സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറെയുടെ കോമഡി ഷോയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന 370 രൂപയുടെ ബിരിയാണി വിവാദത്തിൽ വിശദീകരണവുമായി പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ. സൊമാറ്റോയുടേതെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് പൂർണ്ണമായും വ്യാജമാണെന്ന് കമ്പനി വ്യക്തമാക്കി.

To advertise here,

‘ബിരിയാണി അത്താഴമാണ്, അതൊരിക്കലും അനുവാദമല്ല (കൺസന്റ്). ഞങ്ങളുടെ പേരിൽ പ്രചരിക്കുന്ന അരോചകമായ ആ നോട്ടിഫിക്കേഷൻ സ്ക്രീൻഷോട്ട് വ്യാജമാണ്. ഞങ്ങൾ അങ്ങനെയൊന്ന് എഴുതുകയോ അയക്കുകയോ ചെയ്തിട്ടില്ല’ സൊമാറ്റോ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

ഗുഡ്ഗാവ് സ്വദേശിയായ ഹിമാൻഷു ജാംഗ്ര എന്ന യുവാവ് പ്രണിത് മോറെയുടെ യൂട്യൂബ് ഷോയിൽ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. തന്റെ ഡേറ്റിങ് അനുഭവത്തെക്കുറിച്ച് സംസാരിക്കവെ, ഒരു പ്ലേറ്റ് ബിരിയാണിക്കായി 370 രൂപ ചെലവഴിച്ചെന്നും, അതിനാൽ തന്നെ പങ്കാളിയിൽ നിന്ന് അതിനുള്ള പ്രതിഫലം (ലൈംഗികമായ അടുപ്പം) താൻ പ്രതീക്ഷിക്കുന്നുണ്ടെന്നുമാണ് യുവാവ് പറഞ്ഞത്.

ഡേറ്റുകൾക്കായി പണം ചെലവഴിക്കുന്നത് പങ്കാളിയുടെ മേൽ ശാരീരികമായ അവകാശം സ്ഥാപിക്കാനുള്ള ലൈസൻസല്ലെന്ന് ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളിൽ യുവാവിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് സൊമാറ്റോയുടെ ആപ്പ് നോട്ടിഫിക്കേഷൻ എന്ന രീതിയിൽ, ‘ബിരിയാണി അയച്ചു തരട്ടേ? വെറും 370 രൂപയേ ഉള്ളൂ’ എന്ന തരത്തിലുള്ള വ്യാജ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചത്.

യുവാവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

സംഭവം വിവാദമായതോടെ ഹിമാൻഷു ജാംഗ്രയെ കമ്പനിയിൽ നിന്നും പുറത്താക്കിയതായി അദ്ദേഹം ജോലി ചെയ്തിരുന്ന സ്റ്റാർവിക് ഡിസൈൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ വിവേക് വിശ്വകർമ്മ അറിയിച്ചു.

യുവാവിന്റെ പ്രസ്താവന തികച്ചും അപകീർത്തികരവും കമ്പനിയുടെ മൂല്യങ്ങൾക്ക് നിരക്കാത്തതുമാണെന്നായിരുന്നു വിശദീകരണം.