ജീവിതശൈലീരോഗങ്ങളിൽനിന്ന് രക്ഷനേടാൻ സ്വയം മാർഗങ്ങളൊരുക്കി നാട്ടുകാർക്ക് മാതൃകയാകുകയാണ് തൃശ്ശൂരിലെ വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ. ഔദ്യോഗിക ചടങ്ങുകളിലും പരിശീലനങ്ങളിലും ചായ, കാപ്പി തുടങ്ങിയ പാനീയങ്ങളും എണ്ണക്കടികളും ഇവർ ഒഴിവാക്കിക്കഴിഞ്ഞു. പകരം പോഷകസമൃദ്ധമായ പാനീയങ്ങളും സാലഡ് പോലുള്ള ഭക്ഷണവും ഉൾപ്പെടുത്തി മെനു പുതുക്കി.

To advertise here,

ഹെൽത്ത് ഡ്രിങ്കിന് തൈരും മോരും സാലഡിന് ചുറ്റുവട്ടത്തുനിന്ന് ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതുവഴി ചെലവും കുറയ്ക്കാം. ഒപ്പം പാചകച്ചെലവും കുറയ്ക്കാം എന്നതും നേട്ടങ്ങളായി ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാർക്കും വൊളന്റിയർമാർക്കും ഔദ്യോഗികയോഗങ്ങളും പരിശീലനവും നടക്കുന്ന വേളയിലെത്തുന്ന അതിഥികൾക്കും ഇനി ഇതേ നയം പിന്തുടരും.

ചായയ്ക്കും കാപ്പിക്കും പകരം ശുദ്ധജലം, നാരങ്ങവെള്ളം, സംഭാരം, കരിക്ക് തുടങ്ങിയവയെല്ലാം പാനീയങ്ങളായി നൽകും. മധുരപലഹാരങ്ങൾ ബിസ്‌കറ്റ്, കേക്ക്, ഐസ്‌ക്രീം, പായസം, എണ്ണക്കടികൾ എന്നിവ ഒഴിവാക്കി ഓരോ സീസണും അനുസരിച്ച് നാട്ടിൽത്തന്നെ ലഭ്യമാകുന്ന പഴം, പപ്പായ, പേരയ്ക്ക, ആപ്പിൾ തുടങ്ങിയയും ഉപ്പിടാത്ത കപ്പലണ്ടിപോലുള്ളവയും വിതരണംചെയ്യും. ചെറു കടികളായി ആവിയിൽ വേവിച്ച പലഹാരങ്ങളും ഉൾപ്പെടുത്തും. ഉച്ചഭക്ഷണത്തിന് ബിരിയാണി പോലുള്ളവ മാറ്റിവെച്ച് പ്രോട്ടീൻസമൃദ്ധമായ ഭക്ഷണമൊരുക്കാനാണ് തീരുമാനം. ഈ മെനു കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന പരിശീലനത്തിനിടെ നടപ്പാക്കിയെന്നും എല്ലാവരും വലിയ പിന്തുണയാണ് നൽകുന്നതെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ സി. പ്രസാദ് പറയുന്നു.

നേരത്തേ പഞ്ചായത്തിലെ ജനനവും മരണവും ജനസംഖ്യാനിരക്കും രേഖപ്പെടുത്തിയ പോപ്പുലേഷൻ ക്ലോക്ക് സ്ഥാപിച്ചും ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാൻ പരിശോധനയുമായി ജനങ്ങൾക്കടുത്തേക്കു ചെല്ലുന്ന പദ്ധതി ഒരുക്കിയും വേളൂക്കര കുടുംബാരോഗ്യകേന്ദ്രവും ഇവിടത്തെ പ്രവർത്തകരും ശ്രദ്ധ നേടിയിരുന്നു. പുതിയ പദ്ധതി ജീവനക്കാർക്കിടയിൽ വിജയകരമായി നടപ്പാക്കി സമൂഹത്തെക്കൂടി ആരോഗ്യകരമായ ഭക്ഷണശൈലിയിലേക്കു കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് ഇവിടത്തെ ജീവനക്കാർ പറയുന്നു.