നമ്മുടെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ നമ്മള്‍ കഴിക്കുന്ന ആഹാരം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പോഷകസമ്പന്നമായ ഭക്ഷണങ്ങള്‍ പതിവാക്കുന്നത് രോഗങ്ങളെ ചെറുത്ത് നമ്മളെ ആരോഗ്യവാന്മാരാക്കി മാറ്റുന്നു. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് മത്തങ്ങ. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍,  നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ  കലവറയാണിത്.

To advertise here,

ശരീരത്തിന് ആവശ്യമായ ആന്റി ഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവയും മത്തങ്ങയില്‍ ധാരാളമായുണ്ട്. കൂടാതെ മത്തങ്ങാക്കുരു മഗ്നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയേണ്‍ എന്നിവയുടെ കലവറയാണ്. പതിവായി മത്തങ്ങ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.

വ്യായാമത്തിന് മുന്‍പുള്ള പ്രീ വര്‍ക്ക് മീലില്‍ മത്തങ്ങ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ ഊര്‍ജം പ്രദാനം ചെയ്യും. പ്രോട്ടീന്‍ ധാരാളമായുള്ള ഭക്ഷണമായതിനാല്‍ കുട്ടികള്‍ക്ക് കൊടുക്കുന്നതും വളരെ നല്ലതാണ്.
മത്തങ്ങ വിത്തുകള്‍  കഴിക്കുന്നത് നല്ല  ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഉറക്കക്കുറവുള്ളവര്‍ രാത്രി ഭക്ഷണത്തില്‍ മത്തങ്ങക്കുരു ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ധൈര്യമായി മത്തങ്ങ ഉള്‍പ്പെടുത്തണം. കലോറി കുറവായ ഭക്ഷണമാണ്. കൂടാതെ ഫൈബറും ധാരാളമായുണ്ട്. വിശപ്പിനെ ഇത് കുറയ്ക്കുകയും അമിതമായി കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യവും സിങ്കും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന് തിളക്കം നല്‍കും.

മത്തങ്ങയിലും മത്തങ്ങാക്കുരുവിവും അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ , മഗ്നീഷ്യം , സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ ഇവ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. അതിനാല്‍ പ്രമേഹരോഗികള്‍ മത്തങ്ങ കഴിക്കുന്നത് നല്ലതാണ്.

ഫൈബര്‍ ധാരാളമുള്ള പച്ചക്കറിയായതിനാല്‍ ദഹനം മെച്ചപ്പെടുത്താന്‍ ഇതിന് കഴിവുണ്ട്. കുടലിന്റെ ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍  രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാനും ശരീരത്തെ ഇത് പ്രാപ്തമാക്കുന്നു.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)