സ്‌കൂള്‍ തുറന്ന് സ്‌കൂളില്‍ കുട്ടികള്‍ക്ക് കൊടുത്തുവിടാനുള്ള ഭക്ഷണത്തെക്കുറിച്ച് ആശങ്കയിലാണ് മാതാപിതാക്കള്‍. കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഉണ്ടാക്കിക്കൊടുക്കാവുന്ന ഒരു ഓംലെറ്റ് പരിചയപ്പെടാം. പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി നിറത്തിലും രുചിയിലും ഭക്ഷണമുണ്ടാക്കിയാല്‍ കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള മടി കുറയ്ക്കുകയും ചെയ്യാം.

To advertise here,

കുട്ടികള്‍ക്ക് പൊതുവേ ഇലക്കറികളും പച്ചക്കറികളും കഴിക്കാന്‍ മടിയാണ്. പച്ചക്കറിയുപയോഗിച്ചും ഇലക്കറികളുപയോഗിച്ചും ഇഷ്ടാനുസരണം ഉണ്ടാക്കാവുന്നതാണ് ഈ ഓംലെറ്റ്. ഇതാകട്ടെ കുട്ടികള്‍ ഇഷ്ടമാകുകയും ചെയ്യും. ഇവിടെ ചീരയാണ് ഉപയോഗിച്ചിരിക്കുന്നത്. പകരം  പാലക് ചീര ,തക്കാളി,ക്യാരറ്റ്, കാപ്‌സിക്കം എന്നിവയും ഉപയോഗിക്കാം.

ആവശ്യമായ സാധനങ്ങള്‍

മുട്ടയുടെ വെള്ള-1 
പാല്‍- ഒരു ടേബിള്‍ സ്ഫൂണ്‍
കുരുമുളക്‌പൊടി- ഒരു നുള്ള്
ചീര- ഒരു ചെറിയ കപ്പ് (പൊടിയായി അരിഞ്ഞത്)
ഉപ്പ്- പാകത്തിന്
പാചകഎണ്ണ- പാകത്തിന്

തയ്യാറാക്കുന്ന വിധം

മുട്ടയുടെ വെള്ളയിലേയ്ക്ക് പാല്‍, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ന്ന് നന്നായി അടിച്ചെടുക്കുക. പാന്‍ ചൂടാകുമ്പോള്‍ അതിലേയ്ക്ക് എണ്ണ ഒഴിച്ച് അരിഞ്ഞുവെച്ച ചീര അതിലേയ്ക്ക് ഇട്ട് ചെറുതീയില്‍ ഇളക്കുക. പച്ചമണം മാറുമ്പോള്‍ ചീര പാനിന്റെ നടുഭാഗത്തേക്ക് ആക്കിവെക്കണം. ഓംലെറ്റിന്റെ വലിപ്പത്തിനനുസരിച്ച് പാനില്‍ അത് നിരത്തിവെയ്ക്കാം. ശേഷം അടിച്ചുവെച്ചിരിക്കുന്ന മുട്ട ഇതിന് മുകളിലേയ്ക്ക് ഒഴിച്ചുകൊടുക്കാം. ചെറുതീയില്‍ വേണം ഓംലെറ്റ് വേവിച്ചെടുക്കാന്‍. ആവശ്യമെങ്കില്‍ മാത്രം ഇതിന് മുകളില്‍ ഗ്രേറ്റ് ചെയ്‌തെടുത്ത ചീസ് വിതറാം.