മുംബൈ: രാജ്യത്ത് ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിനു ചെലവേറുന്നു. ഓൺലൈൻ ഭക്ഷണവിതരണ കമ്പനികൾ പ്ലാറ്റ്ഫോം ഫീസിന്റെ നിരക്ക് പടിപടിയായി കൂട്ടുന്നതാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നത്. 

To advertise here,

ചൊവ്വാഴ്ചമുതൽ സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ചു. ഓരോ ഓർഡറിനും 14.99 രൂപയിൽനിന്ന് 17.58 രൂപയാക്കി ഉയർത്തി. ഏതാനും ദിവസം മുൻപ് സൊമാറ്റോയും നിരക്കുയർത്തിയിരുന്നു. സൊമാറ്റോ നിലവിൽ 14.90 രൂപയാണ് പ്ലാറ്റ്ഫോം ഫീസായി ഈടാക്കുന്നത്. 2.40 രൂപയുടെ വർധനയാണ് മാർച്ച് 20-ന് കമ്പനി കൊണ്ടുവന്നത്. 2025 സെപ്റ്റംബറിലായിരുന്നു സ്വിഗ്ഗി അവസാനമായി പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ചത്. ഡെലിവറി ചാർജിനും റസ്റ്ററന്റ് ഫീസിനും ഉപരിയായി ഓരോ ഓർഡറിനും ഓൺലൈൻ ഭക്ഷണ വിതരണക്കമ്പനി ഈടാക്കുന്ന തുകയാണ് പ്ലാറ്റ്ഫോം ഫീസ്. സാങ്കേതികവിദ്യ, പരിപാലനച്ചെലവ്, ഉപഭോക്തൃ സേവനച്ചെലവ് എന്നിവയുൾപ്പെടെ പ്രവർത്തനച്ചെലവുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ സേവനക്കമ്പനികൾ പ്ലാറ്റ്ഫോം ഫീസ് കൊണ്ടുവന്നത്.
ഇപ്പോൾത്തന്നെ ഹോട്ടലിൽനിന്ന് നേരിട്ടുവാങ്ങുന്നതിനെക്കാൾ ഉയർന്ന നിരക്കിലാണ് ഓൺലൈനിൽ ഓർഡർ ചെയ്യാനാകുന്നത്. 100 രൂപയുടെ ബർഗർ വാങ്ങിയാൽ ജി.എസ്.ടി. ഉൾപ്പെടെ 135 രൂപ വരെ നൽകേണ്ടി വരുന്നു. ഡെലിവറി ചാർജിൽ ഇളവുലഭിച്ചാലാണ് ഈ വില. 30 രൂപ മുതൽ 40 രൂപ വരെയാണ് ഡെലിവറി ഫീസായി ഈടാക്കുന്നത്. ഭക്ഷണമെത്തിക്കുന്നവർക്ക് ടിപ് കൂടി നൽകിയാൽ ചെലവ് പിന്നെയും ഉയരും.