വാഹനാപകടങ്ങളിലൂടെയും മറ്റും ശരീരത്തിലുണ്ടാകുന്ന മുറിവുകൾ പൂർണ്ണമായും ഉണങ്ങാൻ എത്ര സമയമെടുക്കും എന്നത് മുറിവിൻ്റെ തീവ്രതയെയും  ആരോഗ്യനിലയെയും ആശ്രയിച്ചിരിക്കും. എന്നാൽ ഭക്ഷണക്രമത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുറിവ് വേഗത്തിൽ സുഖപ്പെടുത്താനുള്ള സാധ്യത വർദ്ധിക്കുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.

To advertise here,

സ്വാധീനിക്കുന്ന ഘടകങ്ങൾ

മുറിവ് ഉണങ്ങുന്ന പ്രക്രിയയിൽ പ്രധാനമായും ഹീമോസ്റ്റാസിസ്, ഇൻഫ്ലമേഷൻ, പ്രൊലിഫെറേഷൻ, റീമോഡലിങ് എന്നിങ്ങനെ നാല് ഘട്ടങ്ങളുണ്ട്. 

മുറിവ് ശരിയായി ഉണങ്ങാതിരിക്കുന്നതിന് വിവിധ കാരണങ്ങളുണ്ട്, അതിൽ പ്രമേഹം, പോഷകാഹാരം, അമിതവണ്ണം, ചർമ്മത്തിലെ ഈർപ്പം, പ്രായം, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. 

സഹായിക്കുന്ന ഭക്ഷണക്രമം

ദൈനംദിന പോഷകാഹാരം ശരീരത്തെ സുഖപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. അമിതമായി സംസ്കരിച്ചതും പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, ശരീരം ക്രോണിക് ഇൻഫ്ലമേഷൻ (വിട്ടുമാറാത്ത വീക്കം) എന്ന ഘട്ടത്തിലേക്ക് കടക്കുന്നു. ഇത് മുറിവ് ഉണങ്ങുന്നത് വൈകിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ മുറിവുണങ്ങാനായി ചികിത്സ തേടിയ ശേഷം ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം. 

1. പച്ചക്കറികൾ 

അവശ്യ വിറ്റാമിനുകളാലും പോഷകങ്ങളാലും സമ്പന്നമാണ് പച്ചക്കറികൾ. സിങ്ക്, വിറ്റാമിൻ സി, ബി വിറ്റാമിനുകൾ എന്നിവയെല്ലാം കലകളെ പുനർനിർമ്മിക്കാനും മുറിവുണങ്ങാനും സഹായിക്കും. ചീര, പയർവർഗങ്ങൾ, മുളപ്പിച്ച ധാന്യങ്ങൾ, വെള്ളകടല, മഷ്റൂം തുടങ്ങിയ പച്ചക്കറികളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. 

2. വിറ്റാമിൻ സി 

വിറ്റാമിൻ സി അത്യന്താപേക്ഷിതമായ ഒരു പോഷകമാണ്. ഓറഞ്ച്, മുസാമ്പി, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിലും ബ്രോക്കോളി, തക്കാളി എന്നിവയിലും വിറ്റാമിൻ സി ധാരാളമായി കാണപ്പെടുന്നു.

3. പ്രോട്ടീൻ വർദ്ധിപ്പിക്കുക

മുറിവുകൾ ഉണങ്ങുന്നതിനും അണുബാധകൾ തടയുന്നതിനും പ്രോട്ടീൻ നിർണായകമാണ്. ഇവ ആവശ്യമുള്ള ഭാഗങ്ങളിൽ ടിഷ്യൂകൾ പുനർനിർമ്മിക്കാൻ ശരീരത്തെ സഹായിക്കുന്നു. ചിക്കൻ, ബീഫ് തുടങ്ങിയ മാംസങ്ങളിൽ നിന്നും മീനിൽ നിന്നും പ്രോട്ടീൻ ലഭിക്കും. കൂടാതെ വിത്തുകൾ, അണ്ടിപ്പരിപ്പ്, പയർവർഗ്ഗങ്ങൾ എന്നിവ വഴിയും മതിയായ പ്രോട്ടീൻ നേടാൻ സാധിക്കും.

4. ധാരാളം വെള്ളം

ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും, പ്രത്യേകിച്ച് ചർമ്മം ആരോഗ്യത്തോടെ നിലനിർത്തുന്നതിനും അണുബാധകൾ തടയുന്നതിനും ജലാംശം നിലനിർത്തുന്നത് അത്യാവശ്യമാണ്. ശരീരത്തിന് വേണ്ടത്ര വെള്ളം കുടിക്കുന്നത് മുറിവ് ഉണങ്ങുന്നത് വൈകുന്നത് തടയാനും സഹായിക്കും.

5. പഞ്ചസാരയുടെ അളവ് 

പ്രമേഹരോഗിയാണെങ്കിൽ ഇത് വളരെ പ്രധാനമാണ്. പ്രമേഹമുള്ളവരിൽ മുറിവ് ഉണങ്ങാൻ സമയമെടുത്തേക്കാം. പഞ്ചസാര ശരീരത്തിൽ വീക്കമുണ്ടാക്കാനും സാധ്യതയുണ്ട്.