ലോകമെമ്പാടുമുള്ള ആളുകളുടെ ഇഷ്ടഭക്ഷണത്തിന്റെ ലിസ്റ്റിലാണ് ചീസിന്റെ സ്ഥാനം. പാലില്‍ നിന്നുണ്ടാക്കുന്ന ഈ ഉത്പന്നം ആരോഗ്യഗുണത്തിലും മുന്‍പന്തിയിലാണ്. ഇവ കാത്സ്യത്തിന്റെ മികച്ച സ്രോതസായതിനാല്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണകരമാണ്.

To advertise here,

പൊതുവേ പിസ്സയിലും പാസ്തയിലുമെല്ലാം  ചീസ് ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ യാത്രാ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച ചീസുകള്‍ക്ക് റാങ്കിങ് നല്‍കിയിരിക്കുകയാണ്. ലോകമമ്പാടും ഉപയോഗത്തിലുള്ള ആയിരത്തിലേറെ ചീസുകളുടെ ജനപ്രീതിയുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ആളുകള്‍ ഏറ്റവും മികച്ചതെന്ന് വിലയിരുത്തിയത് ഇറ്റലിയില്‍ നിന്നുള്ള പാര്‍മിജിയാനോ റെഗ്ഗിയാനോ എന്നയിനം ചീസാണ്.ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ചീസുകളില്‍ ഒന്നായി കരുതപ്പെടുന്ന ഒന്നാണ് പാര്‍മിജിയാനോ റെഗ്ഗിയാനോ. ഇത് പച്ചപ്പുല്ല് കഴിച്ചു വളരുന്ന പശുക്കളില്‍ നിന്നുള്ള, അസംസ്‌കൃത, സെമി സ്‌കിഡ് പാലില്‍ നിന്നുമാണ് തയ്യാറാക്കുന്നത്. 

മധ്യകാലഘട്ടത്തില്‍ ബെനഡിറ്റൈന്‍, സിസ്റ്റെര്‍സിയന്‍ സന്യാസിമാര്‍ പോ വാലിയിലെ തണ്ണീര്‍ത്തടങ്ങളിലാണ് വിലയേറിയ ഈ ചീസ് ആദ്യമായി ഉണ്ടാക്കിയിരുന്നത്. പാര്‍മ, റെജിയോ എമിലിയ എന്നീ രണ്ട് നഗരങ്ങളില്‍ നിന്നും ഉത്ഭവിച്ചതിനാലാണ് ഈ ചീസിന് പാര്‍മിജിയാനോ റെഗ്ഗിയാനോ എന്ന് പേരുണ്ടായത്.

മൊസറെല്ല ഡി ബുഫല കാമ്പാന എന്ന ചീസ് എരുമപ്പാലില്‍ നിന്നുമാണ് തയ്യാറാക്കുന്നത്. ഇതിനാണ് രണ്ടാം സ്ഥാനം. നേരിയ പുളിരസമുള്ള ചീസാണിത്. എരുമപ്പാലില്‍ കാല്‍സ്യവും പ്രോട്ടീനും കൂടുതലാണ്. ഉപ്പുവെള്ളത്തില്‍ ഇട്ടാണ് ഈ ചീസ് സൂക്ഷിക്കുന്നത്. അതാണ് പുളിരസത്തിനുള്ള കാരണം.

മൂന്നാം സ്ഥാനത്തുള്ളത് സ്ട്രാച്ചിനോ ഡി ക്രെസെന്‍സ എന്നയിനം ചീസാണ്.  ഇത് സാധാരണയായി ആല്‍പ്‌സ് പര്‍വതനിരകളില്‍ മേഞ്ഞുനടക്കുന്ന പശുവിന്റെ പാല്‍ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. പൊതുവേ ക്രീമി ചീസ് ആയതിനാല്‍ ഇത് പലപ്പോഴും ഒരു സ്‌പ്രെഡ് ആയി ഉപയോഗിച്ചുവരുന്നു.ഗ്രാവിയറ നക്സൗ എന്ന ചീസിനാണ് നാലാം സ്ഥാനം.  പശുവിന്‍ പാലില്‍ നിന്നോ ആട്ടിന്‍ പാലില്‍ നിന്നോ ഇത് തയ്യാറാക്കിയെടുക്കാം.

ആടുകളുടെ പാലില്‍ നിന്ന് നിര്‍മ്മിച്ച ഒരു അര്‍ദ്ധ സോഫ്റ്റ് ചീസ് ആണ് സെറ ഡ എസ്‌ട്രെല. ഈ ചീസ് പോര്‍ച്ചുഗലിലെ ഏറ്റവും പഴക്കമേറിയതും അന്താരാഷ്ട്ര അംഗീകാരമുള്ളതുമായ ഒരു പരമ്പരാഗത ഭക്ഷ്യവസ്തുവാണിത്. ഇറ്റലിയിലെ ബുരാറ്റ, ഫ്രാന്‍സിലെ സെന്റ് ആന്ദ്ര, ഫ്രാന്‍സിലെ തന്നെയുള്ള റെബ്ലോചോണ്‍, മോണ്ടിനെഗ്രോയിലെ പ്ലെവല്‍ജ്‌സ്‌കി സര്‍, ഫ്രാന്‍സില്‍ നിന്നുള്ള മോണ്ട് ഡിയോര്‍ എന്നിങ്ങനെയാണ് ആദ്യത്തെ പത്തു സ്ഥാനങ്ങളില്‍ വരുന്ന മറ്റു ചീസുകളുടെ പേരുകള്‍. ചീസിനോടുള്ള ആളുകളുടെ താത്പര്യമനുസരിച്ചാണ് ഈ പട്ടികപ്പെടുത്തല്‍.