ചിപ്സ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ വിരളമാണ്. കടകളിൽനിന്ന് വാങ്ങുന്ന പല ചിപ്‌സുകളിലും പോഷകത്തേക്കാൾ കൂടുതൽ എണ്ണയായതിനാൽ പലപ്പോഴും ആഗ്രഹമുണ്ടെങ്കിലും പലരും അത് വാങ്ങിക്കഴിക്കാറില്ല. 100 ഗ്രാം പാക്കറ്റിൽ ഏകദേശം 500 കലോറി, 35 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു.

To advertise here,

ശരീരത്തിന് കലോറി ലഭിക്കുമെങ്കിലും ഉപകാരപ്രദമായൊന്നും ലഭിക്കില്ല. കടയിൽനിന്നും വാങ്ങിക്കഴിക്കുന്നതിന് പകരം എളുപ്പത്തിൽ ചിപ്‌സുകൾ വീട്ടിലുണ്ടാക്കിയാലോ? ഇതിനായി ചില പച്ചക്കറികളും, ചെറിയ മസാലകളും മാത്രംമതി.

ബീറ്റ്റൂട്ട് ചിപ്സുകൾ
സ്വാഭാവികമായി മധുരമുള്ള ബീറ്റ്റൂട്ട് ഉപയോഗിച്ച് ചിപ്‌സ് തയ്യാറാക്കുമ്പോൾ അത് കുട്ടികളെയടക്കം ആകർഷിക്കുന്ന ഭക്ഷണമായി മാറുന്നു. ബീറ്റ്റൂട്ട് ചിപ്സ് തയ്യാറാക്കാനായി രണ്ട് ബീറ്റ്റൂട്ടുകൾ, തൊലി കളഞ്ഞ് നേരിയതായി അരിഞ്ഞെടുക്കുക. 1-2 ടീസ്പൂൺ എണ്ണ, ½ ടീസ്പൂൺ ഉപ്പ്, ¼ ടീസ്പൂൺ കുരുമുളക്, ഒരു നുള്ള് ചാട്ട് മസാല എന്നിവ ചേർക്കാം.

തയ്യാറാക്കുന്നവിധം 
അരിഞ്ഞ ബീറ്റ്റൂട്ടുകൾ 10 മിനിറ്റ് തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുക, ഇത് അമിതമായുള്ള സ്റ്റാർച്ച് നീക്കം ചെയ്യാൻ സഹായിക്കും. പുറത്തെടുത്ത് പേപ്പർ ടവലുകൾ ഉപയോഗിച്ച് പൂർണമായും ഉണക്കുക. ഓവൻ 180°C യിൽ പ്രീഹീറ്റ് ചെയ്യുക. ബീറ്റ്റൂട്ട് കഷ്ണങ്ങളിൽ എണ്ണയും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. പാർച്ച്‌മെന്റ് പേപ്പർ വിരിച്ച ട്രേകളിൽ ഒറ്റ നിരയായി നിരത്തുക. 25-30 മിനിറ്റ് നേരം ചുട്ടെടുക്കുക, ഇടയ്ക്ക് മറിച്ചിടുക, മൊരിഞ്ഞശേഷം വാങ്ങിവച്ച് തണുപ്പിച്ച് കഴിക്കുക.

പോഷകഗുണങ്ങൾ
ഇതിൽ ഫോലേറ്റ്, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് എന്നിവയും അടങ്ങിയിരിക്കുന്നു. ഹമ്മസ് അല്ലെങ്കിൽ യോഗർട്ട് എന്നിവയ്‌ക്കൊപ്പം ബീറ്റ്റൂട്ട് ചിപ്സ് കഴിക്കാം.

കാരറ്റ് ചിപ്സുകൾ
നേർത്തതും മൊരിഞ്ഞതുമായ ചിപ്സുകൾ കാരറ്റുകൊണ്ട് ഉണ്ടാക്കിയെടുക്കാം. ചേരുവകൾ: 3-4 കാരറ്റുകൾ, തൊലി കളഞ്ഞ് നേരിയതായി അരിഞ്ഞത് ഒരു ടേബിൾസ്പൂൺ എണ്ണ , ½ ടീസ്പൂൺ ഉപ്പ്, ആവശ്യമെങ്കിൽ ½ ടീസ്പൂൺ കറി പൗഡർ അല്ലെങ്കിൽ ജീരകപ്പൊടി. 

തയ്യാറാക്കുന്ന വിധം 
ഓവൻ 200°C ൽ പ്രീഹീറ്റ് ചെയ്യുക. കാരറ്റുകൾ നേർത്ത കഷ്ണങ്ങളായി അരിയുക അല്ലെങ്കിൽ പച്ചക്കറി പീലർ ഉപയോഗിച്ച് റിബണുകളായി എടുക്കുക. എണ്ണ, ഉപ്പ്, ഇഷ്ടമുള്ള മസാലകൾ എന്നിവ ചേർത്ത് ഇളക്കുക. ബേക്കിങ് ട്രേകളിൽ ഒറ്റ നിരയായി നിരത്തുക. 15-20 മിനിറ്റ് നേരം ഫ്രൈ ചെയ്‌തെടുക്കുക. കാരറ്റ് മറിച്ചിട്ടുകൊടുക്കാം.

പോഷകഗുണങ്ങൾ
വിറ്റാമിൻ എ വളരെ കൂടുതലാണ്. നേത്ര സംരക്ഷണത്തിന് ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ആന്റിഓക്സിഡന്റുകളും ഫൈബറും അടങ്ങിയിരിക്കുന്നു.

