞ്ചസാരയ്ക്ക് പകരം സ്റ്റീവിയയോ എറിത്രിറ്റോളോ ചേര്‍ത്താല്‍, വറുത്ത കടലമാവിന്റെയും ഏലയ്ക്കയുടെയും രുചി നിലനിര്‍ത്താനും മധുരം കുറയ്ക്കാനും സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനും ഫൈബറും ഊര്‍ജം നല്‍കാന്‍ സഹായിക്കുന്നു.

100 ഗ്രാമില്‍ 3 ഗ്രാം (പാല്‍പ്പൊടിയില്‍ നിന്നും നട്‌സില്‍ നിന്നും ഉള്ളത്) ആണ് ശരാശരി മധുരത്തിന്റെ അളവ്.

ചേരുവകള്‍:
1 കപ്പ് വറുത്ത കടലമാവ്

1/3 കപ്പ് പാല്‍പ്പൊടി

1/4 കപ്പ് അരിഞ്ഞ നട്‌സ് (ബദാം, പിസ്ത)

2-3 ടേബിള്‍സ്പൂണ്‍ നെയ്യ്

2-3 ടേബിള്‍സ്പൂണ്‍ പൊടിച്ച സ്റ്റീവിയ അല്ലെങ്കില്‍ എറിത്രിറ്റോള്‍

1/2 ടീസ്പൂണ്‍ ഏലക്കാപ്പൊടി

തയ്യാറാക്കുന്ന വിധം: കടലമാവ് നെയ്യില്‍ നല്ല മണം വരുന്നതുവരെ വറുക്കുക. പാല്‍പ്പൊടി, ഏലക്കാപ്പൊടി, നട്‌സ് എന്നിവ ചേര്‍ക്കുക. ചൂട് ചെറുതായി മാറിയശേഷം മധുരം ചേര്‍ത്ത് ഇളക്കി ലഡുവിന്റെ രൂപത്തില്‍ ഉരുട്ടിയെടുക്കുക.

2. ഈന്തപ്പഴവും നട്‌സും  ചേർത്ത ലഡു 
ഈന്തപ്പഴത്തിന്റെ മധുരമുള്ള ഈ ലഡുവില്‍ ഫൈബറും ധാതുക്കളും ധാരാളമുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്‍കുന്നു. ശുദ്ധീകരിച്ച പഞ്ചസാര അധികം ചേര്‍ക്കാതെയും രുചികരമായ മധുരപലഹാരങ്ങള്‍ ഉണ്ടാക്കാം എന്നതിന്റെ തെളിവാണിത്.

ഈ പലഹാരത്തിലെ ശരാശരി മധുരത്തിന്റെ അളവ് 100 ഗ്രാമില്‍ 14 ഗ്രാം (പഴങ്ങളില്‍ നിന്നുള്ള സ്വാഭാവിക മധുരം)ആണ്.

ചേരുവകള്‍:
1 കപ്പ് കുരുകളഞ്ഞ ഈന്തപ്പഴം

2 ടേബിള്‍സ്പൂണ്‍ തേങ്ങ ചിരകിയത്

1/4 കപ്പ് ഡ്രൈ ഫ്രൂട്ട്‌സ് (ബദാം, കശുവണ്ടി, വാള്‍നട്ട്)

തയ്യാറാക്കുന്ന വിധം: നട്‌സ് എണ്ണയില്ലാതെ വറുത്തെടുക്കുക. ഈന്തപ്പഴം ചെറുതായി അരിഞ്ഞതും വറുത്ത നട്‌സും തേങ്ങയും ഫുഡ് പ്രോസസറില്‍ ഇട്ട് ഒട്ടിപ്പിടിക്കുന്ന പരുവത്തില്‍ അരച്ചെടുക്കുക. ചെറിയ ഉരുളകളാക്കി മാറ്റുക.

3. ഷുഗര്‍-ഫ്രീ കാജു കട്ലി
കാജു കട്ലി ഇല്ലാത്ത ഒരു ഇന്ത്യന്‍ ഉത്സവവും പൂര്‍ണമാവില്ല. ഡയമണ്ട് ആകൃതിയിലുള്ള, വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന ഈ മധുരമുണ്ടാക്കാനായി പഞ്ചസാരയ്ക്ക് പകരം സ്റ്റീവിയ ഉപയോഗിക്കാം, ഉത്സവകാലത്തിന്റെ മധുരം നുണയാം. ഇങ്ങനെ തയ്യാറാക്കുന്ന കാജു കട്ലിയിലെ ശരാശരി പഞ്ചസാരയുടെ അളവ് ഒരു ഗ്രാം മാത്രമാണ്.

ചേരുവകള്‍:
1 കപ്പ് കശുവണ്ടി

2 ടേബിള്‍സ്പൂണ്‍ പാല്‍

2-3 ടേബിള്‍സ്പൂണ്‍ സ്റ്റീവിയ പൊടിച്ചത്

1/2 ടേബിള്‍സ്പൂണ്‍ ഏലക്ക

തയ്യാറാക്കുന്ന വിധം: കശുവണ്ടി നന്നായി പൊടിച്ചെടുക്കുക. പാലും ഏലക്കാപ്പൊടിയും ചേര്‍ത്ത് കുഴച്ച് മാവ് രൂപത്തിലാകുന്നതുവരെ വേവിക്കുക, മധുരം ചേര്‍ത്ത്, പരത്തി ഡയമണ്ട് ആകൃതിയില്‍ മുറിച്ചെടുക്കുക.

