ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഉറക്കത്തിനുള്ള പങ്ക് വളരെ വലുതാണ്. ശരിയായ രീതിയിലുള്ള ഉറക്കം കിട്ടാത്തതുകൊണ്ടാണ് നമ്മളില്‍ പലരും രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുക, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നത്. നല്ല ഉറക്കം കിട്ടാതിരിക്കുന്നത് മാനസികാരോഗ്യത്തേയും ഹാനികരമായി ബാധിക്കും. നമ്മുടെ ജീവിതശൈലിയും ഉറക്കം നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്. നല്ല ഉറക്കം ഉറപ്പുവരുത്താന്‍ നമ്മുടെ ഭക്ഷണത്തിലും ശ്രദ്ധവെക്കേണ്ടതുണ്ട്. ഉറക്കത്തെ തടസപ്പെടുത്തുന്ന ഭക്ഷണങ്ങളുണ്ട്. രാത്രിയില്‍ ഉറങ്ങും മുന്‍പ് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം.
വലിയ അളവില്‍ കഫീന്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും രാത്രിയില്‍ കഴിക്കുന്നത് ഒഴിവാക്കണം. കോഫി, ചായ, സോഡ, എനര്‍ജി ഡ്രിങ്ക് തുടങ്ങിയ ഇതിലുള്‍പ്പെടും. ഇവയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഉറക്കത്തെ തടസപ്പെടുത്തും. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഇതെല്ലാം ഒഴിവാക്കുന്നത് ഗുണം ചെയ്യും.
Also Read
നല്ല എരിവും പുളിയുമൊക്കെയുള്ള ഭക്ഷണങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് കഴിക്കരുത്. അഥവാ കഴിക്കേണ്ടി വന്നാല്‍ ഉറക്കത്തിന് നാലു മണിക്കൂര്‍ മുന്‍പെങ്കിലും ആയിരിക്കണമെന്ന് മാത്രം. കാരണം ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്റെ താപനില കൂട്ടുകയും, അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇത് ഉറക്കത്തെ പ്രശ്നത്തിലാക്കും.
അമിതമായ അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിക്കുന്നത് നല്ലതല്ല. അതിനാല്‍ ജങ്ക് ഫുഡ് രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഇതിലെ ഉയര്‍ന്ന കൊഴുപ്പ് മറ്റു ഘടകങ്ങളും ഉറക്കത്തെ തടസപ്പെടുത്തും.
രാത്രിയില്‍ ഐസ്ക്രീം കഴിക്കുന്നതും പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ഈ ശീലം ഒഴിവാക്കേണ്ടതുണ്ട്. കാരണം ഇതിലെ ഉയര്‍ന്ന അളവിലെ കൊഴുപ്പും മധുരവും ഉറക്കത്തെ തടസപ്പെടുത്തുന്ന ഘടകങ്ങളാണ്. ചോക്ലേറ്റ് കഴിക്കുന്നത് നല്ലതല്ല. കാരണം ഇവയിലുള്ള 'ടൈറോസിന്‍' എന്ന ഘടകം ഉറക്കത്തെ തടസപ്പെടുത്തുന്ന സംഗതിയാണ്.
പ്രോട്ടീനുള്ള ഭക്ഷണം നല്ലതാണെന്നാണ് പൊതുവേയുളള ധാരണ. എന്നാല്‍ ഇവ രാത്രി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ദഹിക്കാന്‍ സമയമെടുക്കുന്നതിനാല്‍ അത് ഉറക്കത്തെ തടസപ്പെടുത്തും. ഉറങ്ങുന്നതിന് നാലു മണിക്കൂര്‍ മുന്‍പെങ്കിലും കഴിക്കുന്നതാണ് നല്ലത്.
വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളും രാത്രി കഴിക്കരുത്. ഇവ ദഹിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഇവ ഉറക്കത്തെ തടസപ്പെടുത്തും.
(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.)
Content Highlights: Quality Of Sleep,Caffeine-rich food,Spicy food,fatty food,High-protein food,Citrus fruits
Published: 15 Jan 2024, 07:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented