ന്ത്യയുടെ തനതായ ജിഐ (Geographical Indication) ഉത്പ്പന്നങ്ങളുടെ ദേശീയ ബ്രാൻഡായ ഭാരത് ജിഐ, ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ൽ ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ  ദിവസമാണ് അവതരിപ്പിച്ചത്. ഇതോടനുബന്ധിച്ച് ജിഐ ടാഗ് ചെയ്ത കാപ്പി ഇനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 

To advertise here,

എഐ ഇംപാക്ട് ഉച്ചകോടിയിലെത്തിയ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഭാരത് മണ്ഡപത്തിലെ ഭാരത് ജിഐ കോഫി ലോഞ്ചിലെത്തി കാപ്പി കുടിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഭാരത് ജിഐ എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ, 'മൺസൂൺ മലബാർ' കോഫി രുചിച്ചതിന് ശേഷം അദ്ദേഹം 'വൗ' എന്ന് പറയുന്നതായി കേൾക്കാം.

ഇന്ത്യൻ ജിഐ കാപ്പികളും മറ്റും നിറച്ച, പല അറകളുള്ള ഷെൽഫിന്റെ ചിത്രം ഇൻസ്റ്റഗ്രാം പോസ്റ്റിൽ പിയൂഷ് ഗോയൽ പങ്കുവെച്ചിരുന്നു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലെ 14-ാം ഹാളിലെ ഭാരത് ജിഐ കോഫി ലോഞ്ചിൽ ഫെബ്രുവരി 17-20 തീയതികളിൽ ആണ് ഇന്ത്യൻ ജിഐ കാപ്പി ഉത്പ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നത്. ഇത് പരമ്പരാഗത ഇന്ത്യൻ പൈതൃകത്തെയും അത്യാധുനിക എഐ സാങ്കേതികവിദ്യയെയും സമന്വയിപ്പിക്കുന്നു.

'ലോകമേ, തികച്ചും വിശിഷ്ടമായ ഒരു കപ്പ് കുടിക്കാൻ തയ്യാറാണോ? നൂറ്റാണ്ടുകളായി കൈമാറി വരുന്ന, പുനർനിർമിക്കാൻ കഴിയാത്ത വൈദഗ്ധ്യം, സാമൂഹിക അറിവ്, ഭൂമിശാസ്ത്രം എന്നിവയടങ്ങിയതാണ് ഇന്ത്യയുടെ ജിഐ ഉത്പ്പന്നങ്ങൾ.., ചിത്രങ്ങളോടൊപ്പം പിയൂഷ് ഗോയൽ കുറിച്ചു.

'ഈ പൈതൃകത്തെ ലോകമെമ്പാടും എത്തിക്കുന്നതിനായി, ഡിപിഐഐടി ഇന്ത്യ (Department for Promotion of Industry and Internal Trade) ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ൽ ഭാരത് ജിഐ പുറത്തിറക്കിയിരിക്കുന്നു. സുഗന്ധം, രുചി, ആധികാരികത എന്നിവയിലൂടെ ഭാരതത്തെ അനുഭവിക്കാൻ ലോകത്തെ ക്ഷണിച്ചുകൊണ്ട് ഞങ്ങൾ ഇന്ത്യൻ ജിഐ കാപ്പിയിൽ നിന്ന് ആരംഭിക്കുകയാണ്', പിയൂഷ് ഗോയൽ കുറിച്ചു.

ഡിപിഐഐടി ആരംഭിച്ച ഈ സംരംഭം, പുരാതന പാരമ്പര്യത്തിൽ വേരൂന്നിയ വിശിഷ്ട ഉത്പ്പന്നങ്ങൾക്ക് ആഗോള അംഗീകാരവും അവ അർഹിക്കുന്ന സ്ഥാനവും നൽകാനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യൻ ജിഐ ടാഗ് ഉള്ള ചില കാപ്പികൾ

ചിക്മംഗലൂർ അറേബിക്ക കോഫി
കർണാടകയിലെ മൽനാട് മേഖലയിലെ ചിക്മംഗലൂർ ജില്ലയിൽ മാത്രം വളർത്തുന്നതാണിത്.

ബാബാബുഡൻഗിരിസ് അറേബിക്ക കോഫി
ഇന്ത്യയിലെ കാപ്പിയുടെ ജന്മസ്ഥലമായ ചിക്മംഗലൂർ ജില്ലയുടെ മധ്യഭാഗത്ത് വളർത്തുന്ന കാപ്പിയാണിത്.

കൂർഗ് അറേബിക്ക കോഫി
കർണാടകയിലെ കൊടക് ജില്ലയിൽ വളർത്തുന്ന കൂർഗ് അറേബിക്ക കാപ്പി അതിന്റെ തനതായ സുഗന്ധത്തിനും രുചിക്കും പേരുകേട്ടതാണ്.

വയനാട് റോബസ്റ്റ കോഫി
കേരളത്തിലെ വയനാട് ജില്ലയിൽ വളർത്തുന്ന വയനാട് റോബസ്റ്റ കോഫി അതിന്റെ ശക്തമായ രുചിക്ക് പേരുകേട്ടതാണ്.

അരക് വാലി അറേബിക്ക കോഫി
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയുടെ മലമ്പ്രദേശങ്ങളിൽ നിന്നും ഒഡീഷ മേഖലയിൽ നിന്നുമുള്ള കാപ്പിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ ഇനം കാപ്പി.