4. ഈന്തപ്പഴംചേര്‍ത്ത റാഗി ലഡു

ഉത്സവ വിഭവങ്ങളില്‍ പ്രധാനിയാണ് റാഗി. കാത്സ്യവും നാരുകളും ധാരാളമടങ്ങിയ റാഗിപ്പൊടി ഈന്തപ്പഴവുമായി ചേരുമ്പോള്‍ പോഷകസമൃദ്ധവും ചെറിയ മധുരവുമുള്ള ലഡു തയ്യാറാക്കാം. ശരാശരി പഞ്ചസാരയുടെ അളവ്: 100 ഗ്രാമിന് ഈന്തപ്പഴത്തില്‍ നിന്നുള്ള 8 ഗ്രാം മധുരം.

ചേരുവകള്‍:
1/2 കപ്പ് റാഗിപ്പൊടി

5 കുരു കളഞ്ഞ ഈന്തപ്പഴം

1 ടേബിള്‍സ്പൂണ്‍ നെയ്യ്

തയ്യാറാക്കുന്ന വിധം: റാഗിപ്പൊടി നെയ്യില്‍ വറുക്കുക. ഈന്തപ്പഴം അരച്ച് പേസ്റ്റ് രൂപത്തിലാക്കി, വറുത്ത മാവുമായി ചേര്‍ത്ത് ലഡുവിന്റെ രൂപത്തില്‍ ഉരുട്ടിയെടുക്കുക.

5. ചെറുപയര്‍ പായസം

ചെറുപയര്‍, തേങ്ങാപ്പാല്‍, ഏലക്ക എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ പായസത്തില്‍ പഞ്ചസാരയ്ക്ക് പകരം ഈന്തപ്പഴമോ സ്റ്റീവിയയോ ആണ് ഉപയോഗിക്കുന്നത്.

ചേരുവകള്‍:
1/2 കപ്പ് ചെറുപയര്‍ പരിപ്പ്

1/4 കപ്പ് ഈന്തപ്പഴം അരച്ചത്

1 കപ്പ് തേങ്ങാപ്പാല്‍

4 തുള്ളി സ്റ്റീവിയ

ഏലക്കയും നട്സും

തയ്യാറാക്കുന്ന വിധം: ചെറുപയര്‍ പരിപ്പ് വേവിച്ചെടുക്കുക. ഇതിലേക്ക് ഈന്തപ്പഴം അരച്ചത്, തേങ്ങാപ്പാല്‍, ഏലക്ക, സ്റ്റീവിയ എന്നിവ ചേര്‍ക്കുക. ചെറുതീയില്‍ കുറുക്കി നട്‌സുകൊണ്ട് അലങ്കരിക്കുക.

6. ഷുഗര്‍-ഫ്രീ കോക്കനട്ട് ബര്‍ഫി

ഉത്സവകാലത്തെ ഗൃഹാതുരമായ ഓര്‍മകള്‍ തിരികെകൊണ്ടുവരുന്ന വിഭവമാണിത്. പ്രത്യേകിച്ചും കോക്കനട്ട് ബര്‍ഫിക്ക് നല്ല സ്വാദും സുഗന്ധവുമുണ്ട്. 100 ഗ്രാമിന് 3 ഗ്രാം എന്ന തോതിലാണ് ഇതില്‍ ശരാശരി മധുരത്തിന്റെ അളവ്.

ചേരുവകള്‍:
1 കപ്പ് ചിരകിയ തേങ്ങ

2 ടേബിള്‍സ്പൂണ്‍ പാല്‍

2-3 ടേബിള്‍സ്പൂണ്‍ സ്റ്റീവിയ

തയ്യാറാക്കുന്ന വിധം: തേങ്ങ പാലില്‍ ചേര്‍ത്ത് ഈര്‍പ്പം വറ്റുന്നതുവരെ വഴറ്റുക. മധുരം ചേര്‍ത്ത് മിശ്രിതം കട്ടിയാകുന്നതുവരെ വേവിക്കുക. ഒരു ട്രേയില്‍ നിരത്തി, തണുത്ത ശേഷം ചതുരക്കഷണങ്ങളായി മുറിക്കുക.

7. സാബുദാന ഖീര്‍

ഉപവാസത്തിനും ആഘോഷങ്ങള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സാബുദാന ഖീര്‍ സ്റ്റീവിയയോ പഴച്ചാറോ ഉപയോഗിച്ച് തയ്യാറാക്കാം. കുങ്കുമപ്പൂവിന്റെയോ ഏലക്കയുടെയോ നേരിയ രുചിയോടു കൂടിയ ഈ വിഭവം ചെറിയതോതില്‍ ക്രീം ഘടനയുള്ളതാണ്.

ചേരുവകള്‍:
1/2 കപ്പ് സാബൂനരി

2 കപ്പ് പാല്‍

2 ടേബിള്‍സ്പൂണ്‍ സ്റ്റീവിയ അല്ലെങ്കില്‍ ഫ്രൂട്ട് പ്യൂരി

തയ്യാറാക്കുന്ന വിധം: സാബൂനരി പാലില്‍ വേവിക്കുക. ഇതിലേക്ക് മധുരം ചേര്‍ത്തിളക്കി ഇഷ്ടാനുസരണം അലങ്കരിക്കുക.