മധുരക്കിഴങ്ങ് ചിപ്സ് 
സാധാരണയായി ഉരുളക്കിഴങ്ങ് ചിപ്സുകളാണ് തയ്യാറാക്കാറുള്ളതെങ്കിൽ ഇനി മധുരക്കിഴങ്ങ് ചിപ്സ് പരീക്ഷിച്ചാലോ?
ചേരുവകൾ: രണ്ട് വലിയ മധുരക്കിഴങ്ങ്, കനം കുറഞ്ഞ കഷണങ്ങളായി അരിഞ്ഞത്, 1-2 ടേബിൾസ്പൂൺ എണ്ണ, ½ ടീസ്പൂൺ ഉപ്പ്, ഒരു നുള്ള് കറുവപ്പട്ട എന്നിവ ആവശ്യമെങ്കിൽ ഉപയോഗിക്കാം.

പാചകരീതി 
മധുരക്കിഴങ്ങ് കഷണങ്ങൾ 30 മിനിറ്റ് തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുക, ഇത് അമിത സ്റ്റാർച്ച് നീക്കം ചെയ്യാൻ സഹായിക്കും. പുറത്തെടുത്ത് നന്നായി ഉണക്കുക. ഓവൻ 180°C യിൽ പ്രീഹീറ്റ് ചെയ്യുക. എണ്ണ, ഉപ്പ്, ഇഷ്ടമുള്ള മസാലകൾ എന്നിവ ചേർത്ത് ഇളക്കുക. നിരവധി ട്രേകളിൽ ഒറ്റ നിരയായി നിരത്തുക. 20-25 മിനിറ്റ് നേരം ചുട്ടെടുക്കുക.

പോഷകഗുണങ്ങൾ 
വിറ്റാമിൻ എ, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, ബി6 എന്നിവ അടങ്ങിയിരിക്കുന്നു.

ആപ്പിൾ ചിപ്സുകൾ
ചേരുവകൾ: 2-3 ആപ്പിളുകൾ, കാമ്പ് നീക്കം ചെയ്ത് വളരെ നേരിയതായി അരിഞ്ഞത്, ½ ടീസ്പൂൺ കറുവപ്പട്ട, ഒരു നുള്ള് ജാതിക്ക എന്നിവ ചേർക്കാം. ആപ്പിൾ ചിപ്സുകൾക്ക് വേണ്ടി ഓവൻ 120°C യിൽ (കുറഞ്ഞ ചൂടിൽ സാവധാനം) പ്രീഹീറ്റ് ചെയ്യുക. ആപ്പിളുകൾ കനം കുറഞ്ഞ കഷണങ്ങളായി അരിയുക. പാർച്ച്‌മെന്റ് പേപ്പർ വിരിച്ച ട്രേകളിൽ നിരത്തുക. കറുവപ്പട്ട ഉപയോഗിക്കുകയാണെങ്കിൽ അത് വിതറുക. പൂർണമായി ഉണങ്ങി മൊരിയുന്നത് വരെ പാകംചെയ്യുക. 

 

കേൽ ചിപ്സുകൾ
പച്ചക്കറികൾകൊണ്ട് തയ്യാറാക്കുന്ന ചിപ്സുകളിൽനിന്ന് വ്യത്യസ്തമായൊരു പരീക്ഷണമാണ് കേൽ ചിപ്സുകൾ. തണ്ടുകൾ നീക്കം ചെയ്ത കേൽ, ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ, അര ടീസ്പൂൺ ഉപ്പ്, ആവശ്യമെങ്കിൽ അര ടീസ്പൂൺ വെളുത്തുള്ളി പൊടി, കാൽടീസ്പൂൺ മുളകു പൊടി എന്നിവയാണ് ഇത് തയ്യാറാക്കാനായി വേണ്ടത്.

 

തയ്യാറാക്കുന്ന രീതി 
ഓവൻ 150°C യിൽ പ്രീഹീറ്റ് ചെയ്യുക. ഒട്ടിപ്പിടിക്കാതിരിക്കാനായി ബേക്കിങ് ട്രേയിൽ പാർച്ച്‌മെന്റ് പേപ്പർ വിരിക്കുക. ഇലകൾ നന്നായി കഴുകി പൂർണമായും ഉണക്കി, കൈവലിപ്പമുള്ള കഷണങ്ങളാക്കുക.

ഒരു വലിയ പാത്രമെടുത്ത് കേൽ കഷണങ്ങളിൽ ഒലിവ് ഓയിൽ നന്നായി മസാജ് ചെയ്യുക. ശേഷം ട്രേയിൽ ഒറ്റ നിരയായി നിരത്തുക. ഒന്നിനു മുകളിൽ ഒന്നായി വെക്കാതിരിക്കുക. ഉപ്പും ഇഷ്ടമുള്ള മസാലകളും വിതറുക. 20-25 മിനിറ്റ് നേരം ചുട്ടെടുക്കുക, തണുക്കുമ്പോൾ ഇലകൾ കൂടുതൽ മൊരിയും.

പോഷകഗുണങ്ങൾ
വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളും കാത്സ്യവും കൂടുതലാണ്. ഇവ ഒരു തവണ കഴിക്കുന്നത് സാധാരണ ചിപ്സ് പാക്കറ്റിനേക്കാൾ കൂടുതൽ പോഷണം നൽകുന്നു. ഈ ചിപ്‌സ് നേരിട്ടോ സാലഡുകളിൽ പൊടിച്ചിട്ടോ, സൂപ്പുകളിൽ ചേർത്തോ സാധാരണ ചിപ്സുകൾക്ക് പകരം സാൻഡ്വിച്ചുകൾക്കൊപ്പമോ കഴിക്കാം.